കോഴയില്‍ മുങ്ങുന്ന കേരളം: ഹൈക്കോടതിവിധിയും ബാര്‍ കോഴ വിവാദവും

അഴിമതി ആരോപണങ്ങള്‍ക്കു പിന്നിലെ രാഷ്ട്രീയ തട്ടിപ്പുകള്‍ തുറന്നു കാട്ടുകയാണ് അഡ്വ. ജോണ്‍സണ്‍ മനയാനി. കഴിഞ്ഞ 35 വര്‍ഷമായി കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തുവരുന്ന അഡ്വ. ജോണ്‍സണ്‍ മനയാനിയുടെ കോഴയില്‍ മുങ്ങുന്ന കേരളം എന്ന പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങള്‍ പരമ്പരയായി മലയാളിവാര്‍ത്തയില്‍ പ്രസിദ്ധീകരിച്ച് വരികയാണ്. പരമ്പരയുടെ ഇരുപതാം ഭാഗമാണിത്.
21/8/2014-ലെ യുഡിഎഫ് യോഗത്തില്‍ തീരുമാനമായ പുതിയ മദ്യനയം (ഖണ്ഡിക 320-329) 23/8/2014-ല്‍ സര്‍ക്കാര്‍ ഉത്തരവായി പുറത്തിറങ്ങി (ഖണ്ഡിക 388-389). ഈ മദ്യനയത്തിനെതിരെ ബാറുടമകള്‍ ഹൈക്കോടതിയില്‍ നല്കിയ 82 കേസുകള്‍ 30/8/2014-ലെ പൊതു വിധിന്യായത്തിലൂടെ കേരള ഹൈക്കോടതിയിലെ ജസ്റ്റീസ് കെ. സുരേന്ദ്രമോഹന്‍ തള്ളുകയും കേരളസര്‍ക്കാരിന്റെ മദ്യനയം ഭാഗികമായി അംഗീകരിക്കുകയുംചെയ്തു.
137 പേജുകളിലായി 119 ഖണ്ഡികളുള്ള ഈ വിധിന്യായം കേരളത്തിലെ മദ്യവ്യവസായത്തിന്റെയും മദ്യനയത്തിന്റെയും ഒരു ആധികാരിക വിശകലനം തന്നെയാണ്. സംസ്ഥാനസര്‍ക്കാരിന്റെ മദ്യനയവും മദ്യവ്യവസായവും ഏറെ വിവാദങ്ങളുയര്‍ത്തിയ ഈ കാലഘട്ടത്തില്‍ 22195/2014 Connected Cases എന്ന വിധിന്യായത്തിന്റെ കോപ്പി ഹൈക്കോടതി വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇന്ന് ഏറെ വിവാദമായ 418 ബാറുകളെ സംബന്ധിച്ച അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടും പുതിയ മദ്യനയത്തിലേക്കും നിലവാരമില്ലാത്ത 418 ബാറുകളുടെ ലൈസന്‍സ് 2014-15 കാലഘട്ടത്തില്‍ പുതുക്കിനല്കാത്ത സംസ്ഥാനസര്‍ക്കാര്‍ തീരുമാനത്തിനു വഴിതെളിച്ച 2014 മാര്‍ച്ച് 4-ലെ സുപ്രീം കോടതി വിധിയും ഒക്കെ ഈ ഹൈക്കോടതിവിധിയില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ 30/10/2014ലെ ഹൈക്കോടതിവിധിന്യായം ഏവരും ശ്രദ്ധയോടെ പഠിക്കേണ്ട പ്രധാനപ്പെട്ട രേഖകളില്‍ ഒന്നാണ്.
30/10/2014ലെ ഈ ഹൈക്കോടതിവിധി വന്നതിന്റെ തൊട്ടടുത്ത ദിവസംതന്നെ സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേചെയ്തു. 31-10-2014-ലെ ഹൈക്കോടതി സ്റ്റേ വന്ന അന്നത്തെ രാത്രിയിലെ വാര്‍ത്താ ചാനല്‍ചര്‍ച്ചയിലാണ് പൂട്ടിയ 418 ബാറുകളില്‍ 7 ബാറുകള്‍ സ്വന്തമായിട്ടുണ്ടായിരുന്ന ബിജു രമേഷ് കെ.എം. മാണിക്കെതിരെ ഒരു കോടി രൂപയുടെ കോഴ അഴിമതിആരോപണമുന്നയിക്കുന്നത്.
31-10-2014-ലെ ബിജു രമേഷിന്റെ കെ.എം. മാണിക്കെതിരെയുള്ള ഒരു കോടി രൂപാ ബാര്‍ കോഴ വിവാദത്തിനുശേഷം 6/11/2014-ല്‍ കൊച്ചിയില്‍ക്കൂടിയ ബാര്‍ ഹോട്ടല്‍ അസോസിയേഷന്റെ കമ്മറ്റിയില്‍ അതിഭയാനകമായ കോഴആരോപണങ്ങളാണ് ബാര്‍ ഹോട്ടല്‍ ഉടമകള്‍ പുറത്തുവിട്ടത്. 6/11/2014-ല്‍ കൊച്ചിയില്‍ ചേര്‍ന്ന ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ മീറ്റിംഗില്‍ ബാറുടമകള്‍ പറഞ്ഞ കാര്യങ്ങള്‍ ഒളിക്യാമറയിലൂടെ പുറംലോകത്തെ അറിയിച്ചത് മാതൃഭൂമി ന്യൂസ് ചാനലിലെ ബിജു പങ്കജും ക്യാമറാമാന്‍ ബിനുതോമസുമായിരുന്നു.
ധനമന്ത്രി കെ.എം. മാണിക്കെതിരായ കോഴ വിവാദവുമായി ബന്ധപ്പെട്ട് ബാറുടമകള്‍ കൊച്ചിയില്‍ നടത്തിയ ചര്‍ച്ച മാതൃഭൂമി ന്യൂസ് നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ പുറത്തായി. നാലു വര്‍ഷം കൊണ്ട് 20 കോടിയില്‍പരം രൂപ കോഴയായി നല്‍കിയെന്നത് ഉള്‍പ്പെടെയുള്ള വെളിപ്പെടുത്തലാണ് പുറത്തായത്.
എറണാകുളത്തു നടന്ന ബാറുടമകളുടെ യോഗത്തിലെ ചര്‍ച്ചയാണ് മാതൃഭൂമി ന്യൂസ് സംഘത്തിന്റെ ഒളിക്യാമറയില്‍ പതിഞ്ഞത്. നാലു വര്‍ഷത്തിനിടെ പല നേതാക്കളും തങ്ങളില്‍നിന്ന് കോഴ വാങ്ങിയെന്ന് യോഗത്തില്‍ സംഘടനയുടെ വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. ബിജു രമേശ് വ്യക്തമാക്കി. ഒരാളെ വളച്ചതിലൂടെ കാര്യങ്ങള്‍ അനുകൂലമാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ. എം. മാണിക്ക് കോഴ നല്‍കിയതുമായി ബന്ധപ്പെട്ട് എന്തു ഭവിഷ്യത്തും നേരിടാന്‍ തയ്യാറാണ്. ഏത് അന്വേഷണ ഏജന്‍സിക്കു മുന്നിലും തെളിവുകള്‍ നല്‍കും.
മന്ത്രിസഭ തെറിപ്പിക്കാന്‍ സാധിക്കുന്ന ഡൈനാമിറ്റുകള്‍വരെ പക്കലുണ്ട്. ആവശ്യമായാല്‍ ഇവ ഉപയോഗിക്കും. പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സമ്മര്‍ദ്ദങ്ങളുണ്ട്. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിശ്വസിക്കാന്‍ സാധിക്കില്ല. അധികാരം നിലനിര്‍ത്താന്‍ അദ്ദേഹം എന്തും ചെയ്യും. സര്‍ക്കാരിനെ ഉപദ്രവിക്കാനല്ല, നിലനില്പിനുവേണ്ടിയാണ് കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്നും കെ.എം. മാണിയെ അടിച്ചതിലൂടെ പാതിഭാരം ഒഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സര്‍ക്കാരിനെ ഒടിക്കണോ വളയ്ക്കണോ എന്നതായിരുന്നു യോഗത്തിലെ പ്രധാന ചര്‍ച്ച. കോഴ സ്ഥിരമായി വാങ്ങിയവര്‍ വരെ തിരിഞ്ഞകൊത്തിയെന്ന് പ്രതിനിധികള്‍ വ്യക്തമാക്കി. സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്‌പ്പെടരുതെന്നും കരുതലോടെ നീങ്ങി സാഹചര്യങ്ങള്‍ അനുകൂലമാക്കണമെന്നും യോഗം കൂട്ടായി തീരുമാനിച്ചു.
ബാറില്‍ ഒളിക്യാമറ ബോംബ് \'ഒഴുക്കിയത് 20 കോടി:
മന്ത്രിസഭയെ തകര്‍ക്കാന്‍ പോന്ന ഡൈനമൈറ്റ് കൈവശമെന്ന് ബാര്‍ ഉടമകള്‍. ബാര്‍ വിവാദത്തില്‍ ഒളികാമറ ബോംബ്. സംസ്ഥാന മന്ത്രിസഭയെ തകര്‍ക്കാന്‍ ശേഷിയുള്ള ഡൈനമൈറ്റ് തങ്ങളുടെ കൈവശമുണ്ടെന്നു ബാറുടമകള്‍ അവകാശപ്പെടുന്ന ദൃശ്യങ്ങള്‍ ഒളികാമറാ ഓപ്പറേഷനിലൂടെ മാതൃഭൂമി ചാനല്‍ ഇന്നലെ പുറത്തുവിട്ടു. 20 കോടിയോളം രൂപ മന്ത്രിമാരുള്‍പ്പെടെ പലര്‍ക്കും നല്കിയതായി ബാറുടമാ നേതാക്കള്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസംഗിക്കുന്നതാണു ദൃശ്യങ്ങള്‍.
അടച്ചിട്ട 418 ബാറുകള്‍ തുറക്കുന്നതിനായി കൈവശമുള്ള തെളിവുകള്‍വച്ചു വിലപേശല്‍ നടത്തണമെന്നാണു യോഗത്തില്‍ ഉയര്‍ന്ന ഒരാവശ്യം. ഒരാളെ പിടിച്ചുവളച്ചു നമ്മുടെ ദുരവസ്ഥയ്ക്കു പരിഹാരം കാണാന്‍ ശ്രമിക്കണം. പണം വാങ്ങിയ പലരെയും ഒഴിവാക്കി കെ.എം. മാണിയുടെ പേരുമാത്രം പുറത്തുവിട്ട നിലയ്ക്കു മാണിയെ വളച്ചു സംഘടനയുടെ കാര്യങ്ങള്‍ നേടിയെടുക്കാനാണു നോക്കേണ്ടതെന്നാണു പുറത്തുവന്ന ദൃശ്യങ്ങളില്‍ ബാര്‍ ഉടമകള്‍ പറയുന്നത്.
കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കും കോഴ നല്കി:
മാണിക്ക് ഒരടി കൊടുത്തപ്പോള്‍ പകുതി ആശ്വാസമായി. സംസ്ഥാന മന്ത്രിമാരായ മൂന്നു പേര്‍ക്കു പണം നല്കി. കോണ്‍ഗ്രസിന്റെ ഉന്നതനായ ഒരു കേന്ദ്ര നേതാവ് കൊല്ലത്തെയും എറണാകുളത്തെയും പ്രമുഖരായ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരും പണം കൈപ്പറ്റിയെന്നാണ് ബാറുടമകള്‍ നല്കുന്ന സൂചന. മുഖ്യമന്ത്രിയെയും ഉന്നതനായ സി.പി.എം. നേതാവിനെയും 418 ബാറുകളുടെ കാര്യത്തില്‍ പണവുമായി സമീപിച്ചുവെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്.
കേരള ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ (കെബിഎച്ച്എ) സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ബാര്‍ കോഴ സംബന്ധിച്ച വന്‍ ആരോപണങ്ങള്‍ ഉയര്‍ന്നു. സംസ്ഥാന മന്ത്രിസഭയെ തെറിപ്പിക്കാനുള്ള തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നു കെബിഎച്ച്എ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് യോഗത്തില്‍ പറഞ്ഞതടക്കമുള്ള വിവരങ്ങള്‍ ഒരു ടെലിവിഷന്‍ ചാനല്‍ സ്റ്റിംഗ് ഓപ്പറേഷനിലൂടെ രഹസ്യമായി ചോര്‍ത്തി പുറത്തുവിട്ടു.
നാലുവര്‍ഷത്തിനിടെ 20 കോടി രൂപാ ബാറുമായി ബന്ധപ്പെട്ടു കൈമാറ്റം നടത്തി. പല ആവശ്യങ്ങള്‍ക്കായാണ് ഇതു നല്കിയത്. വളയ്ക്കണോ അതോ ഒടിക്കണോ എന്ന കാര്യത്തെ ചുറ്റിപ്പറ്റിയായിരുന്നു ബിജു രമേശിന്റെ ആമുഖപ്രസംഗത്തിനുശേഷം നടന്ന ചര്‍ച്ചകള്‍. ഒടിക്കണം എന്ന ആവശ്യം പല കോണുകളില്‍നിന്നും ഉയര്‍ന്നു. എന്നാല്‍, ഇപ്പോള്‍ വളച്ചാല്‍ മതി എന്നാണു ബിജു രമേശ് പറഞ്ഞത്. സിപിഐ പത്രമായ ജനയുഗം 6/11/2014-ലെ ബാര്‍ ഉടമകളുടെ യോഗത്തിലെ ചര്‍ച്ചകളെ അടിസ്ഥാനമാക്കി 7//11/2014-ല്‍ ഇങ്ങനെ എഴുതി: മാണിക്ക് പുറമെ കൂടുതല്‍ മന്ത്രിമാര്‍ കോഴ വാങ്ങിയെന്ന് വെളിപ്പെടുത്തല്‍.
ബാര്‍ വിഷയത്തില്‍ ധനമന്ത്രി കെ.എം. മാണിക്കു പുറമെ കൂടുതല്‍ മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും കോടികളുടെ കോഴ നല്‍കിയതായി ബാറുടമകളുടെ വെളിപ്പെടുത്തല്‍. ധനമന്ത്രി കെ. എം. മാണിക്ക് ഒരു കോടി കൈക്കൂലി നല്‍കിയതായി ആരോപണം ഉന്നയിച്ച ബിജു രമേശ് വിജിലന്‍സ് മുമ്പാകെ ഇന്നു തെളിവുകള്‍ ഹാജരാക്കും. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ബാര്‍ ഉടമകളുടെ അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ബിജു രമേശിന് പൂര്‍ണ്ണപിന്തുണ പ്രഖ്യാപിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ കൈക്കൂലി നല്‍കിയതായി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളവരില്‍നിന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.ഡി. ധനേഷ് കണ്‍വീനറായി അഞ്ചംഗസമിതിയേയും യോഗം ചുമതലപ്പെടുത്തി.
ബാര്‍ വിഷയത്തില്‍ കോടികള്‍ കൈക്കൂലി നല്‍കിയതായി ഉയര്‍ന്നിട്ടുള്ള എല്ലാ ആരോപണവും ശരിവയ്ക്കുന്ന തരത്തിലായിരുന്നു ബാറുടമകളുടെ യോഗത്തില്‍ പൊതുവായി ചര്‍ച്ച നടന്നത്. അടച്ചുപൂട്ടിയ ബാറുകളുടെ നിലവാരമുയര്‍ത്തിയാല്‍ തുറക്കാന്‍ അനുമതി നല്‍കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഉറപ്പിന്‍മേല്‍ ബാറുടമകള്‍ ബാങ്കുകളില്‍നിന്നും പല ധനകാര്യസ്ഥാപനങ്ങളില്‍നിന്നും വായ്പകളെടുത്താണ് നിലവാരമുയര്‍ത്തിയത്. ഇതിനിടയില്‍ കാണേണ്ടവരെയെല്ലാം കാണുന്നതിനുള്ള സഹായവും നല്‍കിയതായി യോഗത്തില്‍ പല ബാറുടമകളും വിശദീകരിച്ചതായാണ് അറിയുന്നത്.
എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലുള്ള 72 അംഗങ്ങളും ഇന്നലെ യോഗത്തില്‍ പങ്കെടുത്തു. ഇവരുടെ വെളിപ്പെടുത്തലിന്റെ വെളിച്ചത്തില്‍ തെളിവുകള്‍ ശേഖരിച്ചതിനുശേഷം അടിയന്തരമായി 600 അംഗങ്ങളുള്ള അസോസിയേഷന്റെ ജനറല്‍ ബോഡി യോഗം വിളിച്ചുചേര്‍ത്ത് ചര്‍ച്ചയ്ക്കുശേഷം കോഴ സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്താനാണ് യോഗത്തില്‍ ധാരണയായിട്ടുള്ളത്.
വിവാദവിഷയത്തിലെ നിര്‍ണ്ണായക യോഗത്തില്‍ ബാറുടമകള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെടാതിരിക്കാനും പുറത്തുപോകാതിരിക്കുന്നതിനും വേണ്ടി ശക്തമായ കാവലിലാണ് യോഗം നടന്നത്. യോഗത്തിനെത്തിയവരുടെ മൊബൈല്‍ഫോണുകളും പേനയുള്‍പ്പെടെയുള്ള സകല ഉപകരണങ്ങളും ഹോളിനകത്തേക്കു കൊണ്ടുപോകുന്നതിനും അനുവദിച്ചിരുന്നില്ല.
31-10-2014-ല്‍ ഒരുകോടി രൂപയുടെ ബാര്‍കോഴ വിവാദം പുറത്തുവന്ന പിറ്റെ ദിവസംതന്നെ പ്രതിപക്ഷനേതാവ് വി.എസ്. അച്ചുതാനന്ദന്‍ ഇക്കാര്യം വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്കു കത്തു നല്‍കി. തൊട്ടടുത്ത ദിവസം തന്നെ ഇജക എം.എല്‍.എ ആയ സുനില്‍ കുമാര്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ കേസ് ഫയല്‍ചെയ്തു.
എന്നാല്‍ 6-11-2014-ല്‍ 20 കോടി രൂപയാണ് ബാര്‍ വിഷയത്തില്‍ കോഴയായി നല്‍കിയതെന്നും അക്കാര്യങ്ങള്‍ ഇജക മുഖപത്രമായ ജനയുഗം പുറത്തുവിട്ടിരുന്നു എന്ന് 7-11-2014-ലെ ജനയുഗം പത്രം റിപ്പോര്‍ട്ടു ചെയ്തിട്ടും 20 കോടി രൂപയുടെ അഴിമതിയോ 6-11-2014-ല്‍ എറണാകുളത്തു നടന്ന ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ മീറ്റിംഗിലെ ചര്‍ച്ചകള്‍ പുറത്തുവിട്ട മാതൃഭൂമി വാര്‍ത്തയെ അടിസ്ഥാനമാക്കി വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടാന്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്ചുതാനന്ദനോ ഇജക എം.എല്‍.എ സുനില്‍കുമാറോ തയാറാകാതിരുന്നത് ഏറെ സംശയങ്ങള്‍ക്കിടനല്‍കുന്നു.
തുടരും...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha