ഫേസ് ബുക്ക്: ജയില്‍മേധാവി തെറിക്കും?

ടി. പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഫേസ് ബുക്കില്‍ നിറഞ്ഞ സംഭവം ജയില്‍ വകുപ്പ് മേധാവിയുടെ ചില പരിഷ്‌ക്കാരങ്ങളുടെ ഫലമാണെന്ന് വിലയിരുത്തല്‍. ജയില്‍വകുപ്പിന്റെ ചുമതല അഡീഷണല്‍ ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബിനാണ്. സംസ്ഥാനത്തെ ജയിലുകളില്‍ ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കാനുള്ള തീരുമാനമാണ് തടവുകാരെ വഴിതെറ്റിച്ചതെന്നാണ് പോലീസിലെ ഉന്നതരുടെ കണക്കുകൂട്ടല്‍. ആഭ്യന്തരമന്ത്രിക്കും ഇക്കാര്യത്തില്‍ നീരസമുണ്ട്.
ജയിലില്‍ നിന്നും കുറഞ്ഞ ചെലവില്‍ ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കി വിപണനം നടത്താനുള്ള ജയില്‍ മേധാവിയുടെ തീരുമാനത്തിന് സര്‍ക്കാര്‍ അംഗീകാരം ഉണ്ടായിരുന്നെങ്കിലും ജയിലുകളില്‍ നിലനിന്നിരുന്ന അച്ചടക്കത്തിന് ഇത് ഭംഗം വരുത്തിയതായാണ് പൊതുവെയുള്ള വിലയിരുത്തല്‍. ജയിലുകളില്‍ നിന്നുള്ള ഭക്ഷണത്തിന് സംസ്ഥാനത്ത് വലിയ വില്‍പ്പനയുണ്ട്.
സര്‍ക്കാരിന് പണമുണ്ടാക്കി കൊടുക്കാനുള്ള ഫാക്‌ടറിയല്ല ജയില്‍ എന്നാണ് ഒരു ഉന്നത പോലീസുദ്യോഗസ്ഥന്‍ ‘മലയാളി വാര്‍ത്ത’യോട് പറഞ്ഞത്. എന്നാല്‍ തടവുകാര്‍ക്ക് മാനസാന്തരമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം ചില പരിഷ്‌ക്കാരങ്ങള്‍ പരീക്ഷിച്ചതെന്ന് ജയില്‍ ഡി.ജി.പി ഡോ. അലക്‌സാണ്ടര്‍ ജേക്കബ് പറയുന്നു.
ഭക്ഷണസാധനങ്ങളുടെ നിര്‍മ്മാണം തുടങ്ങിയതോടെ തടവുകാര്‍ സ്വതന്ത്രരായി അടുക്കളയിലും മറ്റും വിഹരിക്കുന്നു. ഇതിനിടയില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ വഴി ലഭിക്കുന്ന മൊബൈല്‍ ഫോണും കമ്പ്യൂട്ടറും ഉപയോഗിക്കുന്നു. മലബാറിലെ ചില ജയിലുകളില്‍ കഴിയുന്നവര്‍ എല്ലാ ദിവസവും വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും വിളിക്കാറുണ്ട്.
ജയിലില്‍ ഉയര്‍ന്ന നിലവാരമുള്ള ഭക്ഷണമാണ് നല്‍കി വരുന്നത്. ചെയ്‌ത തെറ്റില്‍ പശ്ചാത്തപിക്കുന്നതിനു പകരം സുഖജീവിതമാണ് തടവുകാര്‍ അനുഭവിക്കുന്നത്. ഏകാന്തമായിരുന്ന് പശ്ചാത്തപിക്കാന്‍ അവര്‍ക്ക് നേരമില്ല. അലക്കൊഴിഞ്ഞിട്ട് കാശിക്ക് പോകാന്‍ നേരമില്ലെന്ന മട്ടിലാണ് തടവുകാര്‍.
മലബാറിലെ ജയിലുകളിലുള്ള ഉദ്യോഗസ്ഥര്‍ സി.പി.എം അനുഭാവികളാണ്. അവര്‍ സി.പി.എം തടവുകാര്‍ക്ക് ഇഷ്‌ടാനുസരണം പെരുമാറാനുള്ള സാഹചര്യം ഒരുക്കി കൊടുക്കുന്നു. ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ മേലുദ്യോഗസ്ഥര്‍ ശ്രമിക്കാറില്ല. സി.പി.എമ്മിന്റെ ജില്ലാകമ്മിറ്റികളാണ് മലബാറിലെ ജയിലുകള്‍ ഭരിക്കുന്നത്.
ജയില്‍വകുപ്പ് മേധാവിക്ക് ഇത്തരം ഭരണപരമായ കാര്യങ്ങളില്‍ താല്‌പര്യമില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഫലത്തില്‍ പ്രതിയാകുന്നത് ഭരണകൂടമാണ്. തടവുകാര്‍ക്കെതിരെ ശബ്‌ദമുയര്‍ത്തിയാല്‍ അവര്‍ മനുഷ്യാവകാശകമ്മീഷന് പരാതിയയക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
https://www.facebook.com/Malayalivartha