കൊറോണ വൈറസ് ബാധ; സൗദി അറേബ്യയിൽ എത്തുന്നവർക്ക് ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സൗദി ആഭ്യന്തര മന്ത്രാലയം

സൗദി അറേബ്യയിലേക്ക് റീഎൻട്രി ഉൾപ്പെടെ ഏത് വിസയിൽ എത്തുന്നവർക്കും ആരോഗ്യ സർട്ടിഫിക്കറ്റ് (പിസിആർ) നിർബന്ധമാക്കി സൗദി ആഭ്യന്തര മന്ത്രാലയം . കൊവിഡ്-19 സ്ഥിരീകരിച്ച ഇന്ത്യയുൾപ്പെടെ എല്ലാ രാജ്യങ്ങളിൽനിന്നും സൗദിയിലേക്ക് വരുന്നവർക്ക് നിയമം ബാധകമാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പുതിയ വിസക്കും റീ എൻട്രിയിൽ നാട്ടിലേക്ക് പോയി രണ്ടാഴ്ചയിലധികം തങ്ങിയവർക്കും പിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരിക്കുകയാണ് . സൗദി കോൺസുലേറ്റിന്‍റെ അംഗീകാരമുള്ള ആരോഗ്യകേന്ദ്രങ്ങളിൽനിന്ന് യാത്രയുടെ 24 മണിക്കൂർ മുമ്പ് എടുത്ത സർട്ടിഫിക്കറ്റ് മാത്രമേ സ്വീകരിക്കൂ. ഇത്തരം സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് യാത്രക്കാർക്ക് ബോർഡിങ് പാസുകൾ നൽകേണ്ട ഉത്തരവാദിത്തം അതത് വിമാന കമ്പനികൾക്കായിരിക്കുമെന്നും അധികൃതര്‍ അറിയിപ്പിൽ വ്യക്തമാക്കുന്നു.
വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സൗദിയിലേക്ക് യുഎഇ, ബഹ്റൈന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നും റോഡ്മാർഗം ഇനി യാത്രക്കാർക്ക് പ്രവേശിക്കാനാവില്ല. ചരക്കുഗതാഗതം മാത്രമേ അനുവദിക്കുകയുള്ളു . ബഹ്റൈനിൽ നിന്ന് സൗദിയിലേക്ക് കിങ് ഫഹദ് കോസ്വേ വഴിയുള്ള ഗതാഗതവും നിയന്ത്രിച്ചു . യാത്രക്കാർക്ക് കോസ്വേയിലൂടെ വരാനാവില്ല. എന്നാൽ വിലക്ക് താല്‍ക്കാലികമാണെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























