ആണവനിലയങ്ങള്‍ക്ക് ചുറ്റും ഇറാന്റെ അയഡിന്‍ ഗുളിക വിതരണം..ഏത് നിമിഷവും ആണവചോർച്ച..!അയണ്‍ ഗേറ്റ് ശക്തം

അമേരിക്ക ഇറാനെതിരെ വീണ്ടും സൈനികാക്രമണം നടത്തിയേക്കുമെന്ന ആശങ്ക ശക്തമാകുന്നതിനിടെ ആണവനിലയങ്ങള്‍ക്ക് സമീപം താമസിക്കുന്നവര്‍ക്ക് അയഡിന്‍ ഗുളികകള്‍ വിതരണം ചെയ്ത് ഇറാന്‍. ആണവാക്രമണമോ മറ്റ് സൈനികനടപടികളോ ഉണ്ടായാല്‍ റേഡിയേഷന്‍ മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരായ യുദ്ധം വീണ്ടും തുടങ്ങണോ എന്ന കാര്യം പരിഗണിക്കുന്നതിനിടെയാണ് ഇറാന്റെ നീക്കം.
ഇറാന്‍ ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ ഇക്കാര്യം അല്‍ ജസീറയോട് സ്ഥിരീകരിച്ചു. 'അതെ, ഞങ്ങള്‍ അയഡിന്‍ വിതരണം ചെയ്യുന്നുണ്ട്. ട്രംപിനെ ഇനി വിശ്വസിക്കാനാകില്ല. അദ്ദേഹം ഈ കുറ്റകൃത്യം ചെയ്‌തേക്കാം'' എന്നായിരുന്നു ഉദ്യോഗസ്ഥന്റെ പ്രതികരണം. സൈനിക സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ ആണവനിലയങ്ങളുടെ രണ്ടുമുതല്‍ മൂന്നുവരെ കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് അയഡിന്‍ ഗുളികകള്‍ നല്‍കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആണവാപകടമുണ്ടായാല്‍ റേഡിയോ ആക്ടീവ് വസ്തുക്കള്‍ ശരീരത്തില്‍ എത്തുന്നത് തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കാം. ഇത് തടയാനാണ് അയഡിന്‍ ഗുളികകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഗുളികകള്‍ വിതരണം ചെയ്യുന്നത് ആണവാപകടം ഉടന്‍ ഉണ്ടാകുമെന്നതിന്റെ സൂചനയല്ല.
അമേരിക്കയുടെ പുതിയ ആക്രമണത്തിന് തയ്യാറെടുപ്പ്
ഇറാനെതിരെ വീണ്ടും സൈനികനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് അമേരിക്കയില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ഇറാനിലെ അതീവ സുരക്ഷയുള്ള പിക്കാക്സ് മൗണ്ടന്‍ ആണവകേന്ദ്രം ആക്രമിക്കുന്ന കാര്യവും അമേരിക്ക പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച ട്രംപ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഇറാനെതിരായ സൈനികനടപടികള്‍ പുനരാരംഭിക്കണോ എന്നതായിരുന്നു പ്രധാന ചര്‍ച്ച. ബുധനാഴ്ചയും വ്യാഴാഴ്ചയുമാണ് വൈറ്റ് ഹൗസില്‍ യോഗങ്ങള്‍ നടന്നതെന്ന് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
നവംബര്‍ ഒമ്പതിന് പശ്ചിമേഷ്യയില്‍ അമാവാസിയായതിനാല്‍ രാത്രിയില്‍ ചന്ദ്രപ്രകാശം കുറവായിരിക്കും. ഇത് സൈനികനീക്കങ്ങള്‍ക്ക് അനുകൂലമായ സാഹചര്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ആക്രമണത്തിന് തീയതി നിശ്ചയിച്ചതായി സ്ഥിരീകരണമില്ല.
ഇറാനെതിരെ വീണ്ടും യുദ്ധം തുടങ്ങണോ എന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഇറാന്റെ ആണവപദ്ധതി പൂര്‍ണമായി അവസാനിപ്പിക്കാനും ഭാവിയില്‍ അത് വീണ്ടും തുടങ്ങില്ലെന്ന് ഉറപ്പാക്കാനും കൂടുതല്‍ ആക്രമണം ആവശ്യമാണോയെന്ന് പരിശോധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
'സാധ്യമെങ്കില്‍ രാജ്യത്തിന്റെ ബാക്കി ഭാഗങ്ങള്‍ കൂടി തകര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, ചിലപ്പോള്‍ അതും ചെയ്യേണ്ടിവന്നേക്കാം. അധികം വൈകാതെ നിങ്ങള്‍ക്ക് അറിയാം'' എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.
അമേരിക്കന്‍ സൈന്യത്തിന്റെ മധ്യപൂര്‍വേഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സെന്റ്‌കോം പുതിയ സൈനികനടപടികള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിവരികയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ആക്രമണം നടത്താന്‍ ഇതുവരെ ഔദ്യോഗിക ഉത്തരവ് നല്‍കിയിട്ടില്ല.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുന്നതിനിടെ ഇറാഖ് പ്രധാനമന്ത്രി അലി ഫാലിഹ് അല്‍ സൈദി ട്രംപുമായി ഫോണില്‍ സംസാരിച്ചു. അയല്‍രാജ്യങ്ങളെ ആക്രമിക്കാന്‍ ഇറാഖിന്റെ മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യങ്ങളുടെ പരമാധികാരം മാനിക്കണമെന്നും അയല്‍രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് ഇറാഖിന്റെ ഭൂപ്രദേശം ഉപയോഗിക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
ഇറാന്റെ കരമാര്‍ഗമുള്ള ആയുധനീക്കവും തടയാന്‍ അമേരിക്ക
ഇറാന്റെ തുറമുഖങ്ങളിലേക്കുള്ള കപ്പല്‍ഗതാഗതം തടയുന്നതിനൊപ്പം കരമാര്‍ഗമുള്ള ആയുധനീക്കവും തടയാന്‍ അമേരിക്ക പുതിയ സൈനികസംഘത്തെ നിയോഗിച്ചു. ഇറാനിലേക്ക് കര അതിര്‍ത്തികളിലൂടെ ആയുധങ്ങളും മറ്റ് സാമഗ്രികളും എത്തുന്നത് തടയുകയാണ് ലക്ഷ്യം.
'ടാസ്‌ക് ഫോഴ്സ് അയണ്‍ ഗേറ്റ്' എന്നാണ് പുതിയ സൈനികസംഘത്തിന്റെ പേര്. ഇറാന്റെ കരാതിര്‍ത്തികളിലൂടെയും കാസ്പിയന്‍ കടല്‍ വഴിയും ആയുധങ്ങളും മറ്റ് നിരോധിത വസ്തുക്കളും കടത്തുന്നത് തടയുമെന്ന് അമേരിക്കന്‍ സൈനിക കമാന്‍ഡായ സെന്റ്‌കോം അറിയിച്ചു.
അത്യാധുനിക ആയുധങ്ങള്‍, സൈനിക ആവശ്യങ്ങള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന സാങ്കേതികവിദ്യകള്‍, ഉപരോധം ഏര്‍പ്പെടുത്തിയ വസ്തുക്കള്‍, നിയമവിരുദ്ധ പണമിടപാടുകള്‍ എന്നിവ തടയുന്നതിനും പുതിയ സംഘം പ്രവര്‍ത്തിക്കും. അമേരിക്കന്‍ പ്രതിരോധ വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥന്‍ മൈക്കല്‍ മള്‍റോയ് പറയുന്നത്, ഇറാനിലേക്ക് ആയുധങ്ങള്‍ എത്തുന്ന വഴികള്‍ കണ്ടെത്തി അവ തടയുകയാണ് പ്രധാന ലക്ഷ്യമെന്നാണ്. ഇറാന്‍ എങ്ങനെയാണ് എണ്ണയും മറ്റ് ഊര്‍ജസ്രോതസ്സുകളും കടത്തുന്നതെന്നും പരിശോധിക്കും.
ട്രംപ് യുദ്ധം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചാല്‍ ഇറാന്റെ സാമ്പത്തിക കേന്ദ്രങ്ങളും അടിസ്ഥാന സൗകര്യങ്ങളും ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ സൈനികശേഷി മാത്രമല്ല, യുദ്ധം തുടരാന്‍ ആവശ്യമായ പണവും മറ്റ് വിഭവങ്ങളും ഇല്ലാതാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്നും മള്‍റോയ് വിലയിരുത്തി.
ഇറാന്റെ തുറമുഖങ്ങളിലേക്കുള്ള ഉപരോധത്തിന്റെ ഭാഗമായി ഒമാന്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം നടത്തിയതായും അമേരിക്ക അറിയിച്ചു. സെന്റ് കിറ്റ്‌സ് പതാകയുള്ള 'എംവി ഹുദ' എന്ന ചരക്കുകപ്പലിനെയാണ് അമേരിക്കന്‍ സൈനിക വിമാനം ആക്രമിച്ചത്. കപ്പലിലെ ജീവനക്കാരോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ നിര്‍ദേശിച്ചശേഷം കപ്പലിന്റെ പിന്‍ഭാഗത്ത് ആയുധങ്ങള്‍ പ്രയോഗിച്ച് പ്രവര്‍ത്തനം തടസ്സപ്പെടുത്തിയെന്നാണ് സെന്റ്‌കോമിന്റെ വിശദീകരണം.
ജൂലൈ മുതല്‍ ഉപരോധം നടപ്പാക്കിയതിന്റെ ഭാഗമായി 147 വാണിജ്യ കപ്പലുകള്‍ തിരിച്ചയച്ചതായും നിര്‍ദേശം അനുസരിക്കാത്ത അഞ്ച് കപ്പലുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയതായും അമേരിക്ക അറിയിച്ചു.
https://www.facebook.com/Malayalivartha

























