മ്യാന്മറില് ഫേസ്ബുക്കിന് വിലക്കേര്‍പ്പെടുത്തി; നടപടി രാജ്യത്ത് 'സ്ഥിരത' നിലനിര്‍ത്താനെന്ന് സൈന്യം; മനുഷ്യാവകാശങ്ങളുടെ ലംഘനമെന്ന് കമ്പനി

അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത സൈന്യം മ്യാന്മറില് ഫേസ്ബുക്കിന് വിലക്കേര്‍പ്പെടുത്തി. രാജ്യത്ത് 'സ്ഥിരത' നിലനിര്‍ത്തുന്നതിനാണ് വിലക്കെന്നാണ് സൈനിക ഭാഷ്യം. ഫെബ്രുവരി ഏഴുവരെയാണ് വിലക്കെന്ന് മ്യാന്മര് വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചു.
തിങ്കളാഴ്ച നടന്ന പട്ടാള അട്ടിമറിക്കെതിരായ പ്രതിഷേധത്തിെന്റ പ്രധാന കേന്ദ്രമായിരുന്നു ഫേസ്ബുക്ക്. പ്രതിഷേധങ്ങള്‍ ഏകോപിപ്പിക്കാനായി പ്രക്ഷോഭകര്‍ ഫേസ്ബുക്ക് പേജ് ആരംഭിച്ചിരുന്നു. ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ പരിമിതമായ മ്യാന്മറിലെ അഞ്ചരക്കോടി ജനങ്ങളില്‍ പകുതിയോളം പേര് ഫേസ്ബുക്ക് ഉപഭോക്താക്കളാണ്.തങ്ങളുടെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കണമെന്ന് മ്യാന്മര് അധികൃതരോട് ഫേസ്ബുക്ക് ആവശ്യപ്പെട്ടു. ഫേസ്ബുക്കിന് വിലക്കേര്‍പ്പെടുത്തണമെന്ന അധികൃതരുടെ നിര്‍ദേശം തങ്ങള്‍ പാലിക്കുമെന്ന് പ്രധാന ഇന്റര്‍നെറ്റ് സേവനദാതാക്കളായ ടെലിനോര്‍ മ്യാന്മര് പറഞ്ഞു. എന്നാല്‍ ഇത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും കമ്ബനി ചൂണ്ടിക്കാട്ടി.
അട്ടിമറിക്കെതിരെ പ്രതിഷേധിക്കുന്ന പാര്‍ലമെന്റംഗങ്ങളില്‍ പലരും തലസ്ഥാന നഗരിയില്‍ അവര്‍ തങ്ങുന്ന സ്ഥലം ഒഴിയാന്‍ വിസമ്മതിക്കുകയാണ്. ഇതിനു പുറമെ നഗരവാസികളുടെ പാത്രം കൊട്ടല്‍, മണ്ഡലയ് വാഴ്സിറ്റിക്ക് മുന്നില്‍ വിദ്യാര്‍ഥികളുടെ പ്രകടനം എന്നിങ്ങനെ പ്രതിഷേധം അരങ്ങേറുന്നുണ്ട്. എന്നാല്‍ രാജ്യവ്യാപകമായി ആരോഗ്യപ്രവര്‍ത്തകര്‍ ആരംഭിച്ച നിയമലംഘന സമരമാണ് പട്ടാള അട്ടിമറിക്കെതിരായ ശക്തമായ പ്രതിഷേധം.
സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. അതേസമയം, തലസ്ഥാനമായ നൈപിഡാവില് സൈന്യത്തിന് അഭിവാദ്യമര്‍പ്പിച്ച് ആയിരങ്ങളുടെ റാലി നടന്നു.
https://www.facebook.com/Malayalivartha



























