ചെമ്പരത്തി കൊണ്ടൊരുക്കാം വസന്തം

ചെമ്പരത്തിയെന്ന ചൈനീസ് സുന്ദരിയെ നമ്മള്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ച് തനി മലയാളി മങ്കയാക്കി മാറ്റുകയായിരുന്നു. നവീന സങ്കരയിനങ്ങളുടെ തള്ളിക്കയറ്റത്തില്‍ നാടന്‍ ചുവപ്പു ചെമ്പരത്തി വേലിപ്പത്തലായി മാറിയെങ്കിലും പലരും പുതിയ ഇനങ്ങള്‍ക്കൊപ്പം ഇവയും നട്ടു വളര്‍ത്തുന്നുണ്ട്.
വലിയ കുറ്റിച്ചെടിയായി വളരുന്ന നാട്ടുചെമ്പരത്തിയുടെ സ്ഥാനത്ത് വലിയ പൂക്കളും കുറുകിയ സസ്യപ്രകൃതിയുമുള്ള എത്രയോ സങ്കരയിനങ്ങളാണ് ഇന്നുള്ളത്. പല വര്‍ണങ്ങളില്‍ കൈപ്പത്തിയോളം വലുപ്പമുള്ള പൂക്കള്‍ ആരെയും ആകര്‍ഷിക്കും.
മലേഷ്യയുടെ ദേശീയ പുഷ്പമായ ചെമ്പരത്തി ഹാവായ് ദ്വീപ് ഉള്‍പ്പെടെ പല രാജ്യങ്ങളിലും അതിഥികളെ സ്വീകരിക്കാനും മാലയുണ്ടാക്കാനും ഉപയോഗിക്കുന്നു. വര്‍ണവൈവിധ്യമുള്ള പൂക്കളുണ്ടാകുന്ന നൂറോളം സങ്കരയിനങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. കൂടാതെ, സമൃദ്ധമായി പൂവിടുന്ന ചെറിയ പൂക്കളുള്ള ഇനങ്ങളും.
മുന്‍പു ഗ്രാഫ്റ്റിങ് രീതിയിലാണ് സങ്കരയിനം തൈകള്‍ ഉല്‍പാദിപ്പിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഇവയെല്ലാം കമ്പ് മുറിച്ചുനട്ട് വളര്‍ത്താം. പൂവിടാത്ത ഇളം കമ്പുകളും നടാം. ആറിഞ്ചു നീളമുള്ള കമ്പിലെ കൂമ്പില നിര്‍ത്തി ബാക്കി ഇലകള്‍ നീക്കം ചെയ്യണം. ചകിരിച്ചോറും ചുവന്ന മണ്ണും കലര്‍ത്തിയതില്‍ ഈ കമ്പു നടാം. പോളിബാഗില്‍ നട്ട കമ്പ് വിപണിയില്‍ ലഭ്യമായ കുമിള്‍നാശിനി ഉപയോഗിച്ചു രോഗാണുമുക്തമാക്കണം.
ഈ വിധത്തില്‍ തയാറാക്കിയത് അധിക ഈര്‍പ്പം കിട്ടാനായി ഹ്യുമിഡിറ്റി ചേംബറില്‍ വയ്ക്കണം. ഇത്തരം ചേംബറില്‍ ഒരാഴ്ച മുഴുവന്‍ വച്ച കമ്പ് തുടര്‍ന്നുള്ള ആഴ്ചകളില്‍ രാത്രി സമയത്തു ചേംബറിനെ മൂടുന്ന പ്ലാസ്റ്റിക് ഷീറ്റ് മാറ്റി കൂടുതല്‍ വായുസഞ്ചാരവും കുറഞ്ഞ ഈര്‍പ്പവുമുള്ള സാഹചര്യത്തില്‍ സംരക്ഷിക്കണം.
നട്ട കമ്പ് ഒന്നുരണ്ടു മാസത്തിനുള്ളില്‍ വേരുപിടിക്കും. വേരുകള്‍ വന്നു വളരാന്‍ തുടങ്ങിയ ചെടി വലിയ പോളിബാഗിലേക്കോ ചട്ടിയിലേക്കോ മാറ്റിനടാം. അഞ്ചു മാസത്തോളം വളര്‍ച്ചയായാല്‍ പൂവിടാന്‍ തുടങ്ങും. കമ്പു മുറിച്ചുനട്ട ഹൈബ്രിഡ് ഇനങ്ങള്‍ 8/10 ഇഞ്ച് വലുപ്പമായാല്‍ പൂവിട്ടു തുടങ്ങും. നാടന്‍ ഇനങ്ങളാകട്ടെ, പൂവിടാന്‍ 2/3 അടി ഉയരം വയ്ക്കണം.
ചട്ടിയിലും നിലത്തും സങ്കരയിനങ്ങള്‍ പരിപാലിക്കാം. നിലത്തു വളര്‍ത്തുമ്പോള്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. കുറഞ്ഞത് ഒരടി വലുപ്പമുള്ള ചട്ടിയാണു ചെമ്പരത്തി നടാന്‍ വേണ്ടത്. ചുവന്ന മണ്ണ്, ചകിരിച്ചോറ്, വളമായി ചാണകപ്പൊടി ഇവ കലര്‍ത്തിയ മിശ്രിതം മതി. ചെറിയ പോളിബാഗില്‍ വളര്‍ത്തിയെടുത്ത ചെടി മിശ്രിതമുള്‍പ്പെടെ ചട്ടിയിലേക്കു മാറ്റി നടാം. നേരിട്ടു വെയില്‍ കിട്ടുന്നതും വെള്ളം തങ്ങി നില്‍ക്കാത്തതുമായ ഉദ്യാനത്തിന്റെ ഭാഗങ്ങളില്‍ ചെമ്പരത്തി നിലത്തു നട്ടുവളര്‍ത്താം. ചട്ടി നിറയ്ക്കാന്‍ ഉപയോഗിച്ച മിശ്രിതം മതി കുഴി നിറയ്ക്കാനും. നട്ട ശേഷം മിശ്രിതം നന്നായി നനച്ചു കൊടുക്കണം.
നവീന സങ്കരയിനങ്ങള്‍ക്കു പ്രത്യേക ശ്രദ്ധ നല്‍കിയാല്‍ മാത്രമേ നന്നായി വളരുകയും പൂവിടുകയും ചെയ്യുകയുള്ളൂ. ചെടിക്കു വാട്ടം വരാത്ത വിധത്തില്‍ നനയ്ക്കണം. വേനല്‍ക്കാലത്ത് ഒന്നിരാടം ദിവസം നനച്ചാല്‍ മതി. ചെടിയുടെ ചെറുപ്പത്തിലെ കായിക വളര്‍ച്ചയ്ക്ക് രണ്ടു ഗ്രാം ഡൈ അമോണിയം ഫോസ്‌ഫേറ്റ് ഒരു ലീറ്റര്‍ വെള്ളത്തില്‍ ലായനിയായി നട്ടിരിക്കുന്നിടത്തു നല്‍കാം.
ജൈവവളമായി ചാണകപ്പൊടി, സ്‌റ്റെറാമീല്‍, കടലപ്പിണ്ണാക്ക് പുളിപ്പിച്ചെടുത്തതിന്റെ തെളി നേര്‍പ്പിച്ചത് എല്ലാം നല്ലതാണ്. മഴക്കാലത്തു ജൈവവളങ്ങള്‍ കഴിവതും ഒഴിവാക്കുക. നമ്മുടെ നാട്ടില്‍ ചെമ്പരത്തിക്ക് എന്നും പൂക്കാലമാണ്. ചെടി നട്ട് ഒരു വര്‍ഷത്തിനുമേല്‍ വളര്‍ച്ചയായാല്‍ സാധിക്കുമെങ്കില്‍ മഴക്കാലം ആരംഭിക്കുന്നതിനു മുമ്പ് കമ്പു കോതി നിര്‍ത്തുന്നത് നന്നായി പൂവിടാന്‍ ഉപകരിക്കും.
ഇല മഞ്ഞളിപ്പ്, പൂമൊട്ടുകളുടെയും തളിരിലകളുടെയും മുരടിപ്പ്, ഇലചുരുട്ടിപ്പുഴു എല്ലാം നവീനയിനങ്ങള്‍ക്കു കാണുന്ന രോഗ, കീടബാധയാണ്. രണ്ടു ഗ്രാം 'ഇന്‍ഡോഫില്‍', ഒരു മില്ലി 'കോണ്‍ഫിഡോര്‍' എന്നീ രാസകീടനാശിനികള്‍ ഒരു ലീറ്റര്‍ വെള്ളത്തില്‍ ലായനിയായി രണ്ടാഴ്ചയിലൊരിക്കല്‍ ചെടി മുഴുവനായി തളിച്ചുകൊടുക്കുന്നത് ചെമ്പരത്തിയെ ഇല മഞ്ഞളിപ്പ്, മുരടിപ്പ് രോഗങ്ങളില്‍നിന്ന് ഒരു പരിധിവരെ സംരക്ഷിക്കും.
ഇല മുരടിപ്പ് വേനല്‍ക്കാലത്താണ് സാധാരണ ഉണ്ടാകുക. കേടുവന്ന സസ്യഭാഗങ്ങള്‍ നീക്കം ചെയ്ത ശേഷം കോണ്‍ഫിഡോര്‍ നാലു ദിവസത്തെ ഇടവേളയില്‍ 2/3 ആവര്‍ത്തി തളിച്ചുകൊടുത്തു ചെടിയെ കീടമുക്തമാക്കാം. മഴക്കാലം കഴിഞ്ഞാല്‍ കാണുന്ന ഇലചുരുട്ടിപ്പുഴുവിനെതിരെ 'കരാട്ടെ' (ലാംബ്ഡ സൈക്‌ളോത്രിന്‍) രണ്ടു മില്ലി ഒരു ലീറ്റര്‍ വെള്ളത്തില്‍ തയാറാക്കിയതു പ്രയോഗിച്ചാല്‍ മതി. മീലിമൂട്ടകള്‍ മറ്റ് അലങ്കാരച്ചെടികളിലെന്നപോലെ ചെമ്പരത്തിയെയും ആക്രമിക്കാറുണ്ട്. കീടബാധ കണ്ടാല്‍ ഒരു ലീറ്റര്‍ വെള്ളത്തില്‍ ഒരു ഗ്രാം 'പെഗാസസ്' കീടനാശിനി ചെടി മുഴുവനായി 2/3 വട്ടം തളിച്ചു കീടബാധ ഒഴിവാക്കാം.
കുമളിയുടെ മലര്‍വാടിയാണ് മണ്ണാറത്തറ നഴ്‌സറി. പുഷ്‌കരന്‍, റെജി, ഷാജി. മണ്ണാറത്തറയില്‍ വീട്ടിലെ ഈ മൂന്നു സഹോദരന്മാരുടെ അധ്വാനഫലമാണ് പത്തു വര്‍ഷമായി കുമളിയെ പൂങ്കാവനമാക്കുന്ന 'തേക്കടി ഫ്‌ലവര്‍ ഷോ'. 25 വര്‍ഷത്തോളമായി നഴ്‌സറി നടത്തിവരുന്ന ഇവരുടെ പൂച്ചെടിയിനങ്ങളിലെ തുറുപ്പുചീട്ടാണു ചെമ്പരത്തി. നാല്‍പതോളം സങ്കരയിനങ്ങളുമായി ഇവര്‍ ചെമ്പരത്തിയിലെ രാജാക്കന്മാരാണ്.
കേരളം കൂടാതെ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ നഴ്‌സറികളിലേക്ക് ആയിരക്കണക്കിനു ചെമ്പരത്തിയാണ് ഇവര്‍ സ്ഥിരമായി നല്‍കിവരുന്നത്. എല്ലാം തന്നെ ഹാവായ് ഇനങ്ങള്‍. അന്‍പതിനായിരത്തിനുമേല്‍ ചെമ്പരത്തിച്ചെടികള്‍ കുമളിയുടെ പല ഭാഗത്തായുള്ള ഇവരുടെ ഫാമുകളില്‍ കാണാം. മുന്‍പു ഗ്രാഫ്റ്റിങ് വഴി തൈകള്‍ ഉല്‍പാദിപ്പിക്കുന്ന രീതിക്കു പകരം ഇന്ന് കമ്പു മുറിച്ചു നട്ടാണ് ഇവിടെ ചെമ്പരത്തിച്ചെടികള്‍ വളര്‍ത്തിയെടുക്കുക. ഇതിനായി ഫാമില്‍ ഹ്യുമിഡിറ്റി ചേംബര്‍ തയാറാക്കിയിട്ടുണ്ട്. ഫോണ്‍ (പുഷ്‌കരന്‍): 9447383694.
https://www.facebook.com/Malayalivartha