നാഡീസംബന്ധ രോഗങ്ങളെ തിരിച്ചറിയുക

നാഡീ വ്യവസ്ഥയിലുണ്ടാകുന്ന തകരാറുകള്‍ ശാരീരിക പ്രവര്‍ത്തനങ്ങളെ തകിടം മറിക്കും. ഇത്തരം തകരാറുകള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുന്നതാണ്. അതിനാല്‍ നാഡീസംബന്ധമായ പ്രശ്‌നങ്ങളുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ പരിശോധനയും അടിയന്തിര ചികിത്സയും നടത്തണം.
ശരീരത്തിലെ മുഴുവന്‍ ചലനങ്ങളെയും നിയന്ത്രിക്കുന്നത് നാഡീവ്യവസ്ഥയാണ്. ഇത് അത്യന്തം സങ്കീര്‍ണമാണ്. ബുദ്ധിവികാസങ്ങള്‍, വികാരപ്രകടനങ്ങള്‍, ആശയവിനിമയം, ഓര്‍മ്മ എന്നിങ്ങനെ മനുഷ്യന് നിത്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഇടപെടുന്നത് നാഡീവ്യവസ്ഥയാണ്. മനസ് അറിയാതെ ചെയ്തുപോകുന്ന പ്രവൃത്തികളെ പോലും നിയന്ത്രിക്കുന്നത് നാഡീവ്യവസ്ഥയാണ്. ഉറക്കം, ശ്വസനം, ഹൃദയമിടിപ്പ്, കുടലിലെ ചലനങ്ങള്‍ എന്നിവ ഇതിന് ഉദാഹരണമാണ്. മനുഷ്യ ശരീരത്തിലെ നാഡീവ്യൂഹത്തെ പ്രധാനമായും രണ്ടായി തിരിച്ചിരിക്കുന്നു.
മസ്തിഷ്‌കവും സുഷുമ്‌നാ നാഡിയും ചേര്‍ന്ന കേന്ദ്ര നാഡീവ്യവസ്ഥ (സെന്‍ട്രല്‍ നേര്‍വസ് സിസ്റ്റം) യും പ്രാന്തനാഡീവ്യവസ്ഥ (പെരിഫറല്‍ നേര്‍വസ് സിസ്റ്റം) യും. നാഡീ വ്യവസ്ഥയിലുണ്ടാകുന്ന തകരാറുകള്‍ ശാരീരിക പ്രവര്‍ത്തനങ്ങളെ തകിടം മറിക്കും.ഇത്തരം തകരാറുകള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുന്നതാണ്. അതിനാല്‍ നാഡീസംബന്ധമായ പ്രശ്‌നങ്ങളുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍തന്നെ പരിശോധനയും അടിയന്തിര ചികിത്സയും നടത്തണം.
മസ്തിഷ്‌ക്കാഘാതം
തലച്ചോറിന്റെ ഒരു പ്രത്യേക ഭാഗത്തെ പ്രവര്‍ത്തനം പെട്ടെന്നു നിലയ്ക്കുകയോ, ഭാഗികമായി നാശം സംഭവിക്കുകയോ ചെയ്യുന്ന രോഗാവസ്ഥയാണ് മസ്തിഷ്‌ക്കാഘാതം അഥവാ സ്‌ട്രോക്ക്. ഏതെങ്കിലും കാരണവശാല്‍ കോശങ്ങള്‍ക്ക് ഓക്‌സിജന്‍ ലഭിക്കാതെ വന്നാല്‍ കോശങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലാവുകയും അവ നശിച്ചുപോവുകയും ചെയ്യുന്നു. തലച്ചോറിലെ ഏതു ഭാഗത്തെ കോശങ്ങള്‍ക്കാണോ ഇത്തരത്തില്‍ നാശമുണ്ടാകുന്നത് ആ ഭാഗം നിയന്ത്രിക്കുന്ന ശാരീരിക പ്രവര്‍ത്തനങ്ങളും നിലയ്ക്കുന്നു.
ഒരിക്കല്‍ നശിച്ചാല്‍ പിന്നീട് ഉണ്ടാകാന്‍ സാധ്യതയില്ലാത്തതാണ് തലച്ചോറിലെ കോശങ്ങള്‍. ഇത് സ്‌ട്രോക്കിന്റെ അപകട സാധ്യത വര്‍ധിപ്പിക്കുന്നു.
തലച്ചോറിലെ കോശങ്ങളിലേക്ക് രക്തമെത്തിക്കുന്ന ധമനികില്‍ കൊഴുപ്പടിഞ്ഞ് അവ അടഞ്ഞുപോവുക, ധമനികളില്‍ രക്തക്കട്ടവന്ന് തടഞ്ഞ് രക്തപ്രവാഹം നിന്നുപോവുക, ധമനികളള്‍ വീര്‍ത്ത് പൊട്ടി മസ്തിഷ്‌കത്തില്‍ രക്തസ്രാവമുണ്ടാവുക എന്നീ കാരണങ്ങള്‍കൊണ്ട് സ്‌ട്രോക്ക് ഉണ്ടാകാം.ഇതില്‍ സാധാരണയായി കണ്ടുവരുന്നത് തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന ധമനികളില്‍ രക്തക്കട്ട വന്ന് അടിയുന്നതാണ്. ഏറ്റവും ഗുരുതരമായി കാണപ്പെടുന്നതും ഇതാണ്. പ്രധാനമായും രണ്ടു രീതിയിലാണ് സ്‌ട്രോക്ക് ഉണ്ടാകുന്നത്.
തലച്ചോറിലേക്കുള്ള രക്തധമനികളില്‍ തടസമുണ്ടായി തലച്ചോറില്‍ രക്തയോട്ടം താല്‍ക്കാലികമായി നിലയ്ക്കുന്നതിന്റെ ഫലമായുണ്ടാകുന്ന ഇസ്‌കീമിക് സ്‌ട്രോക്കും അമിത രക്തസമ്മര്‍ദം മൂലം രക്തധമനികള്‍ പൊട്ടി മസ്തിഷ്‌കത്തില്‍ രക്തസ്രാവമുണ്ടാകുന്നതിനെത്തുടര്‍ന്നുള്ള ഹെമ റാജിക് സ്‌ട്രോക്കും. ഇവ രണ്ടായാലും തലച്ചോറിലെ കോശങ്ങള്‍ക്ക് നാശം സംഭവിക്കും.
മസ്തിഷ്‌കത്തില്‍ എവിടെയും സ്‌ടോക്ക് ഉണ്ടാകാം. വലതുപകുതിയിലാണെങ്കില്‍ ശരീരത്തിന്റെ ഇടതു ഭാഗത്തെ ബാധിക്കും. ഇതിനെ ഇടത് ഹെമീപ്ലീജിയ എന്നുപറയുന്നു. ഇടതുഭാഗത്തുണ്ടാകുന്ന സ്‌ട്രോക്ക് വലതു ഭാഗത്തെയും ബാധിക്കും. ഇതിനെ വലത് ഹെമിപ്ലീജിയ എന്നു പറയുന്നു.
തലച്ചോറിന്റെ പിന്‍ ഭാഗമായ സെറിബല്ലത്തിലും സ്‌ട്രോക്ക് ഉണ്ടാകാറുണ്ട്. തലച്ചോറിന്റെ ചുവടുഭാഗമായ ബ്രെയിന്‍ സ്‌റ്റെംമിനെ ബാധിക്കുന്ന സ്‌ട്രോക്ക് ഗുരുതരമാകാറുണ്ട്. ശരീരം മുഴുവന്‍ തളര്‍ന്നുപോകാന്‍ ഇത് ഇടയാക്കും.
https://www.facebook.com/Malayalivartha