മനം നിറക്കാന്‍ പൂക്കള്‍

അല്പം ക്ഷമയും വര്‍ണ ബോധവും സമയവും കലാബോധവും ഉണ്ടായാല്‍ പൂന്തോട്ടത്തില്‍ നിറങ്ങളുടെ വിസ്മയം അനായാസം സൃഷ്ടിക്കാം. ആദ്യമായി പൂന്തോട്ട നിര്‍മാണത്തിനായി തിരഞ്ഞെടുത്ത സ്ഥലത്തെപ്പറ്റി പഠിക്കുക. സൂര്യ പ്രകാശം ലഭിക്കുന്നതും കുറഞ്ഞതുമായ സ്ഥലം മണ്ണിന്റെ സ്വഭാവം, ഗുണം, പൂന്തോട്ടത്തിനു സമീപമുളള കെട്ടിടത്തിന്റെ എലിവേഷനും നിറവും. അതിനു ചുറ്റുമുളള ഉദ്യാനത്തിന്റെ ഭാഗം ആക്കാവുന്ന ഘടകങ്ങള്‍, കാറ്റിന്റെ ഗതി, ഭൂപ്രദേശത്തിന്റെ ചരിവ് എന്നിവ പ്രത്യേകം മനസ്സിലാക്കണം. നിലം ഉദ്യാന നിര്‍മാണത്തിനായി ഒരുക്കി കഴിഞ്ഞാല്‍ അതില്‍ ഉള്‍പെടുത്തേണ്ട വസ്തുക്കളും ചെടികളും എവിടെ, എങ്ങനെ വയ്ക്കണം എന്ന് തീരുമാനിക്കാനായി ഒരു ലാന്‍ഡ്‌സ്‌കേപ് ഡിസൈന്‍ ഉണ്ടാക്കുന്നത് നന്നായിരിക്കും.
പരവതാനി പോലെ വിരിച്ച പച്ച പുല്‍ത്തകിടികളും സസ്യജാലങ്ങളും പൊതുവെ വിരസത ഉണ്ടാക്കും. എന്നാല്‍ കണ്ണിന് ആനന്ദം ഉളവാക്കുന്ന പലതരം പുഷ്പങ്ങളും ഇലച്ചെടികളും മറ്റ് അലങ്കാര വസ്തുക്കളും ഉദ്യാനത്തിന്റെ ചാരുത പതിന്മടങ്ങ് വര്‍ധിപ്പിക്കും. വിവിധ തരം സസ്യങ്ങളുടെ കളര്‍ കോംബിനേഷന്‍ എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നതിന് അടിസ്ഥാന നിറതത്വം അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
വയലറ്റ്, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നിവയാണ് അടിസ്ഥാന നിറങ്ങള്‍. അവയില്‍ ചുവപ്പ്,നീല, മഞ്ഞ എന്നിവ പ്രൈമറി നിറങ്ങളും ഓറഞ്ച്, പച്ച, വയലറ്റ് എന്നിവ സെക്കന്‍ഡറി നിറങ്ങളുമാണ്.പ്രൈമറി നിറവും സെക്കന്‍ഡറി നിറവും ചേരുമ്പോള്‍ ടേര്‍ഷ്യറി നിറവും ഉണ്ടാകും. വെളള, കറുപ്പ്, ഗ്രേ, സില്‍വര്‍, ലൈറ്റ് ബ്രൗണ്‍ എന്നിവയെ ന്യൂട്രല്‍ നിറങ്ങള്‍ എന്നു പറയുന്നു. കളര്‍ സ്‌കീം അനുസരിച്ച് കളര്‍ വീലിലെ അടുത്തടുത്ത നിറങ്ങള്‍ ചേരുന്നത് അനലോഗ്‌സും (ഉദാ: ചുവപ്പ് + ഓറഞ്ച്) ഒരേ കളര്‍ ഷേഡ്‌സ് വരുന്നത് മൊണോക്രൊമാറ്റിക്കും(ചുവപ്പ്, ഇളം ചുവപ്പ്, ഹ്യൂ) നേരെ നേരെ വരുന്ന നിറങ്ങള്‍ ചേരുന്നത് കോംപ്ലിമെന്ററിയും (ഉദാ: വയലറ്റ് + മഞ്ഞ) മൂന്ന് നിറങ്ങള്‍ ചേരുന്നത് ട്രയാഡും(ഉദ: വയലറ്റ് + പച്ച + ഓറഞ്ച്) കളര്‍ സ്‌കീമുകള്‍ ആണ്.
നിറങ്ങള്‍ പൂന്തോട്ടത്തില്‍ ഉള്‍പെടുത്തുന്നത് ആകര്‍ഷണീയത ഉളവാക്കാനാണല്ലോ. അതിനായി ഒരു കൂട്ടം പൂച്ചെടികളോ ഇലച്ചെടികളോ വേണം നടേണ്ടത്. ഒരു ചെടി മാത്രമായാല്‍ വേണ്ടത്ര ആകര്‍ഷണീയത കിട്ടില്ല. വാം നിറങ്ങള്‍ ആയ ചുവപ്പ്, ഓറഞ്ച്, മഞ്ഞ നിറങ്ങളുളള സസ്യങ്ങള്‍ പൊതുവെ വ്യത്യസ്തമായ സ്ഥലങ്ങള്‍ ചെറുതായി തോന്നിപ്പിക്കും. കൂള്‍ നിറങ്ങള്‍ ആയ വയലറ്റ്, നീല, പച്ച നിറങ്ങളുളള ചെടികള്‍ സ്ഥലത്തിന്റെ വിസ്തൃതി കൂടിയതായി തോന്നിപ്പിക്കും. പൂന്തോട്ടത്തിലെ മറ്റ് കെട്ടിടങ്ങളുടെയും മറ്റ് ഉദ്യാന ഘടകങ്ങളുടെയും നിറങ്ങള്‍ക്ക് യോജിക്കുന്ന തരത്തിലായിരിക്കണം അതിലെ വിവിധ വര്‍ണത്തിലുളള സസ്യങ്ങള്‍ വയക്കേണ്ടത്. മഞ്ഞ നിറത്തോടു കൂടിയ കെട്ടിടത്തിന്റെ മുന്‍പില്‍ മഞ്ഞ നിറത്തിലുളള പൂക്കളും ചെടികളും വച്ചാല്‍ കാഴ്ചയ്ക്ക് ഭംഗിയാകും.
ചെടികളുടെ ഉയരവും വിസ്താരവും അറിഞ്ഞുവേണം നടാന്‍. വര്‍ഷങ്ങളോളം നിലനില്‍ക്കുന്ന ചെടികള്‍ നടുകയാണെങ്കില്‍ സ്ഥിരമായ കളര്‍ പാറ്റേണ്‍ ഉണ്ടാക്കാം. സീസണല്‍ ആയ ചെടികള്‍ നടുമ്പോള്‍ ഒരു സീസണ്‍ കഴിഞ്ഞ് അടുത്ത സീസണിലെ ചെടികള്‍ക്കും അതേ പാറ്റേണ്‍ ക്രമീകരിക്കണം. എല്ലാ നിറങ്ങളിലുമുളള ചെടികള്‍ വാരിവലിച്ച് ക്രമരഹിതമായി നടുന്നത് വിചിത്രമായ പാറ്റേണ്‍ ഉണ്ടാക്കും. അതിനാല്‍ ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ചാണ് ചെടികളുടെ നിറങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്. ചെടികളില്‍ ധാരാളം ഇലകളും പൂക്കളും ഉണ്ടായാലേ പൂന്തോട്ടത്തിന് പൂര്‍ണത ഉണ്ടാകൂ.
https://www.facebook.com/Malayalivartha