വീടിനു ഉണർവേകും ഗാർഡൻ
30 JULY 2018 04:23 PM IST

മലയാളി വാര്‍ത്ത
വീട്ടില്‍ ഒരു ഉദ്യാനമെന്നത് എല്ലാവരുടെയും സ്വപ്നമാണ്. അതുകൊണ്ടുതന്നെ വീടിന് അനുയോജ്യമായ പൂന്തോട്ടം എങ്ങനെയാവണമെന്ന് ആദ്യംതന്നെ ഒരു പ്ലാന്‍ മനസ്സിലുണ്ടാകണം. ഓരോ വശത്തുനിന്നും നോക്കുമ്പോള്‍ പൂന്തോട്ടം എങ്ങനെ ആയിരിക്കണമെന്ന് ഒരു ധാരണ ഉണ്ടാവണം. എങ്കില്‍ മാത്രമേ പൂന്തോട്ടം മനോഹരമാകൂ.ഒരു നല്ല പൂന്തോട്ടം ഒരുക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
പൂന്തോട്ടം നിര്‍മ്മിക്കുമ്പോള്‍ ആദ്യം തന്നെ നിലം ഒരുക്കി എടുക്കുക. അതിനായി പ്രധാനമായും ചെയ്യേണ്ടത് മേല്‍ മണ്ണ് സംരക്ഷിക്കുക എന്നതാണ്. വളക്കൂര്‍ ധാരാളമായി അടങ്ങിയിരിക്കുന്നത് മേല്‍ മണ്ണിലാണ്. അതിനാല്‍ നഷ്ടപ്പെടാത്തെയും, വളം ചേര്‍ത്ത് എപ്പോഴും സമ്പുഷ്ടമാക്കിയും മേല്‍ മണ്ണിനെ നിലനിര്‍ത്തുക.
രണ്ടാമതായി ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മണ്ണില്‍ വളം ചേര്‍ക്കുകയെന്നത്. ജൈവവളം ഉപയോഗിക്കുന്നതാണ് ചെടികള്‍ക്കും മണ്ണിനും ഏറ്റവും ഗുണം ചെയുന്നത്. പാച്ചിലവളം, എല്ലുപൊടി, കാലിവളം,മീന്‍വളം എന്നീ ജൈവ വളങ്ങള്‍ ചെടികള്‍ക്ക് കൂടുതല്‍ ഫലം ചെയ്യും. അതിനാല്‍ ചെടികള്‍ക്ക് വളമായി ഇവ ഉപയോഗിക്കം.
മണ്ണില്‍ കമ്പുകൊണ്ട് മൂന്ന് സെ.മി. ഇടവിട്ട് ചെറുചാലുകലെടുക്കണം. വിത്തുകള്‍ അല്പം മണല്‍ ചേര്‍ത്ത് പാകിയതിനു ശേഷം മണ്ണിട്ട് മൂടുക. നനയ്ക്കുമ്പോള്‍ നനവ് കൂടുകയോ വെള്ളം കുത്തനെവീഴുകയോ അരുത്. വിത്തു പാകിയ ശേഷം ഒരു കടലാസുപരത്തുകയും ചുറ്റും ചാരമൊ ഉറുമ്പുപൊടിയൊ വിതറുകയും വേണം. വിത്ത് ഉറുമ്പുകൊണ്ടുപോകാതിരിക്കാനാണ് ഇതു ചെയുന്നത്. വിത്തു പാകി തൈ ഉണ്ടാക്കുന്നതിനു പകരം തണ്ടു മുറിച്ചുനട്ടും പതി വെച്ചും തൈകള്‍ ഉണ്ടാക്കാവുന്നതാണ്.
വീട്ടിനുള്ളില്‍ ചെടികള്‍ നട്ടുവളര്‍ത്തുന്നത് ഇന്ന്‍ സര്‍വ്വ സാധാരണമാണ്. വീടിന്റെ മനോഹാരിത വര്‍ദ്ധിപ്പാക്കാന്‍ ഇത്തരത്തില്‍ ചെടികള്‍ നട്ടുവളര്‍ത്തുന്നത് സഹായിക്കുന്നു.വീട്ടിനുള്ളില്‍ തന്നെ ഒരു കുഞ്ഞ് പൂന്തോട്ടം നമുക്ക് ഒരുക്കാം. എന്നാല്‍ നമുക്ക് ഇഷടമുള്ള എല്ലാ ചെടികളും അവിടെ ഒരുക്കാം എന്ന് വിചാരിക്കരുത്. മണിപ്ലാന്റ്, അഗ്ലോനിമ, ശതാവരി എന്നീ ചെടികള്‍കൊണ്ട് വീടിന്റെ അകത്തളം നമുക്ക് ഒരുക്കാം . ഈ മൂന്ന് ചെടികളും പടരുന്നതാണ്. പായലും ചകിരിയും കൊണ്ട് ഇവ പടര്‍ത്തുവാനുള്ള തണ്ടു പൊതിഞ്ഞു കയറുകൊണ്ട് കെട്ടിയാല്‍ ചെടികള്‍ നന്നായി വളരും.ഇത് കൂടാതെ ഫൈക്കസ്, അഗ്ലോനിമ, , ഡ്രസീന , ഫിലഡെന്‍ഡ്രോണ്‍, അലോക്കേഷിയ, കലേഡിയം തുടങ്ങിയ ചെടികളും വീടിനകത്ത് വളര്‍ത്താം . കള്ളിച്ചെടികളും അലങ്കാരമായി മുറിക്കകത്ത് വയ്ക്കാം . വരാന്തയിലും മറ്റും തൂക്ക് ചെടികള്‍ വളര്‍ത്തുന്നത് മനോഹരമായിരിക്കും.