കോഴയില്‍ മുങ്ങുന്ന കേരളം: കേരളം മദ്യപാനികളുടെ സ്വന്തം നാട്

അഴിമതി ആരോപണങ്ങള്‍ക്കു പിന്നിലെ രാഷ്ട്രീയ തട്ടിപ്പുകള്‍ തുറന്നു കാട്ടുകയാണ് അഡ്വ. ജോണ്‍സണ്‍ മനയാനി. കഴിഞ്ഞ 35 വര്‍ഷമായി കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തുവരുന്ന അഡ്വ. ജോണ്‍സണ്‍ മനയാനിയുടെ കോഴയില്‍ മുങ്ങുന്ന കേരളം എന്ന പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങള്‍ പരമ്പരയായി മലയാളിവാര്‍ത്തയില്‍ പ്രസിദ്ധീകരിച്ച് വരികയാണ്. പരമ്പരയുടെ പതിനെട്ടാം ഭാഗമാണിത്.
കേരളം \'\'മദ്യപാനികളുടെ സ്വന്തം നാടാ\'\'യി മാറിയിരിക്കുന്നു എന്നാണ് \'ചന്ദ്രിക\' മാസിക ചൂണ്ടിക്കാണിക്കുന്നത്. പലതിലും കേരളം മോഡലുകള്‍ തീര്‍ത്തു. കുടിയുടെ കാര്യത്തില്‍ കേരളം ഒരു പ്രതിമാതൃക (Anti model) ആയിരിക്കുന്നു. കേരളത്തില്‍ ഒരുവര്‍ഷം ആളോഹരി 8.3 ലിറ്റര്‍ കുടിക്കുന്നു. 7.9 ലിറ്റര്‍ കുടിക്കുന്ന പഞ്ചാബിനെ എപ്പോഴോ മറികടന്നിരിക്കുന്നു. ഇത് ഔദ്യോഗിക കണക്ക്. അനൗദ്യോഗികമായി മലയാളിയുടെ ആളോഹരി മദ്യപാനം 11 ലിറ്ററാണ്. കുടിക്കാത്തവരുടെപേരിലും മറ്റുള്ളവര്‍ കുടിച്ചുകൂത്താടുന്നതിന്റെ ഞെട്ടിക്കുന്ന ചിത്രം ഇവിടെ വ്യക്തമാകുന്നു.
ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ 14 ശതമാനം കുടിച്ചുവറ്റിക്കുന്നത് കൊച്ചു കേരളമാണ്. കഴിഞ്ഞ ഒരുവര്‍ഷം മലയാളികള്‍ ബിയര്‍ ഉള്‍പ്പെടെ കുടിച്ചത് മുപ്പതു കോടി (2012: 29.3 കോടി) ലിറ്റര്‍ മദ്യമാണ്. മാറിമാറിവരുന്ന സര്‍ക്കാരുകള്‍ മലയാളികളെ കുടിപ്പിച്ച് പാപ്പരാക്കുന്നു. സര്‍ക്കാര്‍ ചുമതലയിലുള്ള ബിവറേജസ് കോര്‍പ്പറേഷന്‍ 2009-10-ല്‍ 16.87 കോടി ലിറ്റര്‍ വിദേശമദ്യവും 6.65 കോടി ലിറ്റര്‍ ബിയറും വിറ്റു.
2011-12-ല്‍ അത് 21.7 കോടി ലിറ്റര്‍ മദ്യവും 7.63 കോടി ലിറ്റര്‍ ബിയറുമായി ഉയര്‍ന്നു. 2011-12-ല്‍ 7860.15 കോടി രൂപ. എന്നാല്‍ ഇതിലധികം കോടികള്‍ മദ്യപാനത്താല്‍ സര്‍ക്കാര്‍ തന്നെ പല രംഗങ്ങളിലുമായി ചെലവഴിക്കുന്നുമുണ്ട്. നേതാക്കള്‍ക്കും ഇടനിലക്കാര്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കും രഹസ്യവരുമാനം ലഭിക്കുന്നതു മിച്ചം.
കുടിക്കാനാളുകള്‍ ഏറുന്നു. കുടിച്ചുകൂത്താടലും കൂടുന്നു. കുടിയുടെ പ്രത്യാഘാതങ്ങള്‍ കുറ്റകൃത്യമായും ആത്മഹത്യയായും കുടുംബശിഥിലീകരണമായും പ്രകടമായവതരിപ്പിക്കപ്പെടുന്നു. എന്നാലോ, ജനക്ഷേമത്തിന് ഊന്നല്‍ കൊടുക്കേണ്ട സര്‍ക്കാര്‍ മദ്യപിപ്പിക്കുന്നു. പ്രധാന വരുമാനമാര്‍ഗ്ഗമായതിനാല്‍ സര്‍ക്കാര്‍ മലയാളിയുടെ കുടിക്ക് സകലവിധ ഒത്താശകളും ചെയ്തുകൊടുക്കുന്നു. മദ്യമെത്തിച്ചുകൊടുക്കാന്‍ വിപുലമായ സംവിധാനങ്ങളേര്‍പ്പെടുത്തിയിരിക്കുന്നു.
ഔട്ട്‌ലെറ്റുകളിലൂടെ വില്‍പ്പനക്കൊപ്പം, ആയിരക്കണക്കിനു ഹോട്ടലുകളില്‍ മദ്യവില്‍പ്പനയ്ക്ക് ലൈസന്‍സ് നല്‍കി മദ്യോപഭോഗം സുഗമമാക്കുന്നു. സാധാരണ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പാളിച്ചകള്‍ ഒന്നും ബിവറേജ് കോര്‍പ്പറേഷനില്ല എന്നതാണ് കൗതുകകരം. പോരായ്മകള്‍ ഇല്ലാത്തവിധം സ്തുത്യര്‍ഹമായ സേവനം ഒരു സര്‍ക്കാര്‍ സ്ഥാപനം നടത്തുന്നുവെങ്കില്‍ അത് ബിവറേജസ് കോര്‍പ്പറേഷന്‍ മാത്രം. സംസ്ഥാനത്തെ 338 റീട്ടെയില്‍ ഷോപ്പുകള്‍ ആഴ്ചയില്‍ ഏഴ് ദിവസവും പ്രവര്‍ത്തിക്കുന്നു. ആശുപതി നടത്തിപ്പിലില്ലാത്ത ശുഷ്‌കാന്തി ഇക്കാര്യത്തിലുണ്ട്.
പരാതി എസ്.എം.എസ്. വഴി അയയ്ക്കാം. ഹെല്‍പ്പ്‌ലൈന്‍ നമ്പറിലൂടെ കടതുറക്കാന്‍ വൈകിയാലോ ആഗ്രഹിക്കുന്ന മദ്യം കിട്ടിയില്ലെങ്കിലോ പരാതിപ്പെടാം. ഉടനടി ആക്ഷന്‍. സര്‍ക്കാറുകളനുവാദം കൊടുത്ത 600-ലധികം ബാറുകള്‍ കേരളത്തിലുണ്ട്. 5000-ത്തിലധികം കള്ളുഷോപ്പുകളും കേന്ദ്രഭരണപ്രദേശമായ മാഹിയിലെ മദ്യവില്‍പ്പന വേറെ. ഉത്തര കേരളത്തിന് കുടിക്കാനങ്ങനെയുമൊരു ആദായ മാര്‍ഗം. സൈനികര്‍ക്കും ജോലിയില്‍നിന്നു വിരമിച്ച സൈനികര്‍ക്കും മദ്യം ആദായ വില്‍പ്പനയില്‍ ലഭ്യം. വ്യാജമദ്യം വേറെയും.
മതങ്ങളും മദ്യപാനവും:
മതങ്ങള്‍ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. മദ്യത്തെ പൂര്‍ണ്ണമായും വര്‍ജിക്കാന്‍ കല്‍പന നല്‍കിയ ഇസ്ലാം പോലെയുള്ള മതങ്ങളുമുണ്ട്. മലയാളികളെ കുടിപ്പിക്കുന്നതില്‍ അറിഞ്ഞോ അറിയാതെയോ മത-സമുദായങ്ങള്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കിവരുന്നു. മുസ്ലിം സമുദായത്തിന്റെ വിശ്വാസപ്രമാണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സമുദായ സംഘടനകള്‍ മദ്യം സുലഭമായൊഴുക്കുന്ന ഭരണസംവിധാനത്തിന്റെ ഭാഗമാണ്.
ഒരുപക്ഷേ, അധികാരം സമുദായ സംഘടനകളുടെ ആദര്‍ശത്തെ നിര്‍വീര്യമാക്കുന്നു. മുസ്ലിം സമുദായം ഒരു തരത്തിലുള്ള സംവരണവുമാവശ്യമില്ലാത്തവിധം മദ്യപാനത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ രണ്ടു ദശകങ്ങള്‍കൊണ്ട് ഉയരത്തിലെത്തിക്കഴിഞ്ഞിരിക്കുന്നു. അമിത മദ്യാസക്തരുടെ കൂട്ടത്തിലും മുസ്ലിംകള്‍ ആധിപത്യമുറപ്പിച്ചുതുടങ്ങിയിരിക്കുന്നു. മദ്യപാനത്താലുള്ള സാമൂഹിക ശിഥിലീകരണങ്ങള്‍ സമുദായത്തെ ബാധിച്ചുകഴിഞ്ഞതിന്റെ പ്രത്യാഘാതങ്ങള്‍ പ്രകടമാണ്.
എന്നാല്‍ തരാതരം സമുദായ സംഘടനകളൊന്നും തന്നെ അവരുടെ പ്രവര്‍ത്തനപരിപാടികളില്‍ മദ്യനിരോധനമോ, മദ്യപാന പ്രതിരോധമോ കാര്യമായി ഉള്‍ക്കൊള്ളിച്ചിട്ടില്ല.
ആഴ്ചയിലൊരിക്കല്‍ നടത്തുന്ന ഖുതുബകളിലോ ലക്ഷങ്ങള്‍ ചെലവഴിച്ചു നടത്തുന്ന മഹാസമ്മേളനങ്ങളിലോ സമുദായ സംഘടനകള്‍ മദ്യത്തെ ഒരു പ്രധാന വിഷയമായി കൊണ്ടുവന്നിട്ടില്ല. ഉപദേശംകൊണ്ടോ പ്രഭാഷണങ്ങള്‍കൊണ്ടോ തടയാനാവാത്ത ഒരു തിന്മയാണെന്ന് സമുദായ നേതാക്കള്‍ തിരിച്ചറിഞ്ഞിട്ടുമില്ല. ഈ അലംഭാവമോ അജ്ഞതയോ സമുദായത്തില്‍പ്പെട്ടവരുടെ മദ്യപാനത്തിനും അമിത മദ്യാസക്തിക്കും കാരണമായിത്തീരുന്നുണ്ട്.
ഹൈന്ദവ സമുദായം മദ്യപാനത്തെ പ്രതിരോധിക്കുന്നില്ല. ഹൈന്ദവ സമുദായ സംഘടനകളുടെ നേതാക്കളില്‍ ചിലര്‍ മദ്യവില്‍പ്പനയുടെ മഹാരാജാക്കന്മാരാണ്. മദ്യപാനത്തെ ഏതുവിധവും തടയുവാന്‍ കല്‍പ്പിച്ച ശ്രീനാരായണഗുരുവിന്റെ പടം പൂമാലയിട്ട് ആദരിച്ച് മദ്യശാല നടത്തുന്നവര്‍പോലും കേരളത്തിലുണ്ട്. ക്രൈസ്തവ സമൂദായം പല കാര്യങ്ങളിലും മാതൃകാപരമായ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
എന്നാല്‍ മദ്യം അവരും ഒരു പ്രധാന വിനാശകാരിയായി കണ്ടിട്ടില്ല. കുടിയേറ്റ പ്രദേശങ്ങളിലും നഗരത്തിലുള്ള സ്വന്തം കുഞ്ഞാടുകള്‍തന്നെ മദ്യത്താല്‍ കുരിശിലേറ്റപ്പെടുന്നുണ്ടെന്ന് സമുദായം തിരിച്ചറിഞ്ഞമട്ടില്ല. ഇന്ന് കേരളത്തില്‍ മദ്യപ്രതിരോധരംഗത്തും മദ്യപാനത്താലുള്ള തിക്തഫലങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും പരിചയത്താലും ശാസ്ത്രീയമായ നിലപാടുകളാലും ക്രൈസ്തവസഭയ്ക്കായിരിക്കും സ്തുത്യര്‍ഹമായ സേവനം നടത്താന്‍ സാധിക്കുക. നിര്‍ഭാഗ്യം, ക്രൈസ്തവസഭയും ഇതിനു കാര്യമായൊന്നും ചെയ്യുന്നില്ല.
മദ്യപാനം കുമ്പസാരത്തില്‍ ഏറ്റുപറയേണ്ട പാപമായി പ്രഖ്യാപിക്കണം:
മദ്യപാനം കുമ്പസാരത്തില്‍ ഏറ്റുപറയേണ്ട പാപമായി സഭ പ്രഖ്യാപിക്കണമെന്നും മദ്യപിക്കുന്നവരെ സഭയ്ക്കു കീഴിലെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളില്‍നിന്നു മാറ്റിനിര്‍ത്തണമെന്നും കെസിബിസി മദ്യവിരുദ്ധ സമിതിയുടെ നയരേഖ. സംസ്ഥാനസമ്മേളനം അംഗീകരിച്ച രേഖ കേരള മെത്രാന്‍ സമിതിയുടെ സുമ്പൂര്‍ണ യോഗത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും. അബ്കാരി കോണ്‍ട്രാക്ടര്‍മാരുള്‍പ്പെടെ മദ്യവ്യവസായവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആരില്‍നിന്നും സഭ സംഭാവന സ്വീകരിക്കാന്‍ പാടില്ല. സഭയ്ക്കു കീഴിലെ ട്രസ്റ്റുകളില്‍ മദ്യപര്‍ക്കു പദവികള്‍ നല്‍കരുത്. മതാധ്യാപകരായോ ശുശ്രൂഷകരായോ മദ്യപിക്കുന്നവരെ നിയമിക്കരുതെന്നും മതപഠന ഗ്രന്ഥങ്ങളില്‍ മദ്യപാനം പാപമാണെന്നും രേഖപ്പെടുത്തണമെന്നും ആവശ്യപ്പെടുന്നു.
സംസ്ഥാന സമ്മേളനത്തിന്റെ സമാപനം കെസിബിസി മദ്യവിരുദ്ധ സമിതി ചെയര്‍മാന്‍ ബിഷപ് സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ ഉദ്ഘാടനം ചെയ്തു. (മലയാള മനോരമ 29-1-2012) മദ്യവ്യാപാരത്തിലൂടെ ആസ്തി സ്വന്തമാക്കിയ ഒരു ബിസിനസ് ഗ്രൂപ്പ് തലവന്‍ പാലാ രൂപതയുടെ പരമോന്നത സാമ്പത്തിക സമിതിയില്‍ അംഗമായി ഇപ്പോഴും തുടരുന്നു എന്ന കണ്ടെത്തല്‍ (ഖണ്ഡിക 84,85) കത്തോലിക്കാ സഭയ്ക്ക് വാക്കും പ്രവര്‍ത്തിയുമായി യാതൊരു ബന്ധവുമില്ലെന്നു തെളിയിക്കുന്നു.
തുടരും...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha