കൊറോണ കാലത്ത് വ്യാജവാർത്തകൾ വിട്ടൊഴിയാതെ റൊണാൾഡോയെ പിന്തുടരുന്നു; ആശുപത്രികൾക്ക് പിന്നാലെ ദ്വീപ്; പ്രചാരണം തെറ്റെന്ന് വക്താവ്

യുവെന്റസിന്റെ പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങൾ കൂടുകയാണ്. കോവിഡ് ബാധിതരെ ശുശ്രൂഷിക്കുന്നതിനായി പോർച്ചുഗലിൽ തന്റെ ഉടമസ്ഥതയിലുള്ള ‘സിആർ7’ ഹോട്ടലുകൾ സൂപ്പർതാരം ആശുപത്രികളാക്കി മാറ്റിയെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചത്. രാജ്യാന്തര മാധ്യമങ്ങൾ വളരെ പ്രാധാന്യത്തോടെ ഈ വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാൽ, ഈ വാർത്തകളെല്ലാം വെറും അഭ്യൂഹങ്ങളാണെന്നും ഹോട്ടലുകൾ ആശുപത്രികളാക്കാൻ പദ്ധതിയില്ലെന്നും ‘സിആർ7’ വക്താവു തന്നെ നേരിട്ട് വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ പുതിയയൊരു വ്യാജ വാർത്ത അദ്ദേഹത്തെ പറ്റി പരക്കുകയാണ്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ തനിക്കും കുടുംബത്തിനും താമസിക്കുവാൻ റൊണാൾഡോ സ്വകാര്യ ദ്വീപ് വാങ്ങിയെന്നാണ് പ്രചരിക്കുന്നത്. കൊറോണ വൈറസ് ഭീതി മൂലം മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുന്നതിന് പസിഫിക് സമുദ്രത്തിലാണ് റൊണാൾഡോ പുതിയ ദ്വീപ് വാങ്ങിയതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുകയാണ്. എന്നാൽ, ഈ വാർത്ത വ്യാജമാണെന്ന് തൊട്ടുപിന്നാലെ മനസിലാകുകയും ചെയ്തു.
https://www.facebook.com/Malayalivartha