വിസ്‌മൃതിയുടെ ലോകത്ത് സ്വയം നഷ്‌ടപ്പെട്ട്...

അടുത്ത നാളില്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഒരു പുസ്‌തകമാണു `മിഷേലിന്റെ ഡയറിക്കുറിപ്പുകള്‍.' പുസ്‌തകത്തിന്റെ പേരുപോലെതന്നെ മിഷേല്‍ എന്ന ബ്രിട്ടീഷ് വനിതയുടെ ഡയറിക്കുറിപ്പുകളാണ് ഇപ്രകാരം പുസ്‌തകമാക്കിയത്. അള്‍ഷിമേഴ്‌സ് എന്ന രോഗത്തെക്കുറിച്ചു സാമാന്യജനങ്ങള്‍ക്കു ബോധവത്‌ക്കരണം നല്‌കുന്നു എന്നതാണ് ഈ പുസ്‌തകത്തിന്റെ പ്രാധാന്യം. മിഷേലിന്റെ പിതാവ് ആന്റണിയ്‌ക്ക് അള്‍ഷിമേഴ്‌സ് ബാധിച്ചപ്പോള്‍ തനിക്കും അതിനുള്ള സാധ്യതയുണ്ടെന്നു മനസ്സിലാക്കിയ മിഷേല്‍ സ്വന്തം അനുഭവത്തില്‍ നിന്നും ആ രോഗത്തിന്റെ വിശദവിവരങ്ങളും രോഗബാധിതരെ എങ്ങനെയാണു ശുശ്രൂഷിക്കേണ്ടതെന്നും അവരോടുള്ള പെരുമാറ്റം എങ്ങനെയായിരിക്കണം എന്നും മററും എഴുതിനിറച്ച തന്റെ ഡയറി പക്ഷേ, തന്റെ ഭര്‍ത്താവു സ്റ്റീവിനെ ഏല്‌പിക്കാന്‍ രോഗബാധിതയായ മിഷേലിനു കഴിഞ്ഞില്ല. പിന്നീടു യാദൃശ്ചികമായി ഡയറി കണ്ടെടുത്ത സ്റ്റീവ് അതു പ്രസിദ്ധീകരിക്കുകയായിരുന്നു.
ജര്‍മന്‍കാരനായ അലോയ്‌സ് അള്‍ഷിമാര്‍ എന്ന ഡോക്‌ടറാണ് ഓര്‍മ നശിക്കുന്ന ഈ രോഗത്തെക്കുറിച്ച് ആദ്യമായി ശാസ്‌ത്രീയ നിരീക്ഷണങ്ങള്‍ അവതരിപ്പിച്ചത്. അങ്ങനെയാണ് ഓര്‍മശക്തിയെ പൂര്‍ണമായും നശിപ്പിക്കുന്ന ഡിമന്‍ഷ്യായുടെ സാധാരണ രൂപത്തെ അള്‍ഷിമേഴ്‌സ് എന്നു വിളിക്കാന്‍ തുടങ്ങിയത്. തലച്ചോറിലെ ന്യൂറോണുകളുടെ തുടര്‍ച്ചയായ നാശത്തില്‍ നിന്നാണ് ഈ രോഗം ഉടലെടുക്കുന്നത്. ഓര്‍മ പൂര്‍ണമായും നശിക്കുന്നു എന്നതാണ് അള്‍ഷിമേഴ്‌സിന്റെ പ്രധാന ലക്ഷണം. തന്നെക്കുറിച്ചോ തന്റെ കുടുംബാംഗങ്ങളേക്കുറിച്ചോ തന്റെ ചുറ്റുപാടുകളേക്കുറിച്ചോ സമയത്തേക്കുറിച്ചോ ഒക്കെയുള്ള സകല ധാരണകളും നഷ്‌ടപ്പെടുന്ന രോഗിക്കു തന്റെയോ മറ്റുള്ളവരുടേയോ പ്രവൃത്തികള്‍ പോലും എന്താണെന്നു തിരിച്ചറിയാന്‍ കഴിയുന്നില്ല.
പ്രായമേറിയവര്‍ക്കാണു രോഗസാധ്യത ഏറെയെങ്കിലും നാല്‌പതിനോടടുത്തവരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്. പാരമ്പര്യഘടകങ്ങളും രോഗസാധ്യതയെ ഗണ്യമായ അളവില്‍ സ്വാധീനിക്കുന്നുണ്ടെന്നു പഠനങ്ങളില്‍ നിന്നും തെളിഞ്ഞിട്ടുണ്ട്. കൈകള്‍ക്കു വിറയല്‍, തള്ളവിരല്‍ മറ്റു വിരലുകളുമായി ഉരസിക്കൊണ്ടിരിക്കുക, മുഖത്തെ പേശികള്‍ക്കു മുറുക്കം, തുറിച്ചനോട്ടവും തുറന്ന വായും, നടക്കുമ്പോള്‍ മുമ്പോട്ടു ചായ്‌വ്, ചലനവേഗം കുറയുക, സംസാരവും എഴുത്തും വ്യക്തമല്ലാതിരിക്കുക, നിസാര പ്രവൃത്തികള്‍ പോലും ആയാസമാവുക എന്നതൊക്കെ രോഗലക്ഷണങ്ങളാണ്.
അള്‍ഷിമേഴ്‌സ് ഒരു അസാധാരണ രോഗമാണ്. തനിക്കു രോഗമുണ്ടെന്നു രോഗി അറിയുന്നില്ല എന്നുള്ളതാണ് ഈ രോഗത്തിന്റെ ദയനീയാവസ്ഥ. അതിനാല്‍തന്നെ രോഗി വൈദ്യപരിശോധനയ്‌ക്കു വിധേയനാവുകയോ മരുന്നുകള്‍ കഴിക്കുകയോ ചെയ്യാനിടയില്ല. ഈ രോഗത്തിന്റെ കാര്യത്തില്‍ രോഗിയേക്കാളേറെ അയാളെ പരിചരിക്കുന്നവരേയാണു ബോധവത്‌ക്കരിക്കേണ്ടത്. അള്‍ഷിമേഴ്‌സ് രോഗിയെ പരിചരിക്കുന്നവര്‍ക്ക് അങ്ങേയറ്റം ക്ഷമയും സഹനശീലവും അതിലുപരി പ്രത്യേക പരിശീലനവും ആവശ്യമാണ്.
അള്‍ഷിമേഴ്‌സ് ബാധിച്ച ഒരു വ്യക്തിയുടെ ജീവിതം എത്രമാത്രം താളംതെറ്റുന്നുവെന്നും അത് അയാളുടെ കുടുംബത്തെ എങ്ങനെ ബാധിക്കുന്നു എന്നും `തന്മാത്ര' എന്ന സിനിമയിലൂടെ ബ്ലസി എന്ന സംവിധായകന്‍ സൂക്ഷ്‌മമായി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. നിരവധിരോഗികളുടെ ആശുപത്രിരേഖകള്‍ പരിശോധിക്കുകയും ഈ രോഗത്തേക്കുറിച്ചുള്ള ഗവേഷണപ്രബന്ധങ്ങള്‍ പഠിക്കുകയും രോഗികളുമായി നേരിട്ടിടപഴകുകയും ചെയ്‌തശേഷമാണു താന്‍ ചിത്രം പൂര്‍ത്തിയാക്കിയതെന്ന് അദ്ദേഹം പറയുന്നു. അള്‍ഷിമേഴ്‌സ് ബാധിച്ച ഒരാളെ പരിചരിക്കുക എന്നത് അങ്ങേയറ്റം ദുഷ്‌കരമാണ്. പലപ്പോഴും രോഗിയുടെ ഓര്‍മകള്‍ പൂര്‍ണമായി നഷ്‌ടപ്പെടുകയല്ല ചെയ്യുന്നത്. അവ വിസ്‌മൃതിയിലാണ്ടുപോവുകയാണ്. ശൂന്യമായ മനസ്സിലേക്ക് ഇടയ്‌ക്കിടെ ഓര്‍മകള്‍ അടുക്കും ചിട്ടയുമില്ലാതെ കടന്നുവന്നേക്കാം.
രോഗി സ്ഥലകാലബോധം നഷ്‌ടപ്പെട്ടവണ്ണം പെരുമാറിയേക്കാം. തികച്ചും ബാലിശമായ രീതിയില്‍ രോഗി ശാഠ്യം പിടിച്ചേക്കാം. അസംബന്ധമെന്നു തോന്നുന്ന പെരുമാറ്റങ്ങള്‍ രോഗിയില്‍ നിന്നുണ്ടാകാം. ചിന്താശേഷി നഷ്‌ടപ്പെട്ട് എപ്പോള്‍ എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിലായിരിക്കും രോഗി. ഭക്ഷണം കഴിക്കണമെന്ന തോന്നല്‍ ചിലപ്പോള്‍ ഇല്ലാതായേക്കാം. വയറു നിറയെ ഭക്ഷണം കഴിച്ചാലും മതിയായി എന്ന തോന്നലുണ്ടാകാതെ വീണ്ടും വീണ്ടും ഭക്ഷണം ആവശ്യപ്പെടുകയും കഴിക്കുകയും ചെയ്യുന്ന അവസ്ഥയുമുണ്ട്.
രോഗിയുടെ ഇത്തരം പെരുമാറ്റങ്ങള്‍ മാനസ്സിക തകരാറുകളായി പലപ്പോഴും തെറ്റിധരിക്കപ്പെടാന്‍ ഇടയുണ്ട്. ചിലപ്പോള്‍ ഇത്തരം പെരുമാറ്റവൈകല്യങ്ങള്‍ രോഗിയുടെ ദുശ്ശാഠ്യമോ ധിക്കാരമോ ആയി ചിത്രീകരിക്കപ്പെട്ടേക്കാം. തികച്ചും നിഷ്‌ക്കളങ്കമായ രോഗിയുടെ പെരുമാറ്റം മറ്റുള്ളവര്‍ക്കു തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല. തന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നു തെറ്റിധരിച്ച് ഒരു മകന്‍ തന്റെ പിതാവിനെ മര്‍ദ്ദിച്ചവശനാക്കിയ സംഭവം ബ്ലസി അനുസ്‌മരിക്കുന്നു. അവശനായ പിതാവിനെ ചികിത്സക്കായി ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്‌ടറില്‍ നിന്നാണു പിതാവിന്റെ പെരുമാറ്റ വൈകൃതം രോഗം മൂലമായിരുന്നു എന്നു മകന്‍ മനസ്സിലാക്കുന്നത്. ഇത്തരം തെറ്റിധാരണയാല്‍ പലരും അസ്വഭാവികമായി പെരുമാറുന്ന മാതാപിതാക്കളെ മനോരോഗവിദഗ്‌ധന്റെ അടുത്ത് എത്തിക്കാറുണ്ട്. കിടപ്പുമുറിയിലെ കണ്ണാടിയില്‍ തങ്ങളുടെ പ്രതിബിംബം കണ്ടു തിരിച്ചറിയാനാകാതെ അതു മറ്റാരോ ആണെന്നു ധരിച്ചു ഭാര്യയോടു കലഹിക്കുന്നവര്‍ പോലുമുണ്ടെന്നു ബ്ലസി സാക്ഷ്യപ്പെടുത്തുന്നു.
അള്‍ഷിമേഴ്‌സ് ബാധിച്ചവരെ ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ സാധാരണക്കാരാണെന്നേ തോന്നുകയുള്ളു. പക്ഷേ, ഇവര്‍ക്കു നിസാരകാര്യങ്ങള്‍ പോലും സ്വയം ചെയ്യാനോ ചിന്തിച്ചു പ്രവര്‍ത്തിക്കാനോ കഴിയാറില്ല. ഈ രോഗം ബാധിച്ചവര്‍ അവരുടേതായ ഒരു ലോകത്താണ്. അവര്‍ക്കു ചുറ്റുമുള്ള ലോകത്തേക്കുറിച്ചുള്ള യാതൊരു ധാരണകളുമില്ല. വീട്ടില്‍നിന്നും പുറത്തുപോയാല്‍ തനിയെ തിരിച്ചു വീട്ടിലെത്താന്‍ പോലും ഇവര്‍ക്കു സാധിച്ചെന്നു വരില്ല. വാസ്‌തവത്തില്‍ ഈ രോഗികളുടെ കുടുംബാംഗങ്ങളും അവരുടെ പരിചാങ്ങള്‍ മുഴുവനുമനുഭവിക്കുന്നത്. ഇന്നത്തെ അണുകുടുംബ സംവിധാനത്തില്‍ മുതിര്‍ന്നവര്‍ക്കുണ്ടാകുന്ന ഇത്തരം ദുര്‍ഘടസന്ധികള്‍ പലപ്പോഴും കുടുംബത്തിന്റെ സാമ്പത്തികവും വൈകാരികവുമായ സുസ്ഥിതിയെ പാടേ തകര്‍ത്തുകളയും.
മിക്കപ്പോഴും ഇത്തരം രോഗികളുടെ പരിചരണം യാതൊരു പരിശീലനവും ലഭിക്കാത്ത ഒരു ജോലിക്കാരന്റെ ചുമതലയില്‍ വിട്ടുകൊടുക്കേണ്ടി വരുന്ന അവസ്ഥയാണു മിക്കവാറും കുടുംബങ്ങളില്‍. രോഗിക്കു നല്ല പരിചണം ലഭിക്കാതിരിക്കുന്നതിനാല്‍ സ്ഥിതി കൂടുതല്‍ മോശമാകുന്നതിനും പ്രായാധിക്യം ബാധിച്ച ഈ നിസ്സഹായരുടെ ജീവിതം അങ്ങേറ്റം ദുരിതപൂര്‍ണമാകുന്നതിനും ഇതിടയാക്കുന്നു.
`ഹെല്‍പ്പേജ് ഇന്ത്യ
ഹെല്‍പ്പേജ് ഇന്ത്യ എന്ന സംഘടന `അള്‍ഷിമേഴ്‌സ് ആന്‍ഡ് റിലേറ്റഡ് ഡിസോര്‍ഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യയുമായി ചേര്‍ന്നു നടത്തിയ ഒരു പഠനത്തില്‍ വൃദ്ധസദനങ്ങളില്‍ അള്‍ഷിമേഴ്‌സ് രോഗികളെ പരിചരിക്കുന്നവര്‍ ഒട്ടും തന്നെ പരിശീലനം സിദ്ധിച്ചിട്ടുള്ളവരല്ല എന്നു കണ്ടെത്തുകയുണ്ടായി. കൊച്ചിയില്‍ പതിനാലു വൃദ്ധസദനങ്ങളിലായി 834 അന്തേവാസികളെ പരിശോധിച്ചതില്‍ 204 പേര്‍ ഈ വിസ്‌മൃതിരോഗത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളവരായിരുന്നു. കണ്ണൂരിലെ അഞ്ചു സ്ഥാപനങ്ങളിലായി 166 പേരും കാസര്‍ഗോഡ് ജില്ലയില്‍ 31 പേരും ഇത്തരത്തിലുള്ളവരായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അള്‍ഷിമേഴ്‌സ് രോഗികള്‍ക്കായി പകല്‍ വീടുകള്‍ ഏര്‍പ്പെടുത്താനും അവരെ പരിചരിക്കാനായി പ്രത്യേക പരിശീലനം നല്‌കിയ പരിചാരകരെ ലഭ്യമാക്കാനും പദ്ധതി തയ്യാറാക്കി വരികയാണ്.
സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് ഒരു അള്‍ഷിമേഴ്‌സ് കെയര്‍ സെന്റര്‍ ആരംഭിച്ചിട്ടുണ്ട്. ചെറിയ കുട്ടികളേപ്പോലെ ഇരുപത്തിനാലു മണിക്കൂറും ശ്രദ്ധ ലഭിക്കേണ്ട അള്‍ഷിമേഴ്‌സ് രോഗികള്‍ക്ക് ഇതിനുള്ള സാഹചര്യം എല്ലാ വീടുകളിലും ഉണ്ടായിരിക്കില്ല. ഇപ്രകാരം വീടുകളില്‍ പരിചരണം ലഭിക്കാത്തവര്‍ക്കു നല്ല പരിചരണം നല്‌കാനും പ്രത്യേക പരിശീലനങ്ങളിലൂടെ ആരോഗ്യകരമായ പെരുമാറ്റശൈലികള്‍ രൂപീകരിക്കാനും വേണ്ട സംവിധാനങ്ങള്‍ ഇവിടെയുണ്ട്. സൊസൈറ്റി അംഗങ്ങളുടെ മാതാപിതാക്കളും ബന്ധുക്കളുമായി പന്ത്രണ്ടോളം രോഗികളാണ് ഇപ്പോള്‍ ഇവിടെയുള്ളത്. ഈ സ്ഥാപനത്തിലെ അന്തേവാസികളുടെ ആരോഗ്യസംരക്ഷണം ഏറ്റെടുത്തിരിക്കുന്നതു ശ്രീചിത്രാമെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടാണ്.
മദ്യപാനവും അള്‍ഷിമേഴ്‌സും
പ്രായമായവര്‍ക്കുമാത്രമേ അള്‍ഷിമേഴ്‌സ് ബാധിക്കൂ എന്ന പൊതുധാരണയ്‌ക്കു വിരുദ്ധമായി കടുത്ത മദ്യപാനികളായ ചെറുപ്പക്കാരുടെ ഓര്‍മശക്തി കാര്യമായി കുറയുന്നതായി പഠനങ്ങളില്‍ നിന്നും തെളിഞ്ഞിരിക്കുന്നു. പ്രത്യേകിച്ചും മദ്യത്തിന്റെ ഉപഭോഗത്തില്‍ രാജ്യത്തു മുന്‍പന്തിയില്‍ നില്‌ക്കുന്ന സംസ്ഥാനമായ കേരളത്തില്‍ മദ്യപാനവുമായി ബന്ധപ്പെട്ട സ്‌മൃതിനാശം വന്‍തോതില്‍ വര്‍ധിച്ചുവരികയാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. രാജ്യത്തെ മൊത്തം മദ്യഉപഭോഗത്തിന്റെ 20 ശതമാനവും സംസ്ഥാനത്താണ്. ഇതിന്റെ ഫലമായി 30 വയസ്സുമുതല്‍ പ്രായമുള്ളവരില്‍ ആല്‍ക്കഹോള്‍ ഡിമെന്‍ഷ്യ വ്യാപകമായിട്ടുണ്ട്.
ഒരു വ്യക്തി ദിനംപ്രതി ഉപയോഗിക്കുന്ന മദ്യത്തിന്റെ അളവും തുടര്‍ച്ചയായി എത്രകാലം ഈ അളവില്‍ മദ്യം ഉപയോഗിച്ചിരുന്നു എന്നുള്ളതും മദ്യപാനം മൂലമുണ്ടാകുന്ന രോഗം നിര്‍ണയിക്കുന്നതില്‍ പ്രധാനമാണ്. പത്തു മുതല്‍ ഇരുപതുകൊല്ലം വരെ അമിതമദ്യപാനം നടത്തുന്നവര്‍ക്ക് ഈ രോഗം ബാധിക്കാം. മാത്രമല്ല മനുഷ്യന്റെ പ്രജ്ഞയെ തകരാറിലാക്കുന്ന അമ്‌നെസ്റ്റിക് സിന്‍ഡ്രോം എന്ന അവസ്ഥയിലേക്കും അമിത മദ്യപാനം കൊണ്ടുചെന്നെത്തിക്കും.
കേരളത്തിലെ മധ്യവയസ്‌കരായ ആളുകളില്‍ ഈ അവസ്ഥ വര്‍ധിച്ചുവരുന്നതായി കാണുന്നുണ്ട്. മദ്യം തലച്ചോറിനെ നേരിട്ടു ബാധിക്കുന്നുണ്ട്. തത്‌ഫലമായി തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുന്നു. ദീര്‍ഘനാളത്തെ അമിത മദ്യപാനം തലച്ചോറിലേക്കു വേണ്ടത്ര പോഷകങ്ങള്‍ എത്താതിരിക്കുന്നതു മൂലം മസ്‌തിഷ്‌കകോശങ്ങളുടെ നാശത്തിനു വഴിതെളിക്കുന്നു. ഇവയെല്ലാം ഒരു വ്യക്തിയുടെ സ്വഭാവത്തില്‍തന്നെ മാറ്റങ്ങളുണ്ടാകാന്‍ ഇടയാക്കുന്നു. ആശുപത്രിയിലെത്തുന്ന നൂറുരോഗികളില്‍ ഒരാള്‍ ഇത്തരത്തിലുള്ളതായിരിക്കുമെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. നിരവധി പേര്‍ ആശുപത്രിയിലെത്തിപ്പെടാതെയുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്.
ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം അള്‍ഷിമേഴ്‌സ് രോഗികളുടെ ആഗോള ശരാശരിയായ 20 നേക്കാള്‍ മുകളില്‍ 24 ശതമാനമാണു കോട്ടയം ജില്ലയിലെ രോഗബാധിതരെന്നു പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. അമിത മദ്യപാനവും അതോടൊപ്പം പുകവലിയും ഇതിനു ഹേതുവായിരിക്കാം എന്നാണു കരുതപ്പെടുന്നത്.
https://www.facebook.com/Malayalivartha