അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ ആക്രമണത്തില്‍ സൈനികരും പോലീസുകാരും ഉള്‍പ്പെടെ 20 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനില്‍ സമാധാനക്കരാര്‍ ലംഘിച്ച് താലിബാന്റെ ആക്രമണം. താലിബാന്‍ നടത്തിയ രണ്ടു വ്യത്യസ്ത ആക്രമണങ്ങളില്‍ സൈനികരും പോലീസുകാരും ഉള്‍പ്പെടെ 20 പേര്‍ കൊല്ലപ്പെട്ടു. താലിബാന്റെ രാഷ്ട്രീയകാര്യനേതാവ് മുല്ല ബരദറുമായി സൗഹൃദസംഭാഷണം നടത്തിയെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞ് മണിക്കൂറുകള്‍ക്കകമായിരുന്നു ആക്രമണം. കുണ്ടൂസിലെ ഇമാം സാഹിബ് ജില്ലയില്‍ മൂന്നു സൈനിക പോസ്റ്റുകള്‍ക്കു നേരെയാണ് ചൊവ്വാഴ്ച രാത്രി താലിബാന്‍ ആക്രമണം നടത്തിയത്. 10 സൈനികരും നാലുപോലീസുകാരും കൊല്ലപ്പെട്ടു.
മധ്യ ഉറുസ്ഗാന്‍ പ്രവിശ്യയിലുണ്ടായ മറ്റൊരാക്രമണത്തില്‍ ആറുപോലീസുകാരും മരിച്ചു. ഏഴുപേര്‍ക്കു പരിക്കേറ്റു.വൈകാതെ ഹെല്‍മാണ്ട് പ്രവിശ്യയിലെ താലിബാന്‍കേന്ദ്രങ്ങളില്‍ യു.എസ്. സൈന്യം വ്യോമാക്രമണം നടത്തി.
"
https://www.facebook.com/Malayalivartha