കോഴയില്‍ മുങ്ങുന്ന കേരളം: റഷ്യയും മദ്യനിരോധനവും കോണ്‍ഗ്രസും

അഴിമതി ആരോപണങ്ങള്‍ക്കു പിന്നിലെ രാഷ്ട്രീയ തട്ടിപ്പുകള്‍ തുറന്നു കാട്ടുകയാണ് അഡ്വ. ജോണ്‍സണ്‍ മനയാനി. കഴിഞ്ഞ 35 വര്‍ഷമായി കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തുവരുന്ന അഡ്വ. ജോണ്‍സണ്‍ മനയാനിയുടെ കോഴയില്‍ മുങ്ങുന്ന കേരളം എന്ന പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങള്‍ പരമ്പരയായി മലയാളിവാര്‍ത്തയില്‍ പ്രസിദ്ധീകരിച്ച് വരികയാണ്. പരമ്പരയുടെ പതിനാറാം ഭാഗമാണിത്.
റഷ്യയും മദ്യനിരോധനവും:
സമ്പൂര്‍ണ്ണ മദ്യനിരോധനമാണോ മദ്യനിയന്ത്രണമാണോ അതോ ഘട്ടം ഘട്ടമായ മദ്യനിരോധനമാണോ ഏതാണ് ജനങ്ങള്‍ക്കു സ്വീകാര്യമെന്നതിനെപ്പറ്റി തീരുമാനിക്കുന്നതിനു മുന്‍പ് മദ്യനിരോധന/മദ്യവര്‍ജനത്തെ സംബന്ധിച്ച് വിവിധ മാധ്യമങ്ങളില്‍ വന്ന വിശദാംശങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടിയിരിക്കുന്നു. ചില വിദഗ്ദ്ധാഭിപ്രായങ്ങള്‍ക്കൂടി കണക്കിലെടുക്കേണ്ടിയിരിക്കുന്നു. അതില്‍ ചില അഭിപ്രായങ്ങളിങ്ങനെ:
റഷ്യന്‍ ചക്രവര്‍ത്തിനിയായിരുന്ന കാതറൈന്‍ ദി ഗ്രേറ്റ് (1729-1796) പറഞ്ഞ ഒരു വാക്യമുണ്ട്. \'മദ്യാസക്തമായ ഒരു ജനതയെ ഭരിക്കാന്‍ എളുപ്പമാണ്.\' ഉരുക്കുമുഷ്ടികൊണ്ട് രാജ്യം ഭരിച്ച കാതറൈന്റെ ഈ കണ്ടുപിടുത്തം പിന്നീടുവന്ന ഭരണാധികാരികള്‍ക്കും ഉപകാരപ്രദമായി. മദ്യത്തിന്റെ ലഭ്യത വര്‍ദ്ധിക്കുകയും വിലകുറയുകയും ചെയ്യുന്നതോടെ മദ്യപാനത്തിലും പുരോഗമിക്കുന്ന ജനത, പ്രതികരണശേഷി നഷ്ടപ്പെട്ടതും സര്‍ഗവൈഭവങ്ങള്‍ പൊയ്‌പ്പോയതും ചിന്താശേഷി ഇല്ലാത്തതുമായ ഒരു ജനക്കൂട്ടമായി മാറും. കേരളത്തില്‍ 1967ല്‍ മദ്യനിരോധനം എടുത്തുകളഞ്ഞ ഋങട ചിന്തിച്ചതും (ഖണ്ഡി ക:126) ഇങ്ങനെതന്നെയായിരുന്നോ?.
രാഷ്ട്രനിര്‍മ്മാണത്തിനായി കഠിനാധ്വാനം ചെയ്യാനോ ത്യാഗങ്ങള്‍ ഏറ്റെടുക്കാനോ ചുമതലകള്‍ നിര്‍വഹിക്കാനോ കെല്പില്ലാത്ത മന്ദബുദ്ധികളായിത്തീരുന്ന അവര്‍ക്കു ദിവസേന മദ്യം ലഭിച്ചാല്‍ മറ്റൊന്നും പ്രശ്‌നമല്ലാതാകും. മദ്യം നല്‍കുന്ന മായക്കാഴ്ചകളാണ് അവര്‍ക്കു യാഥാര്‍ത്ഥ്യം. ഈ സങ്കല്പലോകത്തു പൗരന്‍മാരെ തളച്ചിട്ടുകഴിഞ്ഞാല്‍ ഭരണം എളുപ്പമായി. കമ്യൂണിസ്റ്റ് ഭരണകാലത്ത് റഷ്യയില്‍ സുലഭമായിരുന്ന ഏകവസ്തു മദ്യമായിരുന്നു. സ്റ്റാലിനാണ് മദ്യവില്പന സര്‍ക്കാര്‍ കുത്തകയാക്കിയത്. സ്റ്റാലിന്‍, ക്രൂഷ്‌ചേവ്, ബ്രഷ്‌നേവ് മുതലായവരുടെ മദ്യാസക്തി കുപ്രസിദ്ധമായിരുന്നു. യെല്‍ട്‌സിന്‍ മറ്റൊരു ഉദാഹരണം.
.രാജ്യപുരോഹതിയുടെ തടസങ്ങള്‍ അച്ചടക്കരാഹിത്യവും മദ്യാസക്തിയുമാണെന്നു കണ്ടെത്തിയ ഗോര്‍ബച്ചോവ് അവ രണ്ടും തിരുത്താന്‍ ശ്രമിച്ച നേതാവാണ്. ഭൗതികമാത്രമായി ചിന്തിക്കുന്ന ഒരു ജനതയുടെ ആത്മാവിലെ ശൂന്യസ്ഥലം അവര്‍ക്ക് എന്തെങ്കിലും കൊണ്ടു നിറച്ചേ മതിയാവൂ. അനേകംപേര്‍ അതിനായി കണ്ടെത്തുന്നതു മദ്യമാണ്. ഒരുകാലത്ത് റഷ്യക്കാര്‍ വിഹരിച്ചിരുന്ന കലയുടെയും സാഹിത്യത്തിന്റെയും ഉത്കൃഷ്ടമേഖലകളില്‍നിന്ന് അവര്‍ കുടിയിറങ്ങിയതിന്റെ കാരണം ആത്മാവിലെ ദാരിദ്ര്യവും മദ്യത്തിന്റെ സമ്പന്നതയുമാണെന്നു മനസ്സിലാക്കിയ ഗോര്‍ബച്ചോവ് ഒരു ശുദ്ധികലശം നടപ്പിലാക്കിയെങ്കിലും അത് അല്പായുസ്സായിത്തീര്‍ന്നു.
മദ്യലഭ്യത കുറക്കാനായി അദ്ദേഹം ഡിസ്റ്റിലറികള്‍ പൂട്ടി. മദ്യശാലകളുടെ എണ്ണം കുറച്ചു. മുന്തിരിത്തോട്ടങ്ങള്‍ നശിപ്പിച്ചു. മദ്യവില്പനയുടെ സമയം നിയന്ത്രിച്ചു. മുഴുത്ത കുടിയന്മാരായ പാര്‍ട്ടി ഭാരവാഹികളെയും ഉദ്യോഗസ്ഥരെയും പിരിച്ചുവിട്ടു. തൊഴില്‍സ്ഥലത്തെ മദ്യപാനം നിരോധിച്ചു. മദ്യവില്പന ഉച്ചകഴിഞ്ഞു രണ്ടു മുതലേ തുടങ്ങാവൂ എന്നു വ്യവസ്ഥചെയ്തു. ലൈസന്‍സുകള്‍ നിര്‍ബന്ധമാക്കി. വില 25 ശതമാനം കണ്ട് 1985 ഓഗസ്റ്റിലും 1986 ഓഗസ്റ്റിലും വര്‍ദ്ധിപ്പിച്ചു. 1985ല്‍ ആരംഭിച്ച ഈ പരിഷ്‌കാരങ്ങളുടെ ഫലമായി റഷ്യയില്‍ പ്രകടമായ മാറ്റങ്ങളുണ്ടായി. ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം തന്നെ രണ്ടു വര്‍ഷംകൂടി. 10 ലക്ഷം പേര്‍ മദ്യവിപത്തില്‍നിന്നു രക്ഷപ്പെട്ടു.
ഗോര്‍ബച്ചോവ് അധികാരമൊഴിഞ്ഞതോടെ മദ്യനിയന്ത്രണത്തില്‍ അദ്ദേഹം ചെലുത്തിയ ശ്രദ്ധ പുതിയ ഭരണകൂടം കൈയൊഴിഞ്ഞു. ഇന്നു ലോകത്തില്‍ ഏറ്റവുമധികം മദ്യോപഭോഗമുള്ള രാജ്യമാണു റഷ്യ. ഒരു ശരാശരി റഷ്യക്കാരന്‍ ഒരുവര്‍ഷം 48 ലിറ്റര്‍ ശുദ്ധമായ ആല്‍ക്കഹോള്‍ അകത്താക്കുന്നുവെന്നാണ് കണക്ക്. അമേരിക്കയില്‍ ഇത് 8.75 ലിറ്ററാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് റഷ്യക്കാരന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം 59 വയസ്സാണ്. വികസിതരാജ്യങ്ങളിലാകട്ടെ ഇത് 78 മുതല്‍ 82 വരെ വയസ്സും. റഷ്യയില്‍ എട്ടുപേരില്‍ ഒരാള്‍ മരിക്കുന്നത് മദ്യത്തോടു ബന്ധപ്പെട്ട കാരണങ്ങളാലാണ്. മരിക്കുന്നവരില്‍ പകുതിപ്പേരുടെയും മരണത്തിനുപിന്നില്‍ മദ്യം എന്ന വില്ലനാണ്. പ്രതിവര്‍ഷം അഞ്ചുലക്ഷം പുരുഷന്മാരാണ് മദ്യവുമായി ബന്ധപ്പെട്ട അപകടങ്ങളും അക്രമങ്ങളും മൂലവും വിഷമദ്യം മൂലവും മരിക്കുന്നത്.
. 14 കോടി 20 ലക്ഷം ജനസംഖ്യയുള്ള റഷ്യയില്‍ 23 ലക്ഷം പേര്‍ മദ്യപാനരോഗികളാണ്. 2050ല്‍ വെറും മൂന്നു കോടിയാകുമത്രേ റഷ്യയിലെ ജനസംഖ്യ. ഇപ്പോള്‍ തന്നെ റഷ്യയിലെ ആയിരക്കണക്കിനു ഗ്രാമങ്ങളില്‍ പുരുഷന്മാരില്ല. പത്തു ശതമാനം സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ കൂടുതലാണ്. അനേകം സ്ത്രീകള്‍ വരന്മാരെ കിട്ടാനില്ലാതെ വിവാഹംചെയ്യാന്‍ പറ്റാതെ കഴിയുന്നു.
മദ്യാസക്തരായ ഭരണാധികാരികളും മദ്യം വിറ്റുകിട്ടുന്ന വരുമാനത്തിന്റെ പ്രലോഭനീയതയുമാണ് റഷ്യയില്‍ മദ്യോപയോഗം കുതിച്ചുയര്‍ന്നതിന്റെ കാരണം. പതിമൂന്നാം നൂറ്റാണ്ടില്‍ റഷ്യയുടെ ദേശീയവരുമാനത്തിന്റെ മൂന്നിലൊന്ന് മദ്യവില്പനയില്‍നിന്നായിരുന്നു. ആ നിലയാണു തുടര്‍ന്നുപോകുന്നതും. പക്ഷേ, മദ്യോപഭോഗത്തെ ദേശീയദുരന്തം എന്നാണ് ഇപ്പോഴത്തെ പ്രസിഡന്റ് മെദ്‌വെദേവ് വിശേഷിപ്പിക്കുന്നത്.
2020 ജനുവരിയോടെ റഷ്യയിലെ മദ്യോപയോഗം നേര്‍പകുതിയായി കുറയ്ക്കാന്‍ 2010 ജനുവരിയില്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. വ്യാജമദ്യത്തിന്റെ ഉത്പാദനവും വിപണനവും അവസാനിപ്പിക്കുകയാണ് ഏറ്റവും വലിയ വെല്ലുവിളി. അഴിമതിക്കാരായ ഉദ്യോഗസ്ഥരാണ് ഈ സംവിധാനത്തെ താങ്ങിനിര്‍ത്തുന്നത്. മദ്യസംബന്ധമായ കുറ്റങ്ങള്‍ക്കു കഠിനശിക്ഷകള്‍ നല്കാന്‍ നിയമങ്ങള്‍ ഉണ്ടാക്കിക്കഴിഞ്ഞു. മദ്യത്തിന്റെ വില ഇരട്ടിപ്പിക്കുകയും ചെയ്തു. ലഭ്യത കുറക്കാനുള്ള പല പരിപാടികളും ആവിഷ്‌കരിച്ചിട്ടുണ്ട്.
വീര്യമേറിയ മദ്യമാണ് റഷ്യക്കാര്‍ക്കിഷ്ടം. വിശേഷിച്ചും 30 മുതല്‍ 70 ശതമാനംവരെ ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്ന വോഡ്ക. രാജ്യത്തിന്റെ പൊതു ആരോഗ്യനില ഏറ്റവും മോശമായ രാജ്യമാണ് റഷ്യ. തൊഴിലാളികള്‍ മദ്യപിക്കുന്നതുകൊണ്ട് റഷ്യയില്‍ ഉത്പാദനക്ഷമത കുറവാണ്. സാമ്പത്തികമാന്ദ്യം ഏറിയും വരുന്നു. ഒരു കുടുംബത്തിന്റെ ശരാശരി വരുമാനത്തിന്റെ അഞ്ചിലൊന്നും മദ്യത്തിനുവേണ്ടിയാണു ചെലവാക്കുന്നത്. തൊഴിലില്ലായ്മ, തകര്‍ന്ന കുടുംബങ്ങള്‍, ജോലിസ്ഥലത്തെ അപകടങ്ങള്‍, ഏറുന്ന കുറ്റകൃത്യങ്ങള്‍, താറുമാറായ സാമൂഹികജീവിതം, പൊതുധാര്‍മികതയുടെ അപചയം, രോഗങ്ങളുടെ വര്‍ദ്ധന എന്നിങ്ങനെ എത്രയെത്ര പ്രശ്‌നങ്ങളാണ് മദ്യം വരുത്തിവയ്ക്കുന്നത്.
മദ്യനിരോധനവും കോണ്‍ഗ്രസും :
സമ്പൂര്‍ണ മദ്യനിരോധനമെന്ന ലക്ഷ്യം കൈവരിക്കുന്നതിനു ഘട്ടംഘട്ടമായി മദ്യം നിരോധിക്കുകയാണു കോണ്‍ഗ്രസിന്റെ തന്ത്രമെന്ന് ഒരിക്കല്‍ക്കൂടി കേരളീയരോടു പറഞ്ഞിരിക്കുന്നു. തെരഞ്ഞെടുപ്പിനുമുമ്പു പലതവണ ഈ നയത്തെക്കുറിച്ചു യുഡിഎഫ് സംഘം ഊന്നിപ്പറഞ്ഞതു നമ്മളെല്ലാം കേട്ടുകഴിഞ്ഞു. എന്നാല്‍ യുഡിഎഫിന്റെ ഭരണകാലവും അവസാനിക്കുന്നതു മദ്യദേവതയെ അകമഴിഞ്ഞ് ഉപാസിക്കാനുള്ള അവസരം നല്കികൊണ്ടാണ്.
സമ്പൂര്‍ണ മദ്യനിരോധനത്തിനുവേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നതെന്ന് എല്ലാ രാഷ്ട്രീയകക്ഷികളും പറയാറുണ്ടെങ്കിലും അതൊരിക്കലും യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുന്ന ഒരു സ്വപ്നമല്ലെന്ന് എല്ലാവരും ഉറച്ചുവിശ്വസിക്കുകയും ചെയ്യുന്നു. സമ്പൂര്‍ണ മദ്യനിരോധനം വ്യാജമദ്യനിര്‍മാതാക്കള്‍ക്കു മാത്രമേ പ്രയോജനമാകൂ എന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ടുതാനും. വിലകുറഞ്ഞ മദ്യത്തിനുവേണ്ടി പരക്കംപായുന്ന ദരിദ്ര ജനവിഭാഗമാണ് ഇവിടെ എന്നും ഇരകളാകുന്നത്. ഈയവസ്ഥ നിലനില്ക്കുമ്പോഴും സമ്പൂര്‍ണ മദ്യനിരോധനമെന്ന മുദ്രാവാക്യം അവസാനിപ്പിച്ചാല്‍ സ്ത്രീവോട്ടുകള്‍ ഇല്ലാതാക്കുമെന്നും അതുവഴി തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നഷ്ടമാക്കുമെന്നും നേതാക്കള്‍ക്കു ബോധ്യമുണ്ട്.
സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന ബോധ്യമായിരുന്നു ഷാപ്പുകളില്‍ ചാരായം വില്ക്കുന്നതു നിരോധിക്കാന്‍ എ.കെ. ആന്റണിയെ പ്രേരിപ്പിച്ചത്. വീട്ടില്‍ കാല്‍ക്കാശ് നല്കാതെ വരുമാനം മുഴുവന്‍ ചാരായഷാപ്പില്‍ ചെലവഴിക്കുന്ന ഗ്രാമീണര്‍ ഏറെയുണ്ടായരുന്നു അന്ന്. താരതമ്യേന മെച്ചപ്പെട്ട കൂലിയുണ്ടായിരുന്നിട്ടും കേരളത്തില്‍ ഇതു വലിയ സാമൂഹ്യപ്രശ്‌നമായി.
സ്ത്രീകളുടെ അകമഴിഞ്ഞ പിന്തുണ ചാരായനിരോധനത്തിലൂടെ ആന്റണിക്കു ലഭിച്ചു. തീരുമാനത്തിനു യുഡിഎഫിലെ ഘടകകക്ഷികളുടെ എതിര്‍പ്പ് ഉണ്ടായിരുന്നുവെങ്കിലും ചാരായനിരോധനം സംസ്ഥാനത്തെ റവന്യൂ വരുമാനത്തെ പ്രതികൂലമായി ബാധിച്ചുവെങ്കിലും തീരുമാനം കര്‍ശനമായി നടപ്പാക്കാനായിരുന്നു ആന്റണിയുടെ തീരുമാനം. കേരളത്തില്‍ അനധികൃതമദ്യനിര്‍മ്മാണവും വിതരണവും തുടര്‍ന്നതിനാല്‍ അദ്ദേഹത്തിന് ആ ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നുമാത്രം.ആന്റണി ഡല്‍ഹിയിലേക്കു ചേക്കേറിയപ്പോള്‍ ചാരായനിരോധനം ശക്തമായി നടപ്പാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ജാഗ്രത കാട്ടിയില്ല.
ലോക ആരോഗ്യ സംഘടന മദ്യത്തെപ്പറ്റി:
ഇന്ന് നമ്മുടെ നാട്ടില്‍ മദ്യപാനം സൃഷ്ടിക്കുന്ന ഗുരുതര പ്രശ്‌നങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ മദ്യത്തിന്റെ ലഭ്യത കുറയ്‌ക്കേണ്ടത് അനിവാര്യമാണ്. ഈ സമീപനം ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശത്തോടു പൂര്‍ണമായി യോജിക്കുന്നതാണ്. അതോടൊപ്പംതന്നെ ബോധവത്കരണം നടക്കി മദ്യത്തിന്റെ ആവശ്യക്കാരുടെ എണ്ണം കുറയ്ക്കുക, ആസക്തിരോഗികള്‍ക്കു ചികിത്സ നല്‍കുക എന്നീ പരിപാടികളാണ് ലോകാരോഗ്യസംഘടന നിര്‍ദ്ദേശിക്കുന്നത്.
ഈ മൂന്നു പരിപാടികളിലും ഒരേസമയം ശ്രദ്ധ കേന്ദ്രീകരിച്ചാലാണു ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാവുക എന്നും മറിച്ച് ഒന്നു പൂര്‍ത്തീകരിച്ചിട്ട് അടുത്തതിലേക്കു കടക്കാം എന്ന സമീപനം വിപരീതഫലം പുറപ്പെടുവിക്കുകയാണു ചെയ്യുക എന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പു നല്‍കുന്നു. അതിനാല്‍ ബോധവത്കരിച്ചിട്ടു ലഭ്യത കുറയ്ക്കാം എന്നത് ഒരിക്കലും പ്രായോഗികമല്ല.
ആസക്തിരോഗികളുടെ വര്‍ധന പരിഗണിച്ച് 2010-ല്‍ ലോകാരോഗ്യസംഘടന, യുറോപ്യന്‍ രാജ്യങ്ങള്‍ മദ്യോപയോഗം 25 ശതമാനം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇത്തരത്തിലൊരു നീക്കം ആ രാജ്യങ്ങളില്‍ ഉണ്ടാവുകയും ചെയ്തു. തുടര്‍ന്ന് മദ്യോത്പാദകര്‍ തങ്ങളുടെ പ്രിയപ്പെട്ട വിപണനകേന്ദ്രങ്ങളായി തെരഞ്ഞെടുത്തത് ഇന്ത്യയും ചൈനയുമാണ്. ഇന്നു കേരളത്തില്‍ മദ്യപിക്കുന്നവരുടെ ഏറ്റവും കുറഞ്ഞ പ്രായം പത്ത് ആണെന്നു ലോകാരോഗ്യസംഘടനയുടെ പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതായത് അഞ്ചാം ക്ലാസുകാരന്‍ മദ്യപിച്ചുതുടങ്ങുന്നുവെന്നു സാരം.
വീര്യം കുറഞ്ഞ മദ്യത്തിന്റെ അപകടം:
വീര്യം കുറഞ്ഞ മദ്യം വ്യാപകമാക്കുമെന്ന മന്ത്രിയുടെ പ്രസ്താവന അന്താരാഷ്ട്ര മദ്യകമ്പനികളുടെ നിഗൂഢമായ നയത്തോടു യോജിക്കുന്നതാണ്. മദ്യോപയോഗം 20 ശതമാനം വര്‍ദ്ധിപ്പിക്കുക എന്നതാണ് അവരുടെ ഹിഡന്‍ അജന്‍ഡ. അതിനാല്‍ സ്ത്രീകളെയും കുട്ടികളെയും ആകര്‍ഷിക്കാനായി വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം അത്യാവശ്യമാണ്. വീര്യം കൂടിയ മദ്യം ഉപയോഗിച്ചുശീലിച്ച ഒരു മദ്യപന്‍ വീര്യം കുറഞ്ഞതിലേക്കു മാറും എന്നതു യുക്തിക്കു നിരക്കാത്ത പ്രതീക്ഷയാണ്. ആസക്തിരോഗികളുടെ തുടക്കം സാധാരണ തമാശയ്‌ക്കോ കൂട്ടുകൂടുന്നതിനോ വേണ്ടി വീര്യം കുറഞ്ഞ ബിയറും കള്ളു
മൊക്കെ ഉപയോഗിച്ചാണ്. ആദ്യത്തെ മദ്യപാനം രണ്ടാമത്തതിനെ എളുപ്പമാക്കുന്നു. രണ്ടാമത്തേതു മൂന്നാമത്തേതിനേയും. വീര്യം കുറഞ്ഞ മദ്യം വ്യാപകമാക്കി കുട്ടിക്കുടിയന്മാരെയും വനിതാ മദ്യപരെയും സൃഷ്ടിക്കുകയും ചെയ്യും.
തോപയോഗം ലൈംഗികകുറ്റകൃത്യങ്ങളിലേക്ക് ആളുകളെ നയിക്കുമെന്നും വാദമുണ്ട്. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ പ്രതിശീര്‍ഷ ഉപയോഗം കേരളത്തില്‍ വളരെ ഉയര്‍ന്നതാണെന്ന വസ്തുതയും ഇതിനൊപ്പം നിലനില്ക്കുന്നു.
എന്നാല്‍ ഇപ്പോഴത്തെ മുഖ്യപ്രശ്‌നം മറ്റൊന്നാണ്. 418 ബാറുകളുടെ ലൈസന്‍സ് പുതുക്കുന്ന പ്രശ്‌നത്തില്‍ യുഡിഎഫ്, എല്‍ഡിഎഫ് വ്യത്യാസമില്ലാതെ രാഷ്ട്രീയനേതാക്കള്‍ വിരുദ്ധചേരികളില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ഘട്ടംഘട്ടമായുള്ള മദ്യനിരോധനത്തിന് അനുയോജ്യമായ സമയമാണിതെന്നു കരുതുന്ന വലിയൊരു വിഭാഗമുണ്ട്. 418 ബാറുകളുടെ ലൈസന്‍സ് പുതുക്കാതിരിക്കുന്നത് ഇതിലേക്കുള്ള ആദ്യപടിയായി അവര്‍ വ്യാഖ്യാനിക്കുന്നു. മറുവാദം കോടതിയെ കൂട്ടുപിടിച്ചാണ്. കോടതി ഇടപെട്ടാല്‍ തങ്ങള്‍ നിസഹായരാണെന്നു സര്‍ക്കാര്‍ ജനങ്ങളോടു പറയുന്നു.
സംസ്ഥാനം ഭരിക്കുന്ന മുന്നണിയിലെ ഘടകകക്ഷികളായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗും കേരള കോണ്‍ഗ്രസ്-എമ്മും ആദ്യനിലപാട് പിന്തുടരുമ്പോള്‍ കോണ്‍ഗ്രസില്‍ പ്രശ്‌നം യുദ്ധാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. മുതിര്‍ന്ന നേതാക്കള്‍ ദൈനംദിനമെന്നവണ്ണം മദ്യനയത്തില്‍ അഭിപ്രായം പറയുന്നു. സമീപദിവസങ്ങളില്‍ നടന്ന ഇത്തരം പ്രസ്താവനകള്‍ വീണ്ടു എടുത്തുപറയേണ്ട കാര്യമില്ല. ചുരുക്കിപ്പറഞ്ഞാല്‍, കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം മദ്യലോബിക്കുവേണ്ടിയും മദ്യവിരുദ്ധ പ്രവര്‍ത്തകര്‍ക്കുവേണ്ടിയും ചേരിതിരിഞ്ഞ് ആരോപണങ്ങള്‍ ചൊരിയുകയാണ്.
ഇതിനായി കോടികളാണ് നിലവാരമില്ലാത്ത ബാറുടമകള്‍ ഒഴുക്കിയത്. ആ കോടികളുടെ കണക്കുകള്‍ എവിടെപ്പോയി? ആരാണ് അത് മുക്കിയത്.സര്‍ക്കാരിന്റെ നടത്തിപ്പും നിയന്ത്രണവും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനാണെന്നു ചിലര്‍ ആരോപിക്കുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതു നിഷേധിക്കുന്നുവെങ്കിലും സര്‍ക്കാര്‍ മദ്യലോബിക്കൊപ്പമാണെന്ന ധാരണ ഇതിനിടയില്‍ പരന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളും ഇതോടെ മാറിമറിഞ്ഞു. ഇതും മദ്യലോബിയുടെ സ്വാധീനത്താലാണെന്നു സെക്രട്ടേറിയറ്റ് ഉപശാലകളില്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥവൃന്ദവും പറഞ്ഞുനടന്നു.
. കേരളം എല്ലാ മേഖലയിലും സാവധാനം മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ് എന്നതാണു യാഥാര്‍ത്ഥ്യം. പാശ്ചാത്യരുചിക്കൊപ്പം ചൈനീസ്, തായ്, അറബി വിഭവങ്ങളും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ഭക്ഷണവും മലയാളികള്‍ ശീലമാക്കിക്കഴിഞ്ഞു. വസ്ത്രധാരണത്തിലും സമൂലമായ മാറ്റമാണുണ്ടായത്. പരമ്പരാഗത വസ്ത്രങ്ങളായ പാവാടയും ധാവണിയും മുണ്ടുമെല്ലാം സല്‍വാര്‍ കമ്മീസിനും പാശ്ചാത്യവസ്ത്രങ്ങള്‍ക്കുമായി വഴിമാറി. കൂട്ടുകുടുംബം തകര്‍ന്നതരിപ്പണമായി. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ വൃദ്ധസദനത്തിലേക്കു മാറിത്തുടങ്ങി. കൃഷിക്കാര്‍ വംശനാശഭീഷണി നേരിടുന്ന ഇനമായി. ജോലി ചെയ്യാന്‍ മറ്റു സംസ്ഥാനങ്ങളിലെ കൈക്കരുത്തുള്ള ആണുങ്ങളും പെണ്ണുങ്ങളും വേണമെന്നതായി അവസ്ഥ. മലയാളികളില്‍ നല്ലൊരു ശതമാനം മദ്യപാനത്തിന് അടിമപ്പെട്ട് അലസരായി കഴിഞ്ഞു.
സോഷ്യല്‍ ഡ്രിങ്കീംഗ്, ഡാന്‍സ് പാര്‍ട്ടികള്‍ എന്നിവയെല്ലാം കേരളീയസമൂഹത്തിന്റെ ഭാഗമായി മാറുന്നത് കാഴ്ചപ്പാടിന്റെ പ്രതിഫലനങ്ങളാണ്. ഈ മാറ്റത്തിലെ ചെറിയൊരു ഭാഗം മാത്രമാണു രാഷ്ട്രീയക്കാര്‍. ഇത്തരമൊരു അവസ്ഥയില്‍ അഭിപ്രായരൂപീകരണസമിതിയില്‍ മദ്യലോബി പിടിമുറുക്കുന്നു എന്നതു ഖേദകരമായൊരു വസ്തുതയാണ്. ഒരിക്കലും നടക്കില്ലെന്നറിയാവുന്ന സമ്പൂര്‍ണ മദ്യനിരോധനമെന്ന ലക്ഷ്യത്തിനുവേണ്ടി ജനങ്ങളെ പറ്റിക്കാന്‍ ഘട്ടംഘട്ടമായി മദ്യനിരോധനമെന്ന നിലപാട് രാഷ്ട്രീയക്കാര്‍ എടുത്തണിയുന്നു. മദ്യാസക്തിയുടെ നേരിട്ടുള്ള ഇരകള്‍ എന്നു കണക്കാക്കുന്ന സ്ത്രീജനങ്ങളുടെ വോട്ടാണു നേതാക്കളുടെ ലക്ഷ്യം. അതുകൊണ്ടു ഘട്ടംഘട്ടമായുള്ള മദ്യനിരോധനമെന്ന പൊതുജനങ്ങളുടെ നിലപാട് ഒരിക്കലും മാറിയിട്ടില്ല.
തുടരും..
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha