മദ്ധ്യ ജപ്പാനിൽ ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ ഭൂചലനത്തിൽ ഇരുപതിലധികം പേർക്ക് പരുക്ക്.... 5.7 തീവ്രത രേഖപ്പെടുത്തി

മദ്ധ്യ ജപ്പാനിൽ ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ ഭൂചലനത്തിൽ ഇരുപതിലധികം പേർക്ക് പരിക്കേറ്റു. 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായതാണ് റിപ്പോർട്ടുകളുള്ളത്. എന്നാൽ ആളപായമില്ല. സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല. പുലർച്ചെ ഒരുമണിയോടെയായിരുന്നു ഭൂചലനം.
ഷിസുവോക പ്രീഫെക്ടറിന് പടിഞ്ഞാറൻ ഭാഗത്ത് ഭൂമിക്കടിയിൽ 40 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രമെന്നാണ് ജപ്പാനിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. ഐച്ചി പ്രീഫെക്ടറിലാണ് ഭൂചലനം ഏറ്റവും ശക്തിയായി അനുഭവപ്പെട്ടത്.
സമീപ പ്രവിശ്യകളായ നാഗാനോ, ഗിഫു എന്നിവിടങ്ങളിലും ശക്തമായ കുലുക്കം അനുഭവപ്പെട്ടു. ഇതോടെ ജനങ്ങൾ വീടുകളിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. പലയിടങ്ങളിലും കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായി. തകർന്ന കെട്ടിടങ്ങളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് അധികൃതർ ഉറപ്പുവരുത്തുന്നുണ്ട്. രക്ഷപ്പെടാനായി ശ്രമിക്കുന്നതിനിടെയാണ് പലർക്കും പരിക്കേറ്റത്.
കെട്ടിടങ്ങളുടെ തകർന്ന ജനാലച്ചില്ലുകൾ തറച്ചും ചിലർക്ക് പരിക്കേൽക്കുകയുണ്ടായി. റെയിൽവേ ലൈനുകൾക്ക് കേടുപാടുകൾ ഉണ്ടായേക്കാമെന്ന ഭീതിയിൽ ബുള്ളറ്റ് ട്രെയിനുകൾ വേഗത കുറച്ചാണ് സർവീസ് നടത്തിയത്. വരുംദിവസങ്ങളിലും തുടർ ചലനങ്ങൾക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകുന്ന മുന്നറിയിപ്പുള്ളത്.
https://www.facebook.com/Malayalivartha

























