സ്ത്രീകള്‍ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങളിലൊന്നായ ഹൈപ്പോതൈറോയ്ഡിസം

സ്ത്രീകള്‍ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ പ്രധാനമാണ് ഹൈപ്പോതൈറോയ്ഡിസം. 40 വയസ്സിന് മുകളിലുള്ള സ്ത്രീകളിലാണ് സാധാരണയായി ഇത് കണ്ടുവരുന്നത്. ഗര്‍ഭകാലവുമായി ബന്ധപ്പെട്ടാണ് സ്ത്രീകളില്‍ ഹൈപ്പോതൈറോയ്ഡ് പ്രശ്‌നങ്ങള്‍ പലപ്പോഴും തലപൊക്കുക. തളര്‍ച്ചയും വിഷാദവുമുള്‍പ്പടെയുള്ള ഹൈപ്പോതൈറോയ്ഡ് ലക്ഷണങ്ങളെ ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന അസ്വസ്ഥതകളായാണ് ഭൂരിഭാഗം സ്ത്രീകളും വിലയിരുത്തുക. അതുകൊണ്ടുതന്നെ പലപ്പോഴും രോഗം ശ്രദ്ധിക്കപ്പെടാതെ പോകുകയും ചെയ്യും.
ശരീരത്തിലെ പ്രധാനപ്പെട്ട ഗ്രന്ഥികളിലൊന്നാണ് തൈറോയ്ഡ് ഗ്രന്ഥി. ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളെ മുഴുവന്‍ നിയന്ത്രിക്കുന്നത് തൈറോയ്ഡ് ഹോര്‍മോണിന്റെ ഉല്‍പാദനമാണ് ഇവയുടെ ധര്‍മം. തൈറോക്‌സിന്‍, കാല്‍സിടോണിന്‍ എന്നീ ഹോര്‍മോണുകളാണ് തൈറോയ്ഡ് ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്നത്. ശരീരത്തിനാവശ്യമായ ഊര്‍ജ്ജം ഉല്‍പാദിപ്പിക്കുന്ന ജൈവരാസ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതാണ് തൈറോയ്ഡ് ഹോര്‍മോണിന്റെ പ്രധാനജോലി. ശരീരകോശങ്ങളുടെ വിഘടനയും വളര്‍ച്ചയും നിയന്ത്രിക്കുന്നതും നമുക്ക് ഉന്മേഷവും ഊര്‍ജസ്വലതയും നല്‍കുന്നതും തൈറോയ്ഡ് ഹോര്‍മോണുകളാണ്.
ഇവയുടെ ഉല്‍പാദനത്തില്‍ ഗണ്യമായ കുറവ് വരുമ്പോഴാണ് ഹൈപ്പോതൈറോയ്ഡ് എന്ന അവസ്ഥയുണ്ടാകുന്നത്. ഇങ്ങനെ വരുന്ന സാഹചര്യങ്ങളില്‍ ശരീരത്തിന്റെ മെറ്റാബോളിക് റേറ്റ് കുറഞ്ഞുവരും. തളര്‍ച്ച, വിഷാദം, ശരീരോഷ്മാവിലുണ്ടാകുന്ന കുറവ്, അമിതമായി തടി വക്കുക, ചര്‍മ്മം വരണ്ടു പോകുക, മുടികൊഴിച്ചില്‍, മുഖവും കൈകാലുകളും ചീര്‍ത്തുവരിക, മണവും രുചിയും മനലസ്സിലാകാന്‍ സാധിക്കാതെ വരിക, ഹൃദയമിടിപ്പിലുണ്ടാകുന്ന ഗണ്യമായ കുറവ്, മലബന്ധം, ഓര്‍മ്മക്കുറവ്, ശ്രദ്ധയില്ലായ്മ, പരുപരുത്ത ശബ്ദം, ക്രമം തെറ്റിയും അമിത രക്തസ്രാവത്തോടുകൂടിയും ഉണ്ടാകുന്ന ആര്‍ത്തവം, പേശികളിലെ വേദന, വന്ധ്യത, ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നിവയെല്ലാം ഹൈപ്പോ തൈറോയ്ഡുമായി ബന്ധപ്പെട്ടുണ്ടാകുന്ന ശാരീരിക പ്രയാസങ്ങളാണ്.
ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയാല്‍ ഉടനടി ഡോക്ടറെ കണ്ട് ചികിത്സ തേടാന്‍ മടിക്കരുത്. രക്തപരിശോധനയിലൂടെയും തൈറോയ്ഡ് സ്‌കാനിംഗിലൂടെയും രോഗനിര്‍ണ്ണയം നടത്തി ഹോര്‍മോണ്‍ നില സന്തുലിതമാകുന്നത് വരെ കൃത്രിമ ഹോര്‍മോണ്‍ ഗുളികകള്‍ കഴിക്കേണ്ടതായി വരും. ഇതിന് പുറമേ അയഡിന്റെ കുറവ് നികത്താനാവശ്യമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതിനും ശ്രദ്ധിക്കണം. ഉപ്പ്, കടല്‍മത്സ്യം എന്നിവ അയഡിന്റെ നല്ല സ്രോതസ്സുകളാണ്.
അയഡിന്റെ കുറവുമൂലമുള്ള തൈറോയ്ഡ് രോഗങ്ങള്‍ ഒരു പരിധിവരെ അയഡിന്‍ ചേര്‍ന്ന ഉപ്പ് ഉപയോഗിക്കുന്നതു വഴി തടയാം. കാബേജ്, കോളിഫ്‌ളവര്‍ എന്നീ പച്ചക്കറികള്‍ അമിതമായി കഴിക്കുന്നതും അയഡിന്റെ കുറവിന് കാരണമാവാം. അതുകൊണ്ട് കഴിയുന്നതും അവ ഒഴിവാക്കാന്‍ ശ്രമിക്കണം. ഗര്‍ഭിണികളിലെ അയഡിന്റെ കുറവ് കുട്ടിയുടെ മാനസിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ ലക്ഷണങ്ങളെ ഒരിക്കലും നിസ്സാരമായി തള്ളിക്കളയരുത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha