നാട്ടിലേക്ക് പോകാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് തിരിച്ചടി; ജൂൺ 20 മുതൽ വിദേശത്തുനിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് എത്തുന്നവർ കോവിഡ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് ഹാജരാക്കണം

കൊറോണ വ്യാപനത്തിന്റെ ഭീതിയിൽ കഴിയുന്ന പ്രവാസികളോട് സർക്കാർ കാണിക്കുന്ന അനീതിക്ക് അന്തമില്ല. വന്ദേഭാരത് മിഷൻ വഴിയുള്ള സര്ക്കാരിന്റെ ഓരോ തീരുമാനങ്ങളും പ്രവാസികൾക്ക് തിരിച്ചടിയാണ് നൽകിയിരുന്നത്. എന്നാൽ നേരിയ ആശ്വാസം നൽകിയത് ചാർട്ടേർഡ് വിമാനങ്ങൾക്ക് അനുമതി നല്കിയെന്നുള്ള വാർത്ത തന്നെയാണ്. അവിടെയും അവസാനിക്കുന്നില്ല, ജൂൺ 20 മുതൽ വിദേശത്തുനിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് എത്തുന്നവർ കോവിഡ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിർദേശം നാട്ടിലേക്ക് പോകാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ്. എന്നാൽ, വന്ദേഭാരത് ദൗത്യത്തിന് കീഴിൽ പോകുന്ന വിമാനങ്ങൾക്ക് ഈ നിബന്ധന ബാധകമല്ല.
അതോടൊപ്പം തന്നെ ഗൾഫിൽ നിന്നുള്ള എല്ലാ യാത്രക്കാരും യാത്ര പുറപ്പെടുന്നതിന് മുമ്പ് 48 മണിക്കൂറിനുള്ളിൽ കോവിഡ് ടെസ്റ്റ് നടത്തണം എന്നതാണ് നിബന്ധന. കേരള സർക്കാരിെൻറ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവനിൽനിന്ന് ഇതുസംബന്ധിച്ച നിർദേശം ലഭിച്ചു. ഇതാണ് ബഹ്റൈൻ കേരളീയ സമാജം ഭാരവാഹികൾ വ്യക്തമാക്കിയത്.നെഗറ്റിവ് ആയവരെ മാത്രമെ വിമാനത്തിൽ കയറ്റാൻ പാടുള്ളൂ, ടെസ്റ്റ് സർട്ടിഫിക്കറ്റ് ഒാരോ യാത്രക്കാരനും കൈയിൽ കരുതണം എന്നതൊക്കെയും തന്നെ വ്യക്തമാക്കുന്നതാണ്. നേരത്തെ അനുമതി ലഭിച്ച ചാർട്ടേർഡ് വിമാനങ്ങൾക്കും ഇത് ബാധകമാണ്. പോസിറ്റിവായ ആൾക്ക് അടിയന്തര വൈദ്യ പരിചരണം ആവശ്യമാണെങ്കിൽ എയർ ആംബുലൻസ് സേവനം ഉപയോഗപ്പെടുത്താമെന്നും നിർദേശിക്കുകയാണ്.
ഗൾഫ് രാജ്യങ്ങളിൽനിന്ന് എത്തുന്ന പ്രവാസികളിൽ രോഗബാധ ഉയരുന്നത് ചൂണ്ടിക്കാട്ടിയാണ് കോവിഡ്പരിശോധന നിർബന്ധമാക്കി കേരള സർക്കാരിന്റെ നിർദേശം പുറത്തേക്ക് വരുന്നത്. ഇങ്ങനെ നാട്ടിൽ എത്തിയ ഗൾഫ് പ്രവാസികളിൽ രോഗ നിരക്ക് മൂന്ന് ശതമാനമായാണ് ഉയർന്നത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ചില രാജ്യങ്ങളിൽനിന്ന് എത്തിയവരിൽ ഇത് ആറ് ശതമാനമാണെന്നും സർക്കാർ പറയുന്നു. ജനസാന്ദ്രത ഏറിയ കേരളം പോലെ സംസ്ഥാനത്ത് രോഗ നിരക്ക് ഉയർന്നാൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടുകയാണ്.
https://www.facebook.com/Malayalivartha
























