ശ്രീലങ്കയില്‍ മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ നേതൃത്വം നല്‍കുന്ന യുഎന്‍പിക്ക് വന്‍ തിരിച്ചടി, രാജപക്‌സെ തരംഗം; പീപ്പിള്‍സ് പാര്‍ട്ടിക്ക് മുന്നേറ്റം

ശ്രീലങ്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആകെ 22 ഇലക്ടറല്‍ ജില്ലകളുള്ളതില്‍ 9 എണ്ണത്തിലും വ്യക്തമായ മുന്നേറ്റം നടത്തി രാജപക്‌സെ കുടുംബം നേതൃത്വം നല്‍കുന്ന ശ്രീലങ്കന്‍ പീപ്പിള്‍സ് പാര്‍ട്ടി (എസ്എല്‍പിപി) വന്‍ വിജയത്തിലേക്ക്.
മുന്‍ പ്രധാനമന്ത്രിയുടെ പാര്‍ട്ടിയായ യുഎന്‍പി വിട്ട് സ്വന്തം പാര്‍ട്ടി രൂപീകരിച്ച സജിത് പ്രേമദാസയുടെ സമാഗി ജനബലവേഗയ പാര്‍ട്ടിയാണ് രണ്ടാം സ്ഥാനത്ത്. മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ നേതൃത്വം നല്‍കുന്ന യുണൈറ്റഡ് നാഷനല്‍ പാര്‍ട്ടിക്ക് (യുഎന്‍പി) വന്‍ തിരിച്ചടി നേരിട്ടു. നിലവില്‍ അഞ്ചാം സ്ഥാനത്താണ് പാര്‍ട്ടിയുടെ നില.
മാര്‍ക്‌സിസ്റ്റ് ആഭിമുഖ്യമുള്ള ജനത വിമുക്തി പെരമുന (ജെവിപി) സഖ്യം പോലും യുഎന്‍പിയേക്കാള്‍ വോട്ടുകള്‍ നേടി.
ജാഫ്‌ന ഉള്‍പ്പെടെയുളള തമിഴ് ഭൂരിപക്ഷ മേഖലകളില്‍ മാത്രമാണ് എസ്എല്‍പിപിക്ക് വെല്ലുവിളിയുണ്ടായുള്ളൂ. തമിഴ് മേഖലകളില്‍ പോലും രാജപക്‌സെയുടെ പാര്‍ട്ടിയുമായി സഖ്യത്തിലുള്ള തമിഴ് ഈഴം പീപ്പിള്‍സ് പാര്‍ട്ടി നേട്ടമുണ്ടാക്കിയിട്ടുണ്ട്. സിംഹള ഭൂരിപക്ഷമുള്ള തെക്കന്‍ ജില്ലകളില്‍ 70% വോട്ടുകള്‍ വരെ നേടിയാണ് പീപ്പിള്‍സ് പാര്‍ട്ടിയുടെ മുന്നേറ്റം.
225 അംഗ പാര്‍ലമെന്റില്‍ 196 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ബാക്കി സീറ്റുകള്‍ ലഭിച്ച വോട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടികള്‍ക്ക് വീതിച്ചു നല്‍കും. പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയാല്‍ പ്രസിഡന്റിന്റെ അധികാരങ്ങള്‍ പുനഃസ്ഥാപിക്കാനാകും പീപ്പിള്‍സ് പാര്‍ട്ടിയുടെ ശ്രമം.
ഗോട്ടബയ രാജപക്‌സെ പ്രസിഡന്റായുള്ള അധികാരശ്രേണിയില്‍ സഹോദരന്‍ മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രിയാകാനാണ് സാധ്യത.
https://www.facebook.com/Malayalivartha



























