'മെകുനു' ചുഴലിക്കാറ്റ്; ഏറ്റവും കൂടുതൽ മഴ പെയ്തിറങ്ങിയത് സലാലയിൽ

'മെകുനു' ചുഴലിക്കാറ്റിന്റെ ഫലമായി കൂടുതല്‍ മഴ ലഭിച്ചത് സലാലയില്‍. ചുഴലിക്കാറ്റ് തീരത്തോട് അടുത്ത കഴിഞ്ഞ ബുധനാഴ്ച രാത്രി മുതലാണ് ദോഫാര്‍, അല്‍ വുസ്ത തീരങ്ങളില്‍ മഴ ലഭിച്ചു തുടങ്ങിയത്. ഞായറാഴ്ച വരെയുള്ള കണക്കനുസരിച്ച് സലാലയില്‍ 617 മില്ലീമീറ്റര്‍ മഴയാണ് പെയ്തിറങ്ങിയത്.
തഖാ വിലായത്തില്‍ 275, മിര്‍ബാത്തില്‍ 221, റഖിയൂത്തില് 214, തുംറൈത്തില്‍ 196 , സദായില്‍ 180, മസ്യൂനയില്‍ 80 മില്ലീമീറ്ററും മഴ ലഭിച്ചു. അല്‍ വുസ്ത ഗവര്‍ണറേറ്റിലെ അല്‍ ജാസറിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്, 15 മില്ലീമീറ്റര്‍.
കാലാവസ്ഥാ മാറ്റത്തിന്റെ പരോക്ഷ ഫലമായി മറ്റു ഗവര്‍ണറേറ്റുകളിലും മഴ ലഭിച്ചു. ആദം വിലായത്തില്‍ 14 മി.മീ., ബുറൈമിയില്‍ എട്ട് മി.മീ., ഇബ്രിയില്‍ ഏഴു മി.മീ., വാദി ബനീ ഖാലിദില്‍ അഞ്ച് മില്ലീമീറ്ററും മഴയാണ് ലഭിച്ചത്. പേമാരിയുടെ ഫലമായി ദോഫാര്‍ ഗവര്‍ണറേറ്റിലെ വാദികളെല്ലാം നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. അല്‍ വുസ്തയിലെ വാദി സുഖ്റയും നിറഞ്ഞൊഴുകുകയാണ്.
സഹല്‍നൂത്ത് അണക്കെട്ടില്‍ 6.4 ദശലക്ഷം ക്യുബിക് മീറ്റര്‍ ജലമാണ് ഇപ്പോഴുള്ളതെന്ന് റീജ്യനല്‍ മുനിസിപ്പാലിറ്റീസ് ആന്‍ഡ് വാട്ടര്‍ റിസോഴ്സസ് മന്ത്രാലയം അറിയിച്ചു. വെള്ളപ്പൊക്കത്തില്‍നിന്നുള്ള സംരക്ഷണം ലക്ഷ്യമിട്ട് 92 ദശലക്ഷം ക്യുബിക് മീറ്റര്‍ ജലവും റഖിയൂത്തിലെ ഷാഖോ റിസര്‍വോയറില്‍ 3000 ക്യൂബിക് മീറ്റര്‍ ജലവുമുണ്ട്.
https://www.facebook.com/Malayalivartha



























