കോഴയില്‍ മുങ്ങുന്ന കേരളം: നേതാക്കന്മാരുടെ അഭിപ്രായവ്യത്യാസം

അഴിമതി ആരോപണങ്ങള്‍ക്കു പിന്നിലെ രാഷ്ട്രീയ തട്ടിപ്പുകള്‍ തുറന്നു കാട്ടുകയാണ് അഡ്വ. ജോണ്‍സണ്‍ മനയാനി. കഴിഞ്ഞ 35 വര്‍ഷമായി കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തുവരുന്ന അഡ്വ. ജോണ്‍സണ്‍ മനയാനിയുടെ കോഴയില്‍ മുങ്ങുന്ന കേരളം എന്ന പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങള്‍ പരമ്പരയായി മലയാളിവാര്‍ത്തയില്‍ പ്രസിദ്ധീകരിച്ച് വരികയാണ്. പരമ്പരയുടെ പതിമൂന്നാം ഭാഗമാണിത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നു വഴിമുട്ടിയ, പൂട്ടിക്കിടക്കുന്ന ബാറുകളുടെ ലൈസന്‍സുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നാളെ പുനരാരംഭിച്ചേക്കും. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ഗുജറാത്തിലേക്കു പോയ സാഹചര്യത്തില്‍ ഇന്നലെ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നില്ല.
പൂട്ടിക്കിടക്കുന്ന ബാറിന്റെ ഉടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ കോടതിവിധിയുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍കൂടി മാത്രമേ ഇനി ബാറുകളുടെയും കാര്യത്തില്‍ നിലപാടു സ്വീകരിക്കുകയുള്ളൂ.
ടു സ്റ്റാര്‍ പദവിക്കു മുകളിലുള്ള ബാറുകള്‍ക്കുമാത്രം ലൈസന്‍സു നല്കുകയുള്ളൂവെന്ന മുഖ്യമന്ത്രിയുടെയും എക്‌സൈസ് മന്ത്രി കെ. ബാബുവിന്റെയും നിര്‍ദ്ദേശംപോലും വി.എം. സുധീരന്‍ അംഗീകരിക്കാത്ത സാഹചര്യത്തിലാണു ചര്‍ച്ചയ്ക്കായി ബദല്‍മാര്‍ഗ്ഗങ്ങള്‍ തേടുന്നത്. പൂട്ടിക്കിടക്കുന്ന 418 ബാറുകളില്‍ മാനദണ്ഡം അനുസരിച്ച് നിലവാരമുള്ള ഏതാനും ബാറുകള്‍ക്കു മാത്രം ലൈസന്‍സ് പുതുക്കിനല്കാന്‍ മാത്രമേ ഇനി സര്‍ക്കാരിനു കഴിയൂ.
വി.എം. സുധീരന്‍ കടുത്ത നിലപാടു തുടര്‍ന്നാല്‍ സര്‍ക്കാര്‍-ഏകോപനസമിതി, ഇനി വിളിച്ചുചേര്‍ക്കാതെ ചൊവ്വാഴ്ച ചേരുന്ന യുഡിഎഫിലേക്ക് മദ്യനയം കൊണ്ടുപോകുന്നതും മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍, ഇവിടെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടുമായി സുധീരന്‍ ഉറച്ചുനിന്നാല്‍ കൂടുതല്‍ നാണക്കേടുണ്ടാകുമെന്ന ഭയവും സര്‍ക്കാരിനുണ്ട്.
സുധീരന്‍ നാളെ സംസ്ഥാനത്തു തിരിച്ചെത്തിയശേഷമാണു ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ സാധ്യയുള്ളത്.
കഴിഞ്ഞ രാത്രിവരെ ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തയും മുന്‍ എക്‌സൈസ് മന്ത്രി പന്തളം സുധാകരനും രംഗത്തുണ്ടായിരുന്നു. കെപിസിസി ഭാരവാഹികളായ എം.എം. ഹസനും തമ്പാനൂര്‍ രവിയുമായിരുന്നു നേരത്തേ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമായി അനുരഞ്ജന ചര്‍ച്ചകള്‍ നടത്തിയത്.
അതേസമയം, മദ്യഉപഭോഗം കുറയ്ക്കുന്നതിന് ആവശ്യമായ നിലപാടു സ്വീകരിച്ച വി.എം. സുധീരനു നിരവധി സമുദായ-സാംസ്‌കാരികസംഘടനകളാണു പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. ബാര്‍വിഷയത്തില്‍ പ്രതികരിക്കാതിരുന്ന സിപിഎമ്മിലെ ഔദ്യോഗികപക്ഷത്തിലെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ മാത്രമാണ് ഇന്നലെ പ്രതികരണവുമായി രംഗത്തെത്തിയത്.
ബാറുടമകളും സര്‍ക്കാരും ഒത്തുകളിക്കുന്നവെന്ന ആരോപണമാണു കോടിയേരി ഉന്നയിച്ചത്. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്താണ് മാനദണ്ഡം മറികടന്ന് 418 ബാറുകള്‍ക്ക് ലൈസന്‍സ് നല്കിയത്.(ദീപിക 26/4/2014)
ബാര്‍ ലൈസന്‍സുകള്‍ പുതുക്കുന്ന വിഷയത്തില്‍ യുഡിഎഫിലല്ല കോണ്‍ഗ്രസിലാണ് ചേരിതിരിച്ച് തര്‍ക്കം നടക്കന്നതെന്നാണ് പത്രവാര്‍ത്തകള്‍ തെളിയിക്കുന്നത്.
പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ക്കെതിരെ ആരും ആക്ഷേപങ്ങള്‍ ഉന്നയിക്കാത്തതിനാല്‍ പത്രവാര്‍ത്ത സത്യമെന്നുതന്നെ ജനങ്ങള്‍ വിശ്വസിക്കുന്നു. ഇതിനിടെ ബാര്‍വിഷയത്തില്‍ കോണ്‍ഗ്രസില്‍ ചേരിപ്പോരു മൂര്‍ഛിച്ചുകൊണ്ടിരിക്കുമ്പോള്‍ വിവാദ 418 നിലവാരമില്ലാത്ത ബാറുകള്‍ തുറക്കുന്നതു സംബന്ധിച്ചുള്ള കേസില്‍ ഹൈക്കോടതി പരാമര്‍ശം ബാര്‍/മദ്യവ്യവസായലോബിയെ ഞെട്ടിച്ചു.
വിദ്യാര്‍ത്ഥികള്‍പോലും മദ്യശാലകളിലെത്തുന്നുവെന്നു ഹൈക്കോടതി:
സംസ്ഥാനത്തെ സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കു പോലും മദ്യം സുലഭമായി ലഭികകുന്നുവെന്നും ഇവര്‍ മദ്യശാലകളിലെത്തുന്ന സാഹചര്യമാണു നിലനില്ക്കുന്നതെന്നും ഹൈക്കോടതി. ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേയായിരുന്നു കോടതിയുടെ നിരീക്ഷണം. എല്ലാവര്‍ക്കും സുലഭമായി മദ്യം ലഭിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലനില്ക്കുന്നത്. സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്കുപോലും യഥേഷ്ടം മദ്യം ലഭിക്കുന്നുണ്ട്.
ഈ സ്ഥിതിവിശേഷം മാറണം. മദ്യത്തിന്റെ ലഭ്യത കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായിട്ടാണു സര്‍ക്കാര്‍ നാലില്‍ താഴെയുള്ള സ്റ്റാര്‍ ഹോട്ടലുകളുടെ ബാര്‍ ലൈസന്‍സ് പുതുക്കേണ്ടതില്ലെന്നു തീരുമാനിച്ചത്. ഈ നിലാപാടു സ്വാഗതാര്‍ഹവും പ്രശംസനീയവുമാണ്.ഇത്തരം ഹോട്ടലുകള്‍ക്കു ബാര്‍ ലൈസന്‍സ് നല്കുന്നതു മൗലികാവകാശമായി കാണേണ്ടതില്ലെന്നും നിരീക്ഷിച്ച കോടതി, ബാറുകള്‍ക്കു ലൈസന്‍സ് നല്കുന്നതിന് ഏകീകരണം ആവശ്യമാണെന്നു വാക്കാല്‍ പരാമര്‍ശിച്ചു.
മദ്യം ഘട്ടംഘട്ടമായി കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായാണു സര്‍ക്കാരിന്റെ നടപടികളെന്നും മുന്‍ ഹൈക്കോടതി ജസ്റ്റീസ് എം. രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. മദ്യത്തിന്റെ ലഭ്യത കുറക്കണമെന്നും ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതിനായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്നും സംസ്ഥാനത്ത് സുഗമമായി മദ്യം ലഭിക്കുന്ന സാഹചര്യം അനഭിലഷണീയമാണെന്നും 25/4/2014ല്‍ ഹൈക്കോടതി നിരീക്ഷിച്ചു.
മദ്യത്തിന്റെ ലഭ്യത കുറയ്ക്കണം:
സംസ്ഥാനത്തു സുഗമമായി മദ്യം ലഭിക്കുന്ന സാഹചര്യം അനഭിലഷണീയമാണെന്നും നിലവാരമില്ലാത്ത ബാറുകള്‍ക്കു ലൈസന്‍സ് അനുവദിക്കുന്നതിനായി ഇടക്കാല ഉത്തരവു നല്കാനനാവില്ലെന്നും ഹൈക്കോടതി. ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ തീരുമാനം ചോദ്യംചെയ്തു സംസ്ഥാനത്തെ 54 ബാറുടമകള്‍ നല്കിയ ഹര്‍ജികള്‍ പരിഗണിക്കവേയാണു ജസ്റ്റീസ് പി. ചിദബരേഷ് കോടതി നിലപാട് വ്യക്തമാക്കിയത്.
അബ്കാരി നയം സര്‍ക്കാരിന്റെ പരിഗണനയിലായതിനാല്‍ ഇപ്പോള്‍ ഇടപെടാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. ടൂസ്റ്റാര്‍ പദവിയെങ്കിലുമുള്ള ബാറുകള്‍ക്കു മാത്രമേ ലൈസന്‍സ് പുതുക്കി നല്കാവൂ എന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധി പ്രശംസനീയമാണെന്നും കോടതി നിരീക്ഷിച്ചു. ഹൈക്കോടതി അഭിഭാഷകന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നു ചൂണ്ടിക്കാട്ടി വിധി പറയുന്നതില്‍നിന്നു ജസ്റ്റീസ് സി.ടി. രവികുമാര്‍ പിന്മാറിയ സാഹചര്യത്തില്‍ ബാര്‍ ഉടമകള്‍ പ്രത്യേക അനുമതി നേടിയാണ് ഇന്നലെ ഹര്‍ജി സമര്‍പ്പിച്ചത്.
ബാറുകള്‍ അടച്ചിടുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്നു ബാര്‍ ഉടമകളുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. സര്‍ക്കാര്‍ പതിയ മദ്യനയം രൂപവത്കരിക്കാന്‍ തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ ഉത്തരവില്‍ ഇടപെടുന്നത് ഈ ഘട്ടത്തില്‍ അപക്വമാണെന്നു കോടതി ചൂണ്ടിക്കാട്ടി. അതേസമയം, ഉത്തരവില്‍ പറഞ്ഞിരിക്കുന്ന പ്രകാരം നാലു മുതല്‍ അഞ്ചുവരെയുള്ള സ്റ്റാര്‍ ഹോട്ടലുകളുടെ ലൈസന്‍സ് പുതുക്കി നല്കാന്‍ തടസ്സമില്ല.
ആകെ 75 ഹോട്ടലുകള്‍ക്കാണു ബാര്‍ ലൈസന്‍സ് കൊടുത്തിരുന്നത്. സുപ്രീംകോടതിയില്‍ 2006-ല്‍ നിലവിലുള്ള കേസില്‍ നിലവാരമില്ലാത്ത 418 ബാറുകള്‍ സംസ്ഥാനത്തുണ്ടെന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇതു പരിഗണിച്ച സുപ്രീംകോടതി, നിലവാരമില്ലാത്ത ഈ ബാറുകള്‍ നവീകരിച്ചു ക്ലാസിഫിക്കേഷന്‍ ഉയര്‍ത്താന്‍ 2007 മാര്‍ച്ച് 31വരെ സമയം നല്കി. ഗുണനിലവാരമില്ലാത്ത ബാറുകള്‍ പ്രവര്‍ത്തിക്കേണ്ടതില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ അഭിപ്രായം.
എന്നാല്‍, ഇക്കാര്യം പരിഗണിക്കാതെ കാലാകാലങ്ങളില്‍ സര്‍ക്കാര്‍ ഇത്തരം ബാറുകള്‍ക്ക് 2013 വരെ ഓരോ വര്‍ഷവും ലൈസന്‍സ് പുതുക്കിക്കൊടുത്തു. പുതിയ മദ്യനയം രൂപവത്കരിക്കുന്നതിന്റെ ഭാഗമായി മുന്‍ ഹൈക്കോടതി ജസ്റ്റീസ് എം. രാമചന്ദ്രനെ സംസ്ഥാന സര്‍ക്കാര്‍ ഏകാംഗകമ്മീഷനായും നിയമിച്ചു. ഓരോ മേഖലയിലുമുള്ള ബാറുകളുടെ നിലവാരം അടങ്ങിയ റിപ്പോര്‍ട്ട് കമ്മീഷന്‍ തയ്യാറാക്കി. ഈ റിപ്പോര്‍ട്ട് 2014 മാര്‍ച്ച് ആറിനു മാത്രമാണു സര്‍ക്കാരിനു മുമ്പാകെ എത്തിയത്. റിപ്പോര്‍ട്ട് വരാന്‍ വൈകിയ സാഹചര്യത്തില്‍ 2006ലെ പട്ടിക പ്രകാരം 418 ബാറുകള്‍ക്കു ലൈസന്‍സ് പുതുക്കിനല്‌കേണ്ടതില്ലെന്നു തീരുമാനിച്ചു.
പുതിയ മദ്യനയപ്രകാരം തീരുമാനമെടുക്കണമെങ്കില്‍ മേയ് രണ്ടുവരെ സമയം ആവശ്യമാണെന്ന് ഇന്നലെ ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ടോം ഹൈക്കോടതിയെ അറിയിച്ചു. അതേസമയം, 2006-ല്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ ലിസ്റ്റ് പ്രകാരം 2014-ല്‍ ബാറുകളെ തരംതിരിക്കരുതെന്നാണു ബാറുടമകള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകരായ ജോര്‍ജ് പൂന്തോട്ടം, സി.സി. തോമസ്, കെ.എ. ഷാജി എന്നിവര്‍ ബോധിപ്പിച്ചത്. സുപ്രീംകോടതി നിശ്ചയിച്ച 2007 മാര്‍ച്ച് 31 എന്ന സമയപരിധിക്കുതന്നെ ബാറുകളില്‍ ഭൂരിഭാഗവും നിലവാരമുള്ളതാക്കി ഉയര്‍ത്തിയിരുന്നു. നിലവിലുള്ള സാഹചര്യമാണ് ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടതെന്നും ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു.
മുമ്പു ഹര്‍ജിയില്‍ വാദം കേട്ടതു ജസ്റ്റീസ് സി.ടി. രവികുമാറായിരുന്നു. കേസ് വിധി പറയാന്‍ മാറ്റിയെങ്കിലും ഇതിനിടെ ഹൈക്കോടതിയിലെ അഭിഭാഷകനായ കെ. തവമണി തന്റെ വീട്ടിലെത്തി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ കേസില്‍നിന്നു പിന്‍മാറി. കേസ് വേനല്‍ അവധിയില്‍തന്നെ മറ്റു ബെഞ്ചിലേക്കു മാറ്റുന്നതിനും അദ്ദേഹം നിര്‍ദ്ദേശം നല്കിയിരുന്നു. ഈ സാഹചര്യത്തിലാണു ബാറുടമകളുടെ ഹര്‍ജികള്‍ ഹൈക്കോടതി ഇന്നലെ പരിഗണിച്ചത്. ഹൈക്കോടതി വേനലവധിയായതിനാല്‍ അടുത്ത സിറ്റിംഗ് ചൊവ്വാഴ്ചയാണ്.
തുടരും...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha