വിഎസ് അച്യുതാനന്ദന്റെ വീട്ടില്‍ ലക്ഷക്കണക്കിന് വിലയുള്ള വെള്ളിമൂങ്ങ

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ ഔദ്യോഗിക വസതിയായ കണ്ടോല്‍മെന്റ് ഹൗസില്‍ ഇന്നൊരു അഥിതി എത്തിയത് കൗതുക കാഴ്‌ചയായി. വിഎസ് പത്രം വായിച്ചു കൊണ്ടിരിക്കുന്ന സമയം. പുറത്ത് പക്ഷികളുടെ ഒരു ബഹളം. എന്താണ് കാര്യമെന്നറിയാന്‍ നോക്കിയപ്പോള്‍ അതാ ഒരു പക്ഷിയെ കാക്ക ഓടിച്ച് കൊണ്ടുവരുന്നു. ഉടന്‍ തന്നെ കണ്ടോല്‍മെന്റ് ഹൗസിലെ ജീവനക്കാരും പോലീസും ഇടപെട്ടു. കാക്കയെ ഓടിച്ചു. കണ്ണു കാണാതെ ആ പക്ഷി താഴെ വന്നു വീണു. നോക്കിയപ്പോള്‍ കാണാന്‍ അതീവ സുന്ദരിയായ ഒരു വെള്ളിമൂങ്ങ. ജീവനക്കാര്‍ വെള്ളി മൂങ്ങയെ രക്ഷിച്ച് ഒരു ബക്കറ്റിലാക്കി.
കേട്ടിട്ടുമാത്രമുള്ള വെള്ളിമൂങ്ങയെ അടുത്തുകാണാന്‍ ജീവനക്കാര്‍ വീട്ടുകാരും ചുറ്റും കൂടി.
ഇതിനിടയ്‌ക്ക് ചിലര്‍ വെള്ളിമൂങ്ങയെപ്പറ്റി വാചാലരായി.
നല്ല കാഴ്‌ച ശക്തിയും അസാമാന്യ കേള്‍വിശക്തിയുമുള്ള പക്ഷിയാണ് വെള്ളിമൂങ്ങ. മുഖം ഹൃദയത്തിന്റെ ആകൃതിയിലാണ്. മുഖവും ശരീരത്തിന്റെ അടിഭാഗവും വെള്ള അഥവാ വെള്ളി നിറമാണ് ഉള്ളത്. അതിനാല്‍ ഇതിനെ വെള്ളിമൂങ്ങ എന്നറിയപ്പെടുന്നു. ലോകം ഒട്ടുക്കും ഇന്ന് വെള്ളിമൂങ്ങയ്‌ക്ക് വന്‍ ഡിമാന്റാണ്.
പുരാതന കാലം മുതലേ വെള്ളിമൂങ്ങയ്‌ക്ക് അത്ഭുത സിദ്ധി കല്‍പ്പിച്ചിട്ടുണ്ട്. ലോകമൊട്ടുക്കുമുള്ള മന്ത്രവാദ കഥകളിലും ഈ വെള്ളിമൂങ്ങയുണ്ട്. എന്തിന് നമ്മുടെ ഹാരിപോര്‍ട്ടര്‍ നോവലിലും സിനിമയിലും വരെ വെള്ളിമൂങ്ങയാണ് താരം.
വെള്ളിമൂങ്ങ ഐശ്വര്യത്തിനും സമ്പത്തിനും കാരണമായും കണക്കാക്കുന്നു. ഇണയുമായി നന്നായി ജീവിക്കുന്നതിനാല്‍ വെള്ളിമൂങ്ങയെ വളര്‍ത്തിയാല്‍ മികച്ച ദാമ്പത്യമുണ്ടാകുമെന്നാണ് വിശ്വാസം. മാത്രമല്ല വെള്ളിമൂങ്ങ കുഷ്‌ഠം തുടങ്ങിയ മാരകരോഗങ്ങള്‍ക്കും ലൈംഗികാരോഗ്യത്തിനും ഉത്തമമാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്.
ഇതിനെക്കാളുപരി വെള്ളിമൂങ്ങയെ വീട്ടില്‍ വളത്തിയാല്‍ ധനം വന്നുചേരുമെന്നും വിശ്വാസമുണ്ട്. ഈയൊരു വിശ്വാസത്താല്‍ ഗള്‍ഫിലും യൂറോപ്പിലും ധാരാളമാള്‍ക്കാര്‍ വെള്ളിമൂങ്ങയെ വളര്‍ത്തുന്നുണ്ട്.
മന്ത്രവാദത്തിനും ദുര്‍മന്ത്രവാദത്തിനും വെള്ളിമൂങ്ങയെ ഉപയോഗിക്കുന്നുമുണ്ട്.
ഇത്രയേറെ ഡിമാന്റുള്ളതിനാല്‍ ഒരു വെള്ളിമൂങ്ങയുടെ വില ഏറ്റവും കുറഞ്ഞത് 1 ലക്ഷമാണ്. വലുതിന് 10 ലക്ഷം വരെവരും. അങ്ങനെയാണ് വെള്ളിമൂങ്ങ ഇവിടന്ന് കള്ളക്കടത്തിലൂടെ അയക്കാന്‍ തുടങ്ങിയത്.
വിദേശരാജ്യങ്ങളില്‍ ഇത് വളര്‍ത്തുന്നുണ്ടെങ്കിലും ഇവിടെ വെള്ളി മൂങ്ങയെ വളര്‍ത്തുന്നത് കുറ്റകരമാണ്. അപൂര്‍വയിനം പക്ഷിയായ ഈ വെള്ളിമൂങ്ങകള്‍ നശിച്ച് കൊണ്ടിരിക്കുകയാണ്. ഇവയെ നിലനിര്‍ത്തുന്നതിന് നിയമവുമുണ്ട്. അനധികൃതമായി വെള്ളിമൂങ്ങയെ കൈവശം വച്ചിരുന്നാല്‍ 6 മാസം തടവും പിഴയുമാണ് ശിക്ഷ.
പകല്‍ സമയം ഇവയ്‌ക്ക് കണ്ണ് കാണാന്‍ പറ്റില്ല. അങ്ങനെയാണ് കാക്കയോടിച്ച് വെള്ളിമൂങ്ങകള്‍ പലവീടുകളിലും എത്തുന്നത്. അതുപോലെയാണ് വിഎസിന്റെ വീട്ടിലും വെള്ളിമൂങ്ങ എത്തിയത്.
ആരോരുമില്ലാത്തവര്‍ക്ക് എന്നും അഭയമായ വിഎസ് അങ്ങനെ വെള്ളി മൂങ്ങയുടെ കാര്യത്തിലും ഇടപെട്ടു. ഉടന്‍തന്നെ വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി വെള്ളിമൂങ്ങയെ ഏറ്റെടുത്തു. അവസാനം ഉദ്യോഗസ്ഥര്‍ വെള്ളിമൂങ്ങയെ മ്യൂസിയത്തില്‍ ഏല്‍പ്പിച്ചു.
എന്തായാലും സ്വതവേ ഗൗരവമുള്ള കണ്ടോല്‍മെന്റ് ഹൗസില്‍ വെള്ളിമൂങ്ങയെത്തിയത് എല്ലാവര്‍ക്കും ഒരു തമാശയായി, ഒപ്പം കൗതുകവും. വെള്ളിമൂങ്ങ വന്നതോടെ വിഎസിന് വീണ്ടും നല്ലകാലം വന്നോ എന്തോ?
മറ്റ് പത്രക്കാര്‍ അറിയാതെ പോയ ഒരു വാര്‍ത്തയാണ് ഇത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha