കൊറോണ വൈറസ് ബാധയിൽ വിവിധ രാജ്യങ്ങളിലായി മരിച്ചവരുടെ എണ്ണം 4000 കവിയുമ്പോഴും കുലുങ്ങാതെ ഉത്തരകൊറിയ; രോഗം ബാധിച്ചയാളെ വെടിവച്ച് കൊന്ന് കൊറോണയെ തടയാൻ ഉത്തരവിട്ട് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ: ന്യൂമോണിയ, ക്ഷയം, ആസ്ത്‌മ, ജലദോഷം, പനി തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ നിരീക്ഷിക്കാനും, ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ ഏർപ്പെടുത്താനും സൈനികർക്ക് നിർദ്ദേശം

ചൈനയിലെ ഏറ്റവും ശക്തമായ സാമ്പത്തികനിലയുള്ള 10 നഗരങ്ങളിലൊന്നായ വുഹാനിലെ ആശുപത്രിയിൽ ന്യുമോണിയ ലക്ഷണങ്ങളോടെ 2019 ഡിസംബർ എട്ടിനായിരുന്നു ഒരാളെ പ്രവേശിപ്പിച്ചത്. പിന്നീടായിരുന്നു വലിയൊരു ഇടവേളയ്ക്ക് ശേഷം മാരകമായ കൊറോണ വൈറസ് രാജ്യത്ത് പടർന്നിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നത്. വൈറസ് ബാധ ഹോങ്കോങ്, മക്കാവു തുടങ്ങി ഇന്ത്യ ഉൾപ്പെടെയുള്ള ചൈനയുടെ അയൽരാജ്യങ്ങളിലേക്കെല്ലാം അതിവേഗം പടർന്നു. എന്നാൽ ചൈനയോട് ഏറെ അടുത്ത് സ്ഥിതി ചെയ്യുന്ന ഉത്തര കൊറിയയിൽ ഇതുവരെ ഒരാള്‍ക്കു പോലും വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ടില്ല. ഉത്തര കൊറിയ ഒഴികെ ചൈനയുമായി അതിർത്തി പങ്കിടുന്ന ഭൂരിഭാഗം രാജ്യങ്ങളിലും രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്.
വിവിധ രാജ്യങ്ങളിൽ കൊറോണ വൈറസ് ബാധയിൽ മരിച്ചവരുടെ എണ്ണം 4000 കവിയുമ്പോഴും ഉത്തരകൊറിയക്ക് ഒരു കുലുക്കവും ഇല്ല. ചൈനയില്‍ 3136, ഇറ്റലിയില്‍ 463, ഇറാനിൽ 237, ദക്ഷിണ കൊറിയയിൽ 51, യുഎസിൽ 26 എന്നിങ്ങനെയാണ് വൈറസ് ബാധ മൂലം ചൊവ്വാഴ്ച വരെ മരിച്ചവരുടെ എണ്ണം. ഔദ്യോഗിക മാധ്യമമായ റൊഡോങ് സിന്‍മുന്‍ ഉത്തര കൊറിയയിൽ ഒരാൾക്കു പോലും വൈറസ് ബാധിച്ചിട്ടില്ലെന്ന് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ലോകാരോഗ്യ സംഘടനയും ഇതു ശരിവച്ചിട്ടണ്ട്. ഇതോടെ ഉത്തരകൊറിയ വീണ്ടും മാധ്യമശ്രദ്ധ നേടുകയാണ്. ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയ്ക്ക് പോലും സാധിക്കാത്ത മഹാദ്ഭുതമെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ ഈ നേട്ടത്തെ വാഴ്ത്തിയിരിക്കുന്നത്. ഇറ്റലി, ദക്ഷിണ കൊറിയ, ലബനൻ, ഇസ്രയേൽ, തുടങ്ങി നൂറോളം രാജ്യങ്ങൾ കൊറോണയുടെ പിടിയിലമർന്നിട്ടും ഒരൊറ്റ കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന വാദത്തിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ് ഉത്തര കൊറിയ.
ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ നിർണായക ഇടപെടൽ കൊണ്ടാണ് കൊറോണയെ ഉത്തര കൊറിയയുടെ മണ്ണിൽ നിന്ന് തുടച്ചു നീക്കാൻ സഹായിച്ചുവെന്നായിരുന്നു ഉത്തര കൊറിയയുടെ അവകാശവാദം. കൊറോണ പടരാൻ തുടങ്ങിയതോടെ ചൈനയുമായി പങ്കിടുന്ന 1500 കിലോമീറ്റർ അതിർത്തി അടച്ചിട്ടായിരുന്നു പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയത്. പക്ഷെ മികച്ചതല്ലാത്ത ആരോഗ്യ സംവിധനങ്ങൾ മാത്രമുള്ള ഉത്തര കൊറിയ കൊറോണ വൈറസിനെ ചെറുത്തു തോൽപ്പിച്ചെന്നത് പൊള്ളയായ അവകാശവാദം മാത്രമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. കൊറോണ ബാധമൂലം 200ഓളം ഉത്തര കൊറിയൻ സൈനികർ മരിച്ചതായി ദക്ഷിണ കൊറിയൻ വാർത്ത ഏജൻസി ഡെയ്‌ലി എൻകെ ന്യൂസ് ഓർഗനൈസേഷനും റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ട് പ്രകാരം രോഗബാധ സംശയിക്കുന്ന 4000ത്തോളം പേർ സമ്പർക്ക വിലക്കിലാണ്.
ന്യൂമോണിയ, ക്ഷയം, ആസ്ത്‌മ, ജലദോഷം, പനി തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ നിരീക്ഷിക്കുന്നതായും ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ ഏർപ്പെടുത്താൻ കിം ജോങ് ഉൻ സൈനിക ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയതായും ചില രാജ്യാന്തര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ഇതുകൂടാതെ ഉത്തര കൊറിയയിൽ ആദ്യമായി കൊറോണ ബാധിച്ചയാളെ വെടിവച്ചു കൊന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ചൈനയിൽ സന്ദർശനം നടത്തി തിരിച്ചു വന്നയാളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കിം ജോങ് ഉന്നിന്റെ നിർദേശപ്രകാരമാണ് ഇയാളെ വെടിവച്ചു കൊന്നതെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങളെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി ഉത്തര കൊറിയ അവകാശപ്പെട്ടുവെങ്കിലും വൈറസ് ബാധ മറച്ചു വയ്ക്കുകയാണ് ഉത്തര കൊറിയ ചെയ്യുന്നതെന്നാണ് ലോകരാജ്യങ്ങളുടെ ആരോപണം.
https://www.facebook.com/Malayalivartha