വിഷ്ണുപുരത്തെ, ജോര്‍ജ്ജ് അരുവിക്കരയിലിറക്കും; ധാരണ ഇടതുമുന്നണിയുമായി

വി.എസ്.ഡി.പി. നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരനെ അരുവിക്കരയില്‍ ഇറക്കി യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ പി.സി.ജോര്‍ജ്ജും ഇടതുമുന്നണിയും രഹസ്യധാരണയിലെത്തിയതായി സൂചനകള്‍. വിഷ്ണുപുരത്തെ രംഗത്തിറക്കാമെന്ന് ജോര്‍ജ്ജ് സമ്മതിച്ചതായാണ് വിവരം. സി.പി.എം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായാണ് ജോര്‍ജ്ജ് ധാരണയിലെത്തിയത്. ഇക്കാര്യം മനസ്സില്‍ വച്ചാണ് രാജ്യസഭാതെരഞ്ഞടുപ്പിനിടയില്‍, ഇത് യു.ഡി.എഫിനുള്ള തന്റെ അവസാനവോട്ടാണെന്ന് പി.സി.ജോര്‍ജ്ജ് പറഞ്ഞത്.
പി.സി.ജോര്‍ജ്ജ് കേരളാകോണ്‍ഗ്രസില്‍ നിന്നും തെറ്റിപ്പിരിഞ്ഞതോടെ കോടിയേരിയുമായി രഹസ്യചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. പി.സി.ജോര്‍ജ്ജിനെ ഇന്നത്തെ അവസ്ഥയില്‍ ഇടതുമുന്നണിയിലെടുക്കാന്‍ ബുദ്ധിമുട്ടാണെന്നു കോടിയേരി പറഞ്ഞെങ്കിലും അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ താന്‍ ഇടതിനൊപ്പം നില്‍ക്കുമെന്ന് ജോര്‍ജ്ജ് പറഞ്ഞതായാണ് വിവരം.
ജോര്‍ജ്ജും കോടിയേരിയും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് അരുവിക്കരയില്‍ റിബലിനെ നിര്‍ത്താന്‍ തീരുമാനിച്ചത്. അരുവിക്കര മണ്ഡലത്തില്‍ കാര്‍ത്തികേയന്റെ ഭാര്യ മല്‍സരിക്കാന്‍ സാധ്യതയില്ല. അരുവിക്കര നീന്തിക്കയറാമെന്ന ഉറപ്പ് സുലേഖക്കില്ല. മല്‍സരരംഗത്തെത്തി തോല്‍ക്കുന്നതിനേക്കാള്‍ നല്ലത് ചുമ്മാതിരിക്കുന്നതാണെന്ന് സുലേഖ വിശ്വസിക്കുന്നു.
അരുവിക്കരയില്‍ നാടാര്‍സമുദായാംഗങ്ങള്‍ ഏറെയുണ്ട്. നാടാര്‍ സമുദായാംഗങ്ങളുടെ സംഘടനയാണ് വി.എസ്.ഡി.പി. വിഷ്ണുപുരം ചന്ദ്രശേഖരനെ രംഗത്തിറക്കിയാല്‍ നാടാര്‍വോട്ട് അരുവിക്കരയില്‍ ചന്ദ്രശേഖരനുവേണ്ടി സമാഹരിക്കപ്പെടും. നാടാര്‍ സമുദായാംഗങ്ങളുടെ വോട്ട് യു.ഡി.എഫിനു ലഭിക്കേണ്ടതാണ്. നാടാര്‍ വോട്ട് സമാഹരിക്കപ്പെട്ടാല്‍ യു.ഡി.എഫ്.തോല്‍ക്കും. അങ്ങനെ വന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ നാളുകള്‍ എണ്ണപ്പെടും. മന്ത്രിസഭ താഴെപ്പോയെന്നുമിരിക്കും.ജോര്‍ജ്ജിന്റെ ആവശ്യവും ഇതുതന്നെയാണ്. യു.ഡി.എഫ്. തനിക്കെതിരെ നീങ്ങിയത് ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശപ്രകാരമാണെന്നാണ് ജോര്‍ജ്ജിന്റെ മനസ്സിലിരുപ്പ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha