സ്ത്രീകളെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ ഡോക്ടര്‍ പിടിയില്‍

ലൈംഗികത്തൊഴിലാളിയായ സ്ത്രീയെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ അറസ്റ്റില്‍. ഒഹിയോയിലെ പ്ലാസ്റ്റിക് സര്‍ജനായ ഡോ. മനീഷ് ഗുപ്തയെയാണ് യു.എസ്. അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ. കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. മനീഷ് ഗുപ്തയുടെ വീട്ടില്‍നിന്നും കാറില്‍നിന്നും നിരവധി മെമ്മറി കാര്‍ഡുകളും സെക്‌സ് ടോയ്കളും കണ്ടെടുത്തെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇതിനുപുറമേ ക്യാമറ, മയക്കുമരുന്ന് ഗുളികകള്‍ തുടങ്ങിയവയും കണ്ടെടുത്തു. മനീഷ് ഗുപ്തയുടെ ക്ലിനിക്കില്‍നിന്ന് ലഭിച്ച മെമ്മറി കാര്‍ഡില്‍നിന്ന് അദ്ദേഹത്തിന്റെ നിരവധി വീഡിയോകള്‍ ലഭിച്ചതായി ഒരു ജീവനക്കാരനും മൊഴി നല്‍കിയിരുന്നു. അബോധാവസ്ഥയിലായ സ്ത്രീയെ ഡോക്ടര്‍ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങളായിരുന്നു അതെല്ലാം. ഇതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മനീഷ് ഗുപ്ത നിരവധി സ്ത്രീകളെ ഇത്തരത്തില്‍ ബലാത്സംഗം ചെയ്തതായി കണ്ടെത്തിയത്.
2016 ല്‍ നടന്ന സംഭവത്തില്‍ ലൈംഗികത്തൊഴിലാളിയായ ഒരു യുവതി നല്‍കിയ പരാതിയിലാണ് എഫ്.ബി.ഐ.യുടെ നടപടി. സംഭവത്തില്‍ കഴിഞ്ഞ ജനുവരി മുതല്‍ എഫ്.ബി.ഐ. അന്വേഷണം നടത്തിവരികയായിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞദിവസം ഡോക്ടറെ അറസ്റ്റ് ചെയ്ത് കുറ്റം ചുമത്തിയത്. 2016 ല്‍ ലോസ് ആഞ്ജലിസില്‍ ഡോക്ടര്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയ മനീഷ് ഗുപ്ത അവിടെവെച്ച് ഒരു ലൈംഗികത്തൊഴിലാളിയായ യുവതിയെ ഹോട്ടലിലേക്ക് ക്ഷണിച്ചിരുന്നു. തുടര്‍ന്ന് യുവതിയെ മയക്കുമരുന്ന് നല്‍കി അബോധവസ്ഥയിലാക്കിയ ശേഷം ബലാത്സംഗം ചെയ്തു. ഇതെല്ലാം ക്യാമറയില്‍ ചിത്രീകരിച്ചു. സംഭവത്തിന് ശേഷം സംശയം തോന്നിയ യുവതി പിന്നീട് വൈദ്യപരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്നിന്റെ അംശം കണ്ടെത്തിയത്. മാത്രമല്ല, ബലാത്സംഗത്തിനിരയായെന്നും പരിശോധനയില്‍ തെളിഞ്ഞു. അന്ന് ഡോക്ടര്‍ക്കെതിരെ പരാതി നല്‍കാതിരുന്ന യുവതി ഇക്കാര്യം മറ്റുള്ള ലൈംഗികത്തൊഴിലാളികളുമായി പങ്കുവെച്ചിരുന്നു. ഇവരുടെ ഓണ്‍ലൈന്‍ വേദിയില്‍ നിരവധിപേരാണ് മനീഷ് ഗുപ്തക്കെതിരെ സമാന പരാതിയുമായി രംഗത്തെത്തിയത്. മയക്കുമരുന്ന് നല്‍കി ബോധംകെടുത്തി ബലാത്സംഗം ചെയ്‌തെന്നും അത് ചിത്രീകരിച്ചെന്നുമായിരുന്നു എല്ലാവരുടെയും പരാതി.
https://www.facebook.com/Malayalivartha























