പ്ലാസ്റ്റിക് ഐഡി അപേക്ഷിച്ചവര്‍ക്ക് പാരയുമായി ഉദ്യോഗസ്ഥന്‍മാര്‍; ഓണ്‍ലൈനില്‍ അപേക്ഷിച്ചവരുടെ കൈയ്യില്‍ നിന്നും ഫോട്ടോ നിര്‍ബന്ധപൂര്‍വം വാങ്ങുന്നു

തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കാന്‍ ശ്രമിച്ച പ്ലാസ്റ്റിക് ഐഡി കാര്‍ഡിന് പാരയുമായി ഓഫീസര്‍മാര്‍. ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചവരെ മണ്ടന്‍മാരാക്കിക്കൊണ്ടാണ് ചില ഉദ്യോഗസ്ഥര്‍ പെരുമാറുന്നത്.
വിവിധ അക്ഷയ കേന്ദ്രം വഴിയും സ്വന്തമായും ഓണ്‍ലൈന്‍വഴി അപേക്ഷിച്ചവര്‍ക്കാണ് ഉദ്യോഗസ്ഥര്‍ പാര പണിയുന്നത്. ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചവരുടെ കൈയ്യില്‍ നിന്നും ഇപ്പോള്‍ പുതിയ കളര്‍ഫോട്ടോ ആവശ്യപ്പെടുകയാണ്. വീടുകള്‍ കയറിയിറങ്ങിയാണ് ബിഎല്‍ഒമാര്‍ ഫോട്ടോ ആവശ്യപ്പെടുന്നത്. ഫോട്ടോയും ആധാറിന്റേയും ഐഡന്റിറ്റി കാര്‍ഡിന്റേയും കോപ്പിയാണ് ബിഎല്‍ഒമാര്‍ ആവശ്യപ്പെടുന്നത്. ഓണ്‍ലൈനില്‍ ഫോട്ടോ ഉള്‍പ്പെടെ അപ്‌ലോഡ് ചെയ്തവര്‍ എന്തിന് ഫോട്ടോ നല്‍കണം എന്നാണ് പലര്‍ക്കും മനസിലാകാത്തത്.
ഇതിനെ തുടര്‍ന്ന് നിരവധി പരാതികളാണ് വരുന്നത്. തുടര്‍ന്നാണ് മലയാളിവാര്‍ത്ത ഇതിനെപ്പറ്റി അന്വേഷിച്ചത്. ആദ്യം ആ വീട് സന്ദര്‍ശിച്ച ബിഎല്‍ഒയെ വിളിച്ചു. ഓണ്‍ലൈനില്‍ അപേക്ഷിച്ചവര്‍ എന്തിന് ഫോട്ടോ നല്‍കണം എന്ന ചോദ്യത്തിന് അവര്‍ നല്‍കിയത് രസകരമായ മറുപടിയാണ്. എല്ലാവരോടും ഫോട്ടോ വാങ്ങണമെന്നാണ് അവരുടെ ഓഫീസര്‍ പറഞ്ഞതെന്നാണ് ആ ബിഎല്‍ഒ ആയ ആംഗന്‍വാടി ടീച്ചര്‍ പറഞ്ഞത്. ഓണ്‍ ലൈനില്‍ അപേക്ഷിച്ചപ്പോള്‍ തന്നെ ഫോട്ടോ ഉള്‍പ്പെടെയുള്ള നമ്മളുടെ ഐഡന്റിറ്റി കാര്‍ഡ് കണ്ടതാണല്ലോ.
മാത്രവുമല്ല നമ്മള്‍ക്ക് കിട്ടുന്ന പ്രിന്റൗട്ട് രസീതിലും ഫോട്ടോയുണ്ട്. അവര്‍ ആവശ്യപ്പെടുന്നത് ആധാറിന്റെ കോപ്പിയും ഐഡി കോപ്പിയും മാത്രമാണ്.
ഫോട്ടോ അപ്‌ലോഡ് ചെയ്യാത്തവര്‍ മാത്രമാണ് ഫോട്ടോ നല്‍കേണ്ടത് എന്നും അതില്‍ വ്യക്തമായി പറയുന്നുണ്ട് എന്നും ഞങ്ങള്‍ വാദിച്ചു.
എന്നാല്‍ അവരുടെ മൊബൈലില്‍ നമ്മള്‍ അപേക്ഷിച്ചപ്പോഴുള്ള മെസേജ് മാത്രമേ വന്നുള്ളൂ എന്നും അതിനാല്‍ ഫോട്ടോ വേണമെന്നും അവര്‍ വാദിച്ചു. ഇതൊടെ ഒരു കാര്യം മനസിലായി. കഷ്ടത്തിലാകുന്നത് സാധാരണക്കാരാണ്. അവരോട് ഈ ഓഫീസര്‍മാര്‍ പുതിയ ഫോട്ടോ വേണമെന്ന് പറഞ്ഞാല്‍ 100 രൂപയ്ക്ക് മുകളില്‍ ചെലവാക്കി പുതിയ ഫോട്ടോ എടുക്കാന്‍ സ്റ്റുഡിയോയില്‍ ഓടും. ഇതാണ് ഇപ്പോള്‍ നാട്ടില്‍ നടക്കുന്നത്. അക്ഷയയ്ക്ക് 10 മുതല്‍ 25 രൂപ നല്‍കി ക്യൂ നിന്നാണ് പാവങ്ങള്‍ അപേക്ഷിച്ചത്. എന്നിട്ടിപ്പോള്‍ ഫോട്ടോയ്ക്കായി ഓടുന്നു.
ഇതിന്റെ നിജസ്ഥിതി പൊതുജനത്തെ അറിയിക്കാനായി മലയാളിവാര്‍ത്ത തെരഞ്ഞെടുപ്പ് ഓഫീസറുമായി ബന്ധപ്പെട്ടു. അപ്പോഴാണ് അദ്ദേഹം ഉള്ള സത്യം തുറന്ന് പറയുന്നത്. ഓണ്‍ലൈനില്‍ അപേക്ഷിച്ചവരില്‍ നിന്നും ഒരു കാരണവശാലും ഫോട്ടോ വാങ്ങരുതെന്ന് അദ്ദേഹം കര്‍ശന നിര്‍ദ്ദേശം ട്രെയിനിംഗ് സമയത്ത് നല്‍കിയിരുന്നു. ഫോട്ടോ അപ് ലോഡ് ചെയ്യാത്തവരോ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ നല്‍കിയവരോ മാത്രം ഫോട്ടോ നല്‍കിയാല്‍ മതിയാകും. ബിഎല്‍ഒ വരുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത 20 അക്ക നമ്പര്‍ നല്‍കിയാല്‍ മതിയാകും. അല്ലെങ്കില്‍ അക്ഷയയില്‍ നിന്നും കിട്ടിയ രസീത് കാണിച്ചാലും മതിയാകും. ഒപ്പം നമ്മള്‍ നല്‍കിയ വിവരങ്ങള്‍ സ്ഥിരീകരിക്കാനായി ആധാറിന്റെയും ഐഡി കാര്‍ഡിന്റെയും ഫോട്ടോ കോപ്പി നല്‍കണം. അല്ലാതെ ഒരു കാരണവശാലും ഫോട്ടോ നല്‍കേണ്ടതില്ല.
അതിനാല്‍ ആരും ഫോട്ടോ നല്‍കരുത്. അവരുടെ സൗകര്യത്തിനായി നമ്മള്‍ ബലിയാടാകേണ്ട കാര്യമില്ല.
ഇക്കാര്യം നിങ്ങളുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും ഉടന്‍ തന്നെ അറിയിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha