അഴകിനും ആരോഗ്യത്തിനും ട്രേ ഗാര്‍ഡന്‍സ്

ഇപ്പോള്‍ ഓര്‍ഗാനിക് പച്ചക്കറികളുടെ കാലമാണ്. വിഷത്തെ പടിയടച്ചു പിണ്ഡം വയ്ക്കാന്‍ മലയാളികള്‍ തീരുമാനിച്ചു കഴിഞ്ഞു. എന്നാല്‍ പൂര്‍ണമായും ഉപഭോക്തൃ സംസ്ഥാനമായി മാറിക്കഴിഞ്ഞിരിക്കുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം വിഷമില്ലാത്ത പച്ചക്കറികള്‍ സുലഭമായി ലഭിക്കുക പ്രായോഗികമല്ല.ഇതിനൊരു പരിഹാരമാണ് ട്രേ ഗാര്‍ഡനുകള്‍.പ്ലാസ്റ്റിക് ട്രേകളില്‍ പോട്ടിങ് മിശ്രിതം നിരത്തി അതില്‍ ധാന്യങ്ങള്‍ മുളപ്പിച്ചെടുക്കാം. വീടിനു ചുറ്റും ഒരുതരി പോലും മണ്ണില്ലാത്തവര്‍ക്കും ഫ്‌ലാറ്റ് നിവാസികള്‍ക്കുമൊക്കെ ഒരുപോലെ അനുയോജ്യമാണ് ഈ കൃഷി എന്നതാണ് പ്രത്യേകത.
ട്രേയ്ക്കു പകരം ഉപയോഗശൂന്യമായ പാത്രങ്ങളോ അടിവശം പരന്ന ചെടിച്ചട്ടിയോ ഒക്കെ ഉപയോഗിക്കാം. ട്രേയുടെ അടിയില്‍ രണ്ടോ മൂന്നോ ദ്വാരങ്ങള്‍ ഇട്ട് അധികമുള്ള വെള്ളം പുറത്തേക്ക് ഒഴുകി പോകാനുള്ള സംവിധാനമുണ്ടാക്കണം. പോട്ടിങ് മിശ്രിതമായി കൊക്കോപിറ്റ് ഉപയോഗിക്കുന്നതാണ് നല്ലത്. മണ്ണില്‍ നേരത്തേ ഉപയോഗിച്ച വളങ്ങളുടെ അവശിഷ്ടങ്ങളോ രോഗബാധയുടെ അവശേഷിപ്പുകളോ ഒക്കെ ഉണ്ടാവാം. എന്നാല്‍ കൊക്കോപിറ്റ് ഉപയോഗിക്കുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒന്നുംതന്നെയുണ്ടാകുന്നില്ല. മാത്രവുമല്ല, ഒരിക്കല്‍ നനച്ചാല്‍ രണ്ടോ മൂന്നോ ദിവസത്തേക്ക് ഈര്‍പ്പം നഷ്ടപ്പെടില്ല എന്നതും കൊക്കോപിറ്റിന്റെ മേന്മയാണ്.
ഇഷ്ടികയുടെ ആകൃതിയില്‍ കട്ടയായി ലഭിക്കുന്ന കൊക്കോപിറ്റ് വെള്ളത്തില്‍ കുതിര്‍ത്തത് ട്രേയുടെ പകുതി നിറയ്ക്കുക. സ്‌കെയിലോ തടിക്കഷണമോ ഉപയോഗിച്ച് പിറ്റ് നിരപ്പാക്കുകയാണ് അടുത്ത ഘട്ടം. ഇതിനു മുകളിലാണ് വിത്ത് വിതറേണ്ടത്. വെള്ളത്തില്‍ കുതിര്‍ത്ത വിത്ത് ഉപയോഗിക്കുന്നതാണ് പെട്ടെന്ന് മുളയ്ക്കാന്‍ നല്ലത്. വിത്തിട്ടതിനുശേഷം കനംകുറഞ്ഞ കൊക്കോപിറ്റ് അടരുകൂടി മുകളില്‍ വിതറേണ്ടതുണ്ട്.
വിത്ത് കൂടിക്കിടക്കുന്നുണ്ടെങ്കില്‍ ഒരു ഫോര്‍ക് ഉപയോഗിച്ച് അവ ശരിയായ രീതിയില്‍ ക്രമീകരിക്കാം. വിത്തുകള്‍ കൂടിക്കിടന്നാലും മുളയ്ക്കുന്നതില്‍ കുഴപ്പമൊന്നുമില്ല. ഏറ്റവും ഒടുവിലായി ഒരു സ്‌പ്രേയര്‍ ഉപയോഗിച്ച് വെള്ളം തളിച്ച ശേഷം പേപ്പര്‍ ഉപയോഗിച്ച് ട്രേ അടച്ചുവയ്ക്കണം. ട്രേയ്ക്കുള്ളിലെ ഈര്‍പ്പം നഷ്ടപ്പെടാതിരിക്കാനാണ് അടച്ചുസൂക്ഷിക്കുന്നത്. രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ വിത്ത് മുളയ്ക്കാന്‍ തുടങ്ങും. മുളച്ച വിത്ത് പിഴുതെടുത്ത് കഴുകി ഉപയോഗിക്കാം. കൊക്കോപിറ്റ് വീണ്ടും അടുത്ത കൃഷിക്ക് ഉപയോഗിക്കാം. വീടിനകത്തോ സണ്‍ഷേഡിലോ വലിയ വെയില്‍ കിട്ടാത്ത ഇടങ്ങളിലോ ഒക്കെ ഇവ സൂക്ഷിക്കുകയുമാകാം.
ധാന്യങ്ങള്‍ മുളപ്പിക്കാന്‍ വിത്ത് പ്രത്യേകമായി വാങ്ങണമെന്നില്ല. വീട്ടില്‍ കറിക്കുപയോഗിക്കുന്നതില്‍നിന്ന് അല്‍പമെടുത്ത് വെള്ളത്തില്‍ കുതിര്‍ത്ത് ഉപയോഗിക്കാം. പയര്‍, ചെറുപയര്‍, കടല, ചനക്കടല, ഉഴുന്ന്, മത്തന്‍, കുമ്പളം, പാവല്‍, ഉലുവ, മല്ലി, വിവിധയിനം ചീരകള്‍ ഇവയുടെയെല്ലാം വിത്തുകള്‍ മുളപ്പിച്ച് കഴിക്കുന്നത് ആരോഗ്യപ്രദമാണ്. സാലഡ് രൂപത്തിലോ ആവിയില്‍ വേവിച്ചോ ഇവ ഉപയോഗിക്കാം.
ഭക്ഷണത്തിനു വേണ്ടി മാത്രമല്ല, ഇന്റീരിയറിന്റെ ഭംഗിക്കുവേണ്ടിയും ട്രേ ഗാര്‍ഡന്‍ ഉപയോഗിക്കാം. വിന്‍ഡോ സൈഡിലോ ഡൈനിങ് ടേബിളിലോ അലങ്കാരത്തിനുവേണ്ടിയും ട്രേ ഗാര്‍ഡന്‍ വയ്ക്കാം.
https://www.facebook.com/Malayalivartha