കോഴയില്‍ മുങ്ങുന്ന കേരളം: മദ്യപരുടെ സങ്കടഹര്‍ജി

അഴിമതി ആരോപണങ്ങള്‍ക്കു പിന്നിലെ രാഷ്ട്രീയ തട്ടിപ്പുകള്‍ തുറന്നു കാട്ടുകയാണ് അഡ്വ. ജോണ്‍സണ്‍ മനയാനി. കഴിഞ്ഞ 35 വര്‍ഷമായി കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തുവരുന്ന അഡ്വ. ജോണ്‍സണ്‍ മനയാനിയുടെ കോഴയില്‍ മുങ്ങുന്ന കേരളം എന്ന പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങള്‍ പരമ്പരയായി മലയാളിവാര്‍ത്തയില്‍ പ്രസിദ്ധീകരിച്ച് വരികയാണ്. പരമ്പരയുടെ പതിനെഴാം ഭാഗമാണിത്.
മദ്യപാനിയെ മാനസാന്തരപ്പെടുത്തിയ ഇമാം അബു ഹനീഫ:
ഇമാം അബു ഹനീഫ, ഹനീഫി മദ്ഹബിന്റെ ഉപജ്ഞാതാവായി കണക്കാക്കുന്ന ആത്മീയഗുരു. ബാഗ്ദാദിലെ ഒരു കൊച്ചുവീട്ടിലാണ് കഴിഞ്ഞിരുന്നു. അയല്‍പക്കത്തൊരു ചെരുപ്പുകുത്തി താമസിച്ചിരുന്നു. അയാള്‍ രാത്രിയായാല്‍ മദ്യപിച്ച് തെരുവിലൂടെ ഒച്ചവെച്ചും വഴക്കുണ്ടാക്കിയും നടക്കും. ഇമാമിന്റെ വീട്ടിലേക്കയാള്‍ കാലെടുത്തുവെക്കാറില്ലെങ്കിലും അയാളുടെ ശബ്ദം എല്ലാം ഭേദിച്ച് അവിടെയെത്തുമായിരുന്നു.
ചെരുപ്പുകുത്തി ഇമാമിനെ അത്ഭുതപ്പെടുത്തിയത്, ഒരുദിവസം തെരുവില്‍ നിന്നൊച്ചവെക്കാതെയാണ്. സത്യത്തില്‍ അപ്പോഴാണ് ഇമാമിന്റെ സ്വസ്ഥത നഷ്ടമായത്. മദ്യപിച്ച് ബഹളംവെച്ചതിന് ചെരുപ്പുകുത്തിയെ ഖലീഫയുടെ പടയാളികള്‍ പിടിച്ചുകൊണ്ടുപോയത് ഇമാമറിഞ്ഞു. ഖലിഭാ മന്‍സൂറിന്റെ മുഖ്യ ന്യായാധിപനാവാനുള്ള ക്ഷണം നിരസിച്ച ഇമാം, കൊട്ടാരത്തിലേക്കതുവരെയും പോകാതിരുന്ന ഇമാം, ഖലീഫയുടെയടുത്തെത്തി. ഖലീഫ ആദരവോടെ അദ്ദേഹത്തെ സ്വീകരിച്ചു.
ഇമാം തന്റെ സങ്കടഹര്‍ജി അവതരിപ്പിച്ചു: \'\'ഇന്നലെ രാത്രി താങ്കളുടെ പടയാളികള്‍ പിടിച്ച് തടങ്കലിലിട്ട ചെരുപ്പുകുത്തിയെ മോചിപ്പിക്കുമോ?\'\' രാത്രിയിലെന്നും അങ്ങയുടെ സ്വാസ്ഥ്യം കെടുത്തുന്ന അയാളെ വെറുതെ വിട്ടയയ്ക്കാനാണോ താങ്കളപേക്ഷിക്കുന്നത് എന്ന് ഖലീഫ ചോദിച്ചു. ഇമാം ചോദിച്ചു: \'\'അയാളെ കുടിയനാക്കിയതാര്? അയാളിനി മുഴുകുടിയനാകണോ? ദയവുചെയ്ത് അയാളെ എനിക്കു വിട്ടുതരിക.\'\' ഖലീഫ അതിനനുവാദം നല്‍കി എല്ലാവരും നോക്കിനില്‍ക്കെ, സഭയില്‍ ഹാജരാക്കിയ ചെരുപ്പുകുത്തിയുടെ കൈപിടിച്ച് ഇമാം പുറത്തേക്കിറങ്ങി.
ഇമാം അയാളോടൊന്നും ഉരിയാടിയില്ല. സ്‌നേഹത്തോടെ അയാളുടെ വീട്ടിലെത്തിച്ചു. എന്നാല്‍, പിന്നീടയാള്‍ മദ്യപിച്ചു ബഹളംവെച്ചിരുന്നില്ല. ഇന്ന് മദ്യപാനികള്‍ക്കുവേണ്ടി ഒരാളും ഒരു സങ്കടഹര്‍ജി ഒരുക്കൂട്ടാനോ പൊതുജനസമക്ഷം അവതരിപ്പിക്കാനോ തയ്യാറാകാനിടയില്ല. ഇന്നു ഭരിക്കുന്നോര്‍ അടക്കം പലരും പലരേയും മദ്യപിപ്പിക്കുന്നു, പ്രേരണ നല്‍കിയും പ്രോത്സാഹിപ്പിച്ചും എമ്പാടും പേരെ കുടിപ്പിക്കുന്നു. മുഴുക്കുടിയരാക്കുന്നു.
മദ്യത്തിന്റെ ലഹരിയില്‍ കാണിച്ചുകൂട്ടുന്ന പേക്കൂത്തുകള്‍ സര്‍ക്കാരും പൊതുജനങ്ങളും ആസ്വദിക്കുന്നു. കുടിയന്റെ (കുടിച്ചിയുടെ) ആത്മനൊമ്പരമാരുമറിയുന്നില്ല. അറിയാനൊരുമ്പെടുന്നുമില്ല. തരംകിട്ടുമ്പോള്‍ മദ്യപനെ മറ്റുള്ളോര്‍, ചിലപ്പോള്‍ മദ്യപിക്കുന്നവരും പരിഹസിക്കുന്നു. കാരുണ്യരഹിതമായി ചൂഷണം ചെയ്യുന്നു. കുടിയരുടെ കുടുംബത്തിന്റെ തീരാവേദനയും മദ്യം വിറ്റു കാശാക്കുന്ന സര്‍ക്കാരോ കച്ചവടക്കാരോ ജനനേതാക്കളോ തിരിച്ചറിയുന്നില്ല.
അവര്‍ക്കുവേണ്ടി വാദിപ്പാനാളില്ല. കുടിപ്പിച്ചു കുളിപ്പിച്ചു കിടത്തി വഴിയിലുപേക്ഷിക്കപ്പെടുന്ന, കോമാളിയും സമൂഹദ്രോഹിയുമായി മുദ്രകുത്തപ്പെടുന്നു. നിസ്സഹായരില്‍ നിസ്സഹായരായ അമിത മദ്യാസക്തര്‍ക്കും മദ്യപിച്ചു തുടങ്ങുന്നോര്‍ക്കുമുള്ള ഒരു സങ്കടഹര്‍ജി സര്‍ക്കാര്‍ സമക്ഷം, പൊതുജനസമക്ഷം, ബുദ്ധിജീവികള്‍ക്കും സമുദായ നേതാക്കള്‍ക്കും മുന്നില്‍ സദയം സമര്‍പ്പിക്കുന്നു. പ്രകൃതിയില്‍ മദ്യമില്ല.
പുളിപ്പിച്ചും കൂട്ടുചേര്‍ത്തും മനുഷ്യരാണ് മദ്യമുണ്ടാക്കുന്നത്. നിരുപദ്രവകാരികളായ, ഉപകാരമൊരുപാടു ചെയ്യുന്ന മരങ്ങളേയും രാസപദാര്‍ത്ഥങ്ങളേയും ദുരുപയോഗത്തിന് ഒരുക്കൂട്ടുന്നത് മനുഷ്യരാണ്. നാടാകെ വ്യവസ്ഥാപിതമായ രീതിയില്‍ മദ്യത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതും നേരിട്ടും നേരിട്ടല്ലാതെയും പ്രേരിപ്പിച്ചും പ്രോത്സാഹിപ്പിച്ചും കുടിപ്പിച്ചുകൊണ്ടേയിരിക്കുന്നത് പാവം കുടിയന്മാരല്ല. സര്‍ക്കാരും വ്യവസായികളും വ്യാപാരികളുമൊക്കെയാണ്.
ലോകത്തൊരാളും യഥാര്‍ത്ഥത്തില്‍ കുടിക്കു കീഴ്‌പ്പെടാന്‍ ആശിക്കുന്നില്ല. സമൂഹമാണ് അവനെ/അവളെ മദ്യപിപ്പിക്കുന്നത്. മദ്യപിക്കാനവസരങ്ങളുണ്ടാക്കുന്നത്. മദ്യപാനത്തെ ആഘോഷമാക്കുന്നത്. സമൂഹമാണ് പലരേയും മദ്യപിപ്പിച്ച് അവരുടെ ജീവിതം തുലയ്ക്കുവാന്‍ കൂട്ടുനില്‍ക്കുന്നത്. മദ്യം വിറ്റുകിട്ടുന്ന വരുമാനത്തെ പൊലിപ്പിച്ചുകാണിച്ചും അതിനാല്‍ വരുന്ന ശാരീരികവും സാമൂഹികവും മാനസികവുമായ തീവ്രപ്രത്യാഘാതങ്ങളെ കണ്ടില്ലെന്നു നടിച്ചും മദ്യോപഭോഗത്താല്‍ വന്നുചേരുന്ന ധനനഷ്ടത്തെ അവഗണിച്ചും ദന്തഗോപുരങ്ങളില്‍ ഞാനൊന്നുമറിഞ്ഞില്ലെന്ന മട്ടില്‍ കുത്തിയിരിക്കുന്ന അക്കാദമിക്-ശാസ്ത്ര പ്രതിഭകളുടെ അനാസ്ഥ മാപ്പര്‍ഹിക്കാത്തവിധം കുറ്റകരമാണ്.
ബുദ്ധിജീവികളും എഴുത്തുകാരും കലാകാരന്മാരും കലാകാരികളും മദ്യപാനത്തെ ആദര്‍ശവല്‍ക്കരിക്കുന്നതിലും അതിശയവല്‍ക്കരിക്കുന്നതിലും പ്രചരണവല്‍ക്കരണം നടത്തുന്നതിലും പ്രതികളാണ്. ഇക്കൂട്ടരും പാവം മനുഷ്യരെ നേരിട്ടും അല്ലാതെയും കുടിപ്പിച്ചുകിടത്തുന്നു.
സര്‍ഗ്ഗപ്രതിഭയുള്ളവര്‍ കുടിക്കുന്നതിനെ പൊലിപ്പിച്ചവതരിപ്പിച്ചും സര്‍ഗവാസനയെ വറ്റിച്ചില്ലാതാക്കിയും സമൂഹദ്രോഹം ചെയ്യുന്നതില്‍ പത്രമാസികകളും ചാനലുകളും സിനിമയും മത്സരിക്കുന്നു. പലരുടെയും നേരത്തെയുള്ള മരണത്തില്‍ കള്ളക്കണ്ണീരൊഴുക്കുകയും സങ്കടം നടിക്കുകയും ചെയ്യുന്നു. നേരത്തെ ഇഹലോകവാസം വെടിയുന്നവരെ ആദര്‍ശവല്‍ക്കരിച്ചും ഇതിഹാസമാക്കിയും മറ്റുള്ളവരേയും മദ്യപിപ്പിക്കുന്നു.
മദ്യം സുലഭമാക്കിയും പലവിധേന പ്രേരണ ചെലുത്തി മദ്യപാനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു. ജനദ്രോഹനടപടികളിലൂടെ സര്‍ക്കാര്‍ ഖജനാവിലേക്ക് ധനമൊഴുക്കി കൊല്ലാക്കൊല നടത്തിക്കൊണ്ടേയിരിക്കുന്നു.
മദ്യാസക്തിക്കും മദ്യവില്‍പ്പനയ്ക്കും മദ്യദുരന്തങ്ങള്‍ക്കും നേരെ, സമുദായ നേതാക്കളും സന്യാസിമാരും ആള്‍ദൈവങ്ങളും സാമൂഹ്യ പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും പിന്തിരിഞ്ഞുനില്‍ക്കുന്നു. സാമൂഹികമായ അരുംകൊലയ്ക്ക് ഇവരൊക്കെയും കൂട്ടുനില്‍ക്കുന്നു. മദ്യമുണ്ടാക്കുകയോ മദ്യപാനപ്രചാരണം നടത്തുകയോ മദ്യപിപ്പിക്കുകയോ മദ്യപിച്ചാലുണ്ടാവുന്ന സാമൂഹിക ദുരന്തങ്ങളെ അവഗണിക്കുകയോ ഇവയിലൊക്കെയും കൂട്ടുനില്‍ക്കുകയോ ചെയ്യുന്ന സര്‍വരേയും കൊലക്കുറ്റം ചുമത്തി, രാജ്യദ്രോഹക്കുറ്റം ചുമത്തി പൊതുവിചാരണയ്ക്കു വിധേയമാക്കേണ്ടിയിരിക്കുന്നു.
മദ്യപാനികളാകുന്നവിധം:
ഒരാളും മദ്യത്തിന്/മയക്കുമരുന്നിന് കീഴടങ്ങും എന്നു കരുതിയല്ല അതുപയോഗിച്ചു തുടങ്ങുന്നത്. മറിച്ച് മദ്യത്തെ/മയക്കുമരുന്നിനെ തനിക്കു കീഴ്‌പ്പെടുത്തി ജീവിക്കാനാവും എന്ന ഉത്തമ വിശ്വാസത്തോടുകൂടിയാണ് ഉപയോഗിക്കുന്നത്. തുടക്കത്തിലത് സാധിച്ചേക്കും. എപ്പോഴെങ്കിലും ലഹരിപദാര്‍ത്ഥം ഉപയോഗിക്കുന്നയാളിന്, നിയന്ത്രിച്ചു കുടിക്കാനോ ലഹരി പദാര്‍ത്ഥമുപയോഗിക്കാനോ കഴിഞ്ഞേക്കും. അതിനു വിധേയരാകുന്നതോടെ ലഹരിപദാര്‍ത്ഥം അവരുടെ ജീവിതത്തെ, സര്‍വവിധ നീക്കങ്ങളേയും ചിന്തയേയും നിയന്ത്രിക്കുന്നു.
മദ്യപിക്കുന്നവര്‍ അമിത മദ്യാസക്തരായി മാറുന്നു. മദ്യം ഉപേക്ഷിക്കുകയെന്നത് അവരെ സംബന്ധിച്ച് പ്രയാസകരമായ ഒരു കാര്യമായി മാറുന്നു. അതിനായി അവര്‍ ആശിക്കും. അതിനുള്ള ശ്രമങ്ങള്‍ നടത്തിയിരിക്കും. പക്ഷേ, അവര്‍ വീണ്ടും മദ്യപിച്ചുപോകുന്നു. കാരണം അമിത മദ്യാസക്തി എന്ന രോഗത്തിനു കീഴ്‌പ്പെട്ടവരാണവര്‍. ബാഹ്യവും സാമൂഹികവുമായ ഘടകങ്ങളാണ് മഹാഭൂരിപക്ഷത്തെയും മദ്യപിപ്പിക്കുന്നതും മദ്യത്തിന് കീഴടങ്ങുവാന്‍ കാരണമാക്കുന്നതും. ആചാരപരമോ, ആഘോഷപരമോ ആയ ഘടകങ്ങള്‍ ഒരാളെ മദ്യപിച്ചുതുടങ്ങാന്‍ കാരണമാക്കുന്നുണ്ട്. മദ്യത്തിന്റെ ലഭ്യതയും മദ്യപിക്കാന്‍ നേരിട്ടും നേരിട്ടല്ലാതെയും നല്‍കുന്ന പ്രേരണകളും ഒരാള്‍ മദ്യപിക്കാന്‍ കാരണമാകുന്നു. സൗഹൃദ സംഘങ്ങളും കുടുംബ-ഔദ്യോഗിക ജീവിതത്തിലെ ഒത്തുചേരലുകളും മദ്യത്തെ ഒരാളുമായടുക്കാന്‍ മാര്‍ഗ്ഗമാകുന്നു.
ദൈനംദിന ജീവിതത്തിലെ ആഘോഷങ്ങള്‍ കുടിയനെ ഉണ്ടാക്കുന്ന പരിശീലനക്കളരിയായി മാറുന്നുണ്ട്. ചലച്ചിത്രങ്ങളും ബുദ്ധിജീവികളും പത്രാധിപന്മാരുമൊക്കെ മദ്യത്തെ താലോലിച്ചുകൊണ്ടുനടക്കാന്‍ പ്രേരണയേകുന്നു. ഒടുവില്‍ വ്യക്തിയോമറ്റുള്ളവരോ അറിയാതെ മദ്യത്തിന് കീഴ്‌പ്പെട്ടും പോകുന്നു. മദ്യപിച്ചു തുടങ്ങുന്നവരില്‍ ഇരുപതു ശതമാനമെങ്കിലും അതിനു കീഴ്‌പ്പെടുന്നു. അല്ലെങ്കില്‍ ഒരു പെഗ് വിസ്‌കിയോ ബ്രാണ്ടിയോ കുടിച്ചായിരിക്കും തുടക്കം. ഒരാളും ആദ്യകുടിയില്‍ അതിനു കീഴ്‌പ്പെടുന്നില്ല.
കീഴ്‌പ്പെടുത്താനുമാവില്ല. എന്നാല്‍, മദ്യപാനത്തിന്റെ തോത് കൂടുകയും ഇടവേളകള്‍ കുറയുകയും ചെയ്യുന്നതോടെയാണ് ചിലര്‍ മദ്യവിധേയത്വത്തിന്റെ പടവുകള്‍ കേറിത്തുടങ്ങുന്നത്. രണ്ടാംഘട്ടത്തില്‍ മദ്യപിച്ചുണ്ടാകുന്ന ചില പ്രശ്‌നങ്ങള്‍ അവരേയും മറ്റുള്ളവരേയും അലോസരപ്പെടുത്തിയേക്കും. വഴക്കിനോ വക്കാണത്തിനോ കാരണമാക്കിയേക്കും. സാമ്പത്തിക നഷ്ടവും മാനനഷ്ടവും വരുത്തിയേക്കും. എന്നാലും അതിനെയൊക്കെ മൂടിവെച്ച്, കുപ്പിയുടെ മൂടികള്‍ തുറന്നുകൊണ്ടേയിരിക്കുന്നയാള്‍ അയാളറിയാതെ അതിനു കീഴ്‌പ്പെട്ടുപോകുന്നു.
മദ്യത്തിന്റെ ലഭ്യത:
അമിത മദ്യാസക്തരായിത്തീരുമ്പോള്‍, ഒരാളിനും എളുപ്പം അതുപേക്ഷിക്കാനാവുന്നില്ല. മദ്യപാനത്താലുള്ള പ്രത്യാഘാതങ്ങള്‍ കുടുംബത്തിലും ബന്ധങ്ങളിലും ജോലിയിലും ഒടുവില്‍ ശരീരത്തിലും വന്നുതുടങ്ങുമ്പോള്‍ അവരാശിക്കുന്നു മദ്യത്തില്‍നിന്നൊന്ന് വിട്ടുനില്‍ക്കാനായെങ്കില്‍. പലരും അഹന്തയാല്‍, കുറ്റബോധത്താല്‍ കുടിനിര്‍ത്താനുള്ള ആഗ്രഹം വെളിപ്പെടുത്താനിടയില്ല. രഹസ്യമായും സ്വന്തമായും പലവട്ടം ശ്രമിക്കും. അതിദയനീയമായി പരാജയപ്പെടും.
വീണ്ടും മദ്യപിക്കും. സുബോധാവസ്ഥയിലെത്താനാവുന്നില്ല എന്ന യാഥാര്‍ത്ഥ്യം, പലരേയും വീണ്ടും മദ്യപിപ്പിച്ചുകൊണ്ടേയിരിക്കും. അപ്പോഴേക്കും ജീവിതം താറുമാറായേക്കും. കുടുംബം ആ വ്യക്തിയുടെ മദ്യാസക്തിയുടെ സര്‍വവിധ പ്രത്യാഘാതങ്ങളും ഏറ്റുവാങ്ങിയിരിക്കും. സമൂഹവും ആ വ്യക്തിയുടെ മദ്യപാനത്തിന്റെ കെടുതികളില്‍ ഒരംശം ഏറ്റുവാങ്ങുന്നു.
ഒരാളെ മദ്യപിപ്പിക്കുന്നതിലും അമിത മദ്യാസക്തരെ ഉണ്ടാക്കിയെടുക്കുന്നതിലും മദ്യത്തിന്റെ ലഭ്യത കാരണമായിത്തീരുന്നുണ്ട്. ചെന്നൈയിലെ ടി.ടി.കെ. ഹോസ്പിറ്റല്‍ മദ്യത്തിന്റെ ലഭ്യത എത്രത്തോളം മദ്യപാനികളെ ഉണ്ടാക്കുന്നുവെന്നും അവരിലെത്രപേരെ അമിതാസക്തരാക്കുന്നുവെന്നും പഠനത്തിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. സാമാന്യയുക്തിയാലിക്കാര്യം മനസ്സിലാക്കാം. സുലഭമായി മദ്യം ലഭിക്കുമ്പോള്‍ കുടിക്കുന്നവരുടെ എണ്ണം കൂടുന്നു.
കുടിക്ക് വിലക്കുകളില്ലാതെ വരുമ്പോള്‍ കുറ്റബോധമേതുമില്ലാതെ കുടിച്ചുതുടങ്ങുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളടക്കം മദ്യാനുകൂലികള്‍ മദ്യനിരോധനത്തിനെതിരെ പറയുന്ന ന്യായമിങ്ങനെ: \'\'മദ്യനിരോധനം പ്രായോഗികമല്ല. മദ്യം നിരോധിച്ചാല്‍ വ്യാജമദ്യം നാടാകെ ഒഴുകും.\'\' രണ്ടു കാര്യങ്ങളും വസ്തുതകള്‍ക്കു നിരക്കാത്തതാണ്.
മദ്യനിരോധനം പ്രായോഗികമാകണമെങ്കില്‍ നിയമനടപടികള്‍ ശക്തമാകണം. ബാര്‍ ലൈസന്‍സുകള്‍ നല്‍കുന്നതു നിര്‍ത്തണം. സര്‍ക്കാര്‍ സ്ഥാപനം മദ്യവില്‍പ്പന ഉപേക്ഷിക്കണം. മദ്യം വിറ്റുകിട്ടുന്ന ലാഭത്തേക്കാള്‍ കൂടുതല്‍ പൗരന്മാരുടെ ശാരീരികവും മാനസികവും സാമൂഹികവുമായ മദ്യപ്രത്യാഘാതങ്ങള്‍ക്കു വില നല്‍കുന്നുവെന്ന് തിരിച്ചറിയണം. ഉയര്‍ന്ന ഇഛാശക്തിയും ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങളും അവലംബിച്ചുള്ള കര്‍മ്മപരിപാടികള്‍ വേണം.
മദ്യത്തിന്റെ ലഭ്യതയില്ലാതാക്കുമ്പോള്‍ രഹസ്യമദ്യപാനം നടന്നേക്കും. വ്യാജമദ്യത്തിന്റെ ഉല്‍പാദനവും ഉപഭോഗവും കൂടിയേക്കും. പക്ഷേ, ഇതുകൊണ്ട് കുടിക്കുന്നവരുടെ എണ്ണം തുലോം കുറവായിരിക്കും. ആഘോഷവേളകളിലെയും വിശ്രമനേരങ്ങളിലേയും മദ്യപാനം ഏറെക്കുറെ നിലക്കും.
വ്യാജമദ്യത്തിന്റെ ഉല്‍പാദനവും ദുരുപയോഗവും ശക്തമായ, അഴിമതിരഹിതമായ ഇടപെടലുകളിലൂടെ സര്‍ക്കാരിനുതന്നെ ഇല്ലാതാക്കാനോ എമ്പാടും കുറയ്ക്കാനോ സാധിക്കും. മതസംഘടനകളുടേയും സന്നദ്ധസേവാ സംഘങ്ങളുടേയും ശക്തമായ സാന്നിധ്യവും പ്രവര്‍ത്തനവും ഇക്കാര്യത്തിലാവശ്യമാണ്. 6 മാസത്തിനുള്ളില്‍ സംസ്ഥാനത്തെ മദ്യനയം രണ്ടുപ്രാവശ്യം തിരുത്തിയ ഭരണാധികാരികളും പൊതുപ്രവര്‍ത്തകരും നയം തിരുത്തിയപ്പോള്‍ മദ്യത്തെ സംബന്ധിച്ച അടിസ്ഥാന വിഷയങ്ങളിലേക്കു കടന്നില്ല എന്നു വ്യക്തം.
തുടരും...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha