മോഡി കനിഞ്ഞില്ല പക്ഷേ ഉമ്മന്‍ചാണ്ടി കനിഞ്ഞു, മോഹന്‍ലാലിന്റെ ആനക്കൊമ്പ് കേസ് പിന്‍വലിച്ചു

ആനക്കൊമ്പ് കൈവശം വെച്ച കേസില്‍ മോഡിയെ സമീപിച്ച മോഹന്‍ലാലിന് നിരാശയാണ് ഫലമെങ്കില്‍ ഉമ്മന്‍ ചാണ്ടി വക സന്തോഷം. മോഹന്‍ലാല് നിയമവിരുദ്ധമായി വസതിയില്‍ ആനക്കൊമ്പുകള്‍ സൂക്ഷിച്ച കേസില്‍നിന്നു നടനെ ഒഴിവാക്കി. കേസ് പിന്‍വലിക്കുന്നതു സംബന്ധിച്ച് തയാറാക്കിയ ഫയലില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി. മാരപാണ്ഡ്യന്‍ ഒപ്പുവച്ചു. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെയാണു സൂപ്പര്‍താരത്തിന്റെ ആവശ്യപ്രകാരം കേസ് പിന്‍വലിച്ചതെന്ന് ആക്ഷേപമുണ്ട്. രണ്ട് ആനക്കൊമ്പുകള്‍ അനധികൃതമായി സൂക്ഷിച്ചതിന്റെ പേരിലാണു വനംവകുപ്പ് മോഹന്‍ലാലിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
വന്യജീവി സംരക്ഷണനിയമപ്രകാരം, ആനക്കൊമ്പ് കൈവശമുള്ളവര്‍ അതു വെളിപ്പെടുത്തിയാല്‍ അവര്‍ക്കെതിരായ നടപടി ഉപേക്ഷിക്കാമെന്ന ന്യായമുന്നയിച്ചാണു കേസ് അവസാനിപ്പിക്കുന്നത്. ഈ വ്യവസ്ഥ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിട്ടില്ല. ഉത്തരവ് ഇറങ്ങിയാലുടന്‍ മോഹന്‍ലാല്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനു മുന്നില്‍ ഹാജരായി കൈവശമുള്ള ആനക്കൊമ്പുകളുടെ വിവരം ബോധിപ്പിക്കണമെന്ന ഉപാധിയോടെ സര്‍ക്കാര്‍ കഴിഞ്ഞദിവസം ഉത്തരവ് പുറപ്പെടുവിച്ചു.
ആനക്കൊമ്പുകള്‍ കൈവശംവയ്ക്കാന്‍ മോഹന്‍ലാല്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചിരുന്നു. ആനക്കൊമ്പുകള്‍ തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തതല്ലെന്നും ലൈസന്‍സ് സുഹൃത്തിന്റെ പേരിലാണെന്നുമാണു താരം അറിയിച്ചത്. 2011 ജൂലൈ 22ന് ആദായനികുതിവകുപ്പ് അധികൃതര്‍ റെയ്ഡ് നടത്തിയപ്പോഴാണു കൊച്ചിയില്‍ ലാലിന്റെ വീട്ടില്‍നിന്നു രണ്ട് ആനക്കൊമ്പുകള്‍ കണ്ടെടുത്തത്. തുടര്‍ന്ന് ഇവ വനംവകുപ്പിനു കൈമാറി. സി.എന്‍. കൃഷ്ണകുമാര്‍, എന്‍. കൃഷ്ണകുമാര്‍ എന്നിവരുടെ പേരിലാണ് ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സുള്ളത്. അനധികൃതമായി വന്യജീവികളെയോ വന്യജീവികളുമായി ബന്ധപ്പെട്ട വസ്തുക്കളോ കൈവശമുള്ളവര്‍ക്ക് അതു സര്‍ക്കാരിനെ അറിയിക്കാന്‍ 2002ല്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. അതിനുശേഷവും ഇവ കൈവശംവയ്ക്കുന്നതു ശിക്ഷാര്‍ഹമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha