സ്ഥിരമായി ഉന്നതതല ചര്‍ച്ചയാവാമെന്ന് ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ ധാരണ

ഇന്ത്യയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാര്‍ സാധ്യമാക്കാന്‍ സ്ഥിരമായി ഉന്നതതല ചര്‍ച്ചയാവാമെന്ന് ഇ-യു ഉച്ചകോടിയില്‍ ധാരണ. യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കമ്മിഷണറുമായി വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ ഏതാനും മാസത്തിനുള്ളില്‍ തുടങ്ങുന്ന ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കും.
യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോന്‍ ഡെര്‍ ലെയന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മിച്ചെല്‍ എന്നിവരാണ് വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉച്ചകോടിയില്‍ പങ്കെടുത്തത്. ചികിത്സയും ഔഷധങ്ങളും മിതമായ നിരക്കില്‍ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കണമെന്നും, കോവിഡിനു കണ്ടെത്തുന്ന വാക്‌സിന് ആഗോള പൊതു സ്വത്തെന്ന പരിഗണന വേണമെന്നും സംയുക്ത പ്രസ്താവനയില്‍ നേതാക്കള്‍ വ്യക്തമാക്കി.
ഇന്ത്യ-ഇയു ശാക്തിക പങ്കാളിത്തത്തിന് 2025 വരെയുള്ള മാര്‍ഗരേഖ ഉച്ചകോടി അംഗീകരിച്ചു. പ്രതിരോധം, ആണവോര്‍ജം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ പങ്കാളിത്തം ശക്തിപ്പെടുത്തും. സമുദ്രമേഖലകളിലെ സുരക്ഷയ്ക്ക് നാവികസേനകള്‍ സഹകരണം മെച്ചപ്പെടുത്തും.
വാര്‍ഷിക ഉച്ചകോടിയായാണ് ഉദ്ദേശിച്ചിട്ടുള്ളതെങ്കിലും വ്യാപാര കരാര്‍ വിഷയത്തില്‍ പുരോഗതിയില്ലാത്തതിനാല്‍ കഴിഞ്ഞ 2 വര്‍ഷം ഉച്ചകോടി നടന്നിട്ടില്ല. ഇന്ത്യചൈന അതിര്‍ത്തി സംഘര്‍ഷവും പൗരത്വ നിയമവും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി മാറ്റിയതുമായി ബന്ധപ്പെട്ട മനുഷ്യാവകാശ പ്രശ്‌നങ്ങളും ചര്‍ച്ചയായി.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2005-ലാണ് യൂറോപ്യന്‍ യൂണിയനുമായി വ്യാപാര ചര്‍ച്ചയ്ക്കു നടപടികള്‍ തുടങ്ങിയത്. 2007-ല്‍ തുടങ്ങിയ ചര്‍ച്ച 2013-ല്‍ പ്രതിസന്ധിയിലായി. ഓട്ടമൊബീല്‍, മദ്യം തുടങ്ങിയവയ്ക്ക് ഇളവുകള്‍, തൊഴില്‍പരമായ അവകാശങ്ങള്‍, പരിസ്ഥിതി സംരക്ഷണം എന്നിവയില്‍ കര്‍ശന വ്യവസ്ഥകള്‍, ബാങ്കിങ്, ഇന്‍ഷുറന്‍സ്, ഇ-കൊമേഴ്‌സ് മേഖലകളില്‍ സാന്നിധ്യം തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ഇന്ത്യ വിസമ്മതിച്ചിരുന്നു.
https://www.facebook.com/Malayalivartha
























