കോഴയില്‍ മുങ്ങുന്ന കേരളം: മദ്യനയവും ചര്‍ച്ചയും

അഴിമതി ആരോപണങ്ങള്‍ക്കു പിന്നിലെ രാഷ്ട്രീയ തട്ടിപ്പുകള്‍ തുറന്നു കാട്ടുകയാണ് അഡ്വ. ജോണ്‍സണ്‍ മനയാനി. കഴിഞ്ഞ 35 വര്‍ഷമായി കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തുവരുന്ന അഡ്വ. ജോണ്‍സണ്‍ മനയാനിയുടെ കോഴയില്‍ മുങ്ങുന്ന കേരളം എന്ന പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങള്‍ പരമ്പരയായി മലയാളിവാര്‍ത്തയില്‍ പ്രസിദ്ധീകരിച്ച് വരികയാണ്. പരമ്പരയുടെ പന്ത്രണ്ടാം ഭാഗമാണിത്.
മദ്യനയത്തില്‍ വ്യക്തത വേണം:
നിലവാരിമില്ലാത്തതിന്റെ പേരില്‍ സംസ്ഥാനത്തെ പകുതിയിലേറെ ബാറുകള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യം വ്യക്തവും സുതാര്യവുമായൊരു മദ്യനയം രൂപവത്കരിക്കുന്നതിനു സഹായകമാകണം. ബാറുകള്‍ പൂട്ടിയിട്ടു മൂന്നാഴ്ച പിന്നിട്ടപ്പോഴേക്കും ഏതുവിധേനയും അവ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നീക്കം സജീവമാണ്. എക്‌സൈസ് വകുപ്പ് ഇതിനനുകൂലമായ റിപ്പോര്‍ട്ട് സര്‍ക്കാരിനു നല്കുകയുംചെയ്തിരിക്കുന്നു. ബാറുകള്‍ അടച്ചുപൂട്ടിയ സര്‍ക്കാര്‍ നടപടിക്കെതിരെ ഉടമകള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനിടെ അടച്ചിട്ട ബാറുകളുടെ നിലവാരം വര്‍ദ്ധിപ്പിക്കാനുള്ള പണികളും നടക്കുന്നുണ്ട്. ഭൗതികമായ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു ബാര്‍ ഹോട്ടലുകള്‍ നക്ഷത്രപദവി കൈവരിക്കുന്നതു മാത്രമാണോ ഇവിടെ പ്രശ്‌നം? നിലവാരം മെച്ചപ്പെടുത്തി ബാറുകള്‍ തുറന്നാല്‍ പരിഹരിക്കപ്പെടാവുന്ന പ്രശ്‌നമായി മാത്രം ഇതിനെ കാണാനാവില്ല. മൂന്നാഴ്ച കേരളത്തിലെ 418 ബാറുകള്‍ അടഞ്ഞുകിടന്നതുകൊണ്ട് എന്തു കുഴപ്പമാണ് ഉണ്ടായത്? സര്‍ക്കാരിന്റെ മദ്യവില്പനശാലകളിലെ തിരക്കു വളരെ ഏറി. പല നഗരങ്ങളിലെയും ബാറുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ സ്ഥിരം കുടിയന്മാര്‍ക്കു ദൂരസ്ഥലങ്ങളിലേക്കു യാത്ര ചെയ്യേണ്ടിവന്നു.
ബാറുകളിലേക്കുള്ള മദ്യവും ബിവറേജസ് കോര്‍പറേഷനില്‍നിന്നുതന്നെയാണ് എത്തുന്നത് എന്നതിനാല്‍ മൊത്തം വില്പനയുടെ കാര്യത്തില്‍ വലിയ വ്യത്യാസമൊന്നും അനുഭവപ്പെടുന്നില്ല. പിന്നെയുള്ളതു ബാറുകളില്‍ പോയിരുന്നു മദ്യപിച്ചിരുന്നവര്‍ക്കുണ്ടാകുന്ന പ്രയാസവും ബാറുടമകള്‍ക്കുണ്ടാകുന്ന സാമ്പത്തികനഷ്ടവുമാണ്. ഇതൊന്നും നയപരമായ ഒരു തിരുത്തലിനു പ്രേരിപ്പിക്കേണ്ട കാര്യങ്ങളല്ല. ഇരുപതിനായിരത്തോളം ബാര്‍ തൊഴിലാളികള്‍ക്കു ജീവിതമാര്‍ഗ്ഗം തടസ്സപ്പെട്ടിരിക്കുന്നതായി എക്‌സൈസ് വകുപ്പു കണക്കാക്കുന്നു. തൊഴില്‍ നഷ്ടപ്പെട്ടതുമൂലം കഷ്ടപ്പെടുന്ന ഇവരുടെ പ്രശ്‌നം തീര്‍ച്ചയായും പരിഹരിക്കപ്പെടേണ്ടതുതന്നെ. അതേസമയം, ബാറുകള്‍ പൂട്ടിയതുമൂലം കേരളത്തിലെ ലക്ഷക്കണക്കിനു ജനങ്ങള്‍ക്കും പതിനായിരക്കണക്കിനു കുടുംബങ്ങള്‍ക്കും ഉണ്ടായിട്ടുള്ള സമാധാനം ഈ നഷ്ടങ്ങളെയൊക്കെ അപ്രസക്തമാക്കുന്നുണ്ട്.
ബാറുകള്‍ കൂട്ടത്തോടെ അടച്ചിട്ടതിനുശേഷം അപകടങ്ങളും അടിപിടികളും വലിയതോതില്‍ കുറഞ്ഞിട്ടുണ്ടെന്നു പോലീസിന്റെ കണക്കുകള്‍ തെളിയിക്കുന്നു. പല പോലീസ് സ്റ്റേഷനുകളിലും ഈ മാസം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള അടിപിടിക്കേസുകളുടെയും മദ്യപിച്ചു വാഹനമോടിച്ചതിനെത്തുടര്‍ന്നുള്ള അപകടങ്ങളുടെയും എണ്ണം കഴിഞ്ഞമാസത്തെ അപേക്ഷിച്ചു ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് സ്റ്റാന്‍ഡുകളിലെയും മറ്റും രാത്രികാലസാഹചര്യത്തില്‍ത്തന്നെ മാറ്റമുണ്ടായിരിക്കുന്നു.
മദ്യപിച്ച് അബോധാവസ്ഥയില്‍ കിടക്കുന്നവരെ ഇപ്പോള്‍ വിരളമായേ കാണാനുള്ളൂ. എക്‌സൈസ് വകുപ്പു കാണുന്നില്ലെങ്കിലും ഇത്തരം ചില നല്ല മാറ്റങ്ങള്‍ കണ്ടില്ലെന്നു ജനങ്ങളോടു കടപ്പാടുള്ള സര്‍ക്കാരിനു നടിക്കാനാവില്ല. സാധാരണ ജനങ്ങളുടെ സുരക്ഷയും ക്ഷേമവും മുന്‍നിര്‍ത്തിയുള്ളതാവണം പുതിയ മദ്യനയം എന്ന കെസിബിസി മദ്യവിരുദ്ധസമിതിയുടെയും ഇതര മദ്യവിരുദ്ധപ്രസ്ഥാനങ്ങളുടെയും നിലപാട് ഇത്തരമൊരു സമാധാനാന്തരീക്ഷമാണു ലക്ഷ്യമിടുന്നത്. 256. കേരളത്തില്‍ മദ്യവില്പനയിലുണ്ടായിട്ടുള്ള കുതിപ്പിനു പ്രധാന കാരണം മദ്യത്തിന്റെ സുലഭ്യത തന്നെയാണ്. മദ്യഷാപ്പുകളുടെ ദൂരപരിധി നിയമംപോലും കാറ്റില്‍പറത്തി പലേടത്തും ബാറുകള്‍ പ്രവര്‍ത്തിച്ചിരുന്നു. നഗരങ്ങളില്‍ എവിടെയും തലയെടുപ്പോടെ നില്ക്കുന്ന ബാറുകള്‍ കാണാം. തെരഞ്ഞുനടന്ന് ആരും കഷ്ടപ്പെടേണ്ടാത്തവിധത്തില്‍ മദ്യക്കച്ചവടം കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ ഏല്പ്പിച്ചിട്ടുള്ള പ്രത്യാഘാതങ്ങള്‍ ഏറെയാണ്. അനേകം ജനങ്ങളുടെ ആരോഗ്യം, കുടുംബങ്ങളിലെ സമാധാനം, സാധാരണക്കാരുടെ സാമ്പത്തികസ്ഥിതി തുടങ്ങി പലതും മദ്യംമൂലം തകര്‍ന്നു.
കേരളത്തിന്റെ മദ്യനയരൂപവത്കരണവുമായി ബന്ധപ്പെട്ടു വ്യത്യസ്തമായ ചിന്താഗതികളാണു വിവിധ രാഷ്ട്രീയപാര്‍ട്ടികളും നേതാക്കളും വച്ചുപുലര്‍ത്തുന്നതെങ്കിലും മദ്യം ഉയര്‍ത്തുന്ന സാമൂഹ്യവിപത്തുകളെക്കുറിച്ച് ആര്‍ക്കും അഭിപ്രായവ്യത്യാസമൊന്നുമില്ല. എന്നാല്‍, മദ്യലോബിയുടെ സാമ്പത്തിക, രാഷ്ട്രീയസ്വാധീനം മദ്യത്തിനെതിരായ എല്ലാ നീക്കങ്ങളെയും തകര്‍ക്കാന്‍ പര്യാപ്തമാണ്.
ഇതു സംബന്ധിച്ച ഒരു കേസിന്റെ വിധിപ്രസ്താവത്തില്‍നിന്നു ഇന്നലെ ഹൈക്കോടതി ജഡ്ജി ഒഴിയേണ്ടിവന്ന സാഹചര്യം ഇത്തരുണത്തില്‍ പ്രസക്തമാണ്. പരാമര്‍ശം വിവാദമായതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ ഇതു തിരുത്തിക്കൊണ്ടു പ്രസ്താവന ഇറക്കി. താന്‍ കെപിസിസി പ്രസിഡന്റെതിരേ പ്രസ്താവന നടത്തിയിട്ടില്ലെന്നു മന്ത്രി അറിയിച്ചു. കെപിസിസി പ്രസിഡന്റിനെതിരേ മന്ത്രി ബാബു എന്ന പേരില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയില്‍ യാതൊരു അടിസ്ഥാനവുമില്ല. താനും പാര്‍ട്ടിയും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടെന്നു വരുത്തിത്തീര്‍ക്കാനാണു ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്.
താന്‍ പറഞ്ഞ കാര്യങ്ങളില്‍നിന്ന് ഒരു വാക്കുമാത്രം അടര്‍ത്തിയെടുത്തു വാര്‍ത്തയാക്കുന്നതു മാധ്യമസംസ്‌കാരത്തിനു ചേര്‍ന്നതല്ല.
ബാര്‍ ലൈസന്‍സ് പുതുക്കുന്ന കാര്യത്തില്‍ യാതൊരു വിധത്തിലുമുള്ള മുന്‍ തീരുമാനങ്ങളോ വ്യക്തിതാത്പര്യങ്ങളോ പിടിവാശിയോ ഇല്ല. പാര്‍ട്ടി എടുക്കുന്ന തീരുമാനത്തിനൊപ്പം നിലകൊള്ളും. എന്നും പാര്‍ട്ടിക്കു വിധേയനായിരിക്കും. പാര്‍ട്ടിയും ഏകോപനസമിതിയുമെടുക്കുന്ന പൊതുതീരുമാനം നടപ്പാക്കുക എന്നതിനപ്പുറം മറ്റൊരു നിലപാടുമുണ്ടായിരിക്കില്ല. ബാര്‍ ലൈസന്‍സിന്റെ കാര്യത്തില്‍ എല്ലാ വശങ്ങളും എല്ലാവരുടെയും അഭിപ്രായങ്ങളും ചര്‍ച്ചചെയ്തു പൊതുയോജിപ്പിലെത്താനാണു ശ്രമിക്കുന്നതെന്നും മന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു.
ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ കഴമ്പില്ലെന്നു കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരനും പ്രസ്താവനയില്‍ പറഞ്ഞു. വാര്‍ത്തകളില്‍ പലതും തെറ്റിദ്ധാരണാജനകാണ്. മദ്യനയം സംബന്ധിച്ചു കെപിസിസി നിര്‍വാഹകസമിതി യോഗത്തില്‍ നടന്ന ചര്‍ച്ചയില്‍ ഭൂരിപക്ഷം അംഗങ്ങളില്‍നിന്ന് ഉയര്‍ന്നുവന്ന പൊതുവികാരം കെപിസിസി-സര്‍ക്കാര്‍ ഏകോപനസമിതി യോഗത്തില്‍ അവതരിപ്പിക്കുകയാണു ചെയ്തത്. അത് ഉത്തരവാദിത്വമാണ്. അല്ലാതെ വ്യക്തിപരമായ അഭിപ്രായം അടിച്ചേല്പിക്കുകയായിരുന്നില്ല.
പാര്‍ട്ടി-സര്‍ക്കാര്‍ ഏകോപനസമിതിയോഗത്തില്‍ എല്ലാവരുംതന്നെ എതിര്‍ത്തുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. മദ്യവിരുദ്ധ ബ്രാന്‍ഡിന്റെ കുത്തക താന്‍ മാത്രമായി ഏറ്റെടുക്കണമെന്ന് ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. മദ്യഉപഭോഗവും ലഭ്യതയും കുറയ്ക്കണമെന്ന പാര്‍ട്ടിനയം മാത്രമാണു തനിക്കുള്ളതെന്നും സുധീരന്‍ പ്രസ്താവനയില്‍ അറിയിച്ചു.
എന്നാല്‍, ബാര്‍ ലൈസന്‍സ് പുതുക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നതയുണ്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. ബാര്‍ ലൈസന്‍സ് പുതുക്കുന്നതു സംബന്ധിച്ചുള്ള കാര്യത്തിനു ചര്‍ച്ചയിലൂടെ പരിഹാരം കാണും. 29ലെ യുഡിഎഫ് യോഗത്തിനുമുമ്പ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാര്‍ലൈസന്‍സ് പ്രശ്‌നത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും രണ്ടു തട്ടിലാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു കെ. മുരളീധരന്‍ തിരുവനന്തപുരത്തു പറഞ്ഞു.
നിലവാരമില്ലാത്ത 418 ബാറുകള്‍ക്കു ലൈസന്‍സ് നല്കുന്നതുമായി ബന്ധപ്പെട്ടു കെപിസിസി ഏക്‌സിക്യൂട്ടീവില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങളെ മറികടന്നും കോണ്‍ഗ്രസ് സംഘടനാസംവിധാനത്തെ നോക്കുകുത്തി ആക്കിക്കൊണ്ടും മദ്യരാജാക്കന്മാര്‍ക്ക് അനുകൂലമായി യാതൊരു തീരുമാനവും സര്‍ക്കാര്‍ എടുക്കരുതെന്നു കെപിസിസി വക്താവ് അജയ് തറയില്‍ ആവശ്യപ്പെട്ടു.
തുടരും...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha