അടുക്കളത്തോട്ടം തയ്യാറാക്കാം

അടുക്കളത്തോട്ടം അത്യാവശ്യമാണ് ഇക്കാലത്ത്. പച്ചക്കറി കൃഷി ചെയ്യാന്‍ അറിയേണ്ട പ്രാഥമിക പാഠങ്ങള്‍.
1. ഏതെല്ലാം പച്ചക്കറികള്‍
കടയില്‍ നിന്ന് കൂടുതല്‍ വാങ്ങുന്ന പച്ചക്കറികള്‍ കൃഷിചെയ്യുന്നതാണ് ഏറ്റവും നല്ലത്. വീട്ടുകാര്‍ക്ക് താല്‍പര്യമില്ലാത്ത പച്ചക്കറികള്‍ കൂടുതല്‍ ഉണ്ടായാല്‍ പച്ചക്കറിക്കൃഷിയോടുള്ള താല്‍പര്യംതന്നെ നശിക്കാന്‍ ഇടയുണ്ട്. അതുപോലെ ആവശ്യമുള്ള അളവുമാത്രം കൃഷിചെയ്‌ത് ഉണ്ടാക്കുക. ഉദാഹരണത്തിന് ചെറിയ കുടുംബത്തിന് നാലോ അഞ്ചോ ചുവട് വെണ്ട മതിയാകും. കൂടുതലായാല്‍ കായ ചെടിയില്‍ നിന്ന് മൂക്കാനും ചെടിയുടെ കാര്യക്ഷമത കുറയാനും സാധ്യതയുണ്ട്. വെണ്ട, വഴുതിന, ചീര, പയര്‍ വര്‍ഗങ്ങള്‍, മുളക്, വെള്ളരി വര്‍ഗങ്ങള്‍ എന്നിവ കൂടാതെ കാരറ്റ്, കാബേജ്, കോളിഫ്‌ളവര്‍ തുടങ്ങിയ ശീതകാല പച്ചക്കറികളും കൃഷി ചെയ്യാം.
2. സ്‌ഥലവും വിത്തും പ്രധാനം
വെയിലിന്റെ ലഭ്യത അനുസരിച്ച് കൃഷി ചെയ്യാന്‍ മുറ്റമോ ടെറസോ തിരഞ്ഞെടുക്കാം. ഒരു സെന്റ് സ്‌ഥലമാണെങ്കിലും 15-18 ചട്ടികള്‍ വയ്‌ക്കാനുള്ള സ്‌ഥലം ലഭിക്കും. വാഴ, മാവ് തുടങ്ങിയ വന്‍മരങ്ങള്‍വരെ ഇപ്പോള്‍ ടെറസില്‍ കൃഷി ചെയ്യുന്നവരുണ്ട്. പ്രധാന വിത്തുല്‍പാദന കേന്ദ്രങ്ങളില്‍ നിന്നു വാങ്ങിയതോ കഴിഞ്ഞ വിളയുടെ വിത്തോ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. ആരോഗ്യമുള്ള പച്ചക്കറികള്‍ ലഭിക്കാന്‍ നല്ല വിത്ത് നിര്‍ബന്ധമാണ്.
3. മഴക്കാലത്ത് മറ
ചീര, വെണ്ട, വഴുതിന, പയര്‍, മുളക്, തക്കാളി തുടങ്ങിയ പച്ചക്കറികള്‍ ഏതു സീസണിലും നടാവുന്നതാണ്. എന്നാല്‍ മഴക്കാലത്ത് വെള്ളരി വര്‍ഗവിളകള്‍ (വെള്ളരി, പടവലം, പീച്ചില്‍ തുടങ്ങിയവ) ഒഴിവാക്കാവുന്നതാണ്.
മഴക്കാലത്ത് മഴ നേരിട്ട് ചെടിയുടെ മുകളിലേക്ക് കുത്തിയൊലിച്ചു വീഴാത്ത വിധത്തില്‍ ഒരു മഴ മറ നല്‍കുകയാണെങ്കില്‍ നല്ലതാണ്. കേരളത്തില്‍ മഴ കൂടുന്നതിന്റെ ഫലമായുണ്ടാകുന്ന വിളവുനാശം തടയാനും രോഗ-കീടങ്ങളുടെ ആക്രമണങ്ങള്‍ തടയാനും ഗ്രീന്‍ഹൗസുകള്‍ ഫലപ്രദമാണ്. മഴക്കാലത്ത് പച്ചക്കറികളുടെ അടിയില്‍ വെള്ളം കെട്ടിക്കിടക്കാതെ സൂക്ഷിക്കണം. അഥവാ മഴ കുറവാണെങ്കില്‍ നന്നായി നനയ്‌ക്കുകയും വേണം. മഴ ശക്‌തിയായി പെയ്‌തിട്ടുണ്ടെങ്കില്‍ മണ്ണ് തറഞ്ഞിരിക്കും. അത് കുത്തിയിളക്കിവേണം വളം ചേര്‍ക്കാന്‍. മഴ നല്ലതു പോലെ പെയ്‌തിട്ടുണ്ടെങ്കില്‍ കായ്‌പിടിച്ച വഴുതിന, തക്കാളി തുടങ്ങിയവ മറിഞ്ഞുവീഴാന്‍ ഇടയുണ്ട്. ആവശ്യമെങ്കില്‍ താങ്ങ് നല്‍കുക. മാത്രവുമല്ല, മഴക്കാലത്ത് എല്ലാ പച്ചക്കറികളുടെയും ചുവടുഭാഗം കൊത്തിയിളക്കി വളം ചേര്‍ത്ത് മേല്‍മണ്ണ് കൂന കൂട്ടുകയും വേണം.
4. ഗ്രോ ബാഗ് ഉത്തമം
പച്ചക്കറികള്‍ നേരിട്ട് മണ്ണിലോ ഗ്രോ ബാഗുകളിലോ ചട്ടികളിലോ വളര്‍ത്താം. നേരിട്ട് മണ്ണില്‍ വളര്‍ത്തുകയാണെങ്കില്‍വേരുകള്‍ക്ക് നല്ല കരുത്തുണ്ടാകും. എന്നാല്‍ ചെടിക്കു നല്‍കുന്ന വെള്ളവും വളവും മുഴുവനായി ചെടിക്കു തന്നെ ലഭിക്കണമെന്നില്ല. എന്നാല്‍ ചട്ടിയിലോ ഗ്രോ ബാഗിലോ ആണെങ്കില്‍ ഈ പ്രശ്‌നമില്ല. ഗ്രോ ബാഗുകള്‍ രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ മാറ്റേണ്ടിവരും. കൃഷിക്കുവേണ്ട ചട്ടികള്‍ ഒരുമിച്ചു വാങ്ങുന്നത് സാമ്പത്തികബാധ്യതയാകുമെങ്കില്‍ ഒരു മാസം അഞ്ച് ചട്ടി എന്ന കണക്കില്‍ വാങ്ങാം. ചട്ടി തന്നെ വേണമെന്നില്ല, മണ്ണ് നിറയ്‌ക്കാവുന്ന ഏതു പാത്രവും പച്ചക്കറി കൃഷിക്കുപയോഗിക്കാവുന്നതാണ്.
5. വേനലില്‍ നന പ്രധാനം
വേനലില്‍ രണ്ടുനേരവും നനച്ചു കൊടുക്കുകയും വേണം. കഴിയുന്നതും രാവിലെ വെയില്‍ ചൂടാകുന്നതിനു മുമ്പേയോ വെയിലാറിയതിനുശേഷമോ വേണം നനയ്‌ക്കാന്‍. ഈര്‍പ്പം കൂടുതല്‍ സമയം തങ്ങിനില്‍ക്കുന്നതിനാണിത്. പച്ചക്കറികള്‍ നടുന്ന സ്‌ഥലത്ത് കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും വെയില്‍ കിട്ടുമെന്ന് ഉറപ്പാക്കണം. വെയില്‍ കൂടുതല്‍ ആവശ്യമുള്ള പച്ചക്കറികളാണ് ചീര, വെണ്ട, തക്കാളി, വെള്ളരി വര്‍ഗങ്ങള്‍ മുതലായവ. എന്നാല്‍ വഴുതിന, മുളക് തുടങ്ങിയവയ്‌ക്ക് വെയില്‍ അല്‌പം കുറഞ്ഞാലും കുഴപ്പമില്ല. വേനല്‍ക്കാലത്ത്, ചെടികള്‍ക്ക് 50 മുതല്‍ 75 ശതമാനം വരെ ഷേഡ് നല്‍കുന്നതു നല്ലതാണ്.
6. പച്ചക്കറികള്‍ തമ്മിലുള്ള അകലം
കീടങ്ങളെ കളയാനും വളം നല്‍കാനും ഇടയിലൂടെ സ്വതന്ത്രമായി നടക്കാന്‍ കഴിയുന്ന വിധത്തില്‍ ഏകദേശം ഒന്നരയടി വിടവ് രണ്ട് ചട്ടികള്‍ / ഗ്രോ ബാഗുകള്‍ തമ്മില്‍ ഉണ്ടായിരിക്കണം. 2*2 വലുപ്പമുള്ള ഒരു ടൈല്‍ സങ്കല്‌പിച്ച് ഒന്നിനു നടുവില്‍ ഒരു ചട്ടിയും തൊട്ടടുത്ത ടൈലിനു നടുവില്‍ മറ്റൊരു ചട്ടിയും എന്ന കണക്കും ശരിയാണ്. ചെടികളുടെ ഇലകള്‍ തമ്മില്‍ പരസ്‌പരം തൊടാതെ നില്‍ക്കുന്നതാണ് നല്ലത്. ഇലകള്‍ പരസ്‌പരം സ്‌പര്‍ശിക്കുന്നുണ്ടെങ്കില്‍ രോഗകീടബാധകള്‍ പകരാനും സാധ്യതയുണ്ട്.
7. വിളയറിഞ്ഞ് വിത്തിടൂ
മണ്ണ്, ചാണകപ്പൊടി, മണല്‍, ചകിരിച്ചോറ് എന്നിവ തുല്യ അളവിലെടുത്ത് കൂട്ടിക്കലര്‍ത്തിയ മിശ്രിതം ഗ്രോ ബാഗില്‍ അല്ലെങ്കില്‍ ചട്ടിയില്‍ നിറച്ച് അതില്‍ വിത്തിടുന്നതാണ് ഏറ്റവും നല്ലത്.
വിത്തു നടുന്നത് രണ്ടുതരത്തിലാണ്. ചീര, വഴുതിന, തക്കാളി പോലുള്ള പച്ചക്കറികളുടെ വിത്തുകള്‍ ഒരുമിച്ചിട്ട് തൈകള്‍ക്ക് രണ്ടോ മൂന്നോ ഇല വന്ന ശേഷം അവ പറിച്ചു നടാം. എന്നാല്‍ വെണ്ട, പയര്‍ ഇവയെല്ലാം നേരിട്ട് ഗ്രോ ബാഗിലേക്ക് വിത്തിട്ട് അവ അതില്‍ത്തന്നെ വളര്‍ത്തിയെടുക്കണം. ആരോഗ്യമില്ലാത്ത തൈകള്‍ പിഴുതുമാറ്റി, നല്ല തൈകള്‍ മാത്രം വളര്‍ത്തുന്നതാണ് ഉത്തമം. ചീര ഒരു ബാഗില്‍ മൂന്നോ നാലോ തൈകള്‍ നടുന്നതാണ് നല്ലത്. തൈ പറിച്ചു നടുന്ന മണ്ണ് നന്നായി ഇളകിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ചെടിയുടെ വേരുകള്‍ക്കിടയില്‍ വായു സഞ്ചാരമുണ്ടാകാന്‍ നല്ലപോലെ മണ്ണിളക്കുന്നതു ഗുണകരമാണ്.
8. ജൈവകീടനിയന്ത്രണം
കീടങ്ങളെ നിയന്ത്രിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ നല്‍കണം. രാവിലെയും വൈകിട്ടും ചെടികളെ ശ്രദ്ധിച്ചാല്‍ കീടങ്ങളുടെ ഉപദ്രവമുണ്ടായിട്ടുണ്ടെങ്കില്‍ പെട്ടെന്ന് തിരിച്ചറിയാം. പുഴുക്കളുടെ ആക്രമണമുണ്ടായിട്ടുണ്ടെങ്കില്‍ അവയെ കഴിയുന്നതും കൈ കൊണ്ടു പിടിച്ചു കളയുക. ഇലയില്‍ വെള്ളമൊഴിച്ചു കഴുകുന്നതും നല്ലതാണ്. ചെറിയ രീതിയിലാണ് കീടബാധയെങ്കില്‍ നാടന്‍ മരുന്നുകളായ വേപ്പെണ്ണക്കഷായം, വെളുത്തുള്ളിക്കഷായം ഇവയെല്ലാം പരീക്ഷിക്കാം. ചെടിയുടെ യൗവനം കഴിഞ്ഞാല്‍ പറിച്ചെടുത്തു നശിപ്പിക്കുന്നതും കീടനിയന്ത്രണത്തിനു സഹായിക്കും. രോഗകീടബാധ കൂടുതലാണെങ്കില്‍ `യെല്ലോ ഗ്രേഡിലുള്ള കീടനാശിനി ഉപയോഗിക്കാം. കീടനാശിനി ഉപയോഗിച്ചാല്‍ മൂന്നുദിവസം കഴിഞ്ഞേ ആ ചെടിയുടെ ഭാഗങ്ങള്‍ ഉപയോഗിക്കാവൂ എന്നുമാത്രം.
https://www.facebook.com/Malayalivartha