ഇതുവരെ ഉണ്ടായതിൽ ഏറ്റവും ഉയർന്ന രോഗബാധ; ഒമാനിൽ കുത്തനെ ഉയർന്ന കൊറോണ ബാധിതർ, തുടർച്ചയായി നാലാം ദിനവും ഉയർന്ന കണക്ക്

ഗൾഫ് രാഷ്ട്രങ്ങളിൽ ദിനംപ്രതി കോവിഡ് കേസുകൾ ഉയരുകയാണ്. ഇതിനോടകം തന്നെ നിരവധി പ്രവാസി മലയാളികളാണ് രോഗബാധയെത്തുടർന്ന് മരണത്തിന് കീഴടങ്ങിയത്. എന്നാലിതാ ആശങ്കയുണർത്തി തുടർച്ചയായ നാലാം ദിവസവും ഒമാനിൽ ആയിരത്തിന് മുകളിൽ ആളുകൾക്ക് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1404 പേർക്കാണ് ഞായറാഴ്ച മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ ഉണ്ടായതിൽ ഏറ്റവും ഉയർന്ന രോഗബാധയാണിത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 3596 പേരുടെ രോഗ പരിശോധനാ ഫലമാണ് ഇന്നലെ പുറത്തുവിട്ടത്.
പുതിയ രോഗികളിൽ 1004 പേർ പ്രവാസികളാണ് എന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ പ്രവാസികളുടെ എണ്ണം ആദ്യമായാണ് ആയിരത്തിന് മുകളിൽ എത്തുന്നത്. അതോടൊപ്പം തന്നെ രാജ്യത്തെ മൊത്തം കോവിഡ് രോഗബാധിതരുടെ എണ്ണം 23,481 ആയി. 924 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇത് നേരിയ ആശ്വാസം നൽകുന്നുണ്ട് എങ്കിലും രോഗികളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവ് കൂടുതൽ ആശങ്ക ഉയർത്തുകയാണ്.
ഇതോടുകൂടെ അസുഖം സുഖപ്പെട്ടവരുടെ എണ്ണം 8454 ആയി ഉയരുകയുണ്ടായി. അഞ്ചുപേർ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 104 ആയി ഉയർന്നു. 14,923 പേരാണ് നിലവിൽ അസുഖബാധിതരായി കഴിയുന്നത്. 39 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 313 ആയി ഉയരുകയുണ്ടായി. എന്നാൽ തീവ്ര പരിചരണ വിഭാഗത്തിൽ നൂറുപേരാണുള്ളത് എന്നാണ് അധികൃതർ നൽകുന്ന വിവരം. പുതിയ രോഗികളിൽ 1093 പേരും മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇതോടെ മസ്കത്ത് ഗവർണറേറ്റിലെ കോവിഡ് ബാധിതരുടെ എണ്ണം 17,405 ആയി ഉയർന്നിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























