102 ദിവസത്തെ കണക്കുകൂട്ടലുകളെല്ലാം തകിടം മറിഞ്ഞത് ഓടിട്ട ദിവസം കൊണ്ട് ; രാജ്യത്തെ രണ്ടാം’ കൊറോണയുടെ രഹസ്യം തേടി ന്യൂസീലൻഡ്

ഒരൊറ്റ സമ്പർക്ക കോവിഡ് കേസ് പോലുമില്ലാതെ ന്യൂസീലൻഡ് എന്ന ദ്വീപുരാഷ്ട്രം പിടിച്ചു നിന്നത് 102 ദിവസമാണ്. എന്നാൽ എല്ലാ കണക്കുകൂട്ടലുകളും തകിടം മറിച്ച് ഓഗസ്റ്റ് 11നു സമ്പർക്കത്തിലൂടെയുള്ള കോവിഡ് വീണ്ടും റിപ്പോർട്ട് ചെയ്തു.
ഓക്‌ലൻഡിലെ ഒരൊറ്റ കുടുംബം കേന്ദ്രീകരിച്ചായിരുന്നു വൈറസിന്റെ രണ്ടാം വരവ്. ഓഗസ്റ്റ് 14 ആയപ്പോഴേക്കും കോവിഡ് രോഗികളുടെ എണ്ണം അൻപതിലേക്ക് ഉയർന്നു; ഓഗസ്റ്റ് 16ന് എഴുപതിൽ എത്തിനിൽക്കുന്നു. ന്യൂസീലൻഡിലെ ഏറ്റവും വലിയ നഗരത്തില്‍നിന്ന് കോവിഡ് അപ്പോഴേക്കും മറ്റു നഗരങ്ങളിലേക്കും എത്തിയിരുന്നു. ഓക്‌ലൻഡിലെ കുടുംബത്തിൽനിന്നുള്ളവർ സഞ്ചരിച്ചയിടങ്ങളിലായിരുന്നു പുതിയതായി കോവിഡ് റിപ്പോർട്ട് ചെയ്തത്. അതിർത്തിയിൽ നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും രാജ്യത്തെ മറ്റ് നിയന്ത്രണങ്ങൾ ന്യൂസീലൻഡ് നീക്കിയിരുന്നു. നിലവിൽ ഓക്‌ലൻഡ് രണ്ടാഴ്ചത്തേക്ക് ലോക്‌ഡൗണിലാണ്.
സംശയമുന നീളുന്നതിൽ ആദ്യ സ്ഥാനത്ത് യുഎസ് ആസ്ഥാനമായ ഒരു കോൾഡ് സ്റ്റോറേജ് കമ്പനിയാണ്. ‘അമേരിക്കോള്‍ഡ്’ എന്നു പേരുള്ള ഓക്‌ലൻഡിലെ ആ സ്ഥാപനത്തിൽ ഇപ്പോൾ കോവിഡ് സ്ഥിരീകരിച്ച കുടുംബത്തിലെ നാലു പേർ ജോലി ചെയ്യുന്നുണ്ട്.
അതേസമയം രാജ്യത്ത് നാളുകളായുണ്ടായിരുന്ന എല്ലാ പ്രതിരോധ പ്രവർത്തനങ്ങൾക്കും ‘പിടികൊടുക്കാതെ’ നിന്ന ഒരു വൈറസ് തരം കിട്ടിയപ്പോൾ മനുഷ്യ ശരീരത്തിലേക്കു കടന്നതാണെന്ന നിഗമനവുമുണ്ട്. എന്നാൽ അതിനു സാധ്യത കുറവാണെന്ന് ഇപ്പോൾ കണ്ടെത്തിയ ക്ലസ്റ്ററിലെ വൈറസിന്റെ ജീനോം ഡേറ്റ വ്യക്തമാക്കുന്നു. രാജ്യത്ത് നേരത്തേ പ്രചരിച്ചിരുന്ന വൈറസിന്റെ ജനിതകഘടനയിൽനിന്നു തികച്ചും വ്യത്യസ്തമാണു പുതിയത്. എല്ലാറ്റിനേയും പ്രതിരോധിച്ച് ശക്തനായി മാറിയ വൈറസല്ല, മറിച്ച് ന്യൂസീലൻഡിലേക്കെത്തിയ പുതിയ ‘അതിഥി’യാണ് ഇതെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
അതായത്, വിദേശത്തുനിന്നായിരിക്കാം പുതിയ വൈറസിന്റെ വരവ്. മാസങ്ങളോളം അടച്ചിട്ട ന്യൂസീലൻഡിന്റെ അതിർത്തി അടുത്തിടെ തുറന്നിരുന്നു. പക്ഷേ സ്വദേശികൾക്കു മാത്രമേ മടങ്ങിവരവിന് അനുവാദമുണ്ടായിരുന്നുള്ളൂ. അവരാകട്ടെ 14 ദിവസത്തെ നിർബന്ധിത ക്വാറന്റീനു വിധേയരാകണം. അങ്ങനെ എത്തിയ ചിലർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവരെ പൊതുസമൂഹത്തിൽനിന്നു മാറ്റി നിർത്തിയായിരുന്നു ക്വാറന്റീൻ. ഇത്തരം ക്വാറന്റീൻ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നവരിലേക്ക് വൈറസ് പടർന്നിട്ടുണ്ടാകാം. അല്ലെങ്കിൽ ഏതെങ്കിലും വിമാനത്താവള ജീവനക്കാരിലേക്ക് പടർന്നതാകാം.
ഇക്കാര്യം പരിശോധിക്കുന്നതിന് രാജ്യത്തെ എല്ലാ ക്വാറന്റീൻ കേന്ദ്രങ്ങളിലെയും വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും ജീവനക്കാരുടെ സ്രവ സാംപിളുകൾ പരിശോധിച്ചിരുന്നു. രാജ്യത്തേക്ക് ലോക്‌ഡൗണിനു ശേഷം എത്തിയ കോവിഡ് പോസിറ്റിവ് രോഗികളുടെ ശരീരത്തിലെ വൈറസിന്റെ ജനിതക ഘടനയും പരിശോധിച്ചു. എന്നാൽ ഒന്നിനു പോലും പുതിയ ക്ലസ്റ്ററിലെ വൈറസിന്റെ ജീനോമുമായി സാമ്യമുണ്ടായിരുന്നില്ല. എന്നാൽ ബ്രിട്ടൻ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ കണ്ടെത്തിയ കൊറോണവൈറസുമായി പുതിയ ജീനോമിന് സാമ്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പുതിയ ക്ലസ്റ്ററുമായി ബന്ധപ്പെട്ട് ഇനിയും പുതിയ പോസിറ്റിവ് കേസുകളുണ്ടാകാമെന്നു വിദഗ്ധർ പറയുന്നു. ആദ്യം കോവിഡ് റിപ്പോർട്ട് ചെയ്ത നാലു പേരുമായി ബന്ധപ്പെട്ടു മാത്രമാണ് നിലവിൽ കോവിഡ് പടര്‍ന്നിരിക്കുന്നത്. കൊറോണവൈറസ് കൂടുതൽ പേരിലേക്കു പരക്കുംമുൻപ് പ്രതിരോധം ശക്തമാക്കാനുള്ള ശ്രമങ്ങളാണ് പ്രധാനമന്ത്രി ജസീന്തയുടെ നേതൃത്വത്തിൽ നടക്കുന്നത്.
https://www.facebook.com/Malayalivartha



























