നടുവേദനയും പരിഹാരങ്ങളും

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് നട്ടെല്ല്. കശേരുക്കള്‍, ഡിസ്‌കുകള്‍, പേശികള്‍, സ്‌നായുക്കള്‍, ചലനവള്ളികള്‍ തുടങ്ങിയവയാലാണ് നട്ടെല്ല് നിര്‍മിച്ചിരിക്കുന്നത്. നട്ടെല്ലിന്റെ അടിസ്ഥാന ഘടകം 33 കശേരുക്കളാണ്. കശേരുക്കള്‍ തമ്മില്‍ കൂട്ടിയുരയുന്നത് തടയുന്നതും നട്ടെല്ലിന് മുകളിലുള്ള സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതും കശേരുക്കള്‍ക്കിടയിലെ മൃദുഭാഗമായ ഡിസ്‌കുകള്‍ ആണ്. സുഷുമ്‌നാനാടി കടന്നുപോകുന്നത് നട്ടെല്ലിലൂടെയാണ്. മനുഷ്യശരീരത്തിന് ഉറപ്പുനല്‍കുന്നതും കുനിയാനും വളയാനും സഹായിക്കുന്നതും നട്ടെല്ലാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നടുവേദന വരാറുണ്ട്. സ്ത്രീകള്‍ക്കാണ് സാധാരണഗതിയില്‍ നടുവേദന കൂടുതലായി കണ്ടുവരുന്നത്. ഗര്‍ഭകാലം, പ്രസവം, വയര്‍ ചാടല്‍, പേശികളുടെ ബലക്ഷയം, ഇവ സ്ത്രീകളില്‍ നടുവേദന കൂട്ടാറുണ്ട്. അസ്ഥിക്ഷയം പോലുള്ള രോഗങ്ങള്‍ സ്ത്രീകളില്‍ കൂടുതലായതിനാല്‍ ഇതും നടുവേദനയ്ക്ക് കാരണമാകുന്നുണ്ട്. ജന്മനായുള്ള ഘടനാവൈകല്യം, അര്‍ബുദം തുടങ്ങിയ ഗൗരവമുള്ള കാരണങ്ങളാലാണ് കുട്ടികളില്‍ നടുവേദന ഉണ്ടാകുന്നത്. നടുവേദന പലകാരണങ്ങളാല്‍ ഉണ്ടാകാം. എല്ലാ നടുവേദനയും ഗുരുതരമാകുന്നില്ല. നടുഭാഗത്തോ പുറത്തോ വേദന, കുനിയാനും നിവരാനും ബുദ്ധിമുട്ട്, നടുവില്‍ പെട്ടെന്നുണ്ടാകുന്ന വേദന, നില്‍ക്കാനും നടക്കാനും പ്രയാസം, നില്‍ക്കുമ്പോഴും ഇരിക്കുമ്പോഴും വേദന കൂടുക, കാലിന് ബലക്ഷയം തുടങ്ങിയവയാണ് നടുവേദനയ്ക്ക് കാണപ്പെടുന്ന പ്രധാന ലക്ഷണങ്ങള്‍.
നടുവേദനയെ വാതരോഗങ്ങളുടെ കൂട്ടത്തിലാണ് ആയൂര്‍വേദം കണക്കാക്കുന്നത്. ഡിസ്‌കുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍, കശേരുക്കളെ പരസ്പരം ബന്ധിപ്പിക്കുന്ന ചലനവള്ളികള്‍ക്കുണ്ടാകുന്ന വലിച്ചിലുകള്‍, നട്ടെല്ലുമായി ബന്ധപ്പെട്ടുള്ള പേശികള്‍ക്കുണ്ടാകുന്ന ഉളുക്കുകള്‍, തെറ്റായ ജീവിതശൈലി തുടങ്ങിയവയാണ് നടുവേദനക്കിടയാക്കുന്ന പ്രധാന ഘടകങ്ങള്‍. കൂടാതെ നട്ടെല്ലിനേല്‍ക്കുന്ന പരിക്കുകള്‍, കഠിനമായ ആയാസമുള്ള ജോലികള്‍, പൊട്ടിയതോ പുറത്തേക്ക് തള്ളിയതോ ആയ ഡിസ്‌കുകള്‍, കിടപ്പ് തുടങ്ങിയ ശാരീരിക നിലകളിലെ പ്രശ്‌നങ്ങള്‍, അസ്ഥിക്ഷയം, നട്ടെല്ലിന്റെ സ്വാഭാവിക വളവുകളിലുണ്ടാകുന്ന മാറ്റങ്ങള്‍, അമിതവണ്ണം ,മാനസിക പിരിമുറുക്കം, അര്‍ബുദം ഇവയും നടുവേദനക്കിടയാക്കാറുണ്ട്. കശേരുക്കള്‍ക്കിടയിലെ മൃദുഭാഗമായ ഡിസ്‌കുകളില്‍ ജലാംശം കുറയുന്നത് ഡിസ്‌കിന്റെ ഇലാസ്തികതയും വഴക്കവും നഷ്ടമാക്കുന്നു. ഇത് ഡിസ്‌കുകള്‍ പൊട്ടാനും തെന്നാനുമുള്ള സാധ്യത കൂട്ടും. തെറ്റായ രീതിയില്‍ പെട്ടെന്ന് തിരിയുകയോ, അമിത ഭാരം എടുക്കുകയോ ചെയ്യുമ്പോള്‍ കശേരുക്കളില്‍ സമ്മര്‍ദമുണ്ടായി ഡിസ്‌ക് തെറ്റാം. ഇക്കാരണത്താല്‍ മാറ്റം സംഭവിക്കുന്ന ഡിസ്‌കുകള്‍ നാഡികളില്‍ ചെലുത്തുന്ന സമ്മര്‍ദ്ദം നടുവേദനയായി അനുഭവപ്പെടുന്നു. ഇങ്ങനെയുളള വേദന കാലിലേക്ക് വ്യാപിക്കുന്നു. ഈ വേദനയ്ക്ക സയാറ്റിക്ക എന്നാണ് പറയുന്നത്. തുടക്കത്തില്‍ വേദന നടുവില്‍ മാത്രം ഒതുങ്ങി നില്‍ക്കും. രണ്ടാം ഘട്ടത്തില്‍ വേദന നടുവിന്റെ ഒരുവശത്തും കാലിലും വ്യാപിക്കും. ഒപ്പം കാലിന് പിടുത്തവും കാല് നിവര്‍ത്താന്‍ ബുദ്ധിമുട്ടും ഉണ്ടാകും. നടുവേദന സങ്കീര്‍ണമാകുമ്പോള്‍ കാലിന് ബലക്കുറവും തരിപ്പും അനുഭവപ്പെടും. അടുത്തഘട്ടത്തില്‍ കാല്‍വിരല്‍ ഉയര്‍ത്താനാകാതെയും മുട്ടുമടക്കാനാകാതെയും വരും. ഉദ്ധാരണശേഷി കുറയുക, നേരെ നില്‍ക്കാന്‍ വയ്യാതാവുകയും ചെയ്യും
നിത്യവും ലഘുവ്യായാമങ്ങള്‍ ശീലമാക്കുന്നത് നടുവേദനയുടെ കടന്നുവരവിനെ തടയും. നീന്തല്‍, നടത്തം ഇവ ശീലമാക്കാം. ഭുജംഗാസനം, മേദണ്ഡാസനം ഇവ ഗുണംചെയ്യും.
നിത്യവും ശരീരത്തില്‍ എണ്ണതേച്ച്് കുളിക്കുന്നതും നടുവേദന പോലെയുള്ള പ്രശ്‌നങ്ങളെ തടയും. ധന്വന്തരം, സഹചരാദി ഇവ നല്ല ഫലം തരും. ആഴ്ചയിലൊരിക്കല്‍ ശീലമാക്കിയാലും മതിയാകും. നട്ടെല്ലിന് ആയാസമുണ്ടാകാത്ത രീതിയില്‍ ഇരിക്കുകയും കിടക്കുകയും വേണം. മൃദുവായതോ കട്ടിയായതോ ആയ കിടക്കകള്‍ ഒഴിവാക്കണം.
മോര്മുതിര, പാല്‍കോഴിയിറച്ചി, തൈര്മീന്‍ തുടങ്ങിയ വിരുദ്ധാഹാരങ്ങള്‍ ഒഴിവാക്കുക. ചുവന്നുള്ളി, മോര്, ചേന, ഇലക്കറികള്‍ ഇവ ധാരാളമായി ഭക്ഷണത്തില്‍ പെടുത്തുക.
ഇരുചക്രവാഹനങ്ങളില്‍ ദീര്‍ഘദൂരയാത്ര ഒഴിവാക്കുക. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ നടുവേദന തടയാന്‍ സഹായിക്കും. നടുവേദനയുടെ കാരണങ്ങള്‍ക്കനുസരിച്ച് ചികിത്സയും വ്യത്യസ്തമായിരിക്കും. മരുന്നുകള്‍ കഴിക്കുന്നതോടൊപ്പം ആയൂര്‍വേദത്തില്‍ സ്വേദനം, ധാര, വസ്തി തുടങ്ങിയ ചികില്‍സയും നല്‍കാറുണ്ട്. കൂടാതെ ഇലക്കിഴി, മാംസക്കിഴി, ഞവരക്കിഴി ഇവയം നല്ല ഫലം നല്‍കും.
https://www.facebook.com/Malayalivartha