കടല്‍ ഇറങ്ങുമ്പോള്‍ തെളിയുന്ന പാറക്കെട്ടിലെ വരികളില്‍ ഉള്ളത് ഒരു മരണരഹസ്യം !

ഒട്ടേറെ ബീച്ച് റിസോര്‍ട്ടുകളുമായി പ്രശസ്തമായ ഫ്രാന്‍സിന്റെ പടിഞ്ഞാറന്‍ പ്രദേശത്തെ ഒരു ടൂറിസം കേന്ദ്രമാണ് ബ്രിട്ടനി. അറ്റ്ലാന്റിക് സമുദ്രത്തിലേക്കിറങ്ങി നില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഈ പ്രദേശത്തിന് പിന്നെയും പ്രത്യേകതകളേറെയുണ്ട്.
ഇവിടെ പലയിടത്തായി പ്രാചീന കാലത്തെ പ്രത്യേക ശിലാസ്തംഭങ്ങളും കണ്ടെത്തിയിട്ടുള്ളതിനാല്‍ ഇവിടം ചരിത്രകാരന്മാര്‍ക്ക് പ്രത്യേക താല്‍പര്യമുള്ള സ്ഥലമാണ്. വേലിയിറക്ക സമയത്ത് കടലിറങ്ങുമ്പോള്‍ മാത്രം കാണപ്പെടുന്ന ഒരു പാറ നാട്ടുകാരില്‍ ചിലരുടെ കണ്ണില്‍പ്പെട്ടു. ഏകദേശം ഒരു മീറ്റര്‍ ഉയരമുള്ള ആ പാറയില്‍ കോറിയിട്ട ചില വരികളാണ് പിന്നീട് ലോകശ്രദ്ധയാകര്‍ഷിച്ചത്.
വല്ലാത്തൊരു ഭാഷയില്‍ ഏകദേശം 20 വരികളുണ്ടായിരുന്നു പാറയില്‍. പക്ഷേ എന്താണ് എഴുതിയിരിക്കുന്നതെന്നു മാത്രം ആര്‍ക്കും പിടികിട്ടിയില്ല. ആ ഭാഷ പ്രാചീന കാലത്ത് ഉപയോഗിച്ചിരുന്നതാണെന്നു ഗവേഷകര്‍ കണ്ടെത്തി. മാത്രവുമല്ല ചില അക്ഷരങ്ങള്‍ തലകീഴായും തിരിച്ചുമെല്ലാം ഉപയോഗിച്ചിട്ടുണ്ട്. പലതരം ഭാഷകളാണ് അതില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും കണ്ടെത്തി. എഴുതിയതിന്റെ അര്‍ഥം മാത്രം ആര്‍ക്കും മനസ്സിലായില്ല. വര്‍ഷങ്ങളോളം പലരും പരിശ്രമിച്ചു, തോല്‍വിയായിരുന്നു ഫലം.
ഒടുവില്‍ പ്രാദേശിക സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരു മത്സരം നടത്താന്‍ തീരുമാനിച്ചു. പാറയിലെ വരികളുടെ യഥാര്‍ഥ അര്‍ഥം കണ്ടെത്തുന്നവര്‍ക്ക് 2000 യൂറോ (ഏകദേശം 1.67 ലക്ഷം രൂപ)യായിരുന്നു സമ്മാനം പ്രഖ്യാപിച്ചത്. അതേ തുടര്‍ന്ന് നാളുകള്‍ക്കു ശേഷം 61 എന്‍ട്രികളെത്തി. ചരിത്രകാരന്മാരുടെ സമിതി അതു പരിശോധിച്ചു.
അത്രയും കാലം ആ ശിലാഫലകത്തിലെ വരികളില്‍ ഒളിച്ചിരുന്നത് ഒരു മരണത്തിന്റെ രഹസ്യമായിരുന്നു. രണ്ടു പേര്‍ ഇക്കാര്യം കണ്ടെത്തി, അവര്‍ക്കു സമ്മാനത്തുക വീതിച്ചു നല്‍കും. ഏകദേശം 230 വര്‍ഷത്തെ പഴക്കമുണ്ടായിരുന്നു ആ എഴുത്തിന്. 1786, 1787 എന്നീ വര്‍ഷങ്ങള്‍ അതില്‍ വ്യക്തമായിരുന്നു.
കെല്‍റ്റിക് ഭാഷാ വിദഗ്ധനും അധ്യാപകവുമായ നോയല്‍ റെനെ ടൂഡിക് ആയിരുന്നു വരികള്‍ക്കു പിന്നിലെ അര്‍ഥം കണ്ടെത്തിയ ഒരാള്‍- പട്ടാളക്കാരനായ ഒരാളുടെ വഞ്ചി കൊടുങ്കാറ്റില്‍പ്പെട്ടു മറിഞ്ഞതിന്റെ ഓര്‍മയ്ക്ക് അദ്ദേഹത്തിന്റെ സുഹൃത്ത് രേഖപ്പെടുത്തിയതാണ് ശിലാഫലകത്തിലെ വരികളെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍.
പതിനെട്ടാം നൂറ്റാണ്ടില്‍ ബ്രിട്ടനിയില്‍ നിലനിന്നിരുന്ന ബ്രെട്ടോണ്‍ ഭാഷ അറിയാവുന്ന ഒരാളാണ് അതെഴുതിയത്, പക്ഷേ പൂര്‍ണ സാക്ഷരത നേടിയ ഒരാളായിരുന്നില്ല. അതിന്റേതായ പ്രശ്‌നങ്ങളാണ് വരികളില്‍ കണ്ടത്. ശരിക്കു തുഴയാനറിയാത്ത വ്യക്തി കൊടുങ്കാറ്റിനിടെ കടലിലേക്കിറങ്ങിയപ്പോള്‍ വഞ്ചി മറിയുകയായിരുന്നുവെന്നും ആ വരികള്‍ പറയുന്നു. ചരിത്രകാരനായ റോജര്‍ ഫാലിഗോയായിരുന്നു രണ്ടാം വിജയി. അദ്ദേഹത്തിന്റെ കണ്ടെത്തലിന് അല്‍പം വ്യത്യാസമുണ്ട്.

ബ്രെട്ടോണ്‍ ഭാഷയിലാണ് എഴുത്തെങ്കിലും ചിലയിടത്ത് ബ്രിട്ടനിയില്‍ ഗോത്രവിഭാഗക്കാര്‍ക്കിടയില്‍ പ്രാദേശികമായി പ്രയോഗിച്ചിരുന്ന വെല്‍ഷ് ഭാഷയും ഉപയോഗിച്ചിട്ടുണ്ട്.ധൈര്യവാനായിരുന്ന ഒരു വ്യക്തിയെപ്പറ്റിയാണ് ശിലാഫലകത്തില്‍ പറയുന്നത്. ദ്വീപില്‍ എങ്ങനെയോ കുടുങ്ങിപ്പോയ അദ്ദേഹം പ്രതികൂല അവസ്ഥയില്‍പ്പെട്ട് മരിച്ചു എന്നാണ് വരികള്‍ വ്യക്തമാക്കുന്നതെന്നും അവര്‍ പറയുന്നു. ഫ്രഞ്ചും സ്‌കാന്‍ഡിനേവിയന്‍ ഭാഷയുമൊക്കെ ചേര്‍ന്ന വരികളില്‍ പൊതുവായി രണ്ടു പേരും കണ്ടെത്തിയത് മരണം, ദ്വീപ്, കടല്‍, പ്രതികൂലമായ അവസ്ഥ തുടങ്ങിയ കാര്യങ്ങളായിരുന്നു.
ഫ്രഞ്ച് വിപ്ലവത്തിനും ഏതാനും വര്‍ഷം മുമ്പുള്ള ആ ശിലാഫലകത്തിലെ വരികള്‍ക്കൊപ്പം കപ്പലിന്റെയും കുരിശിന്റെയും ഹൃദയത്തിന്റെയും ചിത്രങ്ങളുമുണ്ടായിരുന്നു. ഫ്രാന്‍സില്‍നിന്നു മാത്രമല്ല യുഎസ്, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നും പാറക്കെട്ടിലെ വരികള്‍ക്കു വിശദീകരണവുമായി മത്സരാര്‍ഥികളുണ്ടായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ ആ ഫലകത്തിലെ വരികള്‍ക്കു പിന്നിലെ രഹസ്യം ഇതൊന്നുമല്ലാതിരിക്കാനും സാധ്യതയുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ഇപ്പോഴത്തേത് ഏറ്റവും വിശ്വസനീയമായ നിഗമനം മാത്രമാണ്. അതിനെ മറികടക്കുന്ന ഉത്തരം ലഭിക്കുംവരെ പാറക്കെട്ടിലെ 'മരണവരികള്‍' ഇനിയും രഹസ്യമായിത്തുടരും.
https://www.facebook.com/Malayalivartha























