എല്ലാവരേയും ഞാന്‍ വിശ്വസിച്ചു പോയി...ശാലു മേനോന്‍ മനസ്സു തുറക്കുന്നു...

ശാലു മേനോന്‍ സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ അപമാനിക്കപ്പെട്ട സെലിബ്രിറ്റിയാണ് . ശാലു ഇപ്പോള്‍ എവിടെയാണ്? സീരിയലുകളിലും സിനിമകളിലും ഒന്നും കാണുന്നില്ല. ശാലു ഒളിച്ചു താമസിക്കുകയാണെന്നു വരെ ചിലര്‍ പറയുന്നുണ്ട്. എന്നാല്‍, കേസു ഉണ്ടാക്കിയ മനോവിഷമത്തെക്കുറിച്ചും ഇത്രയും നാള്‍ താന്‍ എന്തുചെയ്യുകയായിരുന്നുവെന്നും ശാലു ഒരു ഓണ്‍ലൈന്‍ മീഡിയയോട് സംസാരിക്കുന്നു.
ശാലു ഇപ്പോള്‍ എന്തു ചെയ്യുന്നു?
എന്റെ ഡാന്‍സ് പ്രോഗ്രാമുകളും കുട്ടികളെ നൃത്തം പഠിപ്പിക്കലുമൊക്കെയായി ഞാന്‍ തിരക്കിലാണ്. ദ്രൗപദി എന്ന എന്റെ ബാലയുമായി സ്‌റ്റേജ് ഷോകളിലൊക്കെ പങ്കെടുക്കുകയാണ്. ഇത് കലാപരിപാടികളുടെ സീസണാണ്. തൊണ്ണൂറോളം പ്രോഗ്രാമുകള്‍ ഇപ്പോള്‍ തന്നെ ബുക്ക് ചെയ്തിട്ടുണ്ട്. ഒരു പാട് കുട്ടികള്‍ എന്റെ ഡാന്‍സ് സ്‌കൂളില്‍ പഠിക്കുന്നുണ്ട്. ജയ കേരള സ്‌കൂള്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സാണ് എന്റെ ഡാന്‍സ് സ്‌കൂള്‍. ഇപ്പോള്‍ ഗുജറാത്തിലെ വധേര ഡാന്‍സ് ഫെസ്റ്റിവലില്‍ പങ്കെടുത്തിട്ട് തിരിച്ചെത്തിയതേ ഉള്ളൂ. കേരളത്തില്‍ നിന്നു ഞാന്‍ മാത്രമാണ് ഭരതനാട്യത്തില്‍ ഈ ഫെസ്റ്റിവല്ലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എട്ടു ഡാന്‍സ് സ്‌കൂളുകളുണ്ട് എനിക്ക്.
സിനിമയിലും സീരിയലിലുമൊന്നും കാണുന്നില്ല?
എന്റെ നൃത്തവുമായി ബന്ധപ്പെട്ട തിരക്കിലാണ് ഞാന്‍. അതുകൊണ്ട് തന്നെ സീരിയലിലും സിനിമയിലുമൊന്നും അഭിനയിക്കാന്‍ പറ്റുന്നില്ല. വിളികള്‍ വരുന്നുണ്ട്. പക്ഷേ, നൃത്തത്തിനാണ് പ്രാധാന്യം. നൃത്ത പരിപാടികള്‍ക്ക് ഒരു ഗ്യാപ്പ് കിട്ടിയാല്‍ അഭിനയരംഗത്തേക്ക് തിരിച്ചു വരും. അഭിനയം നിര്‍ത്തിയിട്ടൊന്നുമില്ല. ഇപ്പോള്‍ പ്രോഗ്രാം സീസണാണ്. അപ്പോള്‍ അഭിനയിക്കാന്‍ പോയാല്‍ ഡേറ്റ് ക്ലാഷാവും.
പ്രതിസന്ധികള്‍ തരണം ചെയ്തതെങ്ങന?
എല്ലാം സമയ ദോഷം എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. എന്റെ പ്രായത്തിലുള്ള ഒരാള്‍ ജീവിതത്തില്‍ അനുഭവിക്കേണ്ട എല്ലാ ദു:ഖങ്ങളും ഞാന്‍ അനുഭവിച്ചു കഴിഞ്ഞു. കലാകാരിയായതുകൊണ്ട് ഏതു പ്രതിസന്ധിയേയും മറികടക്കാനാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്റെ ശിഷ്യരായ കുട്ടികളും അവരുടെ മാതാപിതാക്കവും തന്നത് വലിയ പിന്തുണയാണ്. ഞാന്‍ തടവിലായിരുന്നപ്പോള്‍ കുറച്ച് പേരൊക്ക കൊഴിഞ്ഞു പോയെങ്കിലും ഞാന്‍ തിരിച്ചു വന്നപ്പോള്‍ എല്ലാ കുട്ടികളും തിരിച്ചെത്തി. ഇപ്പോള്‍ പൂര്‍വാധികം ഭംഗിയായി ഡാന്‍സ് സ്‌കൂള്‍ മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കുന്നുണ്ട്. ഒരു കലാകാരിയെ ഒരിക്കലും തകര്‍ക്കാനാവില്ല, എന്നു ഞാന്‍ വിശ്വസിക്കുന്നു.
ഇപ്പോഴും കേസുണ്ടോ?
കേസു തുടരുന്നുണ്ട്.
തടവിലായിരുന്ന സമയത്തെ ഓര്‍മകള്‍ എങ്ങനെ?
ഒരാളുടെ ജീവിതത്തില്‍ അനുഭവിക്കാനുള്ളതെല്ലാം ഈ ജന്മത്തില്‍ അനുഭവിച്ചേ മതിയാകൂ. മാധ്യമങ്ങളെ ഞാന്‍ കുറ്റപ്പെടുത്തില്ല. അവര്‍ അവരുടെ ധര്‍മം ചെയ്യുന്നു. അവര്‍ക്ക് വാര്‍ത്തകള്‍ നല്‍കിയേ പറ്റൂ. എനിക്ക് കലാതിലകപ്പട്ടം കിട്ടിയപ്പോഴും ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ടു നല്‍കിയത് ഈ മാധ്യമങ്ങള്‍ തന്നെയായിരുന്നു.
കഴിഞ്ഞു പോയ സംഭവങ്ങളില്‍ കുറ്റബോധമുണ്ടോ?
എനിക്ക് എല്ലാവരേയും വിശ്വസിക്കുന്ന ഒരു സ്വഭാവമുണ്ടായിരുന്നു. ആരെന്തു പറഞ്ഞാലും ഞാന്‍ വിശ്വസിക്കുമായിരുന്നു. അങ്ങനെ സംഭവിച്ച അബദ്ധങ്ങളാണ് എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളത്. ഇപ്പോള്‍ ആ സ്വഭാവം മാറി. നല്ല ധൈര്യമൊക്കെ ലഭിച്ചു. എന്റെ അമ്മയും മുത്തശ്ശിയുമാണ് എനിക്ക് എല്ലാ പിന്തുണയും നല്‍കുന്നത്.
ഇത്തവണ കലോത്സവത്തിന് പോകുന്നുണ്ടോ?
ഇന്നത്തെ കലോത്സവത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. പണവും സ്വാധീനവും ഉണ്ടെങ്കിലേ ഇന്ന് സമ്മാനം കിട്ടു. എന്റെ കുട്ടികളേയും ഞാന്‍ കലോത്സവത്തിന് വിടാറില്ല. എനിക്ക് കലാതിലകപ്പട്ടം കിട്ടിയിട്ടുണ്ട്. ഒരു രൂപ പോലും പണം കൊടുക്കാതെ എന്റെ കഴിവുകൊണ്ട് കിട്ടിയതാണ് അത്. ഇന്ന് മുഴുവന്‍ കോഴയാണ്. എന്നോട് തന്നെ ചില സാറന്മാര്‍ വിളിച്ചു ചോദിക്കാറുണ്ട് കുട്ടികളെ കലോത്സവത്തിന് വിടുന്നുണ്ടോ, സമ്മാനം ശരിക്കാമെന്ന്. അതുകൊണ്ട് തന്നെ ഞാന്‍ എന്റെ ശിഷ്യരെ കലോത്സവത്തിന് വിടാറില്ല. എന്നാല്‍ പരിപാടികള്‍ കാണാന്‍ പോകാറുണ്ട്. പക്ഷേ, ഇത്തവണ പറ്റില്ല, കാരണം എനിക്ക് ഈ ദിവസങ്ങളിലെല്ലാം പ്രോഗ്രാം ഉണ്ട്.
വിവാഹം?
എന്റെ ഡാന്‍സ് സ്‌കൂളും കുടുംബവുമൊക്കെ നോക്കാന്‍ പറ്റിയ സ്‌നേഹമുള്ള ഒരാളെ കണ്ടെത്തിയാല്‍ വിവാഹം കഴിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha