സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പിന്റെ വിക്ഷേപണം മാറ്റിവച്ചു... അവസാനവട്ട ഒരുക്കങ്ങള്‍ നടക്കവെയാണു തകരാര്‍ കണ്ടെത്തിയത്

ലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പിന്റെ വിക്ഷേപണം മാറ്റിവച്ചു. അവസാനവട്ട ഒരുക്കങ്ങള്‍ നടക്കവെയാണു തകരാര്‍ കണ്ടെത്തിയതും വിക്ഷേപണം മാറ്റിവച്ചതും. എന്‍ജിനിലേക്കു തീ പകരുന്നതിന് 10 സെക്കന്‍ഡ് മുന്‍പായാണു പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതെന്നാണു റിപ്പോര്‍ട്ട്. ബൂസ്റ്റര്‍ പ്രഷറൈസേഷന്‍ സിസ്റ്റത്തിലെ വാല്‍വിലെ തകരാറിനെ തുടര്‍ന്നാണു വിക്ഷേപണം ഒഴിവാക്കിയത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചിനും ഏഴിനുമിടയ്ക്കു യുഎസിലെ ടെക്‌സസില്‍നിന്ന് വിക്ഷേപിക്കുമെന്നായിരുന്നു അറിയിപ്പ്.
തകരാര്‍ പരിഹരിച്ച് ഏതാനും ദിവസങ്ങള്‍ക്കകം വിക്ഷേപണത്തിനായി വീണ്ടും ശ്രമിക്കുമെന്നു സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തു. സ്റ്റാര്‍ഷിപ് പേടകവും സൂപ്പര്‍ഹെവി എന്ന റോക്കറ്റും അടങ്ങുന്നതാണു സ്റ്റാര്‍ഷിപ് സംവിധാനം. പൂര്‍ണമായി സ്‌റ്റെയിന്‍ലെസ് സ്റ്റീലിലാണു നിര്‍മിച്ചത്.
നൂറു പേരെ വഹിക്കാവുന്ന പേടകത്തിന്റെ വാഹകശേഷി 150 മെട്രിക് ടണ്‍. ഉപഗ്രഹങ്ങളും ബഹിരാകാശ ടെലിസ്‌കോപ്പുകളും ബഹിരാകാശത്തെത്തിക്കാനും ചന്ദ്രനില്‍ കോളനിയുണ്ടാക്കാന്‍ ആളുകളെയും സാമഗ്രികളെയുമൊക്കെ എത്തിക്കാനും ശേഷിയുണ്ട്. ലോകത്തെവിടെയും ഒരു മണിക്കൂറിനുള്ളില്‍ സഞ്ചരിച്ചെത്താം.
https://www.facebook.com/Malayalivartha





















