കോഴയില്‍ മുങ്ങുന്ന കേരളം: ലീഗല്‍ ഫണ്ട് അഥവാ കോഴപണം

അഴിമതി ആരോപണങ്ങള്‍ക്കു പിന്നിലെ രാഷ്ട്രീയ തട്ടിപ്പുകള്‍ തുറന്നു കാട്ടുകയാണ് അഡ്വ. ജോണ്‍സണ്‍ മനയാനി. കഴിഞ്ഞ 35 വര്‍ഷമായി കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തുവരുന്ന അഡ്വ. ജോണ്‍സണ്‍ മനയാനിയുടെ കോഴയില്‍ മുങ്ങുന്ന കേരളം എന്ന പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങള്‍ പരമ്പരയായി മലയാളിവാര്‍ത്തയില്‍ പ്രസിദ്ധീകരിച്ച് വരികയാണ്. പരമ്പരയുടെ ഇരുപത്തിരണ്ടാം ഭാഗമാണിത്.
കെ.എം. മാണിക്ക് ഒരു കോടിരൂപ അസോസിയേഷന്‍ നല്കിയെന്ന കാര്യത്തില്‍ താന്‍ ഉറച്ചുനില്ക്കുന്നുവെന്നും ലൈസന്‍സ് ഫീ പുതുക്കുന്നതിന് കൈക്കൂലി നല്കുന്നതിനായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ലീഗല്‍ ഫണ്ട് എന്ന പേരില്‍ അസോസിയേഷന്‍ ബാറുടമകളില്‍നിന്നും പണം പിരിച്ചിട്ടുണ്ടെന്നും അത് കോഴ നല്കാനാണ് ഉപയോഗിച്ചതെന്നും കേരള ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ (കെബിഎച്ച്എ) സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ് അസിസ്റ്റന്റ് എഡിറ്റര്‍ ജെ. ബിന്ദുരാജിന് അനുവദിച്ച എക്‌സിക്ലൂസിവ് അഭിമുഖത്തില്‍ പറയുന്നു.
മാണിക്ക് നല്കിയ ഒരു കോടി രൂപ ആരു മുഖേനയാണ് താങ്കള്‍ പാലായിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിച്ചത്? ഉത്തരം: അംഗങ്ങളായ രണ്ടു വ്യക്തികളാണ് പാലായിലെ വസതിയില്‍ രൂപ എത്തിച്ചുകൊടുത്തത്. ആദ്യത്തെ ക്യാബിനറ്റില്‍ ബാര്‍ പ്രശ്‌നം വരുന്നതിന് രണ്ടോ മൂന്നോ ദിവസം മുമ്പായിരുന്നു ആദ്യ ഗഡുവായ 15 ലക്ഷം രൂപ എത്തിച്ചത്. സാധാരണഗതിയില്‍ ക്യാബിനറ്റില്‍ ബാര്‍ ലൈസന്‍സ കാര്യം വരേണ്ട കാര്യമില്ല. സാധാരണഗതിയില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പുതുക്കിപ്പോരുന്നതാണ് ബാര്‍ ലൈസന്‍സുകള്‍. ആദ്യം 15 ലക്ഷം രൂപ നല്കിയപ്പോള്‍ അത് തന്നെ കളിയാക്കുന്നതുപോലെയാണ് മാണി പെരുമാറിയത്. ഞാന്‍ ഫയലുകളൊക്കെ ഒന്നു പഠിക്കട്ടെ, പഠിച്ചതിനുശേഷം നമുക്കത് നോക്കാം എന്ന മട്ടിലുള്ള ഒഴുക്കന്‍ പ്രതികരണമായിരുന്നു അപ്പോള്‍.
ബാക്കി ഫണ്ടു വരട്ടെ എന്ന ദ്വയാര്‍ത്ഥത്തിലാണ് അദ്ദേഹം അത് പറഞ്ഞത്. അപ്പോഴാണ് വിഷയം മാണിസാര്‍ പഠിക്കട്ടെയെന്നും തനിക്ക് പ്രത്യേകിച്ച് താല്‍പര്യങ്ങളൊന്നുമില്ലെന്നും കെ. ബാബു പറഞ്ഞത്. താല്‍പര്യമുള്ളതുകൊണ്ടാകുമല്ലോ കെ. ബാബു പ്രത്യേകിച്ച് താല്‍പര്യമൊന്നുമില്ലെന്ന് പറഞ്ഞിരിക്കുക. ക്യാബിനറ്റിലെ മന്ത്രിമാരുടെ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെങ്കില്‍ അതൊക്കെ ഇതിനു തെളിവാണ്. എന്തുകൊണ്ടാണ് അന്നേദിവസം ക്യാബിനറ്റില്‍ അക്കാര്യം പാസാകാതിരുന്നത് എന്നതിന്റെ രേഖകള്‍ പരിശോധിക്കണം.
മാണിസാറിന്റെ എതിര്‍പ്പിനെത്തുടര്‍ന്നായിരുന്നു അത്. അതിനുശേഷമാണ് 85 ലക്ഷം രൂപകൂടി മാണിസാറിന്റെ വീട്ടില്‍ ഏല്പിച്ചത്. അതുകഴിഞ്ഞ് കാണാന്‍ ചെന്നപ്പോഴാണ് അഞ്ചു കോടി കിട്ടിയില്ലല്ലോ എന്നുപറഞ്ഞത്.ബാര്‍ അസോസിയേഷന്റെ സാമ്പത്തികഇടപാടുകള്‍ അന്വേഷിച്ചാല്‍ പല ഞെട്ടിപ്പിക്കുന്ന വിവരങ്ങളും പുറത്തുവരും. അതുകൊണ്ടാണ് അന്വേഷണത്തിന് അവര്‍ തയ്യാറാകാത്തത്. ഞാന്‍ എന്തെങ്കിലും വിളിച്ചുപറഞ്ഞിട്ട് ഒളിച്ചിരിക്കുന്ന ആളല്ല.
പിസി. ജോര്‍ജും ബാര്‍ കോഴയും:
പി.സി. ജോര്‍ജ് ഒരു 15 കോടി രൂപയുടെ കണക്കു പറയുന്നുണ്ടല്ലോ. എന്താണത്? ഉത്തരം: പി.സി. ജോര്‍ജിന് ഇക്കാര്യത്തെപ്പറ്റി അസോസിയേഷന്‍ പ്രസിഡന്റ് ഉണ്ണി വളരെ വിശദമായി അറിവു നല്‍കിയിട്ടുള്ളതാണെന്ന കാര്യം ജോര്‍ജ് തന്നെ എന്നോടു പറഞ്ഞിട്ടുണ്ട്. ഉണ്ണി ഗസ്റ്റ് ഹൗസില്‍വന്ന് തന്നോട് ഇതൊക്കെ പറഞ്ഞിട്ടുള്ളതാണെന്ന് ജോര്‍ജ് എന്നോടു പറഞ്ഞു. ഇതൊക്കെ തനിക്കറിയാമെങ്കിലും തങ്ങളുടെ നേതാവ് മാണിയായതിനാല്‍ മാണിക്കെതിരെ ഞാന്‍ പറഞ്ഞാല്‍ താന്‍ അതിനെതിരെ പറയുമെന്ന് ജോര്‍ജ് പറഞ്ഞിരുന്നു. അതുകൊണ്ട് ബിജു അതില്‍ വിഷമമൊന്നും വിചാരിക്കരുതെന്നും ജോര്‍ജ് പറഞ്ഞിരുന്നു.
15 കോടി രൂപയില്‍ ഒരു കോടി രൂപ ഒഴിച്ച് ബാക്കി ആര്‍ക്കൊക്കെ പോയിട്ടുണ്ട്? ഉത്തരം: ഞാനൊരു തുടക്കമിട്ടതേയുള്ളു. ഇത് വാസ്തവത്തില്‍ ഒരു മാലപ്പടക്കമാണ്. സി.ബി.ഐ വരട്ടെ. അപ്പോള്‍ ഇനിയും പേരുകള്‍ വെളിപ്പെടും.
ബാര്‍ ഉടമകളില്‍നിന്നും പണം വാങ്ങിയത് കേസ് നടത്തിപ്പിനാണെന്ന് പറഞ്ഞായിരുന്നുവോ? ഉത്തരം: അല്ലേയല്ല. കേസ് നടത്തിപ്പിന് ലീഗല്‍ ഫണ്ട് എന്ന പേരില്‍ ഒരു ലക്ഷം രൂപവച്ച് ശേഖരിച്ചു. ആ പണമൊക്കെ കുറെയൊക്കെ നാലുവഴിക്കും പോയി. അതിനുശേഷം പിന്നെയും ഒരു ലക്ഷം രൂപവച്ച് കളക്ട് ചെയ്തു.
ഏകദേശം 600-ലധികം ബാറുകളില്‍നിന്നും പണം ശേഖരിച്ചു. അതിനു മുമ്പും ഫണ്ട് പിരിച്ചിട്ടുണ്ട്. കെ. ബാബുവിനുമൊക്കെ ഇത്തരത്തില്‍ നിങ്ങള്‍ പണം കൊടുത്തിട്ടുണ്ടോ? ഉത്തരം: കെ. ബാബുവിനൊക്കെ അസോസിയേഷന്‍ പണം കൊടുത്തിട്ടുള്ളതുകൊണ്ടല്ലേ ലൈസന്‍സ് പുതുക്കലുകള്‍ക്ക് മുന്‍കാലങ്ങളില്‍ അഞ്ചു പൈസ കൊടുത്തിട്ടില്ലെന്ന് ഉണ്ണി പറഞ്ഞത്? ഈ കാലഘട്ടങ്ങളിലുള്ള ലൈസന്‍സ് പുതുക്കല്‍ പരിശോധിച്ചാല്‍ അറിയാം.
ഈ സര്‍ക്കാര്‍ വന്നതിനുശേഷം ഓരോ ബാര്‍ ലൈസന്‍സ് പുതുക്കലിനും ലീഗല്‍ ഫണ്ട് കളക്ട് ചെയ്തത് എന്തിനാണെന്നതില്‍ കിടക്കുന്നുണ്ട് അതിന്റെ ഉത്തരം.താങ്കളുടെ കൈവശം ശരിക്കും തെളിവുകളുണ്ടോ? ഉത്തരം: എന്റെ കൈവശം ഞാന്‍ പറയുന്ന കാര്യങ്ങള്‍ക്കുള്ള തെളിവുകളുണ്ട്. സാക്ഷികളുടെ കാര്യമാണ് ഞാന്‍ പറയുന്നത്. ഒരു കൊലപാതകത്തില്‍പ്പോലും ദൃക്‌സാക്ഷിക്ക് വളരെ പ്രാധാന്യമുണ്ട്. അതുപോലെ മാണിക്ക് പണം കൊണ്ടുപോയി കൊടുത്തവര്‍ അതിന്റെ സാക്ഷികളാണ്. അതു തള്ളിക്കളയാനാകുമോ?
കോഴ കൊടുത്തവരും പ്രതികളാകില്ലേ?
താങ്കള്‍ പറയുന്ന ഈ രണ്ട് പേര്‍ അഴിമതിനിരോധന നിയമപ്രകാരം പ്രതികളായി മാറില്ലേ? ഉത്തരം: അതാണ് അവരിപ്പോള്‍ എന്റെ പുറത്തുകേറുന്നത്. അവരെ പ്രതിയാക്കി കോടതിയില്‍ കയറ്റേണ്ടിവരുമല്ലോ. അതുകൊണ്ട് അവരെ മാപ്പുസാക്ഷിയാക്കാന്‍ നീക്കമുണ്ടാകണം. സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങിയാണ് അവര്‍ കൈക്കൂലി നല്‍കേണ്ടിവന്നത്. ദ്യത്തെ കാബിനറ്റില്‍ ബാര്‍ പ്രശ്‌നം വരുന്നതിനു രണ്ടോ മൂന്നോ ദിവസം മുന്‍പായിരുന്നു ആദ്യ ഗഡു കോഴ എത്തിച്ചതെന്ന് ബിജു രമേശ് പറയുന്നു.
26-3-2014-ലെ മന്ത്രിസഭായോഗത്തിന്റെ കുറിപ്പുകള്‍ 25-3-2014-ന് രാത്രിയിലോ 26-3-2014-നു രാവിലെയോ മാത്രം മന്ത്രിസഭാംഗങ്ങള്‍ക്കു ലഭിക്കുന്ന സാഹചര്യത്തില്‍ 26-3-2014-ലെ മന്ത്രിസഭായോഗത്തിലെ ബാര്‍ ലൈസന്‍സ് പുതുക്കല്‍ ഫയലിനെ സംബന്ധിച്ച വിവരങ്ങള്‍ എങ്ങനെ നിയമമന്ത്രി അറിയും? മന്ത്രിസഭാരേഖകളില്‍നിന്നുതന്നെ 26-3-2014-നു മുന്‍പ് ബാര്‍ ലൈസന്‍സ് പുതുക്കല്‍ വിഷയം ധനകാര്യവകുപ്പിലോ നിയമവകുപ്പിലോ എത്തിയില്ല എന്നു വ്യക്തം.
അങ്ങനെയെങ്കില്‍ ആരായിരിക്കണം ബാര്‍ ഉടമകളെ മാണിയുടെ പക്കലേക്ക് അയച്ചത്! പണം നല്‍കേണ്ടിവരുന്ന എന്തു പ്രശ്‌നങ്ങളായിരുന്നു ഈ വിഷയത്തിലുണ്ടായിരുന്നത്. ബാര്‍ ലൈസന്‍സ് പുതുക്കല്‍ വിഷയത്തില്‍ പ്രശ്‌നങ്ങളുണ്ട് എന്നറിയാവുന്ന ആരെങ്കിലുമായിരിക്കില്ലെ അതിനായി ബാറുടമകളെ പ്രേരിപ്പിച്ചത്? 21 അംഗ മന്ത്രിസഭയില്‍ കെ.എം. മാണിക്കുമാത്രം ഒറ്റയ്ക്കു കാര്യങ്ങള്‍ തീരുമാനിക്കാന്‍ സാധിക്കുമോ?
കേരളശബ്ദത്തിന്റെ 23-11-2014-ലെ കവര്‍ സ്റ്റോറിയിലെ മറ്റുചില പ്രസക്ത ഭാഗങ്ങള്‍ക്കൂടി പഠനവിധേയമാക്കണം. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും വിവാദമുയര്‍ന്നു. നിലവാരം മെച്ചപ്പെടുത്തിയവര്‍ക്ക് ബാര്‍ ലൈസന്‍സ് പുതുക്കിനല്കണമെന്ന മുഖ്യമന്ത്രിയുടെയും എക്‌സൈസ് മന്ത്രിയുടെയും നിലപാടിനൊപ്പമായിരുന്നു ആ ഘട്ടത്തില്‍ കെ.എം. മാണി.
എന്നാല്‍ മതമേലദ്ധ്യക്ഷന്മാര്‍ സുധീരനൊപ്പം ഒരു ബാറും തുറക്കാന്‍ പാടില്ലന്ന കടുത്ത നിലപാട് സ്വീകരിച്ചപ്പോള്‍ കെ.എം. മാണിയും പാര്‍ട്ടിയും മറ്റു ചില ഘടകകക്ഷികളും ബാറുകള്‍ തുറക്കേണ്ട എന്ന പരസ്യ അഭിപ്രായം പ്രകടിപ്പിച്ചു. ബാര്‍ നടത്തുന്ന അടുത്ത ബന്ധുക്കളുള്ളവരും ബാറുടമകളോട് പ്രതിഫലം പറ്റിയവരും സ്വന്തം പ്രതിച്ഛായയ്ക്കുവേണ്ടി രഹസ്യനിലപാടിന് വിരുദ്ധമായി ബാര്‍ തുറക്കേണ്ടെന്നെ പരസ്യനിലപാട് എടുത്തതോടെയാണ് ബാറുകള്‍ തുറക്കുന്നതിന്റെ പാപഭാരം താന്‍ മാത്രം ചുമക്കേണ്ടെന്ന നിലപാട് മുഖ്യമന്ത്രിയെടുത്തത്. പൂട്ടിയ 418 ബാറുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന 312 ബാറുകള്‍ക്കൂടി പൂട്ടാന്‍ തീരുമാനിച്ചു. ഇതോടെ ബാറുടമകള്‍ സര്‍ക്കാരിനെതിരായി.
ബാറുടമകള്‍ക്ക് അനുകൂലമായ ഡിവിഷന്‍ ബഞ്ചിന്റെ വിധി ഒക്‌ടോബര്‍ 31-ന് രാത്രി ന്യൂസ് ചാനലുകള്‍ ചര്‍ച്ച ചെയ്യുന്ന അവസരത്തിലാണ് രാഷ്ട്രീയകേരളത്തെ ഞെട്ടിച്ചുകൊണ്ട് മന്ത്രി കെ.എം. മാണിക്കെതിരായ കോഴയാരോപണം ഉന്നയിക്കപ്പെടുന്നത് എന്നതും ഏറെ പ്രസക്തമായ കാര്യമാണ്.464. ഇന്ത്യ ടുഡേയിലെ കവര്‍സ്റ്റോറിയിലെ മറ്റു ചില കണ്ടെത്തലുകളും പഠനവിധേയമാക്കണം.
കേരളത്തില്‍ ഏപ്രില്‍ ഒന്നിനു മുമ്പുവരെ മൊത്തം പ്രവര്‍ത്തിച്ചിരുന്നത് 732 ബാറുകളാണ്. ഇതില്‍ നിലവാരമില്ലാത്ത 418 ബാറുകളാണ് ഏപ്രില്‍ ഒന്നു മുതല്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയത്. 2006 ജനുവരിയില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഡോക്ടര്‍ വേണു എക്‌സൈസ് കമ്മീഷണറായിരിക്കെയാണ് ഇപ്പോള്‍ അടച്ചുപൂട്ടിയ 418 ബാറുകളുടെ പട്ടിക തയ്യാറാക്കിയത്. 2007-08-ല്‍ ത്രീ സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ ഉള്ള ബാറുകള്‍ക്കു മാത്രം ലൈസന്‍സ് കൊടുക്കാന്‍ അബ്കാരി നയം തീരുമാനിക്കുന്ന സമയത്താണ് ഈ പട്ടിക തയ്യാറാക്കിയത്.
കേരള ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ പറയുന്നത് യാതൊരുവിധ പരിശോധനയും ഇക്കാര്യത്തില്‍ നടത്തുകയോ ഉദ്യോഗസ്ഥര്‍ ഈ ഹോട്ടലുകളില്‍ പരിശോധന നടത്തുകയോ ചെയ്തിട്ടില്ലന്നാണ്. പക്ഷേ, എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചു നല്കിയതിനുപുറമേ അവ റഗുലറൈസ് ചെയ്യാനും തീരുമാനിച്ചു. ഓരോ വര്‍ഷവും ലൈസന്‍സ് പുതുക്കിനല്കുന്ന സമയത്ത് കൈക്കൂലി ഇടപാടുകള്‍ ധാരാളമായി നടക്കാറുണ്ടായിരുന്നതിനാലും റഗുലറൈസ് ചെയ്താല്‍ ലൈസന്‍സ് ഫീ വാങ്ങിച്ചാല്‍ മാത്രം മതിയെന്നതിനാലുമാണ് അന്നത്തെ എക്‌സൈസ് മന്ത്രി പി.കെ. ഗുരുദാസന്‍ അനേകവര്‍ഷം പഴക്കമുള്ള ബാറുകള്‍ റഗുലറൈസ് ചെയ്യാന്‍ തീരുമാനിച്ചത്.
ഇത് ചാണ്ടിയുടെ നല്ലകാലമാണെന്നും ബാര്‍ കോഴക്കാര്യത്തില്‍ ഒരു തെളിവുകളും പുറത്തുവരാന്‍ പോകുന്നില്ലെന്നും വെള്ളാപ്പള്ളി പറയുന്നത് വെറുതെയല്ല. കോഴ വാങ്ങിയവനും കോഴ നല്കിയവനും കുറച്ചുകഴിയുമ്പോള്‍ പരസ്പരം സ്‌നേഹിച്ച് കൈകോര്‍ക്കുമെന്നാണ് ശ്രുതികള്‍. പക്ഷേ, വിജിലന്‍സിന് താന്‍ മുമ്പു പറഞ്ഞ കാര്യങ്ങള്‍ വള്ളിപുള്ളി തെറ്റാതെ പറഞ്ഞിട്ടുണ്ടെന്ന് ബിജു രമേശ് പറയുന്നു. 20 കോടി രൂപ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ഈ സര്‍ക്കാരിന് ബാറുടമകള്‍ നല്കിയ വിവരവും സത്യംതന്നെയാണ്. കോണ്‍ഗ്രസ് മന്ത്രിമാര്‍ കോഴ വാങ്ങി എന്ന സൂചനയും ബിജു നല്കുന്നുണ്ട്.
പേരു പറയുന്നില്ലെന്നുമാത്രം. എന്നിരുന്നാലും ഒത്തുതീര്‍പ്പിനുള്ള വഴികള്‍ തുറന്നുകിട്ടിയാല്‍ ഈ ആരോപണങ്ങളൊക്കെ ആരോപണങ്ങളായി മാത്രം ശേഷിക്കുമോ എന്ന സംശയം നിലനില്‍ക്കുന്നു. കോഴകള്‍ കഥകളാകുകയും പുതിയ തുടര്‍ക്കഥകള്‍ തുടരുകയും ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha