അന്ത്യനിദ്രയ്ക്ക് ശ്രീദേവി ജന്മനാട്ടിലേക്ക്; ശ്രീദേവിയുടെ ചിതാഭസ്മം രാമേശ്വരത്ത് നിമഞ്ജനം ചെയ്യും
അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ ചിതാഭസ്മം രാമേശ്വരത്ത് ഒഴുക്കും. ബോളിവുഡിലെ താരറാണിയായിരുന്നു ശ്രീദേവിയുടെ ചിതാഭസ്മം രാമേശ്വരത്ത് നിമഞ്ജനം ചെയ്യുന്നതിന് ഭര്‍ത്താവ് ബോണി കപൂറും മറ്റ് ബന്ധുക്കളും ഇന്ന് ചെന്നൈയിലേക്ക് തിരിക്കുമെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ചെന്നൈയില്‍ വിമാനമിറങ്ങുന്ന ബോണി കപൂറും കുടുംബാംഗങ്ങളും അവിടെ നിന്ന് രാമേശ്വരത്തേക്ക് തിരിക്കും.
പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിലാണ് ശ്രീദേവിയുടെ കുടുംബാംഗങ്ങള്‍ വരുന്നത്. കര്‍മ്മങ്ങള്‍ ചെയ്ത ശേഷം ഇന്ന് വൈകിട്ട് തന്നെ മുംബൈയിലേക്ക് മടങ്ങുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴ്നാട്ടില്‍ ജനിച്ച് മുംബൈക്കാരിയായി മാറിയ ശ്രീദേവിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യുന്നത് തമിഴ്നാട്ടില്‍ തന്നെയാണെന്ന പ്രത്യേകതയും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് ദുബായില്‍ വച്ച് ശ്രീദേവി അന്തരിച്ചത്. ബന്ധുവായ മോഹിത് മര്‍വയുടെ വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനാണ് ശ്രീദേവി കുടുംബസമേതം ദുബായില്‍ എത്തിയത്. താമസിച്ചിരുന്ന ഹോട്ടലിലെ ബാത്ത് ടബ്ബില്‍ ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബാത്ത് ടബ്ബില്‍ മുങ്ങിമരിച്ചുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ചൊവ്വാഴ്ചയാണ് ശ്രീദേവിയുടെ മൃതദേഹം മുംബൈയില്‍ എത്തിച്ചത്. മരണത്തില്‍ ഉയര്‍ന്ന സംശയങ്ങളാണ് മൃതദേഹം എത്താന്‍ വൈകിയത്. മുംബൈ ലോഖണ്ഡ്വാലയിലെ സെലിബ്രേഷന് സ്പോര്‍ട്സ് ക്ലബിലെ പൊതുദര്‍ശനത്തിന് ശേഷം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ബുധനാഴ്ചയാണ് ശ്രീദേവിയുടെ മൃതദേഹം സംസ്കരിച്ചത്.
https://www.facebook.com/Malayalivartha