അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ബഹിരാകാശത്ത് നിന്ന് വോട്ട് രേഖപ്പെടുത്തി ഒരു വോട്ടര്‍!

ബഹിരാകാശത്ത് നിന്നുള്ള ഏക വോട്ടറും യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി. ബഹിരാകാശ യാത്രികന്‍ ഷെയ്ന്‍ കിംബ്രോഹാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് വോട്ട് ചെയ്തത്. വിവരം പുറത്തുവിട്ട യു.എസ് ബഹിരാകാശ ഏജന്‍സി നാസ, വോട്ട് ചെയ്യാനുള്ള അവസരം യാത്രികന്‍ ഉപയോഗപ്പെടുത്തിയതായി അറിയിച്ചു.
ഹൂസ്റ്റണിലെ മിഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ നിന്നും അയച്ചു കൊടുത്ത ഇലക്ട്രോണിക് ബാലറ്റിലാണ് യാത്രികന്‍ വോട്ട് ചെയ്തത്. വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് ഇമെയില്‍ വഴി സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് അധികൃതര്‍ക്ക് അയച്ചു കൊടുത്തു.
രണ്ട് റഷ്യന്‍ ബഹിരാകാശ യാത്രികര്‍ക്കൊപ്പം സിയൂസ് റോക്കറ്റില്‍ കഴിഞ്ഞ ഒക്ടോബര്‍ 19നാണ് കിംബ്രോഹ് ബഹിരാകാശ നിലയത്തിലെത്തിയത്. വിവിധ ഗവേഷണങ്ങളുടെ ഭാഗമായി നാലു മാസം കിംബ്രോഹ് ബഹിരാകാശത്ത് കഴിയും. 1997-ലെ ടെക്‌സസ് നിയമമാണ് ബഹിരാകാശത്ത് വെച്ച് വോട്ട് രേഖപ്പെടുത്താന്‍ യാത്രികര്‍ക്ക് അനുമതി നല്‍കുന്നത്.
https://www.facebook.com/Malayalivartha


























