ക്യാൻസർ രോഗത്തോട് പൊരുതുന്ന ഏഴുവയസ്സുകാരൻ അബ്ദുല്ലയുടെ ആഗ്രഹം സഫലമാക്കാൻ എത്തി സാക്ഷാൽ ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം; സന്ദർശനം അബ്ദുല്ലയുടെ ആഗ്രഹം വാർത്തയായതോടെ

ഏഴു വയസുകാരന്‍ അബ്‍ദുല്ലയുടെ ആഗ്രഹം സഫലമാക്കി ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദുബായില്‍ ക്യാന്‍സര്‍ രോഗത്തിന്റെ മൂന്നാം ഘട്ടം അതിജീവിക്കാനുള്ള ചികിത്സകളിലൂടെ കടന്നുപോകുകയാണ് ഈ ഏഴുവയസ്സുകാരൻ .അബ്ദുല്ല തനിക്ക് ശൈഖ് ഹംദാനെ കാണണമെന്ന ആഗ്രഹം ഒരു ചാനലിലൂടെയാണ് പങ്കുവെച്ചത്.
ഹൈദരാബാദ് സ്വദേശിയായ അബ്‍ദുല്ല, ശൈഖ് ഹംദാന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ കണ്ട് അദ്ദേഹത്തിന്റെ ആരാധകനാകുകയായിരുന്നു. അദ്ദേഹത്തെ ലാളിത്യമാര്‍ന്ന പെരുമാറ്റവും സാഹസികത നിറഞ്ഞ പ്രവൃത്തികളുമാണ് തന്നെ പ്രചോദിപ്പിക്കുന്നതെന്ന് അബ്‍ദുല്ല വെളിപ്പെടുത്തി . ജനങ്ങളെ സഹായിക്കുകയും എല്ലാ രംഗത്തും ഒന്നാം സ്ഥാനം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന അതുല്യ പ്രതിഭയാണ് അദ്ദേഹം എന്നും അബ്ദുല്ല പറയുന്നു.
യുഎഇ മാധ്യമങ്ങളില്‍ അബ്‍ദുല്ലയുടെ ആഗ്രഹം വാര്‍ത്തയായതോടെയാണ് ശൈഖ് ഹംദാന്‍ തന്റെ കുഞ്ഞ് ആരാധകനെ തേടിയെത്തിയത്. പരമ്പരാഗത അറബ് വേഷം ധരിച്ച അബ്‍ദുല്ലയെ സ്നേഹത്തോടെ ചേര്‍ത്തുനിര്‍ത്തുന്ന ചിത്രം ശൈഖ് ഹംദാനും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ധീരനായ ബാലനെ സന്ദർശിക്കാൻ സാധിച്ചെന്നും ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചു. ജീവനുതന്നെ ഭീഷണിയാവുന്ന രോഗവുമായി പടപൊരുതുന്ന ഇന്ത്യന്‍ ബാലന്റെ ആഗ്രഹം സഫലമാക്കാനെത്തിയ ശൈഖ് ഹംദാന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ നന്ദി അറിയിച്ചു. ഇരുരാജ്യങ്ങളും ജനങ്ങളും തമ്മില്‍ ഊഷ്മളമായ ബന്ധമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha























