കുഞ്ഞിന് അസുഖമാണെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പണപിരിവ് നടത്തിയ ഇന്‍ഫ്‌ളുവന്‍സര്‍ അറസ്റ്റില്‍

കുഞ്ഞിന് അസുഖമാണെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പണപിരിവ് നടത്തിയ ഇന്‍ഫ്‌ളുവന്‍സര്‍ അറസ്റ്റില്‍. ഫോളോവേഴ്സിനെ കൂട്ടാനും പണപ്പിരിവിനുമായി ഒരു വയസുള്ള മകള്‍ക്ക് കാലാവതി കഴിഞ്ഞ മരുന്നാണ് കുഞ്ഞിന് ഇന്‍ഫ്‌ളുവന്‍സര്‍ നല്‍കിയിരുന്നത്. ഓസ്ട്രേലിയ ക്വീന്‍സ്ലാന്‍ഡ് സ്വദേശിയായ 34കാരിയാണ് അറസ്റ്റിലായത്. മകള്‍ക്ക് അനധികൃതമായി മരുന്നുകള്‍ നല്‍കുകയും ഇതേത്തുടര്‍ന്ന് വേദനകൊണ്ട് പുളയുന്ന കുഞ്ഞിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തുകയാണ് യുവതി ചെയ്തിരുന്നത്. തുടര്‍ന്ന് പണപ്പിരിവിനും ഫോളോവേഴ്സിനുമായി സമൂഹമാദ്ധ്യമങ്ങളില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു.
മാസങ്ങളോളം യുവതി മകള്‍ക്ക് വിഷമരുന്നുകള്‍ നല്‍കിയെന്ന് ക്വീന്‍സ്ലാന്‍ഡ് പൊലീസ് പറയുന്നു. ഡോക്ടറുടെ നിര്‍ദേശമില്ലാതെ കാലാവധി തീര്‍ന്ന മരുന്നുകളും വീട്ടിലെ മറ്റ് മുതിര്‍ന്നവര്‍ക്കുള്ള മരുന്നുകളുമാണ് കുഞ്ഞിന് നല്‍കിയത്.
ഒക്ടോബറില്‍ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കുഞ്ഞിന് അനധികൃത മരുന്നുകള്‍ നല്‍കിയതായുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടുകളും കഴിഞ്ഞദിവസം പുറത്തുവന്നു. കുഞ്ഞിന് അസുഖമാണെന്ന് ചൂണ്ടിക്കാട്ടി സമൂഹമാദ്ധ്യമത്തിലെ പണപ്പിരിവിലൂടെ 37,300 ഡോളറാണ് യുവതി സ്വന്തമാക്കിയത്.
അതേസമയം, കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഉപദ്രവിക്കാനുള്ള ഉദ്ദേശ്യത്തോടെ വിഷം നല്‍കുക, കുട്ടികളെ ചൂഷണം ചെയ്യുന്ന വസ്തുക്കള്‍ നിര്‍മ്മിക്കുക, വഞ്ചിക്കുക തുടങ്ങിയ നിരവധി കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിട്ടുള്ളത്. വെള്ളിയാഴ്ച ബ്രിസ്‌ബേന്‍ മജിസ്ട്രേറ്റ് കോടതിയില്‍ യുവതിയെ ഹാജരാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഗോഫണ്ട്മി എന്ന പ്‌ളാറ്റ്ഫോമിലൂടെയാണ് യുവതി പണപ്പിരിവ് നടത്തിയത്. തട്ടിപ്പിനിരയായവര്‍ക്ക് പണം തിരികെ നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചതായി ഗോഫണ്ട്മി അറിയിച്ചു.
https://www.facebook.com/Malayalivartha
























