അനീഷ് കപൂര്‍ മാന്‍ഹട്ടനില്‍ ചില്ലു കൊട്ടാരം സ്വന്തമാക്കിയത് 100 കോടിക്ക്

പ്രമുഖ ബ്രിട്ടീഷ് ഇന്ത്യന്‍ ശില്‍പി സര്‍ അനീഷ് കപൂര്‍ മാന്‍ഹട്ടനിലെ അംബരചുംബിയായ ഫ്‌ളാറ്റില്‍ സ്വപ്‌നതുല്യമായ അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയത് 13.5 മില്യണ്‍ അമേരിക്കന്‍ ഡോളറിന് (ഏകദേശം 100 കോടി രൂപ). ആകാശപ്പരപ്പിലേക്കു തള്ളിനില്‍ക്കുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന 60 നില ചില്ലു കൊട്ടാരത്തിന്റെ 47ാം നിലയിലാണ് അനീഷ് കപൂര്‍ കോടികള്‍ മുടക്കി പുതിയ അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയിരിക്കുന്നത്.
ഫ്‌ളാറ്റിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ അനീഷിന്റെ തന്നെ അതിമനോഹരമായ ഒരു ശില്‍പവും ഒരുക്കിയിട്ടുണ്ട്. ന്യൂയോര്‍ക്ക് നഗരത്തിലെ തന്നെ ഏറ്റവും ഉയരമുള്ള ഫ്‌ളാറ്റില്‍ അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കുകയെന്നത് അമേരിക്കയിലെ കോടീശ്വരന്മാരുടെ സ്വപ്‌നമാണ്.
നാലു ബെഡ്‌റൂമുകളും നാലു ബാത്ത്‌റൂമുകളുമുള്ള ചില്ലുകൊട്ടാരത്തില്‍ ഓക്ക് തടികൊണ്ടാണ് നിലമൊരുക്കിയിരിക്കുന്നത്. ന്യൂയോര്‍ക്ക് നഗരത്തില്‍ ദൃശ്യഭംഗി പൂര്‍ണമായി ആസ്വദിക്കാന്‍ പാകത്തില്‍ ഭിത്തികള്‍ ഗ്ലാസ് പാനലിങ് ചെയ്തിരിക്കുകയാണ്. മൂന്നു ബാല്‍ക്കണികളാണ് അപ്പാര്‍ട്ട്‌മെന്റിലുള്ളത്.
പടിഞ്ഞാറുഭാഗത്തെ ബാല്‍ക്കണി ഹഡ്‌സണ്‍ നദിക്ക് അഭിമുഖമായും വടക്കുഭാഗത്തെ ബാല്‍ക്കണി വാള്‍സ്ട്രീറ്റിലേക്കുമാണു തുറക്കുന്നത്. 145 അപ്പാര്‍ട്ട്‌മെന്റുകളാണു ഫ്‌ളാറ്റില്‍ ആകെയുള്ളത്. ഏറ്റവും ഉയരത്തിലുള്ള പെന്‍തോസ് അപ്പാര്‍ട്ട്‌മെന്റുകള്‍ വിറ്റുപോയത് 34.3 മില്യണ്‍ ഡോളറിനാണ്.

ഫ്‌ളാറ്റിന്റെ 9, 10 നിലകള്‍ താമസക്കാര്‍ക്കുള്ള മറ്റു സൗകര്യങ്ങള്‍ക്കായി മാത്രം മാറ്റിവച്ചിരിക്കുകയാണ്. ലോകപ്രശസ്ത ആര്‍ക്കിടെക്റ്റുകളാണ് ഇതു ഡിസൈന്‍ ചെയ്തിരിക്കുന്നത്. ലൈബ്രറി ലോഞ്ച്, ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ തിയറ്റര്‍, 75 അടി നീളമുള്ള ഇന്‍ഫിനിറ്റി എഡ്ജ് സ്വിമ്മിങ് പൂള്‍, ഫിറ്റ്‌നസ്, യോഗ സെന്റര്‍, ട്രീറ്റ്‌മെന്റ് റൂം, സ്റ്റീം റൂം, പ്രൈവറ്റ് ഡൈനിംഗ് സലൂണ്‍, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയ പഞ്ചനക്ഷത്ര സൗകര്യങ്ങളാണ് ഈ നിലകളില്‍ സജ്ജമാക്കിയിരിക്കുന്നത്.
മുംബൈയില്‍ ജനിച്ചുവളര്‍ന്ന അനീഷ് കപൂര്‍ ഡെറാഡൂണിലെ ഡൂണ്‍ സ്‌കൂളിലാണു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ഇസ്രയേലിലേക്കു പോയ കപൂര്‍ 1973ലാണ് ബ്രിട്ടനിലെത്തി ശില്‍പകല അഭ്യസിക്കുന്നതും തുടര്‍ന്ന് കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുന്നതും.
2003ല്‍ ബ്രിട്ടന്‍ സര്‍ പദവി നല്‍കി ആദരിച്ച അനീഷ് കപൂറിന് 2012ല്‍ ഇന്ത്യ പദ്മഭൂഷണ്‍ ബഹുമതി സമ്മാനിച്ചു. ജര്‍മന്‍ ആര്‍ട്ട് ഹിസ്‌റ്റോറിയനായ സൂസന്ന സ്പിക്കാളിനെ വിവാഹം കഴിച്ച അനീഷ് അപൂര്‍ രണ്ടു മക്കള്‍ക്കൊപ്പം ചെല്‍സിയിലാണു കഴിയുന്നത്. സൗത്ത് ലണ്ടനില്‍ സ്വന്തമായി സ്റ്റുഡിയോയുള്ള അനീഷ് ന്യൂയോര്‍ക്കിലേക്ക് താമസം മാറുന്നത് എന്നാണെന്നു വ്യക്തമാക്കിയിട്ടില്ല.
https://www.facebook.com/Malayalivartha






















