ലോകം ഐസൊലേഷനിലേക്ക്... കോവിഡ് ജാഗ്രതയില്‍ ലോകം മുന്നേറുമ്പോഴും ലോകമാകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6036 ആയി... ലോകത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം ഒന്നരലക്ഷമായി

കോവിഡ് ജാഗ്രതയില്‍ ലോകം മുന്നേറുമ്പോഴും ലോകമാകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6036 ആയി. ഇറാനില്‍ മരണസംഖ്യ 724 ആയിഎന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം ഒന്നരലക്ഷമായി. ആറായിരത്തി നാനൂറുപേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 196 പേര്‍ മരിക്കുകയും ചെയ്തതിന് ശേഷമാണ് സ്‌പെയിന്‍ നിയമങ്ങള്‍ കര്‍ശനമാക്കിയത്. പ്രധാനമന്ത്രി പെദ്രോ സാഞ്ചസിന്റെ ഭാര്യക്കും ഇതിനിടെ രോഗം പിടിപെട്ടു. നാലായിരത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 91 പേര്‍ മരിക്കുകയും ചെയ്ത ഫ്രാന്‍സ് വെള്ളിയാഴ്ച മുതലാണ് ആളുകള്‍ കൂട്ടം ചേരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതെ സമയം കോവിഡിനെ പ്രതിരോധിക്കാന്‍ ഇറ്റലി നടപടികള്‍ കടുപ്പിച്ചു.
നഗരങ്ങളെല്ലാം അടഞ്ഞു. രാജ്യത്ത് 21,000 പേര്‍ക്ക് രോഗബാധയുണ്ട്. 1,441 പേര്‍ മരിച്ചു. എല്ലാ വിദേശയാത്രികരും 14 ദിവസം നിരീക്ഷണത്തിലിരിക്കണമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയാണ്..
അതേസമയം കോവിഡ് വ്യാപനം തടയാന്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അപര്യാപ്തമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. . 200 പ്രമുഖ ശാസ്ത്രജ്ഞര്‍ ഒപ്പിട്ട കത്ത് ലഭിച്ചതോടെ ബോറിസ് ജോണ്‍സണ്‍ സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചു. യൂറോപ്പും അമേരിക്കയും ആദ്യഘട്ടത്തില്‍ കാണിച്ച അനാസ്ഥയാണ് രോഗവ്യാപനത്തിന് ആക്കം കൂട്ടിയത് . രോഗബാധിതര്‍ മറ്റുരാജ്യങ്ങളിലെത്തുന്നതിന് വഴിതെളിച്ചതും ഇതുതന്നെ.വലിയ നിയന്ത്രണങ്ങള്‍ ജനങ്ങളെ അസ്വസ്ഥരാക്കും എന്ന സര്‍ക്കാരിന്റെ നിലപാടാണ് കോവിഡ് രാജ്യത്ത് പടര്‍ന്നുപിടിക്കാന്‍ ഇടയാക്കിയതെന്ന് രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞന്‍ സര്‍ക്കാരിനയച്ച കത്തില്‍ വിമര്‍ശിച്ചു. ജനങ്ങളുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്ന ശാസ്ത്ര ഉപദേഷ്ടാവ് സര്‍ പാട്രിക് വലന്‍സിന്റെ നിലപാടിനെയും ശാസ്ത്രസമൂഹം ചോദ്യം ചെയ്യുന്നു.
സര്‍ക്കാരിന്റെ അയഞ്ഞ നിലപാടാണ് രോഗബാധിതരായ ബ്രിട്ടിഷ് പൗരന്‍മാരെ മറ്റ് രാജ്യങ്ങളിലെത്തിച്ചത്. ചൈനയുടെയും ദക്ഷിണകൊറിയയുടെയും പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന ആവശ്യം ശക്തമാതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നിലപാട് തിരുത്തി.
അതേസമയം ലോകമെമ്പാടും വ്യാപിക്കുന്ന കൊവിഡിനെ ചെറുക്കാന്‍ 'ബ്രേക്ക് ദ ചെയ്ന്‍' എന്ന പുതിയ ക്യാംപയിന് തുടക്കമിട്ടിരിക്കുകയാണ് കേരള സര്‍ക്കാര്‍. കൈകള്‍ ശുദ്ധമാക്കാനുള്ള പ്രത്യേക ബോധവല്‍ക്കരണ പരിപാടിയ്ക്കാണ് ഇതുവഴി തുടക്കമിട്ടത്. വാര്‍ത്താ സമ്മേളനത്തിലാണ് ആരോഗ്യമന്ത്രി കെ. കെ ശൈലജ ഇക്കാര്യം അറിയിച്ചത്.ബ്രേക്ക് ദ ചെയ്ന്‍ എന്നത് കൊവിഡിനെ തടയാനുള്ള മരുന്നല്ലെന്നും മുമ്പ് പറഞ്ഞിട്ടുള്ള മറ്റു നിര്‍ദേശങ്ങളും ഇതിനൊപ്പം പാലിച്ചു പോകണമെന്നും മന്ത്രി അറിയിച്ചു.കൊവിഡ് വൈറസ് ബാധയുള്ളയാള്‍ മറ്റൊരാള്‍ക്ക് കൈകൊടുക്കുകയോ ഏതെങ്കിലും പ്രതലത്തില്‍ തൊടുകയോ ചെയ്താല്‍ അത് അവിടെ കടന്നുകൂടും. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് 'ബ്രേക്ക് ദ ചെയിന്‍' അവതരിപ്പിക്കുന്നത്.
ഓഫീസുകളിലും പൊതു സ്ഥലങ്ങളിലും ജോലി ചെയ്യുന്നവര്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ചോ സോപ്പ് ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കുന്നത് ഒരു ശീലമാക്കിയാല്‍ വൈറസിന്റെ സാധ്യത തടയാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.ക്യാംപയിനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരെ ക്യാംപയിനുമായി ഭാഗമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ആരോഗ്യ സെക്രട്ടറി നിലവില്‍ ഭാഗമാണ്. സാമൂഹ്യ സുരക്ഷാ മിഷന്‍, അങ്കന്‍വാടി, ആശാ വര്‍ക്കേഴ്സ് എന്നിവരെയും ഇതിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
താരങ്ങളടക്കമുള്ളവര്‍ ഇതിന്റെ പ്രചരണ പരിപാടികളുടെ ഭാഗമാകണമെന്നും യുവജന സംഘടനകള്‍ പരിപാടിക്ക് നേതൃത്വം നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha