പാകിസ്താനില്‍ സംഝോത എക്‌സ്പ്രസില്‍ യാത്ര ചെയ്യാനെത്തിയ നാല് ഇന്ത്യന്‍ വനിതകളെ തടഞ്ഞു

മതിയായ രേഖകള്‍ ഇല്ലെന്ന് പറഞ്ഞ് ഡല്‍ഹിയിലേക്കുള്ള സംഝോത എക്‌സ്പ്രസില്‍ യാത്രചെയ്യാന്‍ എത്തിയ നാലു ഇന്ത്യന്‍ വനിതകളെ പാകിസ്താന്‍ റെയില്‍വേ അധികൃതര്‍ തടഞ്ഞു. ആഴ്ചയില്‍ രണ്ടു ദിവസം ന്യൂഡല്‍ഹിക്കും ലാഹോറിനും ഇടയില്‍ സര്‍വീസ് നടത്തുന്ന ട്രെയിനാണിത്.
യാത്ര ചെയ്യാന്‍ സമ്മതിക്കാത്തതില്‍ പ്രതിഷേധിച്ച് ഇവര്‍ പാക് റെയില്‍വേ അധികൃതര്‍ക്ക് എതിരെ വാഗാ റെയില്‍വേ സ്‌റ്റേഷനില്‍ പ്രതിഷേധിച്ചു. അതേസമയം മതിയായ രേഖകള്‍ സമര്‍പ്പിച്ചാല്‍ അവര്‍ക്ക് അടുത്ത സര്‍വീസില്‍ യാത്രചെയ്യാമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂഡല്‍ഹിയിലേക്ക് കനത്ത സുരക്ഷയിലാണ് യാത്രക്കാരുമായി സംഝോത എക്‌സ്പ്രസ് യാത്രതിരിക്കുന്നത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ മൂലം ഇപ്പോള്‍ കനത്ത സുരക്ഷയിലാണ് യാത്ര നടത്തുന്നത്. വാഗാ റെയില്‍വേ സ്‌റ്റേഷനില്‍ തന്നെ 25ഓളം കമാന്‍ഡോകളെയാണ് വിന്യസിച്ചിരിക്കുന്നത്.
1976ലാണ് ഇന്ത്യക്കും പാകിസ്താനുമിടയില്‍ സംഝോത എക്‌സ്പ്രസ് യാത്ര ആരംഭിച്ചത്.
https://www.facebook.com/Malayalivartha


























