Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭർത്താവ് മരിച്ച് എട്ടാം മാസം കൂട്ടമരണം..മക്കളെ വിഷം കൊടുത്ത് കൊന്ന് ആത്മഹത്യ... സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.. ഉഷ ഇല്ലാതിരുന്ന സമയത്ത് വീടു കുത്തിത്തുറന്നാണ് അകത്തു കയറി യുവതി ചെയ്തത്..


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..

ഏട്ടന്‍ മരിക്കുമ്പോള്‍ നഴ്‌സുമാരും സുഹൃത്തുക്കളും ബലം പ്രയോഗിച്ചാണ് ആ കൈ എന്റെ കൈയ്യില്‍ നിന്നും അടര്‍ത്തിമാറ്റിയത് : രാജേഷ് പിള്ളയുടെ ഓര്‍മ്മകള്‍ പങ്ക്‌വെച്ച് മേഘ

20 AUGUST 2016 03:22 PM IST
മലയാളി വാര്‍ത്ത

സിനിമ റിലീസ് ഇല്ലാത്ത ദിവസമായിരുന്നു അത്, ബുധനാഴ്ച. പക്ഷേ, സന്തോഷവും സസ്‌പെന്‍സും ത്രില്ലുമെല്ലാമുള്ള ഞങ്ങളുടെ ജീവിതസിനിമ റിലീസായ ദിവസം അതായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 2005 ജൂണ്‍ മാസം ഒന്നാം തീയതി. ഡിഗ്രി ഫസ്റ്റ് ഇ യറിനു പഠിക്കുന്ന എന്നെ ആരുമറിയാതെ വിളിച്ചിറക്കി കൊണ്ടുപോയി ആറ്റുകാല്‍ അമ്പലത്തില്‍ വച്ച് ഏട്ടന്‍ താലി കെട്ടിയ ദിവസം. ഇതെന്റെ പെണ്ണ് എന്നുറക്കെ പറഞ്ഞ് തലയുയര്‍ത്തി വീട്ടിലേക്ക് കയറിച്ചെന്ന ദിവസം. അന്നുമുതല്‍ ആ വലംകൈയില്‍ എന്റെ ഇടംകൈ അദ്ദേഹം ചേര്‍ത്തുപിടിച്ചിരുന്നു. മോര്‍ച്ചറിയിലേക്ക് മാറ്റാനായി എടുക്കുമ്പോള്‍ നഴ്‌സുമാരും സുഹൃത്തുക്കളും ബലം പ്രയോഗിച്ചാണ് ആ കൈ അടര്‍ത്തിമാറ്റിയത്. അന്നേരവും ഏട്ടന്റെ വിരലുകള്‍ക്ക് ചെറിയ ചൂടുണ്ടായിരുന്നു. ചേര്‍ത്തുപിടിക്കുമ്പോള്‍ എന്നും ഞാനറിഞ്ഞിരുന്ന സ്‌നേഹത്തിന്റെ ചൂട്.'


'തൃക്കുന്നപ്പുഴയാണ് എന്റെ നാട്. രാജേഷേട്ടന്റെ കസിന്‍ സ്വപ്നയും ഞാനും പ്ലസ്ടുവിന് ഒന്നിച്ചാണ് പഠിച്ചത്. സ്വപ്നയെ വെക്കേഷന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാന്‍ വന്നപ്പോഴാണ് ഏട്ടനെ ഞാന്‍ ആദ്യമായി കണ്ടത്, ഏട്ടന്‍ എന്നെയും. നാട്ടില്‍ നിന്ന് പിന്നെ, സ്വപ്ന വിളിക്കുമ്പോള്‍ ഒരിക്കല്‍ എട്ടന്‍ സംസാരിച്ചിരുന്നു, 'സുഖമാണോ, എന്തുണ്ട് വിശേഷം' എന്നൊക്കെ തികച്ചും ഔപചാരികമായി മാത്രം. പിന്നെയൊരു ദിവസം വിളിച്ചപ്പോള്‍ സ്വപ്ന പറഞ്ഞു, ഏട്ടന് എന്തോ സീരിയസായി പറയാനുണ്ട്. പക്ഷേ, ഫോണ്‍ വാങ്ങി ഒന്നും മിണ്ടാതെ കുറേ നേരം നിന്നു. പറയാനുള്ളത് എന്താണെന്ന് അറിയാമായിരുന്നു എങ്കിലും കേള്‍ക്കാനുള്ള കൊതി മനസിലടക്കി ഞാന്‍ കാത്തുനിന്നു. മഴ വന്നു മനസ്സില്‍ തൊടുന്നതുപോലെ നേര്‍ത്ത ശബ്ദത്തില്‍ ഏട്ടന്‍ പറഞ്ഞു, 'എനിക്ക് മേഘയെ ഇഷ്ടമാണ്. വിവാഹം കഴിച്ച് കൂടെ കൂട്ടണമെന്നു തോന്നുന്നു. ആലോചിച്ച് മറുപടി പറയണം.' എനിക്ക് ആലോചിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല. നൂറുവട്ടം സമ്മതം.
അന്ന് ഞാന്‍ ഡിഗ്രി ഫസ്റ്റ് ഇയര്‍ പഠിക്കുകയാണ്, മാവേലിക്കരയില്‍. ഏട്ടന്‍ 'ഹൃദയത്തില്‍ സൂക്ഷിക്കാന്‍' എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു. ഒരാഴ്ച കഴിഞ്ഞ് ഞാന്‍ പറഞ്ഞു, 'ആ ഇഷ്ടം എനിക്കു വേണം. എനിക്കു മാത്രമായി.' കാര്യവട്ടം ക്യാംപസില്‍ പൊളിറ്റിക്‌സ് വിഭാഗം മേധാവിയായിരുന്നു, ഏട്ടന്റെ അച്ഛന്‍ പ്രൊഫ.കെ. രാമന്‍ പിള്ള. അമ്മ സുഭദ്ര കരള്‍രോഗം ബാധിച്ച് 2002ല്‍ മരിച്ചിരുന്നു. രാജേഷേട്ടന്റെ ചേച്ചി ശ്രീരേഖ. വിവാഹശേഷം കുടുംബസമേതം മുംബൈയിലായിരുന്നു ചേച്ചി.
അച്ഛന് ആരോഗ്യപ്രശ്‌നങ്ങളുള്ളതു കൊണ്ട് അധികം കാത്തിരിക്കാന്‍ ഏട്ടന്‍ തയാറല്ലായിരുന്നു, അന്ന് ഏട്ടന് 31 വയസ്സുമുണ്ട്. രജിസ്റ്റര്‍ വിവാഹം നടത്തി, ആറ്റുകാല്‍ അമ്പലത്തില്‍ പോയി താലികെട്ടി രാജേഷേട്ടന്റെ വീട്ടിലേക്കു പോയി. പക്ഷേ, എന്റെ വീട്ടില്‍ വലിയ പ്രശ്‌നമായിരുന്നു. ചേച്ചിയുടെ കല്യാണം കഴിഞ്ഞിരുന്നില്ല.
വീട്ടില്‍ ഉള്ളപ്പോള്‍ 24 മണിക്കൂറും സിനിമ കണ്ടിരിക്കാന്‍ ഒരു മടിയുമില്ല. കൊച്ചുകുട്ടികളുടെ സ്വഭാവം തന്നെ. ചേച്ചിയുമായി ആറു വയസ്സിന്റെ വ്യത്യാസമുണ്ട് ഏട്ടന്. അതിന്റെ കുട്ടിത്തം എപ്പോഴും കാണിക്കും. ചേച്ചിക്ക് തിരിച്ചും അങ്ങനെ തന്നെ. അച്ഛന്റെ പ്രിയപ്പെട്ട മകനായിരുന്നു ഏട്ടന്‍. അച്ഛന്‍ ഒരിക്കലും ഒന്നിനും രാജേഷേട്ടനെ നിരുത്സാഹപ്പെടുത്തിയിട്ടില്ല. അച്ഛന് ഏട്ടന്‍ കൊച്ചുകുട്ടിയാണ്. അച്ഛന്റെ മടിയില്‍ കിടന്നുറങ്ങാനും കൊഞ്ചി സംസാരിക്കാനും ഏട്ടനും ഇഷ്ടമായിരുന്നു. അച്ഛന്‍ കഴിച്ചു കൊണ്ടിരിക്കുന്ന പാത്രത്തില്‍ നിന്ന് ഒരുരുള കിട്ടാതെ ഉറക്കം വരില്ല. 'ഹൃദയത്തില്‍ സൂക്ഷിക്കാന്‍' പരാജയപ്പെട്ട് വീട്ടിലിരിക്കുന്ന സമയത്താണ് ഞങ്ങളുടെ വിവാഹം. കയ്യില്‍ പൈസയില്ല. ട്രാഫിക് റിലീസാകുന്നത് വരെയുള്ള ആറുവര്‍ഷവും ഞങ്ങള്‍ ജീവിച്ചത് അച്ഛന്റെ പെന്‍ഷന്‍ കൊണ്ടാണ്. കുട്ടികളെ ഇഷ്ടമായിരുന്നു ഏട്ടന്. ഞങ്ങള്‍ക്ക് കുട്ടികളുണ്ടാകാത്തതില്‍ വിഷമമൊന്നും പറഞ്ഞിട്ടില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നല്ലോ.


കല്യാണം കഴിഞ്ഞത് കയ്യില്‍ കാശൊന്നുമില്ലാത്ത കാലത്തായതു കൊണ്ട് യാത്രകളൊന്നും ഇല്ലായിരുന്നു. ആദ്യമായി ഞങ്ങള്‍ ദൂരയാത്ര പോയത് ഗുരുവായൂരിലേക്കാണ്, അതും അച്ഛന്‍ നിര്‍ബന്ധിച്ചിട്ട്. യാത്രകള്‍ എന്നും ഏട്ടന് ഹരമായിരുന്നു. സ്വയം െ്രെഡവ് ചെയ്‌തേ പോകൂ. 'ട്രാഫിക്' ഹിന്ദി ചെയ്യുന്ന സമയത്ത് അവിടേക്കും വണ്ടി ഓടിച്ച് പോയി. വിമാനത്തില്‍ കയറാന്‍ പേടിയായിരുന്നു. നന്നായി ആസ്വദിച്ച് വണ്ടി ഓടിക്കും, ഒരു അപകടവും പറ്റിയിട്ടില്ല. ആദ്യമൊക്കെ വണ്ടിയില്‍ പോകുമ്പോള്‍ എനിക്ക് പേടിയായിരുന്നു. പിന്നെ, ശീലമായി.
'ട്രാഫിക്കി'ല്‍ ശ്രീനിയേട്ടന്‍ വണ്ടിയോടിക്കുന്ന സീനുണ്ട്. 'സുദേവന്‍, നിങ്ങളിപ്പോള്‍ എത്ര കിലോമീറ്റര്‍ സ്പീഡിലാണുള്ളത്?' 'ഞങ്ങള്‍ 180 കിലോമീറ്റര്‍ സ്പീഡിലാണ് സാര്‍...' ഈ ഷോട്ടെടുക്കുമ്പോള്‍ തൊട്ടടുത്ത് കൂടി ഒരു സൈക്കിളുകാരന്‍ പാട്ടൊക്കെ പാടി വണ്ടിയെ ഓവര്‍ടേക്ക് ചെയ്ത് പോയെന്ന് പറഞ്ഞ് ഏട്ടന്‍ ഭയങ്കര ചിരിയായിരുന്നു. അത്ര പതുക്കെയാണത്രേ ശ്രീനിയേട്ടന്‍ വണ്ടിയോടിച്ചത്.
കുറേ നല്ല സുഹൃത്തുക്കള്‍ക്കിടയിലായിരുന്നു രാജേഷേട്ടന്‍ എന്നും ജീവിച്ചിരുന്നത്. പക്ഷേ, ആദ്യത്തെ സിനിമ പരാജയപ്പെട്ട ശേഷം പലരും ഏട്ടനെ മുറിവേല്‍പിച്ചു. ഒരുപാട് പ്രൊഡ്യൂസര്‍മാരെ കഥയുമായി കണ്ടിട്ടുണ്ട്. പലരും കാണാന്‍ അവസരം നല്‍കിയില്ല, ചിലര്‍ കഥ കേട്ട ശേഷം ഇറക്കിവിട്ടു. മിക്ക ദിവസവും വളരെ വിഷമിച്ചാണ് വീട്ടിലെത്തുന്നത്. ഒരു ദിവസം വന്നയുടനേ മുറിയില്‍ പോയി കിടന്നു. കാര്യം ചോദിച്ചപ്പോള്‍ എന്റെ കൈയില്‍ മുറുക്കെപിടിച്ചു വിതുമ്പി. നേരത്തേ അപ്പോയിന്റ്‌മെന്റ് എടുത്ത് ഏതോ നിര്‍മാതാവിനോട് കഥ പറയാന്‍ പോയതായിരുന്നു. കഥ മുഴുവന്‍ കേട്ട ശേഷം 'നിനക്കെങ്ങനെ ധൈര്യം വന്നു എന്നോടു വന്ന് ഇങ്ങനെ പറയാന്‍' എന്നുചോദിച്ച് അയാള്‍ ഇറക്കി വിട്ടു. ഏട്ടനെ അത് വല്ലാതെ തളര്‍ത്തി. അന്നുരാത്രി എന്തോ തീരുമാനിച്ച് ഉറച്ചതു പോലെ ഏട്ടന്‍ പറഞ്ഞു, 'എന്റെ അടുത്ത സിനിമ മലയാളം ചര്‍ച്ച ചെയ്യും.'
വിവാഹശേഷം എന്റെ വീട്ടുകാര്‍ക്ക് ഉണ്ടായിരുന്ന പിണക്കം മാറാന്‍ രണ്ടുവര്‍ഷം എടുത്തു. ഒരു ദിവസം ഞാന്‍ വിഷമിച്ചിരിക്കുന്നതു കണ്ട് രാജേഷേട്ടന്‍ അമ്മയെ ഫോണില്‍ വിളിച്ചു തന്നു. ചേട്ടന്‍ എന്താണ് അമ്മയോട് പറഞ്ഞതെന്ന് എനിക്കറിയില്ല. പക്ഷേ, അമ്മ പിണക്കമെല്ലാം മറന്ന് എന്നോട് സംസാരിച്ചു. പിന്നീട് ചേച്ചിയുടെ കല്യാണത്തിന് എന്നെ ക്ഷണിച്ചു. പക്ഷേ, ബന്ധുക്കളെയൊക്കെ കാണാന്‍ മടി. അതുകൊണ്ട് പോയില്ല. പിന്നീട് ഒരു ദിവസം ഞാനും ഏട്ടനും കൂടി വീട്ടിലേക്ക് പോയി.


സിനിമയില്‍ ഏട്ടന് ഏറെ ഇഷ്ടമുള്ള രണ്ടുപേരാണ് ചാക്കോച്ചനും നിവിനും. ആദ്യസിനിമയില്‍ ചാക്കോച്ചനായിരുന്നു നായകന്‍. അതിന്റെ പരാജയത്തിനു ശേഷം അടുത്ത സിനിമയ്ക്ക് ഡേറ്റ് ചോദിച്ച് ചെന്നപ്പോള്‍ ഒന്നും നോക്കാതെ ഡേറ്റ് കൊടുത്തു ചാക്കോച്ചന്‍. എപ്പോഴും കൂടെ കൊണ്ടുനടക്കാന്‍ ഇഷ്ടമുള്ള കുഞ്ഞനിയനെ പോലായിരുന്നു നിവിന്‍. പിന്നെ, തിരക്കഥാകൃത്ത് സഞ്ജയ് ചേട്ടന്‍. 'ട്രാഫിക്കി'ന്റെ ചര്‍ച്ചകള്‍ക്കായാണ് ഇരുവരും കണ്ടതെങ്കിലും പിന്നെ, ഏട്ടനൊപ്പം തുണയായി എപ്പോഴും സഞ്ജു ചേട്ടന്‍ ഉണ്ടായിരുന്നു.
'ട്രാഫിക്' റിലീസായപ്പോള്‍ അച്ഛന്‍ എന്തുപറയും എന്നതായിരുന്നു ഏട്ടന്റെ ടെന്‍ഷന്‍. ഞാനും അച്ഛനും ചേച്ചിയും കൂടി സിനിമ കാണാന്‍ പോയി. സിനിമ തീരുമ്പോള്‍ 'സംവിധാനം രാജേഷ് പിള്ള' എന്ന് എഴുതി കാണിക്കുന്നത് കണ്ട അച്ഛന്‍ കരഞ്ഞു. 'അയാം പ്രൗഡ് ഓഫ് മൈ സണ്‍...' അച്ഛന്‍ രാജേഷേട്ടനോട് ഫോണില്‍ പറഞ്ഞു. സന്തോഷം നിറഞ്ഞുതുളുമ്പിയ ദിവസങ്ങളായിരുന്നു പിന്നീട്, അവാര്‍ഡുകള്‍, അംഗീകാരങ്ങള്‍. ട്രാഫിക് റിലീസായ ശേഷമുള്ള ഒരാഴ്ച ഏട്ടന്‍ ഉറങ്ങിയിട്ടില്ല. രാത്രിയും പകലും നിര്‍ത്താതെ ഫോണ്‍കോളുകള്‍. ഉറങ്ങാന്‍ കിടന്നിട്ടും ഏട്ടന്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് കണ്ട് കാര്യം തിരക്കി. 'ഉറങ്ങാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ഹൃദയം അത്രയ്ക്ക് തുടിക്കുന്നുണ്ട്.' എന്റെ കൈ പിടിച്ച് ഏട്ടന്‍ നെഞ്ചില്‍ വച്ചു. എനിക്ക് കേള്‍ക്കാമായിരുന്നു ആ നെഞ്ചിലെ സന്തോഷത്തിന്റെ മിടിപ്പ്.
പക്ഷേ, സിനിമ പോലെ തന്നെയാണ് ഞങ്ങളുടെ ജീവിതത്തിന്റെ തിരക്കഥയും ദൈവം എഴുതിയത്. തുടക്കം ഹാപ്പി, പിന്നെ, ട്വിസ്റ്റ്, ഒടുവില്‍ ക്ലൈമാക്‌സ്. രോഗം കരിനിഴല്‍ വീഴ്ത്തിയ ദിനങ്ങള!്! പെട്ടെന്നാണ് ജീവിതത്തിലേക്ക് വന്നത്.

'മിലി'യുടെ ഫസ്റ്റ് ഷെഡ്യൂള്‍ കഴിഞ്ഞ് ഒരുദിവസം നോക്കുമ്പോള്‍ ഏട്ടന്റെ കാലില്‍ നല്ല നീരുണ്ട്. വര്‍ക്കിനായി ദീര്‍ഘനേരം ഇരുന്നിട്ടാകും എന്നേ കരുതിയുള്ളൂ. രക്തം പരിശോധിക്കാം എന്നു പറഞ്ഞെങ്കിലും ഇന്‍ജക്ഷന്‍ പേടിയായിരുന്നു ഏട്ടന്. സഞ്ജു ചേട്ടന്‍ വന്നാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. ലിവര്‍ ഫങ്ഷന്‍ ടെസ്റ്റില്‍ പ്രശ്‌നമുണ്ടെന്നു മനസ്സിലായി. സ്‌കാനിങ് കഴിഞ്ഞാണ് നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ് ആണെന്ന് തിരിച്ചറിയുന്നത്. സെക്കന്‍ഡ് സ്‌റ്റേജ് ആയിരുന്നു. അന്ന് ഞാന്‍ തിരുവനന്തപുരത്താണ്, ഏട്ടന്‍ കൊച്ചിയിലും.
2014 ഡിസംബര്‍ 26. ജീവിതത്തിലെ ഏറെ കറുത്ത ഒരു ദിവസമായിരുന്നു അന്ന്. വൈകിട്ട് ഏട്ടന്‍ ഫോണില്‍ വിളിച്ചു കരഞ്ഞു, 'നീ ഇങ്ങു വാ... നീയില്ലാതെ പറ്റുന്നില്ല.' ഞാനാകെ പേടിച്ചു. കരളിന് പ്രശ്‌നമുള്ളതു കൊണ്ട് കാലില്‍ നീരും ചൊറിച്ചിലും ഉണ്ടായിരുന്നു. ചൊറിഞ്ഞു ചൊറിഞ്ഞ് പൊട്ടി അവിടെ ഇന്‍ഫെക്ഷനായി. നടക്കാന്‍ വയ്യ. ചെറിയ പനിയുമുണ്ട്. നിര്‍ബന്ധിച്ച് ആശുപത്രിയില്‍ കൊണ്ടുപോയി. അഞ്ചുദിവസം കിടന്നു. ആദ്യത്തെ ആശുപത്രിവാസം.
അന്നുമുതല്‍ ഭക്ഷണത്തിലും ജീവിതത്തിലും കുറേ മാറ്റങ്ങളൊക്കെ വരുത്തി. നടക്കാനോ വ്യായാമം ചെയ്യാനോ ഭയങ്കര മടിയായിരുന്നു. 'വണ്ണം കുറയ്ക്കൂ ഏട്ടാ, ഇല്ലെങ്കില്‍ നമ്മളെ കാണാന്‍ ഒരു ചേര്‍ച്ചയുമുണ്ടാകില്ല' എന്നു പറയുമ്പോള്‍, 'എങ്കില്‍ നീ കൂടി വണ്ണം വച്ച് എന്നെപ്പോലെയാകൂ' എന്നാണ് പറഞ്ഞിട്ടുള്ളത്. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാതിരിക്കാന്‍ ഏട്ടന് പറ്റില്ല. പക്ഷേ, വയ്യാതായതോടെ അതെല്ലാം നിര്‍ത്തി. ആഹാരം വീട്ടില്‍ നിന്നു തന്നെയാക്കി. വിളമ്പി കൊടുത്ത് അടുത്തിരുന്നില്ലെങ്കില്‍ കഴിക്കില്ല. ഗുളിക കഴിക്കാനുള്ള മടി കൊണ്ട് പിന്നീട് മരുന്ന് കുത്തിവയ്ക്കാന്‍ പറയുമായിരുന്നു. കരള്‍ മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. പക്ഷേ, ഏട്ടന് താല്‍പര്യമില്ലായിരുന്നു. എപ്പോഴും സുഹൃത്തുക്കളോടൊപ്പം ഇരിക്കാന്‍ ആഗ്രഹിച്ച ആള് ഓപ്പറേഷന്‍ കഴിഞ്ഞാല്‍ ആരെയും കാണാതെ, കുറച്ചുനാള്‍ ഇരിക്കണ്ടേ. അതു വയ്യ.
ജങ്ക് ഫൂഡ് കഴിക്കും, ബോട്ടില്‍ഡ് ഡ്രിങ്കുകള്‍ ദിവസം മുപ്പതു ബോട്ടിലെങ്കിലും കുടിക്കും എന്നൊക്കെ ഏട്ടനെപ്പറ്റി പറയുന്നത് കേട്ടു. അതില്‍ കുറച്ചൊക്കെ സത്യമുണ്ട്. സാധാരണ വെള്ളം കുടിക്കാന്‍ ഏട്ടന് മടിയായിരുന്നു. ജ്യൂസേ കുടിക്കൂ, അല്ലെങ്കില്‍ പാക്ക്ഡ് ഡ്രിങ്കുകള്‍. നാരങ്ങാവെള്ളം കുടിക്കും. അപ്പോള്‍ മധുരമില്ലാതെ പറ്റില്ലല്ലോ. പക്ഷേ, അസുഖം വന്ന ശേഷം അതെല്ലാം നിര്‍ത്തി. ഭക്ഷണത്തില്‍ നല്ല നിയന്ത്രണം വച്ചു. പാരമ്പര്യമായി കിട്ടിയതുകൊണ്ടാകും, രോഗം വല്ലാതെ കൂടി. സിനിമയുടെ മാനസിക സംഘര്‍ഷങ്ങളുമുണ്ടായിരുന്നു. 'മിലി' വിചാരിച്ച പോലെ ഹിറ്റായില്ല. ഏട്ടന് ഏറ്റവും ഇഷ്ടമുള്ള സിനിമയായിരുന്നു അത്. കുറേയൊക്കെ ആത്മാംശമുള്ള കഥാപാത്രം. 'പ്രഫസറുടെ മകള്‍ ഒരു പരാജയമാകും എന്ന പേടിയോടെയാണ് ഇത്രകാലം ജീവിച്ചത്' എന്ന നായികയുടെ വാക്കുകള്‍ രാജേഷേട്ടന്റെ ഉള്ളില്‍ നിന്നു വന്നതാണ്. പൊതുവേ ആളുകളുമായി ഇടപെടാന്‍ മടിയുള്ള ആളാണ്. സുഹൃത്തുക്കളോടൊപ്പം ഇരിക്കാം. പക്ഷേ, ഒരു പൊതുപരിപാടിക്കും പോകാന്‍ ഇഷ്ടമില്ല. 

'വേട്ട'യുടെ ഷൂട്ടിങ് തുടങ്ങിയ സമയം മുതല്‍ ഏട്ടന്‍ ആശുപത്രിയിലാണ്. 20 ദിവസത്തോളം കിടന്ന ശേഷമാണ് ആദ്യ ഷെഡ്യൂളിനായി പോയത്. അവസാനത്തെ മൂന്നുനാല് ദിവസം ആശുപത്രിയില്‍ നിന്നു പോയിവരികയായിരുന്നു. രണ്ടാമത്തെ ഷെഡ്യൂളിനായി തെന്മലയിലേക്ക് പോകുമ്പോള്‍ ആകെ ക്ഷീണിതനായിരുന്നു. തണുപ്പ് ഒട്ടും സഹിക്കാന്‍ പറ്റില്ല. ഒരു ദിവസം പുലര്‍ച്ചെ തണുപ്പു കൂടി വിറയ്ക്കാന്‍ തുടങ്ങി. പുതപ്പൊക്കെ എടുത്തു പുതച്ചിട്ടും രക്ഷയില്ല. കുഞ്ഞിനെ എന്ന പോലെ ഏട്ടനെ ഞാന്‍ പൊതിഞ്ഞുപിടിച്ചു. വിറയല്‍ ഒന്നു ശമിച്ചപ്പോള്‍ എല്ലാം മറന്ന് എന്റെ നെഞ്ചില്‍ കിടന്നുറങ്ങി.
ഷൂട്ട് കഴിഞ്ഞു വന്നപ്പോള്‍ പിന്നെയും അസുഖം കൂടി. പക്ഷേ, ജോലി തീര്‍ക്കാതെ ആശുപത്രിയിലേക്കില്ലെന്ന് വാശിയായിരുന്നു. തിരുവനന്തപുരത്ത് വിസ്മയ സ്റ്റുഡിയോയിലായിരുന്നു പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ !നടന്നത്. എല്ലാ പണിയും കഴിഞ്ഞ് സെന്‍സര്‍ കോപ്പി ഒപ്പിട്ടുവാങ്ങുമ്പോള്‍ ഏട്ടന്റെ കൈ വിറച്ചു. അതുകഴിഞ്ഞ് വന്നാണ് ആശുപത്രിയില്‍ പോയി അഡ്മിറ്റായത്.

പിറ്റേന്ന് ഏട്ടന്‍ ഒരു ആഗ്രഹം പറഞ്ഞു, 'മഞ്ജുവിനെ ഒന്നു കാണണം.' അടുത്ത സിനിമയില്‍ ജോയിന്‍ ചെയ്തിരുന്നു ചേച്ചി. പക്ഷേ, അടുത്ത ദിവസം തന്നെ വിസിറ്റേഴ്‌സ് ടൈമില്‍ ചേച്ചി വന്നു കണ്ടു. ഏട്ടന് ഇടയ്ക്കിടെ ബോധം മറയും. ഛര്‍ദിക്കുമെന്നതു കൊണ്ട് വെള്ളം കൊടുക്കുന്നില്ലായിരുന്നു. പക്ഷേ, ചേച്ചിയോട് വെള്ളം വേണമെന്ന് പറഞ്ഞു. സിസ്റ്റര്‍മാര്‍ കൊടുത്ത വെള്ളം ചേച്ചി ഒഴിച്ചുകൊടുത്തു. അതായിരുന്നു ഏട്ടന്‍ അവസാനമായി കഴിച്ചത്. നാലുദിവസത്തെ ഷൂട്ടിങ് കൂടി കഴിഞ്ഞ് കൊച്ചിയിലെത്തി ഒന്നിച്ചുപോയി 'വേട്ട' കാണാമെന്ന് ഉറപ്പുപറഞ്ഞാണ് ചേച്ചി മടങ്ങിയത്.
കൊച്ചിയിലേക്ക് പോകണമെന്നു ചേട്ടന് വലിയ നിര്‍ബന്ധമായിരുന്നു. അവസാനം കൊച്ചിയിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ആശുപത്രിയില്‍ നിന്നു വര്‍ക്കിന് പോയി വരാന്‍ അനുവദിച്ച ഡോക്ടര്‍മാരുടെ ടീം 'വേട്ട' തിയറ്ററില്‍ പോയി കാണാനും അനുവദിക്കുമെന്ന പ്രതീക്ഷയായിരുന്നു ഏട്ടന്. പക്ഷേ, കൊച്ചിയില്‍ വന്നതോടെ ആകെ അവശനായി. ഇവിടെ എത്തിയപ്പോഴാണ് ന്യൂമോണിയ ഉണ്ടെന്ന് മനസിലായത്. ഐസിയുവിലേക്ക് മാറ്റി. പക്ഷേ, സഞ്ജു ചേട്ടനൊപ്പം റിലീസിനു തന്നെ 'വേട്ട' കാണണമെന്നു ഏട്ടന്‍ വാശി പിടിച്ചു.
അതൊരു വെള്ളിയാഴ്ചയായിരുന്നു. സിനിമ റിലീസായത് ഏട്ടന്‍ അറിഞ്ഞിട്ടുണ്ടാകില്ല. വെളുപ്പിന് എന്നെ ഐസിയുവിലേക്ക് വിളിപ്പിച്ചു. 'എന്തിനാ എന്നെ ഒറ്റയ്ക്കിവിടെ കിടത്തിയിട്ട് നീ പുറത്തുപോയി ഇരിക്കുന്നത്' എന്നു ചോദിച്ച് ഏട്ടന്‍ പരിഭവിച്ചു. എന്താ പറയേണ്ടതെന്നറിയാതെ ആ കൈകള്‍ പിടിച്ചുമുറുക്കി ഞാന്‍ റൂമിലേക്ക് മടങ്ങി. അല്‍പം കഴിഞ്ഞ് വീണ്ടും വിളി വന്നു. അന്നേരം രണ്ടു ഡോക്ടര്‍മാരും കുറേ നഴ്‌സുമാരുമൊക്കെ അകത്തുണ്ട്. എനിക്കെന്തോ പന്തികേട് മണത്തു. ആദ്യത്തെ കാര്‍ഡിയാക് അറസ്റ്റ് വന്ന് ഏട്ടനെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഏട്ടന്റെ കസിനോട് പറഞ്ഞിരുന്നു രക്ഷപ്പെടാന്‍ ഒന്നോ രണ്ടോ ശതമാനം ചാന്‍സേ ഉള്ളൂ എന്ന്. ഞങ്ങളൊക്കെ കാത്തിരുന്നു. പക്ഷേ, പിറ്റേന്ന് പുലര്‍ച്ചെ രണ്ടാമത്തെ കാര്‍ഡിയാക് അറസ്റ്റ്. പിന്നെ ഒന്നും ചെയ്യാനില്ല, വെന്റിലേറ്ററില്‍ നിന്ന് മാറ്റണം. കുറേ സമയം കാത്തു. ഉച്ചയ്ക്ക് പതിനൊന്നരയോടെ വെന്റിലേറ്റര്‍ മാറ്റി. ജീവന്റെ അവസാന തുടിപ്പ് മായുമ്പോള്‍ എന്റെ കൈകളില്‍ ഏട്ടന്‍ അമര്‍ത്തിപിടിച്ചിട്ടുണ്ടായിരുന്നു.'
'ഞങ്ങള്‍ തമ്മില്‍ 12 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു, അതിന്റെ കുട്ടിത്തം ഞാനും വാത്സല്യം ഏട്ടനും കാണിച്ചു. കിടപ്പിലായ ശേഷം ഞാന്‍ വെള്ളമെടുക്കാന്‍ മാറിയാല്‍ പോലും 'മേഘാ...' എന്നു നീട്ടി വിളിക്കുമായിരുന്നു.
'വേട്ട' കഴിഞ്ഞ സമയത്തേ ചെറിയ പേടിയുണ്ടായിരുന്നു എന്നു തോന്നുന്നു. നിന്നെ ഫിനാന്‍ഷ്യലി സെറ്റ് ചെയ്യണം എന്നു ഒരിക്കല്‍ പറഞ്ഞു. 'ഏട്ടന്‍ കൂടെയുള്ളതല്ലേ എന്റെ ഭാവി...' എന്നു ചോദിച്ചെങ്കിലും സമ്മതിച്ചില്ല. വേട്ട പൂര്‍ത്തിയാക്കാന്‍ വേണ്ടിയായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത് എന്ന് ഇപ്പോള്‍ തോന്നുന്നു.
ജീവിതത്തില്‍ പ്രതീക്ഷ കൈവിടാത്ത ആളായിരുന്നു ഏട്ടന്‍. അല്ലെങ്കില്‍ 'ട്രാഫിക്കു'മായി ഉയിര്‍ത്തെഴുന്നേല്‍ക്കില്ലായിരുന്നു. പക്ഷേ, രോഗം തളര്‍ത്തിയപ്പോള്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ച എന്നെ ചേര്‍ത്തുപിടിച്ച് പറഞ്ഞു, 'എനിക്കറിയാം ശരീരത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന്. നിന്നെ ഓര്‍ത്താണ് പേടി...' വിറയ്ക്കുന്നുണ്ടായിരുന്നു കൈകള്‍.
രാജേഷ് പിള്ള ഫിലിംസ് എന്ന പേരില്‍ പ്രൊഡക്ഷന്‍ കമ്പനി ലോഞ്ച് ചെയ്തിട്ടുണ്ടായിരുന്നു. വേട്ടയുടെ ടൈറ്റില്‍ കാര്‍ഡില്‍ നിര്‍മാണം സൂരജ് ആന്‍ഡ് രാജേഷ് പിള്ള എന്നാണ് വച്ചത്. പക്ഷേ, അവസാനനിമിഷം അത് സൂരജ് ആന്‍ഡ് മേഘ രാജേഷ് പിള്ള എന്നു തിരുത്തി.


ആശുപത്രിയിലായിരുന്ന ഒരു ദിവസം പുലര്‍ച്ചെ മൂന്നുമണിക്ക് അസോഷ്യേറ്റ് മനു അശോകനെ ഫോണില്‍ വിളിച്ചു. അന്നേരം ഓര്‍മ വന്ന ഒരു കഥ പറയാനായിരുന്നു അത്. അതിന്റെ തിരക്കഥ എഴുതണമെന്നായിരുന്നു ഏട്ടന്റെ അവസാനത്തെ ആഗ്രഹം. എഴുതി തുടങ്ങിയ വണ്‍ലൈന്‍ പിന്നീട് മനുവിന് കൊടുത്തു.
രാജേഷേട്ടന് ഏറെ പ്രിയപ്പെട്ട നഗരമാണ് കൊച്ചി. ഇ പ്പോള്‍ എനിക്കും ഈ നഗരം ഇഷ്ടമാണ്. ഇവിടെ കൂട്ടിന് ഏട്ടന്റെ ഓര്‍മകളുണ്ട്. എവിടെയും ഒറ്റയ്ക്ക് പോയിട്ടില്ല ഞാന്‍. എല്ലായിടത്തും ഏട്ടന്‍ കൂടെവരും. ഇനി ഒറ്റയ്ക്കാണെന്ന തോന്നലും എനിക്കില്ല. കണ്ണൊന്നു മുറുക്കിയടച്ചാല്‍, മതി. ആ സ്വരമെന്റെ കാതില്‍ വന്നു തൊടും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാൻ ഇസ്രയേൽ സംഘർഷം: മോദിയുടെ ഇടപെടലിൽ താൽക്കാലിക വെടിനിർത്തലിന് സാധ്യത !?  (8 minutes ago)

ഷൈലജ ടീച്ചറെ ബലികൊടുത്തത് താനെന്ന് കുറ്റസമ്മതം ... ധർമ്മടത്ത് മാറ്റം സാധ്യമല്ല ഞ്ഞെട്ടി പ്രവർത്തകർ  (16 minutes ago)

ആ കൊട്ടാരവീട്ടിൽ ആറാമത്തും ഒരാൾ..?!ഭർത്താവിന്റെ ആത്മഹത്യ അശ്വതി കാരണമെന്ന് അമ്മായിയമ്മ കണ്ണാടിവച്ച് കുട്ടികളുടെ മൃതദേഹങ്ങൾ  (22 minutes ago)

നോമിനേഷന് 24 മണിക്കൂർ രാഹുലിന്റെ അറ്റകൈ നീക്കം പാലക്കാട് മത്സരിക്കും?..പെണ്ണുങ്ങളെ അറഞ്ചം പുറഞ്ചം ചതിച്ച് പിണറായി...!  (44 minutes ago)

ഗോവിന്ദനെ അറസ്റ്റ് ചെയ്യാൻ പോലീസ് വീട്ടിൽ POCSO തന്നെ..! മോണാലിസയിക്ക് 16 വയസ്സ് ശിവകുട്ടിയും അറസ്റ്റിലേക്ക്..?  (51 minutes ago)

അതിശക്തമായ മഴ, മിന്നൽ പ്രളയം. ആളുകൾ ഒലിച്ചുപോയി  (58 minutes ago)

എടോ വിജയൻ, തന്റെ കൊലച്ചിരി ഉടൻ തീരും, ആ കപ്പ് അടിച്ച് മുഖ്യന്റെ തലപ്പൊട്ടിച്ച് രാഹുൽ...! സത്യം ഭൂമിയിൽ നിന്നു മുളച്ചുവരും  (1 hour ago)

കമ്പനികൾക്ക് നിരക്ക് സ്വയം നിർണയിക്കാം; വിമാന യാത്രക്കാർക്ക് കനത്ത തിരിച്ചടി  (1 hour ago)

KOCHI അഞ്ചു മരണം സര്‍വ്വത്ര ദുരൂഹത  (1 hour ago)

പാലക്കാട് കോൺ​ഗ്രസിന് വീണ്ടും ഇരുട്ടടി; പാർട്ടി വിട്ട് മഹിളാ കോൺ​ഗ്രസ് നേതാവ് ജയലക്ഷ്മി  (1 hour ago)

അയ്യപ്പ സന്നിധിയിൽ ഉത്സവകാലം; ഇന്ന് നട തുറക്കും  (1 hour ago)

സ്വർണവില കുറഞ്ഞു  (2 hours ago)

48 കേന്ദ്രങ്ങൾ; ഒരു ദിവസം 4 പൊതുയോ​ഗം, തിരഞ്ഞെടുപ്പ് ​ഗോദയിലേക്ക് പിണറായി  (2 hours ago)

പാചക വാതക ക്ഷാമം അതിരൂക്ഷം  (2 hours ago)

ഇസ്രയേലിലെ ആണവ കേന്ദ്രങ്ങളുള്ള മേഖലകളിൽ ഇറാൻ്റെ മിസൈൽ ആക്രമണം  (3 hours ago)

Malayali Vartha Recommends