അന്യഗ്രഹജീവികൾ ഉണ്ട്; ട്രംപിന് എല്ലാം അറിയാം.... മുന്‍ ഇസ്രയേലി സ്‌പേസ് സെക്യൂരിറ്റി മേധാവിയുടെ വെളിപ്പെടുത്തൽ, ഞെട്ടലോടെ ലോകം

കഴിഞ്ഞ കുറച്ചു നാളുകളായി അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള ചർച്ചകൾ ഏറിവരുകയാണ്. ലോകത്തിന്റെ പലഭാഗങ്ങളിലായി ആളൊഴിഞ്ഞ പ്രദേശങ്ങളിൽ പ്രത്യക്ഷപ്പെട്ട ലോഹത്തൂണുകൾ തന്നെയായിരുന്നു അതിന് കാരണം. എന്നാൽ അന്യഗ്രഹജീവികള്‍ ഉണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡോണള്‍ഡ് ട്രംപിന് ഇതേക്കുറിച്ച് അറിവുണ്ടെന്നും മുന്‍ ഇസ്രയേലി സ്‌പേസ് സെക്യൂരിറ്റി മേധാവിയുടെ വെളിപ്പെടുത്തൽ ഇപ്പോൾ ചർച്ചയാകുകയാണ്. മനുഷ്യന് നിലവില്‍ അന്യഗ്രഹ ജീവികളുമായി ബന്ധമുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇസ്രയേല്‍ പ്രതിരോധ വിഭാഗത്തിന് കീഴിലുള്ള ബഹിരാകാശ സുരക്ഷാ വിഭാഗത്തിന്റെ മുന്‍ മേധാവി ഹയിം എഷാദ് വ്യകതമാക്കുന്നത്.
ഇസ്രയേലിലെ പ്രമുഖ പത്രമായ യെദിയോട്ട് അഹറനോട്ടിന് നല്‍കിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. ഹീബ്രു ഭാഷയില്‍ പ്രസിദ്ധീകരിച്ച ഈ അഭിമുഖത്തിന്റെ ഇംഗ്ലിഷ് ഭാഗങ്ങള്‍ ജറൂസലേം പോസ്റ്റ് പ്രസിദ്ധീകരിച്ചതോടെയാണ് സംഭവം ഏറെ വിവാദമായത്. മനുഷ്യരെ പോലെ തന്നെ അന്യഗ്രഹജീവികളും പ്രപഞ്ചത്തിലെ മറ്റു ജീവനുള്ള ഗ്രഹങ്ങളേയും ജീവജാലങ്ങളേയും കുറിച്ച് ഏറെ കൗതുകമുള്ളവരാണെന്നും പ്രൊഫസറും റിട്ടയേഡ് ജനറലുമായ ഏഷാദ് വ്യക്തമാക്കുകയുണ്ടായി. 'പറക്കും തളികകളെക്കുറിച്ചും അന്യഗ്രഹ ജീവികളെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മനുഷ്യ സമൂഹം ഇപ്പോഴും ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയാറായിട്ടില്ലാത്തതാണ് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അമേരിക്കന്‍ സര്‍ക്കാരും അന്യഗ്രഹ ജീവികളും തമ്മില്‍ ഒരു കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്' എന്നും എഷാദ് അഭിമുഖത്തിനിടെ പറഞ്ഞു.
എഷാദിന്റെ വെളിപ്പെടുത്തലുകള്‍ വിവാദമായതോടെ നാസ ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയിരിക്കുകയാണ്. അന്യഗ്രഹ ജീവികളും ജീവനും തങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെങ്കിലും ഇത് തെളിയിക്കുന്ന തെളിവുകളൊന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ വക്താവ് പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha



























