പ്രാര്‍ത്ഥിച്ചത് ജീവന്‍ പോയ്ക്കിട്ടാന്‍... ക്യാന്‍സറിന്റെ വേദനയെക്കാള്‍ എന്നെ വേദനിപ്പിച്ചത് ആ ഒറ്റപ്പെടല്‍ ആയിരുന്നു

ക്യാന്‍സറിനെ അതിജീവിച്ച് വീണ്ടും മംമ്ത മോഹന്‍ദാസ് സിനിമയില്‍ സജീവമാകുന്നു. ഒന്നല്ല, രണ്ടു പ്രാവശ്യമാണ് ക്യാന്‍സര്‍ എന്ന മഹാവിപത്തിനെ അതിജീവിച്ച് മമ്ത ജീവിതത്തിലേക്ക് തിരിച്ച് വന്നത്.
2005 ല്‍ മയൂഖം എന്ന ഹരിഹരന്‍ ചിത്രത്തിലൂടെ അഭിനയ രംഗത്ത് ചുവടുറപ്പിച്ചത്. 2009 ല്‍ സത്യന്‍ അന്തിക്കാടിന്റെ കഥ തുടരുന്നു എന്ന സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴാണ് ക്യാന്‍സര്‍ തന്റെ ശരീരത്തെ കാര്‍ന്ന് തുടങ്ങിയ കാര്യം മംമ്ത തിരിച്ചറിയുന്നത്. ചെന്നൈയിലെ അപ്പോളോ ഹോസ്പിറ്റലിലെ ചികിത്സയെ തുടര്‍ന്ന് രോഗം ഭേദമായ മംമ്ത വീണ്ടും സിനിമയില്‍ സജീവമായി.
2011 ല്‍ ബാല്യകാല സുഹൃത്തും ബഹ്‌റനില്‍ ബിസിനസുകാരനുമായ പ്രജിത്ത് പത്മനാഭനെ വിവാഹം ചെയ്ത മംമ്ത തുടര്‍ന്നും സിനിമയില്‍ അഭിനയിച്ചു. എന്നാല്‍ ആ ദാമ്പത്യ ബന്ധത്തിന് വെറും ഒരു വര്‍ഷത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളു.
വിവാഹമോചനത്തിന് ശേഷം മംമ്ത അഭിനയിച്ച മൈ ബോസും സെല്ലുലോയിഡും അവര്‍ക്ക് കരിയറില്‍ വഴിത്തിരിവായി. 2014 ല്‍ രജ്ഞിത് ശങ്കറിന്റെ മമ്മൂട്ടി ചിത്രമായ വര്‍ഷത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് ക്യാന്‍സര്‍ തന്നെ രണ്ടാമതും കീഴ്‌പ്പെടുത്തിയ വിവരം മംമ്ത തിരിച്ചറിയുന്നത്. നാട്ടിലെ ചികിത്സകള്‍ക്ക് ഫലം കാണാത്തതിനെ തുടര്‍ന്ന് വിദഗ്ദ ചികിത്സക്കായി അമേരിക്കയിലേക്ക് പോയി. മംമ്ത തന്റെ ജീവിതാനുഭവം തുറന്നു പറയുകയാണ് മംഗളം വാരികയിലൂടെ. സന്തോഷവും സങ്കടവും നിറഞ്ഞ പത്തുവര്‍ഷങ്ങളാണ് എന്റെ ജീവിതത്തിലൂടെ കടന്നുപോയത്. തെന്നിന്ത്യയില്‍ അറിയപ്പെടുന്ന താരമായത് സന്തോഷം. കുട്ടിക്കാലം മുതലേ അറിയാവുന്ന ഒരാളിനെ വിവാഹം കഴിച്ചിട്ട്, ആ ദാമ്പത്യം പരസ്പരം മനസ്സിലാക്കാത്തതിന്റെ പേരില്‍ നഷ്ടപ്പെട്ടത് ഏറ്റവും വലിയ സങ്കടം.
ക്യാന്‍സര്‍ രണ്ടുതവണ ശരീരത്തെ കീഴ്‌പ്പെടുത്തിയപ്പോള്‍ അനുഭവിച്ചത് മറ്റൊരു സങ്കടം. അതിനെ അതിജീവിച്ച് സിനിമയില്‍ സജീവമാകാന്‍ കഴിഞ്ഞതാണ് ഇപ്പോഴത്തെ സന്തോഷം.
ജിത്തു ജോസഫിന്റെ മൈ ബോസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് വേളയില്‍ത്തന്നെ ദിലീപേട്ടന്‍ ഷാഫിക്കയുടെ ടു കണ്‍ട്രീസ് ചെയ്യുന്ന കാര്യം സംസാരിച്ചിരുന്നു. മമ്മൂക്കയോടൊപ്പം അഭിനയിച്ച വര്‍ഷം സിനിമയുടെ ഷൂട്ടിങ്ങ് കഴിഞ്ഞാലുടന്‍ ടു കണ്‍ട്രീസില്‍ അഭിനയിക്കാനായിരുന്നു പ്ലാന്‍.
പക്ഷേ വര്‍ഷം സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങുന്നതിനു മുന്‍പാണ് ക്യാന്‍സര്‍ രണ്ടാമതും വന്ന വിവരം അറിയുന്നത്. എന്നാല്‍ നേരത്തെ വാക്കു പറഞ്ഞതിന്റെ പേരില്‍ വര്‍ഷം സിനിമ പൂര്‍ത്തീകരിക്കുകയായിരുന്നു. വേദന കടിച്ചമര്‍ത്തി പെയിന്‍ കില്ലറുകള്‍ കഴിച്ചുകൊണ്ടായിരുന്നു വര്‍ഷത്തില്‍ അഭിനയിച്ചത്.
അതിനുശേഷം ടു കണ്‍ട്രീസില്‍ നിന്ന് പിന്‍മാറുന്ന വിവരം ഷാഫിക്കയെയും ദിലീപേട്ടനെയും അറിയിച്ചിട്ടാണ് അമേരിക്കയിലേക്ക് പോകുന്നത്. അവിടുത്തെ ചികിത്സയുടെ പകുതി ഘട്ടം പൂര്‍ത്തീകരിച്ചപ്പോഴാണ് ഒരു ദിവസം അപ്രതീക്ഷിതമായി എന്റെ യു.എസ്. നമ്പരിലേക്ക് ദിലീപേട്ടന്റെ കോള്‍ വരുന്നത്.
അസുഖവിവരമൊക്കെ തിരക്കിയ ദിലീപേട്ടന്‍ പിന്നെ ചോദിച്ചത് എന്നാണ് ടു കണ്‍ട്രീസില്‍ ജോയിന്‍ ചെയ്യുന്നത് എന്നാണ്. ശരിക്കും പറഞ്ഞാല്‍ ഞാന്‍ ഞെട്ടിപ്പോയി. ഞാന്‍ പിന്‍മാറിയതു കാരണം ഷാഫിക്ക മറ്റാരെയോ വച്ച് ആ ചിത്രം പൂര്‍ത്തീകരിച്ചു എന്നായിരുന്നു എന്റെ വിചാരം.
എന്നാല്‍ ദിലീപേട്ടന്‍ പറഞ്ഞത്, മംമ്ത എന്ന് അസുഖം മാറി തിരിച്ചു വരുന്നോ അന്നേ ടൂ കണ്‍ട്രീസിന്റെ ഷൂട്ടിങ്ങ് തുടങ്ങു എന്നാണ്. അതുകേട്ടപ്പോള്‍ എനിക്കെന്തോ വല്ലാത്തൊരു പോസിറ്റീവ് എനര്‍ജി കൈവന്നു. അങ്ങനെയാണ് താത്ക്കാലികമായി ചികിത്സ നിര്‍ത്തിയിട്ട് ടു കണ്‍ട്രീസില്‍ ജോയിന്‍ ചെയ്തത്.
പാസഞ്ചര്‍ സിനിമ ചെയ്യുമ്പോള്‍ തന്നെ ദിലീപേട്ടനുമായി വല്ലാത്തൊരു ആത്മബന്ധം എനിക്കുണ്ടായിരുന്നു. മൈ ബോസ് ചെയ്തു കഴിഞ്ഞപ്പോള്‍ അതിന് വല്ലാത്ത ഒരു ശക്തി വന്നു. ശരിക്കും പറഞ്ഞാല്‍ ഒരു ഏട്ടന്‍ അനിയത്തി ബന്ധം. ടു കണ്‍ട്രീസിന്റെ ലൊക്കേഷനില്‍ എന്റെ എല്ലാക്കാര്യങ്ങളുടെയും മേല്‍നോട്ടം വഹിച്ചിരുന്നത് ദിലീപേട്ടനായിരുന്നു.
സമയത്തിന് മരുന്ന് കഴിപ്പിക്കാനും ഭക്ഷണം കഴിപ്പിക്കാനും എല്ലാം ദിലീപേട്ടന്‍ മുന്‍കൈ എടുത്തു.
ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ ചില സമയത്ത് വേദനകൊണ്ട് ഞാന്‍ കാരവാനില്‍ ഇരിക്കുമ്പോള്‍ ദിലീപേട്ടന്‍ എന്റെയടുത്ത് എത്തി ഒരുപാട് തമാശകള്‍ പറയും. അതോടെ വേദന മറന്ന് ഷൂട്ടിങ്ങില്‍ ഞാന്‍ വീണ്ടും സജീവമാകും.
എത്ര നല്ല സുഹൃത്തുക്കള്‍ ആയിരുന്നാലും അവര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ പിന്നീട് പ്രകടിപ്പിക്കുന്നത് മറ്റൊരു സ്വഭാവം ആയിരിക്കും. എന്റെ വിവാഹജീവിതത്തിലും പറ്റിയത് അതാണ്.
കുട്ടിക്കാലം മുതലേ ആത്മസുഹൃത്തുക്കള്‍ ആയിരുന്ന ഞാനും പ്രജിത്തും വിവാഹത്തിനു ശേഷം മാനസികമായി അകലുകയാണു ചെയ്തത്. വിവാഹത്തിന് മുന്‍പുള്ള സ്‌നേഹവും ആത്മാര്‍ത്ഥതയും രണ്ടുപേര്‍ക്കും വിവാഹത്തിനു ശേഷം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല.
പിടിവാശികളും ഈഗോയും ആയിരുന്നു ഞങ്ങള്‍ക്കിടയിലെ വില്ലന്‍. രണ്ടുപേരും അക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഒരുവര്‍ഷം നീണ്ടുനിന്ന ദാമ്പത്യബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് ഞങ്ങള്‍ ഒരുമിച്ചാണ്.
പരസ്പരം കുറ്റപ്പെടുത്തലുകള്‍ ഇല്ലാതെയാണ് ഞങ്ങള്‍ വേര്‍പിരിഞ്ഞത്. കാരണം രണ്ടുപേരും തെറ്റുകാരാണെന്ന് ഞങ്ങള്‍ പരസ്പരം അംഗീകരിച്ചിരുന്നു. എന്നാല്‍ രണ്ടാമത് അസുഖം വന്നപ്പോള്‍ ഒറ്റയ്ക്കായതിന്റെ വിഷമം ഞാന്‍ ശരിക്കും അനുഭവിച്ചിരുന്നു. ഒരുപോള കണ്ണടയ്ക്കാതെ നേരം പുലരുവോളം എന്റെ വിധിയെപ്പറ്റി ആലോചിച്ച് സങ്കടപ്പെട്ടിട്ടുണ്ട്. പൊട്ടിക്കരഞ്ഞിട്ടുണ്ട്.
ക്യാന്‍സറിന്റെ വേദനയെക്കാള്‍ എന്നെ വേദനിപ്പിച്ചത് ആ ഒറ്റപ്പെടല്‍ ആയിരുന്നു. ആ സമയത്തൊക്കെ അച്ഛന്റെയും അമ്മയുടെയും സ്‌നേഹവും സാമീപ്യവും മാത്രമായിരുന്നു ഏക ആശ്വാസം. പക്ഷേ ഇപ്പോള്‍ അത്തരം യാഥാര്‍ത്ഥ്യങ്ങളോട് എന്റെ മനസ്സ് പൊരുത്തപ്പെട്ടു കഴിഞ്ഞു.
നമ്മുടെ ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങള്‍ ഈശ്വരന്‍ നേരത്തെ എഴുതിവച്ചിട്ടുണ്ട്. അതില്‍ എനിക്ക് ഒരു പുനര്‍വിവാഹം നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ ആ വിധിയെ തടുക്കാന്‍ എനിക്കാവില്ല. പക്ഷേ ഇനി മറ്റൊരാളെ ജീവിതത്തിലേക്ക് കൂട്ടുമ്പോള്‍ എനിക്ക് പേടിയുണ്ട്. ഇനിയൊരു വിവാഹത്തിന് വിധിയുണ്ടെങ്കില്‍ തനി നാട്ടിന്‍പുറത്തുകാരനായ, എന്നെ സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന ഒരാളിനെ വിവാഹം കഴിക്കണം എന്നാണ് ആഗ്രഹം.
ഗുരുവായൂരപ്പന്റെ മണ്ണില്‍ കുറച്ച് സ്ഥലം വാങ്ങി ഒരു വീട് വയ്ക്കണം. പിന്നെ എന്റെ സ്വന്തം പ്രേക്ഷകര്‍ക്കുവേണ്ടി കുറച്ച് നല്ല സിനിമകളുടെ ഭാഗമാകണം. കുറെയധികം സിനിമകളില്‍ കൂടി പിന്നണി പാടണം. അത്ര മാത്രമേ ഇപ്പോള്‍ ആഗ്രഹിക്കുന്നുള്ളു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha