കോഴയില്‍ മുങ്ങുന്ന കേരളം: ബാറുകളുടെ കൊള്ളലാഭം വ്യാജമദ്യത്തിലോ?

അഴിമതി ആരോപണങ്ങള്‍ക്കു പിന്നിലെ രാഷ്ട്രീയ തട്ടിപ്പുകള്‍ തുറന്നു കാട്ടുകയാണ് അഡ്വ. ജോണ്‍സണ്‍ മനയാനി. കഴിഞ്ഞ 35 വര്‍ഷമായി കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തുവരുന്ന അഡ്വ. ജോണ്‍സണ്‍ മനയാനിയുടെ കോഴയില്‍ മുങ്ങുന്ന കേരളം എന്ന പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങള്‍ പരമ്പരയായി മലയാളിവാര്‍ത്തയില്‍ പ്രസിദ്ധീകരിച്ച് വരികയാണ്. പരമ്പരയുടെ ഇരുപത്തിമൂന്നാം ഭാഗമാണിത്.
കേരളത്തിലെ ബാറുകളുടെ ലാഭത്തെപ്പറ്റി സര്‍ക്കാര്‍ രേഖകളുടെയും ബാര്‍ ഹോട്ടല്‍ ഉടമകള്‍ പുറത്തുവിട്ട രേഖകളുടെയും അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തില്‍ വ്യാജമദ്യം വില്ക്കാതെ കേരളത്തിലെ ബാറുകള്‍ക്ക് പിടിച്ചുനില്ക്കാനാവില്ല എന്നു തെളിയുന്നു. ബാറുകള്‍ നിലനിര്‍ത്താന്‍ മന്ത്രിമാര്‍ക്കും രാഷ്ട്രീയനേതാക്കള്‍ക്കും കോടികള്‍ കോഴ കൊടുത്തെന്നവകാശപ്പെടുന്ന ബാറുകള്‍ പ്രതിവര്‍ഷം 51 ലക്ഷം രൂപ നഷ്ടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നെന്നതിനു കണക്കുകള്‍. അങ്ങനെയെങ്കില്‍ എങ്ങനെയായിരുന്നു ആ 418 ബാറുടമകള്‍ സംസ്ഥാന ഭരണനേതൃത്വത്തെയും പ്രതിപക്ഷരാഷ്ട്രീയപാര്‍ട്ടികളെയും വിലയ്ക്കുവാങ്ങാനുള്ള പണമുള്ള സ്വാധീനമുള്ള ലോബിയായി മാറിയത്.
വ്യാജമദ്യവില്പന നടത്താതെ പൂട്ടിയ 418 ബാറുകളില്‍ ഒന്നിനുപോലും പ്രവര്‍ത്തിക്കാനാവില്ല എന്ന് സര്‍ക്കാര്‍ കണക്കുകള്‍തന്നെ വ്യക്തമാക്കുന്നു. 5/10/2014-ല്‍ ബിവറേജസ് കോര്‍പറേഷന്‍ ഹൈക്കോടതിയില്‍ നല്കിയ കണക്കില്‍ 2013 ഏപ്രില്‍-ആഗസ്റ്റ്മാസങ്ങളില്‍ കോര്‍പറേഷന്‍ വെയര്‍ഹൗസുകളില്‍നിന്ന് 32.21 ലക്ഷം കെയ്‌സ് വിദേശമദ്യം വിറ്റിരുന്നു. 418 ബാറുകള്‍ പൂട്ടിയ 2014 ഏപ്രില്‍-ആഗസ്റ്റ് മാസങ്ങളില്‍ വിറ്റ വിദേശമദ്യം 24.97 ലക്ഷം കെയ്‌സ് മാത്രം.
ചുരുക്കത്തില്‍ അടച്ചുപൂട്ടിയ 418 ബാറുകളിലൂടെ 2013 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ്‌വരെ വിറ്റ വിദേശമദ്യം (32.21-24.97) = 7.24 ലക്ഷം കെയ്‌സ് മദ്യമായിരുന്നു എന്നു കണക്കാക്കാം. കാരണം ബാറുകള്‍ വിദേശമദ്യം എടുക്കുന്നത് ബിവറേജസ് കോര്‍പറേഷന്റെ വെയര്‍ഹൗസുകളില്‍നിന്നാണ്.
കണ്‍സ്യൂമര്‍ ഫെഡിന്റെ വിദേശ മദ്യശാലകള്‍ ഒന്നുപോലും പൂട്ടാതെ നിലനിന്നതിനാല്‍ വില്പനയില്‍ കുറവുണ്ടായ വിദേശമദ്യം പൂട്ടിയ 418 ബാറുടമകള്‍ വാങ്ങിയതാണെന്നു വ്യക്തം. 7.24 ലക്ഷം കെയ്‌സ് എന്നാല്‍ 7.24 ഃ 9 ലിറ്റര്‍ = 65.16 ലക്ഷം ലിറ്റര്‍ വിദേശമദ്യം. 65.16 ലക്ഷം ലിറ്റര്‍ വിദേശമദ്യം 418 ബാറുകള്‍ വിറ്റു എന്നു കണക്കാക്കിയാല്‍ ഓരോ ബാറിലെയും ശരാശരി വില്പന 15588 ലിറ്റര്‍ മാത്രം. ഏപ്രില്‍-ഓഗസ്റ്റിലെ കണക്ക് വാര്‍ഷിക കണക്കാക്കിയാല്‍ വാര്‍ഷിക മദ്യവില്പന ബാര്‍ ഒന്നിന് 15558/5 ഃ 12 = 37412 ലിറ്റര്‍. പരമാവധി 40,000 ലിറ്റര്‍ വിദേശമദ്യം.
ഒരു ലിറ്ററില്‍ (ഒരു കുപ്പി) 250 രൂപ ബാറുടമ ലാഭമായി വിലകൂട്ടി വിറ്റാലും പരമാവധി കിട്ടാവുന്ന ലാഭം 80 ലക്ഷം രൂപ. അതില്‍ 23 ലക്ഷം രൂപ ബാര്‍ ലൈസന്‍സ് ഫീ. പിന്നെ 418 ബാറുകളിലായി 24787 തൊഴില്‍ നഷ്ടപ്പെട്ടതായി മുഖ്യമന്ത്രി 23/12/2014-ല്‍ വെളിപ്പെടുത്തിയിരുന്നു. പ്രതിദിനം 500 രൂപയായിരുന്നു ബാറുകളിലെ ഏറ്റവും കുറഞ്ഞ ശമ്പളം. ഒരു ബാറില്‍ ശരാശരി 60 ജീവനക്കാര്‍. ശമ്പളയിനത്തില്‍തന്നെ പ്രതിമാസം 9 ലക്ഷം രൂപ ചിലവ്. വാര്‍ഷിക ശമ്പളചിലവ് 108 ലക്ഷം രൂപ. കെട്ടിടത്തിന്റെയും സ്ഥലത്തിന്റെയും മുതല്‍മുടക്കോ ബാറുടമയുടെ ലാഭമോ കറണ്ടുചാര്‍ജ്ജോ ഒന്നും കണക്കാക്കാതെതന്നെ ബാര്‍ ലൈസന്‍സുഫീസും ശമ്പളചിലവും മാത്രമായി ഒരു ബാറുടമയ്ക്ക് പ്രതിവര്‍ഷം 131 ലക്ഷം ചിലവ്. കിമ്പളവും കൈക്കൂലിയും കോഴപണവും ഒന്നും കണക്കാക്കാതെയുള്ള കണക്കാണിത്.
സര്‍ക്കാര്‍ നല്കിയ വിദേശമദ്യത്തില്‍നിന്നും ലഭിക്കാവുന്ന വരുമാനം 80 ലക്ഷം മാത്രം. അങ്ങനെയെങ്കില്‍ ഓരോ ബാറുടമയും ഓരോ വര്‍ഷവും 51 ലക്ഷം രൂപ നഷ്ടത്തിലാണ് ബാറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.
ഈ കണക്കുകള്‍ മറ്റൊരു വിഷയത്തിലേക്ക് വിരല്‍ചൂണ്ടുന്നു. ബാറുകളില്‍ വിറ്റൊഴിയുന്ന വ്യാജമദ്യം. 2012-ലെ കണക്കനുസരിച്ച് ഒരു കുപ്പി മക്‌ഡെവല്‍ ബ്രാന്‍ഡിക്ക് മദ്യനിര്‍മ്മാണ കമ്പനികള്‍ക്ക് (ഡിസ്റ്റിലറീസ്) 116 രൂപ സര്‍ക്കാര്‍ നല്‍കുമ്പോള്‍ സര്‍ക്കാര്‍ അത് കുടിയന്‍മാര്‍ക്ക് ബിവറേജസ് ഔട്ട് ലെറ്റുകളിലടെ വില്‍ക്കുന്നത് 725 രൂപയ്ക്കായിരുന്നു. സര്‍ക്കാര്‍ ലാഭം ഒരു ലിറ്റര്‍ വിദേശമദ്യത്തില്‍ 609 രൂപ. (ഖണ്ഡിക 72-78) ബിവറേജസ് കോര്‍പ്പറേഷനുകളില്‍നിന്നും വാങ്ങി മദ്യം ബാറുകളിലൂടെ വില്‍പ്പന നടത്തി ബാറുകള്‍ ലാഭകരമാകില്ല എന്നു കണക്കുകളുടെ അടിസ്ഥാനത്തില്‍ വ്യക്തമാകുമ്പോള്‍ \'നമ്പര്‍ ടൂ\' എന്ന വ്യാജന്‍ ഒരു ലിറ്റര്‍ വിറ്റാല്‍ കിട്ടുന്ന ലാഭം ലിറ്ററൊന്നിന് 605 രൂപാവരെ.
ഇതിനെയാണ് സുധീരന്‍ എതിര്‍ക്കുന്നത് (ഖണ്ഡിക 283) ഈ കള്ളക്കളി അറിയാത്ത രാഷ്ട്രീയക്കാരോ ഉദ്യോഗസ്ഥരോ കേരളത്തിലില്ല. അങ്ങനെ നോക്കുമ്പോള്‍ ബാര്‍ കോഴ കുംഭകോണത്തില്‍ കോടികളുടെ കണക്കുകള്‍ വെളിപ്പെടുത്തി അവ സി.ഡി.യായും ന്യൂസ് ചാനല്‍ ചര്‍ച്ചയായും വെളിപ്പെടുത്തിയവരൊക്കെ ബാര്‍ കോഴ കേസില്‍ പ്രതികളാകും. അങ്ങനെയുള്ള ഒരാളെയും സര്‍ക്കാരിനോ വിജിലന്‍സിനോ മാപ്പുസാക്ഷിയാക്കാന്‍ സാധിക്കില്ല. എന്നുമാത്രമല്ല \'ഭീഷണിപ്പെടുത്തി കോഴവാങ്ങി\' എന്ന തന്ത്രവും വിജയിക്കില്ല. കേന്ദ്ര ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടേറ്റും ബാറുകളുടെ ലാഭനഷ്ടക്കണക്കില്‍ ഇടപെടേണ്ടിവരും.
സംസ്ഥാനത്തെ ബാറുകള്‍ ലാഭകരമായി നിലനിര്‍ത്താന്‍ നിയമവിരുദ്ധ കാര്യങ്ങള്‍ ചെയ്യണമെന്ന് പൊതുവായി തെളിയിക്കപ്പെട്ട സ്ഥിതിയില്‍ നിലവാരമില്ലാത്ത 418 ബാറുകളെ സംബന്ധിച്ച് അക്കൗണ്ടന്റ് ജനറലിനെയും 2014-ല്‍ സുപ്രീം കോടതിയുടെയുടെയും 2014-ല്‍ തന്നെ ജസ്റ്റീസ് രാമചന്ദ്രന്റെയും ആധികാരികരേഖകളുടെ അടിസ്ഥാനത്തില്‍ നിലവാരമില്ലാത്ത 418 ബാറുടമകളുടെ വെളിപ്പെടുത്തലുകള്‍ ഒരു സാക്ഷിമൊഴിയായി നിഷ്പക്ഷമായി സ്വീകരിക്കാന്‍ സാധിക്കില്ല. ഒരു കാരണവശാലും ഇങ്ങനെ നിലവാരമില്ലാത്ത 418 ബാറുകള്‍ നടത്തിയ ബാറുടമകളില്‍ ഒരാളെപ്പോലും ബാര്‍ കോഴ കാര്യത്തില്‍ മാപ്പുസാക്ഷിയാക്കാനും സാധിക്കില്ല.
ഇക്കാരണങ്ങളാല്‍തന്നെ ബാര്‍ കോഴ വിവാദത്തില്‍ പണം നല്‍കിയവരും അതിനായി കൂട്ടുനിന്നവരും അഴിമതിക്കേസില്‍ കൂട്ടുപ്രതിയാകണം. കോഴ/അഴിമതി കേസില്‍ അവര്‍ കുറ്റക്കാരല്ല എന്നു നിശ്ചയിക്കേണ്ടത് പോലീസ് അന്വേഷണസംഘമോ വിജിലന്‍സോ സര്‍ക്കാരോ അല്ല. മരിച്ച് അഴിമതികേസ് പരിഗണിക്കുന്ന കോടതി മാത്രമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha