കോഴയില്‍ മുങ്ങുന്ന കേരളം: ബാറുകളും ഹൈക്കോടതി ഇടപെടലും

അഴിമതി ആരോപണങ്ങള്‍ക്കു പിന്നിലെ രാഷ്ട്രീയ തട്ടിപ്പുകള്‍ തുറന്നു കാട്ടുകയാണ് അഡ്വ. ജോണ്‍സണ്‍ മനയാനി. കഴിഞ്ഞ 35 വര്‍ഷമായി കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തുവരുന്ന അഡ്വ. ജോണ്‍സണ്‍ മനയാനിയുടെ കോഴയില്‍ മുങ്ങുന്ന കേരളം എന്ന പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങള്‍ പരമ്പരയായി മലയാളിവാര്‍ത്തയില്‍ പ്രസിദ്ധീകരിച്ച് വരികയാണ്. പരമ്പരയുടെ പത്തൊന്‍പതാം ഭാഗമാണിത്.
പുതിയ മദ്യനയം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. അടുത്ത മന്ത്രിസഭാ യോഗം ഈ നയത്തിന് ഔപചാരികമായ അംഗീകാരം നല്‍കും. ഇതനുസരിച്ചു പഞ്ചനക്ഷത്ര ബാറുകള്‍ ഒഴികെയുള്ള എല്ലാ ബാറുകളും അടച്ചുപൂട്ടും. അടുത്ത ഒക്‌ടോബര്‍ രണ്ടിനു ബിവറേജ് കോര്‍പറേഷന്റെ 34 ഔട്ട്‌ലെറ്റുകളും കണ്‍സ്യുമര്‍ഫെഡിന്റെ അഞ്ച് ഔട്ട്‌ലെറ്റുമുള്‍പ്പെടെ ആകെ 39 ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടും.
ഒക്‌ടോബര്‍ അഞ്ച് ഞായറാഴ്ച മുതല്‍ ഞായറാഴ്ചകളും മദ്യവില്പനയില്ലാത്ത ഡ്രൈ ഡേ ആയിരിക്കും. ബാര്‍ തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനും മദ്യാസക്തിക്ക് അടിപ്പെട്ടവരെ ചികിത്സിക്കുന്നതിനുമായി പുനര്‍ജനി 2014 എന്ന പദ്ധതിക്കു രൂപം നല്‍കും. ഇതിനായി മദ്യത്തിന്റെ വില്പന നികുതിയുടെ അഞ്ചു ശതമാനം സെസ് ഏര്‍പ്പെടുത്തുമെന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്തു തുറന്നിരിക്കുന്ന പഞ്ചനക്ഷത്ര പദവിയില്ലാത്ത ബാറുകളുടെ അവശേഷിക്കുന്ന കാലത്തെക്കുള്ള ലൈസന്‍സ് ഫീസ് തിരിച്ചുനല്‍കുന്നതടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ബാറുകള്‍ അടച്ചുപൂട്ടും. എക്‌സൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ബാക്കിയുള്ള മദ്യം ഏറ്റെടുത്തശേഷമാകും അടച്ചുപൂട്ടല്‍.
ഈയാഴ്ച നടപടികള്‍ ആരംഭിക്കുമെന്നാണു സൂചന. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ബാറുകള്‍ കൊടുത്ത കേസില്‍ ഉത്തരവു സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി 25-8-2014-ല്‍ വിസമ്മതിക്കുന്നു. അതിനെ സംബന്ധിച്ച പത്രവാര്‍ത്ത ഇങ്ങനെ:
മദ്യനയത്തിനു സ്റ്റേയില്ല:
സംസ്ഥാന സര്‍ക്കാരിന്റെ നയപരമായ തീരുമാനം എന്ന നിലയില്‍ പുതിയ മദ്യനയത്തിന്റെ കാര്യത്തില്‍ ഇടപെടാന്‍ തക്ക കാരണങ്ങളില്ലെന്നു ഹൈക്കോടതി. വിവേചനം ആരോപിച്ച് ഒരുകൂട്ടം ബാര്‍ ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സ്റ്റേ അനുവദിക്കാന്‍ ജസ്റ്റീസ് സി.ടി. രവികുമാര്‍ വിസമ്മതിച്ചു.
മദ്യനയം സംബന്ധിച്ച ശരിതെറ്റുകളെക്കുറിച്ച് ഇപ്പോള്‍ പരിശോധിക്കുന്നില്ലെന്നും ഔദ്യോഗികമായ നയപ്രഖ്യാപനത്തിനുശേഷമേ അതിനെക്കുറിച്ച് അഭിപ്രായം പറയാനാകൂ എന്നും കോട തി പറഞ്ഞു. ടൂറിസ്റ്റുകള്‍ക്ക് ആവശ്യമെന്നു പറഞ്ഞു ബാര്‍ അനുവദിക്കാനാവില്ല. അവര്‍ക്കു വേണ്ടതെല്ലാം നല്‍കുന്നതല്ല നമ്മുടെ സംസ്‌കാരം. ബാറുമായി ബന്ധപ്പെട്ട എന്തെങ്കിലും ഉത്തരവ് ഇറങ്ങിയിട്ടുണ്ടെങ്കില്‍ ഇന്നു ഹാജരാക്കണമെന്നു കോടതി നിര്‍ദ്ദേശം നല്‍കി. അഡ്വക്കേറ്റ് ജനറലാണു ഹാജരാകുന്നതെങ്കില്‍ അദ്ദേഹത്തിനു നിലപാട് അറിയിക്കാം.
മദ്യനയം സംബന്ധിച്ച ഉത്തരവു പുറത്തുവന്നെങ്കിലും നടപടിക്രമങ്ങള്‍ ആയിട്ടില്ലെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. ബാര്‍ ലൈസന്‍സ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കുമാത്രം നല്‍കിയാല്‍ മതിയെന്നാണു സര്‍ക്കാരിന്റെ തീരുമാനമെന്നും ജനതാല്‍പര്യമാണ് ഇക്കാര്യത്തില്‍ പരിഗണിക്കുന്നതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ബോധിപ്പിച്ചു.
ഹോട്ടലുകളെ ഒന്നു മുതല്‍ മൂന്നു വരെയും നാലുമുതല്‍ ഏഴു വരെയുമുള്ള സ്റ്റാര്‍ പദവികളിലാണു ടൂറിസം ഡിപ്പാര്‍ട്ടുമെന്റ് വേര്‍തിരിച്ചിട്ടുള്ളത്. നാലു മുതല്‍ ഏഴു വരെ സ്റ്റാറുള്ള ഹോട്ടലുകള്‍ക്കു ലൈസന്‍സിന് ഒരേ മാനദണ്ഡം നിലനില്‍ക്കെ പുതിയ മദ്യനയത്തില്‍ ഫോര്‍ സ്റ്റാറിനെ ഒഴിവാക്കി അഞ്ചുമുതല്‍ ഏഴുവരെ സ്റ്റാറുള്ളവയ്ക്കു ബാര്‍ ലൈസന്‍സ് കൊടുക്കാന്‍ തീരുമാനിച്ചിരിക്കയാണ്. ഫോര്‍ സ്റ്റാറിനോടു കാണിച്ച ഈ നടപടി വിവേചപരമാണെന്നു ബാറുടമകള്‍ക്കു വേണ്ടി ഹാജരായ അഡ്വ. കെ. രാംകുമാര്‍ പറഞ്ഞു.
മദ്യനയം 20,000 കോടി രൂപയുടെ ടൂറിസം മേഖലയെ ബാധിക്കുമെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പിന്നീടു നടത്തിയ നീക്കങ്ങളുടെ വിശദാംശങ്ങള്‍ പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതിങ്ങനെ:
ബാറുകള്‍ സംപ്റ്റംബര്‍ 12 വരെ:
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകള്‍ സെപ്റ്റംബര്‍ 12-നു പൂട്ടും. അടച്ചിട്ടിരിക്കുന്ന 418 അടക്കം 712 ബാറുകള്‍ക്ക് 15 ദിവസത്തിനകം പൂട്ടണമെന്നാവശ്യപ്പെട്ടു വിദേശമദ്യ വിപണനച്ചട്ടം അനുസരിച്ച് നാളെ എക്‌സൈസ് കമ്മീഷണര്‍ നോട്ടീസ് നല്‍കും. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു നോട്ടീസ് അയച്ചശേഷം പൂട്ടാന്‍ തീരുമാനിച്ചതെന്ന് ഉന്നതതല യോഗത്തിനുശേഷം എക്‌സൈസ് മന്ത്രി കെ.ബാബു അറിയിച്ചു. ഇതനുസരിച്ച് ഇത്തവണത്തെ ഓണക്കാലത്തു ബാറുകള്‍ ഉണ്ടാകും.
. അതേസമയം ബിയര്‍, വൈന്‍ പാര്‍ലറുകളുടെ ലൈസന്‍സ് ഫീസ് നാലു ലക്ഷത്തില്‍നിന്ന് അഞ്ചു ലക്ഷം രൂപയാക്കി. ബാര്‍ ലൈസന്‍സ് നഷ്ടമാകുന്നവര്‍ക്കു പുതിയ അപേക്ഷ നല്‍കി മാത്രമേ ബിയര്‍ വില്‍പ്പനയ്ക്കുള്ള ലൈസന്‍സ് (എഫ്.എല്‍-11) എടുക്കാന്‍ കഴിയുകയുള്ളു.
ബാറുകളില്‍ അവശേഷിക്കുന്ന മദ്യം ബിവറേജസ് കോര്‍പറേഷന്‍ തിരിച്ചെടുക്കുന്നതിനുള്ള വ്യവസ്ഥകള്‍ ലളിതമാക്കാനായി ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. പ്രായോഗികമായ നടപടികളിലൂടെ മദ്യം തിരിച്ചെടുക്കുന്നതിനുള്ള വ്യവസ്ഥകള്‍ക്കു രൂപം നല്‍കാന്‍ എക്‌സൈസ് കമ്മീഷണറെ ചുമതലപ്പെടുത്തി. ഇപ്പോഴത്തെ വ്യവസ്ഥകളിലെ അവ്യക്തത മാറ്റി വ്യക്തത വരുത്താനുള്ള മാറ്റങ്ങളാകും നടപ്പാക്കുക. ബാറുകള്‍ കൂട്ടത്തോടെ അടച്ചുപൂട്ടേണ്ട സാഹചര്യം മുമ്പ് ഉണ്ടായിട്ടില്ലാത്തതിനാലാണു നടപടി.
ബാറുകളുടെ ലൈസന്‍സ് ഫീസ് തിരിച്ചുനല്‍കുന്നത് അടക്കമുള്ള നിയമപരമായ കാര്യങ്ങള്‍ ഇന്നത്തെ മന്ത്രസഭായോഗത്തില്‍ ചര്‍ച്ചചെയ്താകുമെന്നും മന്ത്രി അറിയിച്ചു. താല്‍ക്കാലികമായാണ് 312 ബാറുകള്‍ക്കു ലൈസന്‍സ് നല്‍കിയത്. ഇതില്‍ പഞ്ചനക്ഷത്ര പദവിയുള്ള 20 എണ്ണം ഒഴികെയുള്ള 292 ബാറുകളാണു പൂട്ടുന്നത്. താല്‍ക്കാലിക ലൈസന്‍സ് ഉള്ളവ എത്രയും വേഗം പൂട്ടാമെങ്കിലും ചില വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണു നോട്ടീസ് നല്‍കി പൂട്ടാന്‍ തീരുമാനിച്ചത്. ഷോകോസ് നോട്ടീസല്ല, റിവോക്കേഷന്‍ നോട്ടീസാണു നല്‍കുന്നത്.
സംസ്ഥാനത്തു മൊത്തം 732 ഹോട്ടലുകള്‍ക്കാണു ബാര്‍ ലൈസന്‍സ് ഉള്ളത്. ഇതില്‍ നിലവാരമില്ലെന്നു കണ്ടെത്തിയ 418 ബാറുകള്‍ പൂട്ടിയിരുന്നു. രണ്ടെണ്ണത്തിന്റെ ലൈസന്‍സ് പുതുക്കിയിരുന്നില്ല. 20 ഹോട്ടലുകള്‍ക്കു പഞ്ചനക്ഷത്രപദവിയുണ്ട്. ബാക്കിയുള്ള 292 എണ്ണമാണ് ഓണത്തിനു ശേഷം അടച്ചുപൂട്ടേണ്ടത്. ഇതുകൂടാതെ പൂട്ടിക്കിടക്കുന്ന 418 ബാറുകളിലെ മദ്യവും ഏറ്റെടുക്കേണ്ടതുണ്ടെന്നും മന്ത്രി അറിയിച്ചു.
23 ലക്ഷം രൂപ വീതമാണു ലൈസന്‍സ് ഫീസ് ഇനത്തില്‍ വാങ്ങിയത്. അബ്കാരിനയത്തില്‍ ബിയറും വൈനും ഉല്‍പ്പെടുത്തിയിട്ടില്ല. ഇനി ഇവകൂടി ഉള്‍പ്പെടുത്തുന്ന കാര്യവും പരിഗണിക്കും. മദ്യത്തിന് അഞ്ചുശതമാനം അധിക സൈസ് ഏര്‍പ്പെടുത്തുന്നതിനായി വിജ്ഞാപനം ഇറക്കേണ്ടിവരും.
ബാറുകള്‍ പൂട്ടിയശേഷം വ്യാജമദ്യവിപണനം ഉള്‍പ്പെടെയുള്ളവ തടയാനുള്ള ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. എക്‌സൈസ് ഇന്റലിജന്‍സ് സംവിധാനവും ജില്ലാ അടിസ്ഥാനത്തില്‍ സുസജ്ജമാക്കണം. ലഹരിവസ്തുക്കളുടെ ഉപയോഗം വര്‍ദ്ധിക്കുന്നതും എക്‌സൈസ് നേരിടുന്ന വെല്ലുവിളിയാണ്. ബോധവത്കരണവും വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. മദ്യ-ലഹരി വിരുദ്ധ പ്രവര്‍ത്തനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സമ്മര്‍ദ്ദം ചെലുത്തും.
കള്ളുഷാപ്പുകള്‍ വഴി വിറ്റഴിക്കുന്ന കള്ളിലെ മായം ചേര്‍ക്കല്‍ തടയലും ശ്രമകരമായ ജോലിയാണ്. 12 പുതിയ താലൂക്കുകളില്‍ സിഐ ഓഫീസ് സ്ഥാപിക്കുകയും ജീവനക്കാരുടെ തസ്തിക അനുവദിക്കുകയും വേണം. കൂടാതെ35 റേഞ്ച് ഓഫീസുകള്‍ അനുവദിക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഉന്നതതല യോഗത്തില്‍ എക്‌സൈസ് കമ്മീഷണര്‍ അനില്‍ സേവ്യര്‍, നികുതി സെക്രട്ടറി എ. അജിത്കുമാര്‍, നിയമ സെക്രട്ടറി രാമരാജ പ്രേമപ്രസാദ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
മദ്യനയം നിയമമായി:
സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം അബ്കാരി നിയമമാക്കി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. പുതിയ മദ്യനയം നിയമമാക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണു നടപടി.
പുതിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ ബാറുകള്‍ 15 ദിവസത്തിനുള്ളില്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് എക്‌സൈസ് കമ്മീഷണര്‍ ഇന്നലെ നോട്ടീസ് നല്‍കി. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഒഴികെയുള്ള 712 ബാര്‍ ലൈസന്‍സികള്‍ക്കാണ് അബ്കാരി നിയമപ്രകാരം നോട്ടീസ് നല്‍കിയത്.
ലൈസന്‍സ് റദ്ദാക്കുന്നുവെന്നും 15 ദിവസത്തിനുള്ളില്‍ ലൈസന്‍സ് തിരികെ സമര്‍പ്പിക്കണമെന്നുമാണു നോട്ടീസിലെ നിര്‍ദ്ദേശം. സെപ്റ്റംബര്‍ 12-നു രാത്രിയോടെ ബാറുകള്‍ അടയ്ക്കണം. അന്നു രാത്രി 11 വരെയാണു ബാറുകള്‍ക്കു പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്.
വിദേശമദ്യ വിപണന ചട്ടം 36 പ്രകാരം ബാറുടമകള്‍ക്ക് 15 ദിവസത്തെ സാവകാശമാണു നല്‍കിയിട്ടുള്ളത്. അബ്കാരി ആക്ട് 26 പ്രകാരം ലൈസന്‍സ് തിരികെയെടുക്കാനുള്ള അധികാരം എക്‌സൈസ് കമ്മീഷണര്‍ക്കുണ്ട്. സര്‍ക്കാര്‍ ഉത്തരവനുസരിച്ച് ഈ ചട്ടം ബാധകമാക്കിയാണു ലൈസന്‍സ് തിരികെയെടുക്കുന്നത്.
. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞാണ് ഉദ്യോഗസ്ഥര്‍ ബാറുകളില്‍ നോട്ടീസ് നല്‍കിയത്. ലൈസന്‍സിക്ക് നേരിട്ടോ, ചുമതലപ്പെടുത്തിയയാള്‍ക്കോ നോട്ടീസ് നല്‍കും. ലൈസന്‍സി
ഇല്ലെങ്കില്‍ ബാറില്‍ പതിക്കും. തിരുവനന്തപുരത്തു സര്‍ക്കാര്‍ ഉടമസ്ഥതിയിലുള്ള മസ്‌കറ്റ്, ചൈത്രം ഹോട്ടലുകളുടെയും ലൈസന്‍സ് നഷ്ടമാകും. ഇവയ്ക്കു പഞ്ചനക്ഷത്ര പദവിയില്ലാത്തതാണു കാരണം.
സംസ്ഥാനത്തെ 418 ബാറുകളുടെ ലൈസന്‍സ് മാര്‍ച്ച് 31-നു ശേഷം പുതുക്കിയിട്ടില്ല. ഏപ്രിലില്‍ ലൈസന്‍സ് പുതുക്കി നല്‍കിയ 312 ബാറുകളില്‍ 20 എണ്ണം പഞ്ചനക്ഷത്ര ഹോട്ടലുകളുടേതാണ്. ഇവ ഒഴികെ 292 ബാറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബാറുകളില്‍ അവശേഷിക്കുന്ന മദ്യശേഖരം ബിവറേജസ് കോര്‍പറേഷന്റെ ഗോഡൗണിലേക്കും മാറ്റും.
ബാര്‍ തുറക്കില്ല, ബാറുടമകളുടെ ഹര്‍ജികള്‍ തള്ളി:
ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള 312 ബാറുകള്‍ 15 ദിവസത്തിനകം അടച്ചുപൂട്ടാനുള്ള നോട്ടീസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു ബാറുടമകള്‍ സമര്‍പ്പിച്ച അപ്പീലുകള്‍ ഹൈക്കോടതി തള്ളി. നിലവാരമില്ലാത്തതിനാല്‍ നേരത്തെ പൂട്ടിയ 418 ബാറുകള്‍ക്കു ലൈസന്‍സ് പുതുക്കിനല്‍കേണ്ടതില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം അംഗീകരിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയുള്ള അപ്പീലുകളും തള്ളിക്കൊണ്ടാണു ജസ്റ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റീസ് പി.ബി. സുരേഷ് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
മദ്യനയം പ്രഖ്യാപിക്കാനും നടപ്പാക്കാനും സംസ്ഥാനസര്‍ക്കാരിന് അധികാരമുണ്ടെന്നും മദ്യനയവുമായി ബന്ധപ്പെട്ട നിയമനിര്‍മാണം പൂര്‍ത്തിയാക്കിയ നടപടി ചോദ്യംചെയ്യാനാവില്ലെന്നും അപ്പീലുകള്‍ ഒരുമിച്ചു പരിഗണിച്ച കോടതി ചൂണ്ടിക്കാട്ടി. ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള 312 ബാറുകള്‍ 15 ദിവസത്തിനകം അടച്ചുപൂട്ടണമെന്ന നോട്ടീസ് നിയമവിരുദ്ധമാണെന്നും സ്വാഭാവികനീതിക്കു നിരക്കുന്നതല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ഉത്തരവിനായി ബാര്‍ ഉടമകള്‍ അപ്പീല്‍ സമര്‍പ്പിച്ചത്.
സര്‍ക്കാര്‍ നിയമപരമായ തീരുമാനമെടുക്കുകയും താല്‍ക്കാലിക സംവിധാനമെന്ന നിലയില്‍ ചില ബാറുകള്‍ക്കു കുറച്ചുകാലംകൂടി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയും ചെയ്തിരിക്കുകയാണ്.
താല്‍ക്കാലിക സംവിധാനമെന്ന നിലയില്‍ ഇങ്ങനെ നടപടിയെടുക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. എന്നാല്‍, പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യ വിപണനവുമായി ബന്ധപ്പെട്ട തീരുമാനം സര്‍ക്കാര്‍ എടുത്തത്. ഇതിനെ നീതീകരിക്കാനാവും. അബ്കാരിനയവുമായി ബന്ധപ്പെട്ടു നടപടിയെടുക്കാനും അധികാരവുമുണ്ട്. അബ്കാരിനയം പ്രഖ്യാപിക്കുകയും വിജ്ഞാപനം പുറപ്പെടുവിക്കുകയും അതു നിയമമാക്കി മാറ്റുകയും ചെയ്ത സാഹചര്യത്തില്‍ തടയാനാവില്ല. എന്നാല്‍, ഹര്‍ജിക്കാര്‍ക്ക് ആവശ്യമെങ്കില്‍ സര്‍ക്കാരിനെത്തന്നെ സമീപിക്കാം.
ഏകാംഗ കമ്മീഷന്റെയും സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിവിധ ഉത്തരവുകളുടെ അടിസ്ഥാനത്തിലും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും അഡ്വക്കറ്റ് ജനറലിന്റെയും ഉപദേശത്തിന്റെ അടിസ്ഥാനത്തിലുമാണ് സര്‍ക്കാര്‍നയം പ്രഖ്യാപിച്ചത്. സുപ്രീം കോടതി ഉത്തരവിനു വിരുദ്ധമാണു സര്‍ക്കാരിന്റെ തീരുമാനമെന്ന ഹര്‍ജിക്കാരുടെ വാദം അംഗീകരിക്കാനാവില്ല. ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കുകയും ഇതിനു താഴെയുള്ള ബാറുകള്‍ക്ക് അനുമതി നിഷേധിക്കുകയും ചെയ്ത നടപടി ഭരണഘടാവിരുദ്ധമാണെന്ന വാദം ശരിയല്ല.
മദ്യനയവുമായി സര്‍ക്കാരിനു മുന്നോട്ടുപോകാം. നിയമപരമായല്ല നോട്ടീസ് നല്‍കിയതെന്നും അടുത്ത മാര്‍ച്ച് 31 വരെ ലൈസന്‍സുണ്ടെന്നുമുള്ള ഹര്‍ജിക്കാരുടെ വാദവും കോടതി തള്ളി. ഒരു ദിവസം മുഴുവന്‍ നീണ്ട വാദത്തിനു ശേഷമാണ് ഓണാവധിക്കു കോടതി പിരിയുന്നതിനു തൊട്ടുതലേന്നു ഡിവിഷന്‍ ബെഞ്ച് ഉത്തരവു നല്‍കിയത്. ഭരണപക്ഷം പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണു മദ്യനയം രൂപീകരിച്ചതെന്നും ഇതുപ്രകാരമാണു ബാര്‍ പൂട്ടാന്‍ നോട്ടീസ് നല്‍കിയതെന്നും സര്‍ക്കാരിനായി ഹാജരായ അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി അറിയിച്ചു. സമ്പൂര്‍ണ മദ്യനിരോധനമാണു സര്‍ക്കാരിന്റെ ലക്ഷ്യം. തെരഞ്ഞെടുപ്പു പ്രചാരണ സമയത്ത് ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യത്തിലേക്കു നീങ്ങുന്നതിന്റെ ഭാഗമായാണു ബാര്‍ നിരോധനമെന്നും എജി വിശദീകരിച്ചു.
ബാറുടമകള്‍ വീണ്ടും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും:
യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ബാറുടമകള്‍ വീണ്ടും ഹൈക്കോടതിയില്‍ കേസുകള്‍ ഫയല്‍ ചെയ്യുന്നു. ഓരോ ബാറുടമയും ഓരോ കേസുകള്‍ നല്‍കുന്നതിനാല്‍ നിരവധി കേസുകളാണ് ഹൈക്കോടതിയിലെത്തിയത്. തിനിടെ ചില ബാറുടമകള്‍ യുഡിഎഫ് മദ്യനയത്തിനെതിരെ സുപ്രീം കോടതിയിലും കേസ് ഫയല്‍ ചെയ്തു. യുഡിഎഫ് മദ്യനയത്തെ സംബന്ധിച്ച് കേരള ഹൈക്കോടതി തീരുമാനമെടുക്കുന്നതുവരെ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ബാറുകള്‍ പൂട്ടരുതെന്ന് സുപ്രീം കോടതി ഉത്തരവിടുന്നു. ഹൈക്കോടതി തീരുമാനമെടുക്കുന്നതിന് ആദ്യം സുപ്രീം കോടതി സമയപരിധിയും നിശ്ചയിച്ചു.
എന്നാല്‍ പിന്നീട് സുപ്രീം കോടതിയില്‍ വന്ന മറ്റൊരു കേസില്‍ ഹൈക്കോടതി തീരുമാനമെടുക്കാനുള്ള സമയപരിധി സുപ്രീം കോടതി എടുത്തുകളയുകയും ഹൈക്കോടതി തീരുമാനം വരുന്നതുവരെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ബാറുകള്‍ക്ക് തുടരാമെന്നും വിധിച്ചു.
തുടരും...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha